പാവപ്പെട്ടവരെ ആകർഷിക്കുന്ന രണ്ടു പ്രധാന പ്രഖ്യാപനങ്ങളാണ് പുതിയ കേന്ദ്ര ബജറ്റിലുള്ളത്.
ഒന്ന്: 2022-23 വർഷത്തിൽ 80 ലക്ഷം വീട് എന്ന തലക്കെട്ട്. അതിന് വകകൊള്ളിച്ചിരിക്കുന്നത് 48,000 കോടി രൂപ. രണ്ടും വലിയ സംഖ്യകൾതന്നെ.
80 ലക്ഷം വീടിന് 48,000 കോടി വകകൊള്ളിച്ചപ്പോൾ ഒരു വീടിന് എത്രയാണ് കണക്കാക്കിയിരിക്കുന്നത്- വെറും 60,000 രൂപ. ആ തുകക്ക് ഒരു വീടുപോയിട്ട് അടിത്തറപോലും കെട്ടാൻ സാധിക്കയില്ല എന്നതല്ലേ സത്യം?
അടുത്ത പ്രഖ്യാപനം: എല്ലാ വീടുകളിലും പൈപ്പ്വെള്ളം. അടുത്ത വർഷം 3.8 കോടി വീടുകളിലേക്ക് പൈപ്പ്വെള്ളം എത്തിക്കുന്നതിന് വകയിരുത്തിയിരിക്കുന്നത് 60,000 കോടി രൂപ. അപ്പോൾ ഒരു വീടിന് വെറും 1578.90 രൂപ.
ഈ രണ്ടു പ്രഖ്യാപനങ്ങളും സത്യത്തിൽ വലിയ വലിയ സംഖ്യകൾ കാണിച്ചുകൊണ്ടുള്ള ഇന്ദ്രജാലമല്ലാതെ മറ്റെന്താണ്? മൂന്നക്കത്തിലെത്തിനിൽക്കുന്ന ഇന്ധന വില ഇനിയും കൂടുകില്ല എന്ന ഉറപ്പ് കൊടുക്കുന്നില്ല.
വിലക്കയറ്റത്തിന്റെ അമിതഭാരം താങ്ങാനാവാതെ പാവപ്പെട്ടവർ നട്ടംതിരിയുന്നു. അതിനൊരു പരിഹാരവും എവിടെയും പറയുന്നില്ല. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ നാലു മാസമായി ഏറ്റവും ഉയർന്ന തോതായ 7.9 ശതമാനത്തിലെത്തി. 20-24 പ്രായക്കാർക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 37 ശതമാനമാണ്. അതിൽ 60 ശതമാനവും ബിരുദധാരികളാണെന്നോർക്കണം.
സമ്പന്നവിഭാഗം ഈ ബജറ്റിനെ സഹർഷം സ്വാഗതംചെയ്യും. കോവിഡ് പ്രതിസന്ധിയും ജീവിതദുരിതങ്ങളുംകൊണ്ട് സാധാരണക്കാർ നട്ടംതിരിഞ്ഞ കാലയളവിൽ ഇന്ത്യയിലെ സഹസ്രകോടീശ്വരരുടെ എണ്ണം 102ൽനിന്ന് 142 ആയി ഉയരാൻ സൗകര്യമൊരുക്കിയ സർക്കാറിനോടുള്ള കൂറ് പ്രഖ്യാപിക്കുകയാണവർ.
പാവപ്പെട്ടവരുടെ വരുമാനത്തിൽ 53 ശതമാനം കുറവാണ് ഈ കാലയളവിൽ സംഭവിച്ചതെന്ന് മറക്കരുത്.
പണക്കാരെ കൂടുതൽ പണക്കാരും പാവപ്പെട്ടവരെ കൂടുതൽ ദരിദ്രരുമാക്കുന്ന ബജറ്റാണിതെന്ന് കണക്കുകൾ നമ്മോട് പറയുന്നുണ്ട്.
(ആദ്യകാല പ്രവാസിയും ഓവർസീസ് ഇന്ത്യൻ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനുമാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.