'ഞങ്ങൾക്കെതിരെ നിന്നാൽ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും'' എന്ന ആക്രോശം നമ്മൾ കേട്ടത് ഉത്തരേന്ത്യൻ ജാതികക്കോട്ടകളിൽ നിന്നല്ല, പ്രബുദ്ധകേരളത്തിലെ ഒരു സർവകലാശാല കാമ്പസിനകത്തുനിന്നാണ്. ആ ബലാത്സംഗ ഭീഷണി മുഴക്കിയവർ സ്വയം അവകാശപ്പെടുന്നത് സ്ത്രീ സംരക്ഷകർ എന്നാണ്. അവരേന്തിയ കൊടിയിൽ എഴുതിവെച്ചിരുന്നത് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നുമാണ്. മർദനത്തിനും ബലാത്സംഗ ഭീഷണിക്കും ജാതി അധിക്ഷേപത്തിനും മുന്നിൽ പതറാതെ നിന്ന് പ്രതികരിച്ച എ.ഐ.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. നിമിഷ രാജു എം.ജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തെക്കുറിച്ചും താൻ നേരിട്ട ഭീകരതയെക്കുറിച്ചും െവളിപ്പെടുത്തുന്നു.
എന്താണ് അന്ന് കാമ്പസിൽ നടന്നത്?
എം.ജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനുശേഷം ഞങ്ങൾ കാമ്പസിൽ നിൽക്കുകയായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകർ കൂട്ടമായി വന്ന് ' നീ സഹദല്ലേടാ' എന്ന് ചോദിച്ച് എ.ഐ.എസ്.എഫ് പ്രവർത്തകൻ എ.എ. സഹദിെൻറ കരണത്തടിക്കുന്നത് കണ്ടാണ് ഞാൻ അങ്ങോട്ടുചെന്നത്. അവനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് എനിക്കുനേരെ ആക്രമണമുണ്ടായത്. പല സമരങ്ങളിലും ഒരുമിച്ച് നടന്നവരും സഹപാഠിയുമൊക്കെയാണ് നേതൃത്വം നൽകിയത്. ഒറ്റക്ക് ഒരാളെ കൂട്ടംകൂടി തല്ലുന്നത് ശരിയല്ലെടാ എന്ന് ഞാൻ,അതുമൊരു സ്ത്രീ ശക്തമായി പറഞ്ഞത് അവർക്ക് സഹിച്ചില്ല. 'നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരാം' എന്ന്, അതായത് എന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത് എറണാകുളം ലോ കോളജിൽ ഒപ്പമിരുന്നു പഠിച്ച അർഷോയാണ്. അക്രമാസക്തരായ ഒരു ആൺകൂട്ടം പൊതുജനമധ്യത്തിലിട്ട് തെറിവിളിക്കുന്നത് കേൾക്കേണ്ടി വരുേമ്പാഴുള്ള മാനസികാവസ്ഥയുണ്ടല്ലോ, അത് പറഞ്ഞ് മനസ്സിലാക്കാൻ കഴിയുന്നതിനപ്പുറമാണ്. സഹപാഠിയായ ഒരു ഇടതുപക്ഷ പ്രവർത്തകനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത വാക്കുകൾ. സഖാക്കൾ എന്നെ ആശുപത്രിയിേലക്ക് കൊണ്ടുപോകുേമ്പാൾ വണ്ടിയിലിരുന്ന് ഞാൻ വേദനിച്ചത് ആ വാചകങ്ങളുടെ ഭീകരത തിരിച്ചറിഞ്ഞാണ്.
