ജനാധിപത്യത്തെ ബാധിച്ച മാന്ദ്യം മാറ്റണമെന്ന്​ ​നൂറിലേറെ രാഷ്​ട്രങ്ങളിലെ നേതാക്കളെ ക്ഷണിച്ച ജനാധിപത്യം സംബന്ധിച്ച ആഗോള വെർച്വൽ ഉച്ചകോടിയുടെ സ്വാഗതഭാഷണത്തിൽ യു.എസ് പ്രസിഡൻറ്​ ജോ ബൈഡൻ ആഹ്വാനം ചെയ്​തിരുന്നു. ലോകത്തി​െൻറ പല കോണുകളിലും ജനാധിപത്യം തകിടം മറിയുന്ന സാഹചര്യത്തിൽ ഉച്ചകോടിയുടെ സമയം ഉചിതമായിരുന്നു.

ആധികാരിക ജനാധിപത്യമെന്ന നിലയിൽ അതിഥിപ്പട്ടികയിലെ പല രാജ്യങ്ങളുടെയും യോഗ്യത തർക്കവിധേയമാണ്. ആതിഥേയരാജ്യത്തി​െൻറ റെക്കോഡും സമാനമായി സംശയാസ്പദം തന്നെ. ജനാധിപത്യത്തെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ആത്മാർഥമായ ആത്മപരിശോധനക്കുള്ള ഇടം എന്നതിലുപരി അമേരിക്കയുടെ തന്ത്രപ്രധാനമായ മുൻഗണനകളാണ് ഉച്ചകോടി പ്രതിഫലിപ്പിച്ചതെന്ന് നമുക്ക്​ പറയാൻ കഴിഞ്ഞേക്കും. പ്രായപൂർത്തി വോട്ടവകാശം, സ്വതന്ത്രമായ തെരഞ്ഞെടുപ്പുകൾ, തെരഞ്ഞെടുപ്പ് വിധികൾക്ക് വിധേയമായി സമാധാനപരമായ അധികാരക്കൈമാറ്റം എന്നിവയെല്ലാം ജനാധിപത്യത്തിന് അത്യന്താപേക്ഷിതമായ വ്യവസ്ഥകളാണ്.

എന്നാൽ, ഒരു ജനത കേവലം ജനാധിപത്യ രൂപത്തിനപ്പുറം അതി​െൻറ ആധികാരികമായ സമ്പ്രദായത്തിലേക്ക് മാറണമെങ്കിൽ, കൂടുതൽ കൃത്യമായ അളവുകോലുകൾവഴി ജനാധിപത്യത്തിന്റെ കരുത്ത് പരീക്ഷിക്കപ്പെടണം. ഓരോ ന്യൂനപക്ഷത്തിന്റെയും തുല്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാറിന്റെ പരിശ്രമവും വിജയവും ഭരണകൂടത്തി​െൻറ പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും കുറിച്ച് റിപ്പോർട്ട് ചെയ്യാനും സമാധാനപരമായി വിയോജിക്കാനും ചെറുത്തുനിൽക്കാനുമുള്ള സ്വാതന്ത്ര്യവും ശരിയായ കൂടിയാലോചനയും സുതാര്യമായ തീരുമാനമെടുക്കൽ പ്രക്രിയയുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ബഹുസ്വരത, സാമൂഹിക ഐക്യം, നിയമവാഴ്ച എന്നിവയോടുള്ള പ്രതിബദ്ധതയാണ്​ ഓരോ ഇന്ത്യക്കാരിലും വേരൂന്നിയ ജനാധിപത്യ ചൈതന്യമെന്നാണ്​ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഴ്​ത്തിപ്പറഞ്ഞത്​. എന്നാൽ, വിരോധാഭാസമെന്നു പറയട്ടെ, ഇവയോരോന്നും ഇന്ത്യയിൽ ഇന്ന് തകർച്ച നേരിടുന്നു. ജനാധിപത്യ ഉച്ചകോടിയിൽ ഭാഗമായ പല രാജ്യങ്ങളിലെയും പോലെ ഇന്ത്യയിലും ജനാധിപത്യം തകരുന്നു എന്നതാണ് സത്യം. ജനാധിപത്യത്തി​െൻറ മുകളിൽ പറഞ്ഞ മൂന്ന് അളവുകോലുകളിൽ ഓരോന്നുമെടുത്തു നോക്കുക.

ഇന്ത്യയിൽ ഒരു ന്യൂനപക്ഷ സമുദായാംഗമാകുവാൻ ഇതിലേറെ അപകടംപിടിച്ചൊരു കാലം മുമ്പുണ്ടായി​ട്ടേയില്ല, അതിലുപരിയായി ഒരു മുസ്​ലിം ആയിരിക്കുന്ന കാലം. ഭരണകക്ഷി നേതാക്കളും കേന്ദ്ര മന്ത്രിസഭയി​െല അംഗങ്ങൾപോലും ഇന്ത്യയിലെ മുസ്​ലിംകളെ പരിഹസിക്കാനും അവമതിക്കാനുമായി വിഷലിപ്തമായ വിദ്വേഷപ്രസംഗങ്ങളെ അടിക്കടി ഉപയോഗിക്കുന്നതുതന്നെയാണ്​ ഇതി​െൻറ ഒരു അടയാളം. ഈ ശബ്​ദങ്ങൾ നിയന്ത്രിക്കാൻ വിസമ്മതിക്കുന്ന സർക്കാർ അവരെ ശിക്ഷിക്കുക മാത്രമല്ല നേരെമറിച്ച്, ഏറ്റവും മ്ലേച്ഛമായ രീതിയിൽ ഈ കുറ്റം ചെയ്യുന്നവർക്ക്​ പാർട്ടിയിലോ സർക്കാറിലോ സ്വാധീനമുള്ള സ്ഥാനങ്ങൾ നൽകി പുരസ്​കരിക്കുകയും ചെയ്യുന്നു.

