1869 ഏപ്രിൽ ആദ്യവാരം ബനാറസിൽനിന്ന് അലഹബാദ് വഴി നാലു പേർ ജബൽപൂരിലെത്തുന്നു. അന്നു വരെ അലഹബാദിനു തെക്കോട്ട് സഞ്ചരിച്ചിട്ടില്ല നാലു പേരും. ജബൽപൂരിലെത്തിയപ്പോൾ ബുക് കിങ് തീർന്നുപോയതിനാൽ കുതിരവണ്ടികളൊന്നും കിട്ടാനില്ല. ഒമ്പതിന് ബോംബെയിൽനിന്ന ് പുറപ്പെടുന്ന കപ്പലിൽ ലണ്ടനിലേക്ക് പുറപ്പെടേണ്ടതുണ്ട് അവർക്ക്. അതിനാൽ കാത്തി രിക്കാനാവില്ല. ഹവാർഡ് ആൻഡ് കമ്പനിയിൽനിന്ന് സംഘടിപ്പിച്ച കാളവണ്ടിയിലായി നാഗ് പുർ വരെയുള്ള യാത്ര. മൂന്നു പകലും മൂന്നു രാവുംനീണ്ട ആ ശ്രമകരമായ കാളവണ്ടി യാത്ര പിന്നീ ടുള്ള കാലം രാജ്യത്തിന് കുതിപ്പ് നൽകിയ യാത്രയാകുമെന്ന് യാത്രക്കാർ കരുതിയിരുന്നോ ആവോ? ബ്രിട്ടീഷുകാരുടെ ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസരംഗങ്ങളിലെ പുരോഗതി നേരിൽ കണ്ട റിയാനും ഒന്നാം സ്വാതന്ത്ര്യസമരത്തിെൻറ ആഘാതങ്ങളിൽനിന്ന് നാടിനെ മോചിപ്പിക്കാൻ അ തിെൻറ ഗുണഫലങ്ങളെ ഉപയോഗിക്കാൻ കഴിയുമോ എന്ന് പഠിക്കാനുമായി ഇംഗ്ലണ്ടിലേക്ക് തെൻറ രണ്ടു മക്കളും ഭൃത്യനുമായി യാത്രതിരിച്ച സർസയ്യദ് അഹ്മദ് ഖാനായിരുന്നു കഥാനായകൻ.
1817 ഒക്ടോബർ 17ന് ഡൽഹിയിൽ ജനിച്ച സർസയ്യിദിെൻറ 202ാം ജന്മവാർഷികവേളയാണിത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പാഠപുസ്തകങ്ങളിൽ നാം പരിചയിച്ച പോലെ യൂനിവേഴ്സിറ്റിയായിത്തീർന്ന മഹത്തായ വിദ്യാഭ്യാസസ്ഥാപനം പണിത് 1898 മാർച്ച് 27 ന് അലീഗഢിൽ മരണമടഞ്ഞ കേവലമൊരു വ്യക്തിയല്ല സർസയ്യിദ്. സങ്കീർണമായ ഒരു ചരിത്രഘട്ടത്തോട് പകച്ചുനിൽക്കാതെ പ്രതികരിച്ച, വിമർശനങ്ങളെ അവഗണിച്ച് തെൻറ ശരികൾക്കുവേണ്ടി ധൈര്യപൂർവം നിലകൊണ്ട പണ്ഡിതനും ഗ്രന്ഥകാരനും ചിന്തകനുമായിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തോടു ചേർന്നു നിന്ന അദ്ദേഹത്തിെൻറ രാഷ്ട്രീയസമീപനങ്ങളോടും പതിവു രീതികളെ അതിലംഘിച്ച മതകാഴ്ചപ്പാടുകളോടും വിയോജിപ്പുള്ളവർക്കു പോലും കഴിഞ്ഞ 150 കൊല്ലത്തെ ഇന്ത്യയെ നിർണയിച്ചതിൽ പ്രമുഖസ്ഥാനീയനാണ് സർസയ്യിദ് എന്നത് നിഷേധിക്കാനാവില്ല.
