ഭരണകൂടത്തിെൻറ കിരാത നിയമങ്ങൾക്കിരയായി ആത്മഹത്യ ചെയ്യുന്നവരെല്ലാം മാനവകുല ത്തിെൻറ രക്തസാക്ഷികളാണ്. സ്വന്തം ജീവിതത്തിന് തീകൊളുത്തി അതിെൻറ വെളിച്ചത്തി ൽ അവർ ഭരണകൂടത്തിെൻറ മനുഷ്യത്വരഹിതമായ കാടത്തം ലോകത്തിന് കാണിച്ചുകൊടുക്കുക യാണ് ചെയ്യുന്നത്. ആന്തൂരിലെ സാജെൻറ ആത്മഹത്യയെ ഈ വിധത്തിലാണ് മനുഷ്യസ്നേഹിക ൾ നോക്കിക്കാണേണ്ടത്.
പൂപോലെ നൈർമല്യത്തോടെയാണ് സർക്കാർ, ജനതയെ ഭരിക്കേണ്ടതെ ന്ന് പറഞ്ഞ ഗാന്ധിജിയുടെയും ഭരണകൂടം പൊഴിഞ്ഞ് ജനത സ്വതന്ത്രമാകുമെന്ന് പ്രവചിച ്ച കാൾ മാർക്സിെൻറയും അനുയായികൾ മാറിമാറി ഭരിച്ച കേരളത്തിൽ ഇത്രക്ക് പ്രാകൃതമായ ഒരു കെട്ടിടനിർമാണ ചട്ടം നിലനിൽക്കുന്നുവെന്നത് അപമാനകരം തന്നെ. പ്രാദേശിക ഭരണകൂടങ്ങൾ ജനതയോട് ചെയ്യേണ്ട ധർമങ്ങളൊന്നും തന്നെ ചെയ്യാതെ കിരാതമായ നിയമങ്ങൾ കൊണ്ട് ജനതയെ വകവരുത്തുകയാണ്. യൂറോപ്യൻ വികസന നിലവാരമുള്ള സംസ്ഥാനമെന്ന് വീമ്പിളക്കുന്ന കേരളത്തിെൻറ ഭൂരിഭാഗം പൊതു തെരുവുകളിലും ശൗചാലയങ്ങളില്ല. തെരുവുകളിൽ മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നു. നദികൾ മാലിന്യവത്കരിക്കപ്പെടുന്നു. വൻകിടക്കാർ വമ്പിച്ച കുഴൽക്കിണറുകൾ കുഴിക്കുന്നതിനാൽ സാധാരണക്കാരുടെ കിണറുകളിൽ വെള്ളമില്ല. പ്രാദേശിക ഭരണകൂടങ്ങളുടെ ഉത്തരവാദിത്തത്തിൽപെട്ട മേൽപറഞ്ഞ മേഖലകളിലെല്ലാം അരാജകാവസ്ഥ നിലനിൽക്കുന്നു. ഫ്ലാറ്റുകൾക്ക് അനുമതി നൽകുേമ്പാൾ അതിനു മാലിന്യ സംസ്കരണത്തിന് സംവിധാനം വേണമെന്ന് നിഷ്കർഷിക്കാനുള്ള വിവേകം പോലും തദ്ദേശ ഭരണവകുപ്പിനുണ്ടായില്ല. റോഡരികിൽനിന്ന് ‘മൂന്നു മീറ്റർ അകലത്തിൽ മാത്രമേ കെട്ടിടം നിർമിക്കാവൂ എന്ന് നിയമമുണ്ടായിട്ട് 30 വർഷമായി. എന്നാൽ, കേരളത്തിലെ റോഡരികിലെല്ലാം ഒരു മീറ്റർപോലും അകൽച്ചയില്ലാത്ത എത്ര കെട്ടിടങ്ങൾ നിൽക്കുന്നു. കേരളത്തിൽ എത്രയോ നിയമങ്ങൾ ഉദാരവത്കരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, കെട്ടിട നിർമാണ ചട്ടങ്ങൾ മാത്രം മാറിയില്ല.
ഭരിക്കുന്ന പാർട്ടിയുടെ ആളായിരുന്നിട്ടും വമ്പിച്ച സ്വാധീനമുണ്ടായിട്ടും സാജന് ഈ ഗതി വന്നുവെങ്കിൽ, ഇതൊന്നുമില്ലാത്ത പാവപ്പെട്ടവനു അഞ്ചു സെൻറിൽ ഒരു കൂര കയറ്റുന്നതിന് എത്ര നരകമനുഭവിക്കുന്നുവെന്ന് ഓർക്കുക. സത്യത്തിൽ ഇന്നത്തെ നിലയിലുള്ള കെട്ടിടനിർമാണ ചട്ടം കാൽനൂറ്റാണ്ട് മുമ്പുതന്നെ കടലിലെറിയേണ്ടതാണ്. ഒരു വീട് കയറ്റുേമ്പാൾ പ്രാദേശിക ഭരണകൂടത്തിന് പ്രധാനമായുംപരിശോധിക്കാനുള്ളത് കിണറുകളും കക്കൂസ് ടാങ്കുകളും തമ്മിൽ ഒരു നിശ്ചിത അകലം പാലിക്കുന്നുണ്ടോ എന്നതും കെട്ടിടത്തിെൻറ വിസ്തീർണവും ഭൂമിയും തമ്മിലുള്ള സന്തുലിതാവസ്ഥ ശരിയാണോ എന്നതും മാത്രമാണ്. എന്നാൽ, നിലവിലെ കെട്ടിടനിർമാണ ചട്ടങ്ങളിൽ ഇവക്ക് പ്രാധാന്യമേയില്ല.
