മുസ്ലിം പ്രണയം ശിവസേനയുടെ പുതുമുദ്ര

2017 ലെ മുംബൈ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഒരു കൗതുക കാഴ്ച മഹാനഗരത്തിന് കാണാനായി. അത് മറ്റൊന്നുമല്ല; ശിവസേനയുടെ മുസ്ലിം പ്രേമമായിരുന്നു. ’92 ലെ കലാപത്തില്‍ ആക്രമണങ്ങള്‍ അത്രയും ഏറ്റുവാങ്ങിയ പ്രദേശങ്ങളിലെ നിവാസികളായ മുസ്ലിംകള്‍ അതേറ്റുവാങ്ങി എന്നത് അതിലേറെ കൗതുകം. മുമ്പെങ്ങും കാണാത്തതാണ് ശിവസേനയുടെ മുസ്ലിം പ്രേമം. ആദ്യം കമ്യൂണിസ്റ്റ് വിരുദ്ധതയിലും പിന്നീട് മറാത്തീ വാദത്തിലും ഒടുക്കം ഹിന്ദുത്വയിലും നുരഞ്ഞുപൊന്തിയതാണ് സേനയുടെ രാഷ്ട്രീയ വീര്യം. കോണ്‍ഗ്രസ് നേതാക്കളുടെയും വ്യവസായികളുടെയും ചട്ടുകമായി കമ്യൂണിസത്തിനും അവരുടെ ട്രേഡ്യൂനിയനുമെതിരെ അക്രമാസക്തരായ സേന അവരെ പാടെ ഇല്ലാതാക്കുന്നതില്‍ വിജയിച്ചു. പിന്നീട് മണ്ണിന്‍െറ മക്കളുടെ തൊഴില്‍ അവസരങ്ങള്‍ തട്ടിയെടുത്ത ദക്ഷിണേന്ത്യക്കാരിലേക്കായി സേനയുടെ അക്രമാസക്തി. പിന്നീട് ഹിന്ദുത്വയാകും രാഷ്ട്രീയത്തിന്‍െറ ഭാവി അടിത്തറയെന്ന ബാല്‍താക്കറെയുടെ ദീര്‍ഘദൃഷ്ടിയില്‍ ഹിന്ദുത്വവാദവും ഉള്‍ക്കൊണ്ടു. എന്ത് വാദമായാലും അത് അക്രമാസക്തമായി അവതരിപ്പിക്കണമെന്നതാണ് താക്കറെ ശൈലി.

ജനങ്ങളില്‍ പേടി വേണം. അവരിലെ പേടിയായിരുന്നു ശിവസേനയുടെ മൂലധനം. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പിന്നാലെ ’92ല്‍ മുംബൈയിലുണ്ടായ വര്‍ഗീയ കലാപം ആളിക്കത്തിച്ചത് ബാല്‍താക്കറെയും അദ്ദേഹത്തിന്‍െറ പത്രവുമായിരുന്നു. മുസ്ലിംകള്‍ക്കുനേരെ ശിവസൈനികരുടെ സംഘടിത ആക്രമണമായിരുന്നു എന്നാണ് ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷന്‍െറ കണ്ടത്തെല്‍. ബാല്‍താക്കറെയേയും പക്ഷപാതികളായ മുംബൈ പൊലീസിനെയുമാണ് കമീഷന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയത്. എന്‍െറ ഹിന്ദു സഹോദരന്മാരെ, ഹിന്ദു സഹോദരിമാരെ എന്ന ബാല്‍താക്കറെയുടെ പ്രസംഗങ്ങളിലെ ആ തുടക്കം ഇന്നും നഗരവാസികള്‍ മറന്നുകാണില്ല.