ഇന്ത്യ 1857നു ശേഷം 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെതുടർന്ന് അതിഭീകരമായ പ്രതികാര നടപടികൾ ബ്രിട്ടീഷുകാരിൽനിന്നു മുസ്ലിംകൾ നേരിടേണ്ടിവന്ന പശ്ചാത്തലത്തിൽവേണം സർസയ്യിദിെൻറ പ്രവർത്തനങ്ങളെ മനസ്സിലാക്കാൻ. 1757 ലെ പ്ലാസിയുദ്ധ വിജയശേഷം വഖഫുകളിൽ നികുതിനിയന്ത്രണങ്ങളേർപ്പെടുത്തി തങ്ങളുടെ വിദ്യാഭ്യാസസംവിധാനങ്ങളെ ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിഭരണത്തിനെതിരെ മുസ്ലിംകളിൽ കടുത്ത ആശങ്ക നിലനിന്നിരുന്നു. ഭരണഭാഷ പേർഷ്യനിൽനിന്നുമാറ്റി ഇംഗ്ലീഷാക്കിയ 1837 ലെബ്രിട്ടീഷ് നടപടി അധികാരകേന്ദ്രങ്ങൾ മുസ്ലിംകൾക്ക് അപ്രാപ്യമാക്കുന്നതായി. ഈ ആശങ്കകൾക്കും വിരോധങ്ങൾക്കുമിടയിലാണ് 1857ലെ കലാപം പൊട്ടിപ്പുറപ്പെടുന്നത്. ഇതിൽ മുസ്ലിംപണ്ഡിതരുടെ പങ്കും 1860 ൽ പട്നയിലെ വഹാബി നേതാക്കൾക്കെതിരെ നടന്ന വിചാരണ നടപടികളുമൊക്കെയായി മുസ്ലിംവിരുദ്ധ മനസ്സ് ബ്രിട്ടീഷ് നിലപാടുകളെ നിർണയിക്കുന്ന സമയത്താണ് സർസയ്യിദിെൻറ രംഗപ്രവേശം.
കമ്പനി സർക്കാറിെൻറ പിന്തുണയിൽ നടന്നുവന്ന ൈക്രസ്തവ മതപ്രചാരണങ്ങൾ ഹിന്ദുക്കളും മുസ്ലിംകളുമായ ഇന്ത്യക്കാരിൽ നേരത്തേതന്നെ നീരസം സൃഷ്ടിച്ചിരുന്നു. 1857ലെ വിപ്ലവാനന്തരം ബ്രിട്ടീഷുകാരോട് ഒരു നിലക്കും സഹകരിക്കാവതല്ല എന്ന നിലപാടാണ് പൊതുവിൽ മുസ്ലിംപണ്ഡിതരും പൊതുജനവുമെടുത്തത്. എന്നാൽ, ഇതിൽനിന്നു തീർത്തും ഭിന്നമായിരുന്നു സർസയ്യിദിെൻറ നിലപാട്. മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയസാഹചര്യം, ശാസ്ത്രസാങ്കേതികവിദ്യയുടെ കൈവശക്കാർ എന്നനിലയിൽ ഇംഗ്ലീഷുകാർക്ക് അനുകൂലമാണെന്നും അവരായിരിക്കും ഇവിടെ ഇനി ഭരണം കൈയാളുകയെന്നും അവരെ പിണക്കുന്നത് ദുരിതക്കയത്തിൽ കിടക്കുന്ന മുസ്ലിം സമൂഹത്തിന് കൂടുതൽ ദോഷകരമാകുമെന്നുമായിരുന്നു സർസയ്യിദിെൻറ ബോധ്യം. അതിനാൽ ബ്രിട്ടീഷ്മനസ്സിൽ 1857ലെ വിപ്ലവത്തിലെ മുസ്ലിംപങ്കിനെ കുറിച്ചുണ്ടായ തെറ്റിദ്ധാരണ മാറ്റുന്നതിനായി ‘അസ്ബാബെ ബഗാവയെ ഹിന്ദ്’ (ഇന്ത്യൻകലാപത്തിെൻറ കാരണങ്ങൾ) എന്ന പേരിൽ പുസ്തകമെഴുതി 500 കോപ്പി തയാറാക്കി ഇംഗ്ലണ്ടിലേക്ക് അയച്ചു. ഇന്ത്യക്കാരുടെ വിശ്വാസസംസ്കാരങ്ങളെക്കുറിച്ച് ധാരണയില്ലാതെ കമ്പനി നടത്തിയ ഇടപെടലുകളാണ് കലാപത്തിനു കാരണമെന്നും അല്ലാതെ അതൊരു മുസ്ലിം ഉയിർത്തെഴുന്നേൽപ് അല്ലെന്നുമാണ് അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചത്.