നിർമിക്കപ്പെടുന്ന കെട്ടിടത്തിെൻറ പൊതു വിസ്തീർണം മാത്രമേ പ്രാദേശിക ഭരണകൂടങ്ങൾ പരിഗണിക്കാൻ പാടുള്ളൂ. അതിനകത്തെ രൂപകൽപനകൾ ഏതുമാവട്ടെ, അതിൽ ഇടപെടേണ്ടതില്ല. ആന്തൂരിലെ സാജെൻറ കെട്ടിടനിർമാണത്തിനു പൊതുവിസ്തീർണം കവിഞ്ഞതുകൊണ്ടല്ല മറിച്ച്, അതിനകത്തെ രൂപകൽപനയിൽ സ്വാഭാവികമായി നിർമാണത്തിനു സംഭവിച്ച ചില ചെറിയ തെറ്റുകൾ കൊണ്ടാണ് കെട്ടിടത്തിന് അനുമതി നിഷേധിച്ചത്.
കെട്ടിടത്തിെൻറ പ്ലാൻ സ്വീകരിക്കുകയല്ലാതെ കെട്ടിടനിർമാണം ഉറപ്പിലും ബലത്തിലുമാണോ നിർമിക്കുന്നത് എന്നത് ഒരിക്കലും പ്രാദേശികഭരണകൂടങ്ങൾ പരിശോധിക്കുന്നില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കിൽ തകർന്നുവീണ കെട്ടിടങ്ങൾക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കേണ്ടതായിരുന്നില്ലേ? ഇന്നത്തെ കെട്ടിടനിർമാണ ചട്ടം കത്തിച്ചുകളഞ്ഞ് 1000 സ്ക്വയർഫീറ്റിനു താഴെ വരുന്ന വീടുകളെ കെട്ടിടനിർമാണ നിയമത്തിൽ നിന്നൊഴിവാക്കുകയും അതിനു മുകളിൽ വരുന്ന കെട്ടിടങ്ങൾക്ക് പൊതുവിസ്തീർണം മാത്രം അടിസ്ഥാനമാക്കി പുതിയ കെട്ടിട നിർമാണ ചട്ടം രൂപവത്കരിക്കുകയും വേണം. പൊതു വിസ്തീർണത്തിൽ കവിഞ്ഞ് കെട്ടിടം കയറ്റിയവരിൽനിന്ന് വൻ തുക പിഴയായി ഈടാക്കാം.
മെഡിക്കൽകോളജുകളുടെ കള്ളത്തരം സാധൂകരിക്കാൻ നിയമനിർമാണം നടത്തിയ ഇടതു-വലതു മുന്നണികൾ മനുഷ്യരുടെ നിത്യദുരിതം കണ്ടില്ല എന്നത് ‘ലജ്ജാകരം തന്നെ. മാർക്വേസിെൻറ ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ എന്ന നോവലിൽ വംശ പിതാമഹനായ ജോസ് ആർക്കേഡിേയാ ബുവേൻഡിയ, മെക്കാസൊയിൽ വീട് കയറ്റിയപ്പോൾ നിലവിലെ നിയമത്തിനു വിരുദ്ധമായ ചായമാണ് വീടിന് അടിച്ചത്. ഇതിനു മജിസ്ട്രേറ്റ് ബുവേൻഡിയക്കെതിരെ കേസെടുത്തു. പ്രകോപിതനായ ബുവേൻഡിയ മജിസ്ട്രേറ്റിെൻറ കഴുത്തിനു കുത്തിപ്പിടിച്ച് ഉയർത്തി മെക്കാസോ മുഴുവൻ കൊണ്ടുനടന്നു. ഇതുപോലെ മനുഷ്യെൻറ മൗലികാവകാശമായ ഭവനനിർമാണത്തെ ഉപദ്രവിക്കുന്ന ഭരണകൂടത്തെ ചെള്ളക്ക് കുത്തിപ്പിടിക്കാനുള്ള മാനവ ധീരത നമ്മൾ കാണിക്കേണ്ടതുണ്ട്.
നോവലിസ്റ്റും എഴുത്തുകാരനുമാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.