അതെല്ലാം പഴങ്കഥയാവുകയാണിപ്പോള്‍. ബാല്‍താക്കറെയുടെ കാലശേഷം ശിവസേനക്ക് ഈ മുസ്ലിം പ്രേമം എവിടെ നിന്നു കിട്ടി എന്നതാണ് ചോദ്യം. ‘ചേരികളിലെ മുസ്ലിംകള്‍ക്ക് വീടുകള്‍ നല്‍കിയത് ആരെന്നറിയുമോ? ശിവസേനാ സ്ഥാപകന്‍ ബാല്‍താക്കറെ. ’92ലെ കലാപകാലത്ത് അദ്ദേഹം മുംബൈയെ സംരക്ഷിക്കുകയാണ് ചെയ്തത്. അന്നത്തെ പ്രതി കോണ്‍ഗ്രസും അവരുടെ കീഴിലെ പൊലീസുമാണ്. ഇക്കാര്യം ആര്‍ക്കും അറിയില്ല. അതാണ് സത്യം. ഇതൊന്നും അറിയാത്തതിനാലാണ് തെരഞ്ഞെടുപ്പുകളില്‍ ശിവസേനക്ക് മുസ്ലിംകള്‍ വോട്ട് ചെയ്യാത്തത്’ -നഗരസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുവീടാന്തരം സേനയുടെ മുസ്ലിം സ്ഥാനാര്‍ഥികള്‍ പറഞ്ഞുനടന്ന വാക്കുകളാണിത്. ഫലമോ, രണ്ട് മുസ്ലിം സ്ഥാനാര്‍ഥികളുടെ ജയവും 20 ശതമാനത്തോളം വോട്ടും കീശയിലായി. കാലിനടിയിലെ മണ്ണ് ചോരുന്നുവെന്ന തിരിച്ചറിവില്‍ മുസ്ലിംകള്‍ അടക്കം മുമ്പ് വെറുപ്പിച്ചു വിട്ടവരെയൊക്കെ അടുപ്പിച്ച് നിര്‍ത്താനാണ് ശിവസേന ശ്രമിച്ചത്. മുമ്പ് മറാത്തീ പ്രേമത്താല്‍ നഗരത്തില്‍നിന്ന് തല്ലിയോടിക്കപ്പെട്ട ദക്ഷിണേന്ത്യ-ഉത്തരേന്ത്യക്കാരെയും ഹിന്ദുത്വ പ്രേമത്താല്‍ രാജ്യത്തെ മണ്ണില്‍നിന്ന് പാകിസ്താനിലേക്ക് ഓടിച്ചുവിടാന്‍ തങ്ങള്‍ ആവത് ശ്രമിച്ച മുസ്ലിംകളെയും ഇന്ന് ശിവസേനക്ക് വേണം. മറുനാട്ടില്‍നിന്ന് കുടിയേറിയവരെയും മത ന്യൂനപക്ഷക്കാരെയും പാര്‍ട്ടിയുടെ ശാഖാ പ്രമുഖുകളും സ്ഥാനാര്‍ഥികളുമാക്കിയാണ് ശിവസേന തെരഞ്ഞെടുപ്പിന് സജ്ജമായത്.

ശിവസേനയും ബി.ജെ.പിയും മുഖാമുഖം പൊരുതിയ തെരഞ്ഞെടുപ്പില്‍ മുസ്ലിംകള്‍ തെരഞ്ഞെടുത്തത് ശിവസേനയെയാണ് എന്നു തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ബി.ജെ.പി നിര്‍ത്തിയ ആറ് മുസ്ലിം സ്ഥാനാര്‍ഥികളും തെരഞ്ഞെടുക്കപ്പെട്ടില്ല. മതേതരരും മുസ്ലിം രക്ഷകരുമായ കോണ്‍ഗ്രസ്, എന്‍.സി.പി, സമാജ്വാദി പാര്‍ട്ടി, മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്നിവരുമായി മത്സരിച്ചാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍നിന്ന് ശിവസേന നേട്ടമുണ്ടാക്കിയത്്. ബി.ജെ.പിയും സേനയും മുഖാമുഖം നിന്നപ്പോള്‍ കോണ്‍ഗ്രസും എന്‍.സി.പിയുമൊക്കെ ചിത്രത്തില്‍ നിന്നേ മാഞ്ഞുപോവുകയായിരുന്നു. സേനയോ ബി.ജെ.പിയോ ഇവരിലാരെന്ന ചോദ്യമാണ് ജനമനസ്സില്‍ സജീവമായത്. രാഷ്ട്രീയ ലാഭത്തിന് ഹിന്ദുത്വവാദമേറ്റ ശിവസേനയോ ആര്‍.എസ്.എസിന്‍െറ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്‍െറ രാഷ്ട്രീയ മുഖമായ ബി.ജെ.പിയോ എന്ന ചോദ്യമാണ് മതേതരക്കാരായ വോട്ടര്‍മാരില്‍ ഉയര്‍ന്നുവന്നതെന്ന് മുസ്ലിം നേതാക്കളും മതപണ്ഡിതരും പറയുന്നു. ഇവിടെ ശിവസേനക്കാണ് നറുക്കുവീണത്.