ഞാൻ കൈപിടിച്ച് പാർട്ടിയിലേക്ക് െകാണ്ടുവന്ന പ്രവർത്തകനാണ് സഹദ്. എനിക്ക് മണ്ഡലം കമ്മിറ്റിയുടെ ചാർജ് ഉള്ളപ്പോഴാണ് അവൻ മണ്ഡലം കമ്മിറ്റിയിൽ പ്രവർത്തിക്കാൻ വരുന്നത്. അവനെന്തെങ്കിലും പറ്റുമോ എന്നായിരുന്നു പേടി. അത്രമാത്രം മൃഗീയമായാണ് അവർ തല്ലിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിൽ, ഇടുക്കിയിൽനിന്നുള്ള സെക്രേട്ടറിയറ്റ് അംഗം ഷിയാസ് ചാടിച്ചവിട്ടുന്നത് സഹദിനെയാണ്. എന്നെ സംബന്ധിച്ച് വൈകാരികനിമിഷമായിരുന്നു അത്. എെൻറ ശ്രദ്ധ മുഴുവൻ അതിലായിരുന്നു. അതുകൊണ്ടാണ് അവർ പറഞ്ഞത് ആ സമയത്ത് എനിക്ക് തിരിച്ചറിയാൻ കഴിയാഞ്ഞത്. അപ്പോൾതന്നെ ഞാനത് പ്രശ്നമായി ഉന്നയിച്ചില്ലെന്നതാണ് ചിലരിപ്പോൾ ചൂണ്ടിക്കാട്ടുന്നത്. ഞാനെെൻറ കാതുകൾ കൊണ്ടുകേട്ടതാണ്. അങ്ങനെ പറഞ്ഞില്ലെന്നു പറയാൻ അവർക്കെങ്ങെന കഴിയും. അർഷോയും അരുണും തെറിവിളിച്ചു. അർഷോ മാറിനിൽക്കെടീ എന്ന് എെൻറ ജാതി ചേർത്തുവിളിച്ചു. തെറി മാത്രമാണ് വിളിച്ചിരുന്നത്. വെർബൽ റേപ്പാണ് അവിടെ നടന്നത്. ഇത്രയും സ്ത്രീവിരുദ്ധത പറയാൻ എങ്ങനെയാണ് ഇവർക്കു കഴിയുന്നത്. ചിലപ്പോ ഞാൻ കറുത്തതായതുകൊണ്ടാകാം. ഇത് എസ്.എഫ്.ഐക്കാരല്ല, കമ്യൂണിസ്റ്റ് ബോധമുള്ള ഒരു എസ്.എഫ്.ഐക്കാരനും അതിന് കഴിയില്ല. കേട്ടവാക്കുകൾ ഇനിയും ഓർക്കാൻപോലും വയ്യ. കൂട്ടത്തിലുണ്ടായിരുന്ന അമൽ, ദീപക് ഇവരൊക്കെ നേരിട്ടറിയാവുന്നവരാണ്.
ഞാൻ 2013 മുതൽ സജീവ എ.ഐ.എസ്.എഫ് പ്രവർത്തകയാണ്. ഒരുമിച്ച് അവർക്കൊപ്പം പല വേദികളിലും പരിപാടികളിലും ഉണ്ടായിരുന്നതാണ്. സംഘർഷത്തിനുമുമ്പ് അമലിനടുത്തുചെന്ന് ഞാൻ സംസാരിച്ചതാണ്. കാരണം അവരൊക്കെ സുഹൃത്തുക്കളാണ്. എനിക്കൊരു പ്രശ്നം വന്നാൽ കൂടെയുണ്ടാകുമെന്ന് കരുതിയിരുന്നവരാണ്. എസ്.എഫ്.ഐക്കാരും അവരുടെ ന്യായീകരണ ബന്ധുക്കളും ഇപ്പോൾ സോഷ്യൽമീഡിയയിൽ ആഘോഷിക്കുന്നത് ''ഇതെല്ലാം ഒരോളത്തിനു പറഞ്ഞതാണ്''എന്ന സഹപ്രവർത്തകൻ ശരത്തിെൻറ വാട്സ്ആപ് ചാറ്റാണ്. ഒരു സുഹൃത്ത് എസ്.എഫ്.ഐയെ നിരന്തരം ന്യായീകരിച്ചപ്പോൾ ''ശരി, നിങ്ങൾ പറഞ്ഞതാണ് ശരി'' എന്ന് ഗതികെട്ട് പറഞ്ഞതാണ് ശരത്. ആ ചാറ്റിൽ അവർക്ക് വേണ്ടത് മാത്രം എടുത്താണ് പ്രചരിപ്പിക്കുന്നത്. ഭീഷണിയും തെറിയും കേട്ടത് ഞാനാണ്. എന്റെ അനുഭവത്തെ നിഷേധിക്കാൻ ആർക്കാണ് കഴിയുക?
