രോഗപീഡകളാൽ വിളറിയ ചുണ്ടുകളിൽ അന്ത്യനിദ്രയിലും പുഞ്ചിരി മായാതെ കിടന്നു. പ്രിയനേതാവിനെ കാണാൻവന്ന അണികൾ എണ്ണത്തിൽ ആയിരങ്ങളായിരുന്നിട്ടും ശാന്തരായിരുന്നു. അരികിലെത്തിയപ്പോൾ കണ്ഠമിടറുമാറ് മുദ്രാവാക്യം വിളിച്ചു. കൂപ്പുകൈകളാലും പൂക്കളർപ്പിച്ചും യാത്രാമൊഴിയേകി. നിറഞ്ഞകണ്ണുകളിൽ പ്രിയസഖാവിന്റെ ചേതനയറ്റ ശരീരം പ്രതിബിംബമാക്കി ആയിരങ്ങൾ നടന്നകന്നു. കോടിയേരി ബാലകൃഷ്ണൻ ഇനി തലശ്ശേരിക്കാരുടെ ജ്വലിക്കുന്ന ഓർമയാണ്. വെറുമൊരു നേതാവല്ല വിടപറഞ്ഞത്. തലശ്ശേരിയുടെ എല്ലാമെല്ലാമായിരുന്ന നേതാവാണ്. അവരുടെ മുഖങ്ങളിൽ നിറഞ്ഞുനിന്ന നോവിന്‍റെ കണ്ണീർ അതാണ് പറയുന്നത്. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് തലശ്ശേരിയിലേക്കുള്ള വിലാപയാത്രയിൽ പാതയോരങ്ങളിൽ കാത്തിരുന്ന ജനസഞ്ചയവും ടൗൺഹാളിൽ അന്ത്യോപചാരത്തിനായി മണിക്കൂറുകൾ ക്യൂനിന്ന ജനക്കൂട്ടവും കോടിയേരി ബാലകൃഷ്ണനെന്ന ജനകീയനേതാവിനെ അടയാളപ്പെടുത്തുന്നു.
നിശ്ചയിച്ചതിലും കാൽമണിക്കൂർ വൈകി മൂന്നേകാലിനാണ് വിലാപയാത്ര തലശ്ശേരിയിലെത്തിയത്. അടിമുടി നവീകരിച്ച് പൊലീസിനെ ജനമൈത്രിയിലേക്ക് നയിച്ച മുൻ ആഭ്യന്തരമന്ത്രിക്ക് സേനയുടെ ഉള്ളിൽതട്ടിയൊരു ഗാർഡ് ഓഫ് ഓണർ. ശേഷം ചുവപ്പ് വളൻറിയർമാരും സഹപ്രവർത്തകരും ചേർന്ന് മൃതദേഹം ടൗൺഹാളിലേക്ക് എടുത്തു. വേദന ഒളിപ്പിക്കാനാവാത്ത മുഖവുമായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രവർത്തകരും നേതാക്കളും കോടിയേരിയെ കാണാൻ ശനിയാഴ്ച രാത്രി മുതൽ തലശ്ശേരിയിലേക്ക് എത്തിയിരുന്നു. വഴികളിലെല്ലാം പ്രിയസഖാവിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ച ബാഡ്ജ് നെഞ്ചിലേറ്റി പ്രവർത്തകർ. ''പ്രിയസഖാവേ, കോടിയേരീ... ഇല്ലാനിങ്ങൾ മരിക്കുന്നില്ല''... ലാൽ സലാം വിളികൾ അറബിക്കടലും കടന്ന് പ്രതിധ്വനിച്ചു. അടിയന്തരാവസ്ഥയുടെ അനീതികളെയും അസ്വസ്ഥതകളെയും ക്ഷുഭിത യൗവനംകൊണ്ട് നേരിട്ട സഖാവിനെ പലരും ഓർത്തെടുത്ത് സ്മരിച്ചു.
നേതാവിനെ അവസാനമായി കാണാനുള്ളവരുടെ നിര കിലോമീറ്ററോളം നീണ്ടുനിന്നു. പൊതുദർശനത്തിനായി കാത്തിരുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസും ചുവപ്പു വളൻറിയർമാരും പാടുപെട്ടു. അധികാരത്തിന്റെയും ഭരണത്തിന്‍റെയും ഭാരമില്ലാതെ സൗമ്യസാന്നിധ്യമായി തങ്ങളോട് ചേർന്നുനിന്ന നേതാവിനെ ചേതനയറ്റ് കാണാനാവാതെ ചിലർ മൃതശരീരത്തിനരികിൽ മനഃപൂർവം മുഖംതിരിച്ചുനടന്നു. ശാരീരിക അവശതകൾ അനുഭവിക്കുന്നവർ, തൊഴിലാളികൾ, കുരുന്നുകൾ അടങ്ങുന്ന കുടുംബങ്ങൾ, കച്ചവടക്കാർ, സാമൂഹിക- സാംസ്കാരിക മേഖലകളിൽ കോടിയേരിയോട് സംവദിച്ചവർ എല്ലാവരും യാത്രാമൊഴി നൽകാനായി ഒഴുകിയെത്തി. ശാരീരിക വെല്ലുവിളി നേരിടുന്നവരെ ചുവപ്പുവളൻറിയർമാർ കൈയിലെടുത്താണ് മൃതദേഹത്തിനരികിൽ എത്തിച്ചത്. സഖാവേ വിളിയുമായി കോടിയേരിയുടെ പത്നി വിനോദിനി ഭൗതിക ശരീരത്തിനരികിൽ നിലവിളിച്ച് ബോധരഹിതയായി. കെ.കെ. ശൈലജയും പി.കെ. ശ്രീമതിയും പി. സതീദേവിയും അവരെ ആശ്വസിപ്പിക്കാൻ പാടുപെട്ടു. മുഷ്ടി ചുരുട്ടി ലാൽസലാം പറഞ്ഞ് ബിനീഷ് കോടിയേരിയും കൂപ്പുകൈകളുമായി ബിനോയിയും പിതാവിനെ അഭിവാദ്യം ചെയ്തു.
ജനംനിറഞ്ഞ ടൗൺഹാളിൽ നെഞ്ചുനിറയെ സഹോദര വിയോഗ ദുഃഖവുമായി മുഖ്യമന്ത്രി പിണറായി വിജയൻ മണിക്കൂറുകളോളം കോടിയേരിയുടെ ചേതനയറ്റ ശരീരത്തിന് കൂട്ടിരുന്നു. ഭൂതകാലങ്ങളിലെ സർഗാത്മകതക്കും പോരാട്ടത്തിനും പ്രണയത്തിനുമെല്ലാം സാക്ഷിയായ തലശ്ശേരിയിലെ പാതയോരങ്ങൾ പ്രിയസഖാവിന്റെ ചേതനയറ്റ ശരീരം ഉത്തരവാദിത്തത്തോടെ ഏറ്റുവാങ്ങി കാത്തിരിക്കുകയാണ്. തിങ്കളാഴ്ച പയ്യാമ്പലത്തെ നനുത്തമണ്ണിൽ സഖാവിനെ അലിഞ്ഞുചേരുംവരെ അതങ്ങനെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.