2014 ലെ നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ട് ശിവസേന വലിയ തിരിച്ചറിവിലായിരുന്നു. അന്നാണ് 25 വര്‍ഷം പഴക്കമുള്ള ശിവസേന-ബി.ജെ.പി സഖ്യം വേര്‍പിരിയുന്നത്. അന്നോളം സേനയുമായി ചേര്‍ന്ന് മത്സരിച്ച് 60 കടക്കാത്ത ബി.ജെ.പി സേനയെ ബഹുദൂരം പിറകിലാക്കി 122 സീറ്റുകളില്‍ ജയിച്ച് ചരിത്രംകുറിച്ചു. സേന 62 സീറ്റുകളിലാണ് ജയിച്ചത്. അന്നും ശിവസേനയും ബി.ജെ.പിയും തമ്മിലായിരുന്നു മുഖ്യമായും മത്സരം. അവിടെയും കോണ്‍ഗ്രസും എന്‍.സി.പിയും പിറകിലായി. 1995ല്‍ ശിവസേന സര്‍ക്കാറിന്‍െറ ഭാഗമായിരുന്നുവെങ്കിലും മഹാരാഷ്ട്ര ചരിത്രത്തിലാദ്യമായാണ് ബി.ജെ.പി സര്‍ക്കാര്‍ നിലവില്‍വരുന്നത്. 288 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ബഹുമതിക്കാവശ്യമായ 145 തികയാന്‍ 23 പേരുടെ കുറവുമായാണ് ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ സ്ഥാനമേറ്റത്. ശബ്ദവോട്ടെടുപ്പില്‍ എന്‍.സി.പിയുടെ തന്ത്രത്തില്‍ ആദ്യ കടമ്പ കടന്നെങ്കിലും പവാര്‍ തന്ത്രത്തില്‍ തന്നെ സര്‍ക്കാര്‍ വീഴുമെന്ന ഭീതി ബി.ജെ.പിക്കുണ്ടായിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പാര്‍ട്ടി നേതാക്കളോട് പവാര്‍ രഹസ്യമായി പറഞ്ഞത് ചോര്‍ന്നതോടെ ശിവസേനയെ ബി.ജെ.പി ഒപ്പംകൂട്ടുകയായിരുന്നു. പാര്‍ട്ടി പിളര്‍ന്നേക്കുമെന്ന പേടിയില്‍ സര്‍ക്കാറില്‍ ചേരാതിരിക്കാന്‍ കഴിയാത്ത കെണിയിലാണ് സേന പെട്ടത്. സേന സര്‍ക്കാറിന്‍െറ ഭാഗമായെങ്കിലും നയരൂപവത്കരണത്തിലും മറ്റും അവരെ ബി.ജെ.പി ഗൗനിച്ചില്ല. അതോടെ, സര്‍ക്കാറിന്‍െറ ഭാഗമായിരുന്നുതന്നെ ശക്തിയാര്‍ന്ന പ്രതിപക്ഷമായി മാറുകയാണ് സേന ചെയ്തത്്. പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’ ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉറക്കംകെടുത്തി.