പാർട്ടി ഒപ്പമുണ്ട്
സി.പിഎമ്മിൽനിന്നോ ഡി.ൈവ.എഫ്.ഐയിൽനിന്നോ എസ്.എഫ്.ഐയിൽനിന്നോ ആരും വിളിച്ചില്ല. എസ്.എഫ്.ഐക്കാരായ ധാരാളം സുഹൃത്തുക്കൾ എനിക്കുണ്ട്. അവരാരും വിളിച്ചില്ല. എെൻറ പാർട്ടി എനിക്കൊപ്പമുണ്ട്. സംഭവം അറിഞ്ഞ് ആദ്യം വിളിച്ചത് സഖാവ് കാനം രാജേന്ദ്രനാണ്. ആനി രാജ, എം.എസ്. താര, കമല സദാനന്ദൻ തുടങ്ങിയവരും വിളിച്ചു, ധൈര്യമായിരിക്കാൻ പറഞ്ഞു.
എം.ജിയിലേത് ഒറ്റപ്പെട്ട അനുഭവമാണോ?
സമാന അനുഭവം കേരളത്തിൽ എല്ലാ കാമ്പസുകൾക്കകത്തും സർവകലാശാലകളിലും ഞങ്ങൾ നേരിടുന്നതാണ്. ഞങ്ങൾ മാത്രമല്ല, കെ.എസ്.യുവും മറ്റെല്ലാം വിദ്യാർഥി പ്രസ്ഥാനങ്ങളും നേരിടുന്നതാണ്. എതിർശബ്ദങ്ങളുയർത്തുന്നു എന്ന് തങ്ങൾക്ക് തോന്നുന്ന ആരെയും നിഷ്കാസനം ചെയ്യുക എന്നത് രീതിയായി എടുക്കുകയാണ് എസ്.എഫ്.ഐ. അതല്ല ജനാധിപത്യം എന്ന് അവരെ പറഞ്ഞു മനസ്സിലാക്കേണ്ടിയിരുന്നു. അതല്ല സോഷ്യലിസം എന്ന് അവർ തിരിച്ചറിയേണ്ടിയിരിക്കുന്നു, തിരുത്തേണ്ടിയിരിക്കുന്നു. ആ സ്വാതന്ത്ര്യത്തെ കുറിച്ചല്ല നമ്മൾ സംസാരിക്കേണ്ടത് എന്ന് ഇനിയും നമ്മൾ തിരിച്ചറിയുന്നില്ലെങ്കിൽ കാമ്പസുകളെ അരാഷ്ട്രീയവത്കരിക്കുന്നതിന് അതൊരു കാരണമായേക്കും.
എ.െഎ.എസ്.എഫ് സംസ്ഥാന കൗൺസിൽ അംഗം ഷാജോ മാത്രമാണ് സെനറ്റിലേക്ക് ഇത്തവണ മത്സരിച്ചത്. എസ്.എഫ്.ഐയുടെ ആധിപത്യം െകാണ്ടുതന്നെയാണ് മത്സരിക്കാൻ ആളില്ലാത്തത്. വിദ്യാർഥി രാഷ്ട്രീയം ഇത്രമാത്രം സജീവമായ കേരളത്തിലെ കാമ്പസുകളിൽ ഒരു സംഘടന എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നുവെങ്കിൽ അതവരുടെ സർവ്വസ്വീകാര്യതയാണെന്ന് കരുതരുത്, മറിച്ച് ജനാധിപത്യത്തെ എത്രമാത്രം മറച്ചുപിടിക്കുന്നു എന്നതിന്റെ സൂചനയാണ്. എം.ജി സെനറ്റ് തെരഞ്ഞെടുപ്പിന് പരസ്യമായി വിജ്ഞാപനമിറങ്ങുന്നതു പോലും അപൂർവമാണ്. നോട്ടിഫിക്കേഷൻ വരുന്ന സമയത്തെല്ലാം ഞങ്ങളുടെ സ്ഥാനാർഥികൾ മത്സരിക്കാറുണ്ട്. സിൻഡിക്കേറ്റടങ്ങുന്ന ആൾക്കാർ എസ്.എഫ്.ഐക്ക് വേണ്ടി ചൂട്ടുപിടിക്കുന്നതിനാലാണ് പലപ്പോഴും നോട്ടിഫിക്കേഷൻ ഉണ്ടാവാത്തത്. കഴിഞ്ഞ തവണ നോട്ടിഫിക്കേഷനില്ലാതെ ആരുമറിയാതെ മത്സരം നടത്തി. അധികാരകേന്ദ്രങ്ങളിലെ പിടി ഉപയോഗിച്ച് നടത്തുന്നതാണീ അട്ടിമറി.