വിദ്യാഭ്യാസവിപ്ലവം അദ്ദേഹത്തിെൻറ ഈദൃശ പ്രവർത്തനങ്ങൾ ഒരു ബ്രിട്ടീഷ് അനുകൂല മാപ്പുസാക്ഷിത്വ പ്രവർത്തനമെന്ന് ആക്ഷേപിക്കപ്പെെട്ടങ്കിലും, ഇംഗ്ലീഷ് വിദ്യാഭ്യാസരംഗത്ത് മികച്ച കാൽവെപ്പുകൾ നടത്താൻ അദ്ദേഹത്തിനായി. 1870ൽ ഇംഗ്ലണ്ടിൽനിന്നു തിരിച്ചെത്തിയ അദ്ദേഹത്തിെൻറ കഠിനശ്രമഫലമായി 1877 ജനുവരി ഏഴിന് വൈസ്രോയി ലിറ്റൻ പ്രഭു മുഹമ്മദൻ ആംഗ്ലോ ഓറിയൻറൽ (എം.എ.ഒ) കോളജിന് അലീഗഢിൽ ശിലയിട്ടു.
ഇംഗ്ലണ്ട് സന്ദർശനവേളയിൽ കണ്ട ഓക്സ്ഫഡ്-കാംബ്രിജ് സർവകലാശാലകളുടെ മാതൃകയിൽ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് അദ്ദേഹം സ്വപ്നം കണ്ടത്. നേതൃപരമായ പങ്കു വഹിക്കുന്നൊരു തലമുറയെ വാർത്തെടുക്കണമെങ്കിൽ പഠന(തഅ്ലീം)ത്തോടൊപ്പം ഉന്നത സ്വഭാവശീലങ്ങളിൽ പരിശീലന (തർബിയ) വും നൽകപ്പെടേണ്ടതുണ്ടെന്നായിരുന്നു സർസയ്യിദിെൻറ കാഴ്ചപ്പാട്. ഇതിനായി വിദ്യാർഥികൾക്ക് താമസിക്കാനായി വ്യത്യസ്ത ഹോസ്റ്റലുകൾ ചേർന്ന റസിഡൻഷ്യൽ ഹാളുകളുണ്ടാക്കി. കാലത്തിെൻറ ഒഴുക്കിൽ ഒരു തർബിയത് ഗാഹ് എന്ന അലീഗഢിനെ സംബന്ധിച്ച സങ്കൽപത്തിൽ ഒരുപാട് വെള്ളം ചേർക്കലുകൾ നടന്നെങ്കിലും 150 വർഷങ്ങൾക്കിപ്പുറം ഇന്നും ഈ െറസിഡൻഷ്യൽ ഹാളുകളാണ് അലീഗഢ് ജീവിതത്തിെൻറ ഹൃദയം. കാംബ്രിജ്, ഓക്സ്ഫഡ് കാമ്പസുകളിൽ ചർച്ചുകൾ പഠനജീവിതത്തിെൻറ ഭാഗമായിരുന്ന പോലെ അലീഗഢിലെ സ്ഥാപനത്തിലും പള്ളികൾ റെസിഡൻഷ്യൽ ജീവിതത്തിെൻറ മുഖ്യഭാഗമാകണമെന്ന് സർസയ്യിദ് തീരുമാനിച്ചിരുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യൻസാഹചര്യത്തിൽ സർസയ്യിദിെൻറ മാപ്പുസാക്ഷിമനോഭാവം ആരോപിക്കപ്പെടാവുന്ന ബ്രിട്ടീഷ് ബാന്ധവം ചോദ്യം ചെയ്യപ്പെട്ടിരിക്കാം. പക്ഷേ, പാഠപുസ്തകങ്ങളിൽ വേണ്ട അളവിൽ വിവരിക്കപ്പെട്ടിട്ടില്ലാത്ത 1857ലെ വിപ്ലവാനന്തര ബ്രിട്ടീഷ് പ്രതികാരനടപടികളുടെ പശ്ചാത്തലത്തിൽ ആലോചിക്കുമ്പോഴാണ് സർസയ്യിദിെൻറ ശരികളെ മനസ്സിലാക്കാനാകുക. സങ്കീർണമായൊരു സമയത്ത് സ്വീകരിച്ച ഈ നിലപാടിൽ പ്രശ്നങ്ങളുണ്ടാകാം. പക്ഷേ, പിന്നിട്ട 150 കൊല്ലക്കാലം ഇന്ത്യ ഉപഭൂഖണ്ഡത്തിൽ മുസ്ലിം സമുദായം കൈവരിച്ച വിദ്യാഭ്യാസസാമൂഹിക പുരോഗതിയിൽ 1877ൽ സർസയ്യിദ് സ്ഥാപിച്ച മുഹമ്മദൻ ആംഗ്ലോ ഓറിയൻറൽ കോളജിെൻറ കൈയൊപ്പുണ്ട്.