പ്രധാനമന്ത്രിയുടെ ഏകാധിപത്യ പ്രവണതയെയും വികസന ‘തള്ളി’നെയും 56 ഇഞ്ച് നെഞ്ചളവിനെയും പാക് അധീന കശ്മീരിലെ മിന്നലാക്രമണത്തെയും നോട്ട് നിരോധനത്തെയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനുനേരെയുള്ള മഴക്കോട്ട് പ്രയോഗത്തെയും ശക്തമായാണ് ‘സാമ്ന’ വിമര്‍ശിച്ചത്. നെഹ്റു, ഇന്ദിര, രാജീവ് ഗാന്ധി, മന്‍മോഹന്‍ സിങ് തുടങ്ങി മുന്‍ പ്രധാനമന്ത്രിമാരുടെ വികസന മന്ത്രങ്ങളിലാണ് ഇന്ത്യ പിടിച്ചുനില്‍ക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ വികസന അവകാശവാദങ്ങളെ ഖണ്ഡിച്ച് ‘സാമ്ന’ മുഖപ്രസംഗമെഴുതി. സേനയുടെ ബി.ജെ.പി, പ്രധാനമന്ത്രി വിമര്‍ശനങ്ങള്‍ ന്യൂനപക്ഷങ്ങളെ സ്വാധീനിച്ചതായാണ് പറയപ്പെടുന്നത്. കോണ്‍ഗ്രസിന്‍െറ ശബ്ദം ഫലപ്രദമായി ഉയര്‍ന്നു കേള്‍ക്കാത്തിടത്ത് സേനയുടേത് ഉറച്ച ശബ്ദമായാണ് അനുഭവപ്പെട്ടതെന്ന് സേന അനുകൂല മാനസികാവസ്ഥ രൂപപ്പെട്ട മുസ്ലിംകള്‍ പറയുന്നു. കോണ്‍ഗ്രസ് സമീപകാലത്തെങ്കിലും ഉണര്‍ന്നുവരുമോ എന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ ശക്തനായ നേതാവായി ഉദ്ധവ് താക്കറെ വളര്‍ന്നതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബാല്‍താക്കറെക്കുശേഷം അദ്ദേഹത്തിന്‍െറ തീപ്പൊരി ശൈലി ലേശവുമില്ലാത്ത മകന്‍ ഉദ്ധവ് താക്കറെ ശിവസേനയെ എങ്ങനെ നയിക്കുമെന്ന ചോദ്യമുയര്‍ന്നിരുന്നു. ശിവസേന തകരുകയും താക്കറെയുടെ തീപൊരി ശൈലിയുള്ള രാജ് താക്കറെയുടെ എം.എന്‍.എസ് വളരുകയും ചെയ്യുമെന്ന നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു. അക്രമാസക്തരായ സൈനികര്‍ വിതച്ച ഭീതിയായിരുന്നു സേനയുടെ അടിത്തറ. എന്നാല്‍, അതിനുപറ്റിയ നേതാവല്ല  ഉദ്ധവ്. എന്നാല്‍, സ്വന്തം ശൈലിയില്‍ ഉദ്ധവ് തന്‍െറ ഇടം കണ്ടത്തെിയിരിക്കുന്നു എന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. യുവസേനയുടെ തലപ്പത്ത് ഉദ്ധവിന്‍െറ മകന്‍ ആദിത്യയുടെ വരവും വലിയ വിശേഷമാണ്. എന്നിരുന്നാലും ആരുടെ പിന്തുണയിലാകും ശിവസേന മുംബൈ നഗരസഭാ മേയര്‍ പദവി നേടുകയെന്ന ചോദ്യമാണ് ഇപ്പോഴുള്ളത്.

ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കുമോ അതോ കോണ്‍ഗ്രസുമായി ധാരണയിലാകുമോ എന്നതാണ് ഉറ്റുനോക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പിക്കുള്ള പിന്തുണ പിന്‍വലിക്കാതെ ശിവസേനയെ കോണ്‍ഗ്രസിന് പിന്തുണക്കാനാകില്ല. കോണ്‍ഗ്രസ്, എന്‍.സി.പിയുമായി രഹസ്യ ധാരണക്കു പോലും സേനയെ വിടുന്നത് പ്രതികൂലമാകുമെന്ന പേടി ബി.ജെ.പിക്കുമുണ്ട്. ബി.ജെ.പിക്ക് എതിരെ കോണ്‍ഗ്രസ്-എന്‍.സി.പി വീണ്ടും കൈകോര്‍ക്കാന്‍ നീക്കം നടക്കുകയാണ്. ഇതിലേക്ക് ശിവസേനയുടെ സഹായം കൂടെ വന്നാല്‍ ബി.ജെ.പിക്ക് ശുഭകരമാകില്ല കാര്യങ്ങള്‍. ശിവസേന എന്ത് തീരുമാനമെടുക്കുമെന്നാണ് അവരെ പിന്തുണച്ച മുസ്ലിം വോട്ടര്‍മാരും ഉറ്റുനോക്കുന്നത്.

 

Tags:    
News Summary - siv sena's muslim affection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.