ഭയം സൃഷ്ടിച്ചെടുക്കുകയാണ് അവർ
പൊതുജനമധ്യത്തിൽ വെച്ച് എനിക്കുണ്ടായതു പോലെയൊരു അനുഭവം ഉണ്ടായാൽ ഏതെങ്കിലും പെൺകുട്ടികൾ പിന്നെ രംഗത്തുവരുമോ. ഇല്ല. ആ ഭയം സൃഷ്ടിച്ചെടുക്കുന്നതല്ലേ അവർ. എെൻറ ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളിൽ പലരും ഭയപ്പെട്ടുപോയി. അതാണ് അക്രമികൾ ആഗ്രഹിച്ചതും. നാട്ടിലും കാമ്പസിലും സജീവമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളാണ് ഞാൻ. എസ്.എഫ്.ഐ പ്രവർത്തകർ എെൻറ സഹോദരങ്ങളും സുഹൃത്തുക്കളുമായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് എനിക്ക് ഭക്ഷണം വാങ്ങിത്തന്നിട്ടുണ്ട്. വീട്ടിൽെകാണ്ടുപോയി വിട്ടിട്ടുണ്ട്. അങ്ങനെയല്ലാത്ത എസ്.എഫ്.ഐക്കാരുമുണ്ടെന്ന് ഞാനറിയുന്നത് എം.ജി കാമ്പസിൽ വെച്ചാണ്.
അപമാനിച്ചവരെ ശിക്ഷിക്കണം
എന്നെ അപമാനിച്ചവരെ മാതൃകപരമായി ശിക്ഷിക്കണം. എന്നെ മാത്രമല്ല, ഒരു സ്ത്രീക്കുമെതിരെയും ഇത്തരം ഭീഷണി മുഴക്കുന്നത് അനുവദിച്ചു കൂടാ. അത് ഇടതുപക്ഷ സംസ്കാരമല്ല. സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണി രാജ്യത്ത് പതിവായി മുഴക്കുന്നത് സംഘ്പരിവാർ നേതാക്കളും അവരുടെ അണികളുമാണ്. സംഘ്പരിവാറിനെയും വർഗ്ഗീയശക്തികളെയും വിമർശിക്കുന്ന വനിതാ നേതാക്കൾ, ആക്ടിവിസ്റ്റുകൾ, ജേണലിസ്റ്റുകൾ, ദലിത്-ന്യൂനപക്ഷ സമൂഹങ്ങളിലെ സ്ത്രീകൾ എന്നിവരെല്ലാം നിരന്തരം അത്തരം വെർബൽ റേപ്പിന് ഇരയാവാറുണ്ട്. എസ്.എഫ്.ഐക്കകത്ത് ആർ.എസ്.എസ് രാഷ്ട്രീയം ഉൾക്കൊള്ളുന്നവരുണ്ട് എന്ന് വ്യക്തമാണ്. അവരെ തിരിച്ചറിഞ്ഞ് സംഘടന പുറത്താക്കണം. എസ്.എഫ്.ഐയും എ.ഐ.എസ്.എഫും ഉയർത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റ് മൂല്യങ്ങൾ വരുംകാല വിദ്യാർഥികൾക്ക് മാതൃകപരമായി ഈ രാജ്യത്തിനകത്ത് പ്രവർത്തിക്കാനുള്ള ഊർജമായി മാറണം. അതിന് തെറ്റുതിരുത്തൽ അനിവാര്യമാണ്.
എം.ജി സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ എൽ.എൽ.എം വിദ്യാർഥിനിയായ നിമിഷ രാജു വൈക്കം ചെമ്പ് നടുത്തുരുത്തേൽ റിട്ട. പൊലീസുദ്യോഗസ്ഥൻ എൻ.കെ. രാജുവിെൻറയും ശകുന്തളയുടെയും മകളാണ്. ഭർത്താവും എ.ഐ.വൈ.എഫ് എറണാകുളം ജില്ല സെക്രട്ടറിയുമായ ഡിവിൻ കെ. ദിനകരനൊപ്പം നോർത്ത് പറവൂരിലാണ് താമസം. ഡിവിെൻറ പിതാവ് കെ.എം. ദിനകരൻ കാർഷിക കടാശ്വാസ കമീഷൻ അംഗമാണ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.