ബ്രിട്ടീഷ്പീഡനത്തിനിരയായ മുസ്ലിംകളുടെ ആത്മാഭിമാനം വീണ്ടെടുക്കലായിരുന്നു സർസയ്യിദിെൻറ പ്രധാനദൗത്യം. പിന്നിട്ട എട്ടു നൂറ്റാണ്ടുകളിൽ ഇന്ത്യക്ക് അസ്തിവാരമിട്ട ഇസ്ലാമിെൻറ മൂല്യങ്ങൾ തുടർന്നും രാജ്യത്തെ സാമൂഹികജീവിതത്തെ സ്വാധീനിക്കേണ്ടതുണ്ടെന്നും അതിനായി മുസ്ലിംകളുടെ നേതൃശേഷി ബ്രിട്ടീഷ് കാലത്തും നിലനിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. 19ാം നൂറ്റാണ്ടിെൻറ തുടക്കം മുതൽ മുസ്ലിംകളെ അകറ്റിനിർത്തി ബംഗാളി ബ്രാഹ്മണരെ പ്രോത്സാഹിപ്പിക്കുന്ന ബ്രിട്ടീഷ് േപാളിസി മുസ്ലിംസമൂഹത്തിെൻറ അരികുവത്കരണത്തിനും ബഹുസ്വരതയുടെ തകർച്ചക്കും കാരണമാകുമെന്ന് അദ്ദേഹം കരുതി.
ദൗർഭാഗ്യവശാൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിനോട് സർസയ്യിദ് പുലർത്തിയ അകൽച്ചയും സ്വാതന്ത്ര്യാനന്തരം സർസയ്യിദിനെ സ്വന്തമാക്കാൻ പാകിസ്താൻ നടത്തിയ ബോധപൂർവശ്രമങ്ങളും കാരണം സംശയദൃഷ്ടിയോടെയാണ് അദ്ദേഹം ഇന്ത്യയിൽ പലപ്പോഴും വീക്ഷിക്കപ്പെട്ടത്. 1906 ൽ ഓൾ ഇന്ത്യ മുസ്ലിംലീഗ് രൂപംകൊള്ളും മുമ്പ് 1898ൽ മരിച്ചുപോയിരുന്നു സർസയ്യിദ്. പാകിസ്താൻ വാദം രൂപംകൊള്ളുന്നത് പിന്നെയും നാൽപതിൽ പരം വർഷങ്ങൾ കഴിഞ്ഞാണ്. മുസ്ലിംശാക്തീകരണത്തെ സംബന്ധിച്ച അദ്ദേഹത്തിെൻറ ചിന്തകളെ സന്ദർഭത്തിൽനിന്നടർത്തി മാറ്റി മുസ്ലിം സാമുദായികതയുടെ പിതാവാക്കി ചിത്രീകരിക്കുകയാണ് ഹിന്ദു-മുസ്ലിം സാമുദായികവാദികൾ പിന്നീട് ചെയ്തത്. അങ്ങനെ ചെയ്യുന്നതിൽ രണ്ടുകൂട്ടർക്കും ലാഭമുണ്ടായിരുന്നുതാനും. ബ്രിട്ടീഷുകാരോടു ചേർന്നുനിന്ന് ആനുകൂല്യങ്ങൾ നേടുകയെന്ന പരിമിതമായ ലക്ഷ്യമായിരുന്നു കോൺഗ്രസിനു സർസയ്യിദിെൻറ കാലത്തുണ്ടായിരുന്നത് എന്നതും ഒരു സ്വാതന്ത്ര്യസമരപ്രസ്ഥാനമായി അതു മാറിയിരുന്നില്ല എന്നതും കാണാതെയാണ് സർസയ്യിദിനെ പലരും ഈവിഷയത്തിൽ വിമർശിക്കുന്നത്. ഈ യാഥാർഥ്യങ്ങളെ മനസ്സിലാക്കി ചരിത്രത്തെ അതിെൻറ സന്ദർഭത്തിൽനിന്നു പഠിക്കാനും ഇന്ത്യയുടെ ഈ മഹാനായ പുത്രനെ തിരിച്ചുപിടിക്കാനും ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്. അത്തരം ശ്രമങ്ങളിൽനിന്നാണ് കൂടുതൽ സങ്കീർണമായ ചരിത്രസന്ധികൾ നേരിടാനുള്ള നിരവധി പാഠങ്ങൾ നമുക്ക് ലഭിക്കുക.
(കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജ് വൈസ് പ്രിൻസിപ്പലാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.