മുസ്​ലിംകളെയും ദലിതുകളെയും ആൾക്കൂട്ടക്കൊലക്ക്​ വിധേയരാക്കു​േമ്പാൾ 19ാം നൂറ്റാണ്ടി​െൻറ അവസാനത്തിൽ ആഫ്രിക്കൻ-അമേരിക്കൻ ജനതക്ക്​ നേരെ നടന്ന ഭയാനകമായ കൂട്ടക്കൊലയുടെ ഭീകരതയാണ്​ ആവർത്തിക്കപ്പെടുന്നത്​. മുസ്​ലിം പുരുഷന്മാരും ഹിന്ദു സ്ത്രീകളും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധം പോലും കുറ്റകരമാക്കുന്ന നിയമങ്ങൾ പാസാക്കിയിരിക്കുന്നു. മുസ്‌ലിംകളുടെ ഉപജീവനമാർഗങ്ങൾ നിരന്തരം ഉപരോധിക്കപ്പെടുന്നു. ഇത് ബീഫ്​ കച്ചവടത്തിനെതിരായ ആക്രമണമായാണ്​ ആരംഭിച്ചത്, എന്നാലിപ്പോൾ പച്ചക്കറി വിൽക്കുന്നവരും റസ്​റ്റാറൻറ്​ തൊഴിലാളികളും വളക്കച്ചവടക്കാരുമെല്ലാമായ മുസ്​ലിംകൾ ആക്രമണത്തിനിരയാവുന്നു.

ദേശസുരക്ഷക്ക്​ ഭീഷണിയാവുന്നവരെ തടയാൻ ഉപയോഗിക്കുന്ന നിയമങ്ങളാണ്​ ബീഫ് കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ പ്രയോഗിക്കുന്നത്​. ബീഫ്​ കച്ചവടം എങ്ങനെയാണ്​ ദേശസുരക്ഷക്ക്​ ഭീഷണിയാവുക എന്ന വിശദീകരണമൊന്നുമില്ല. രാജ്യത്തി​െൻറ ഹിന്ദു-മുസ്​ലിം പൈതൃകം പ്രതിഫലിപ്പിക്കുന്ന റോഡുകളുടെയും പട്ടണങ്ങളുടെയും പേരുകൾ മാറ്റുന്നു. ഹിന്ദുക്കൾ താമസിക്കുന്ന ഇടങ്ങളിലും പ്രദേശങ്ങളിലും താമസിക്കുന്നതിൽ നിന്ന്​ മുസ്​ലിം​കളെ പേടിപ്പിച്ചകറ്റുന്നു. ​ അവരുടെ ആരാധനാലയങ്ങൾ തകർത്ത്​ മണ്ണോടുചേർക്കുന്നു, അതി​നു പുറമെ അടുത്തിടെ, ഹൈടെക് നഗരമായ ഗുരുഗ്രാമിൽ ചെയ്​തതു പോലെ സംഘടിച്ചെത്തി മുസ്​ലിംകൾ പാർക്കുകളിലും തുറസ്സായ സ്ഥലങ്ങളിലും വെള്ളിയാഴ്ച പ്രാർഥന നടത്തുന്നത് തടയുന്നു. സങ്കടകരമെന്ന്​ പറയ​ട്ടെ മറ്റ് ന്യൂനപക്ഷങ്ങൾക്കിടയിൽ, ക്രൈസ്​തവ ആരാധനാലയങ്ങൾക്കും പാസ്​റ്റർമാർക്കും കന്യാസ്ത്രീകൾക്കും നേരെയുള്ള ആക്രമണങ്ങളുടെ തോതും കുത്തനെ ഉയർന്നു.

ആശങ്കയുളവാക്കും വിധത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് പ്രധാനമന്ത്രിയുടെ ഓഫിസിനെ കേന്ദ്രീകരിച്ചാണ്​. രാജ്യത്തെ കറൻസിയുടെ 86 ശതമാനവും ഒറ്റരാത്രികൊണ്ട് നിരോധിക്കുന്നതടക്കമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയങ്ങൾ, അതല്ലെങ്കിൽ പാവപ്പെട്ട സാധു തൊഴിലാളികൾക്ക്​ ഏറ്റവും ചുരുങ്ങിയ ആശ്വാസങ്ങൾ പോലുമൊരുക്കാതെ നാലു മണിക്കൂർ സമയപരിധി നൽകി അടിച്ചേൽപിച്ച ദേശീയ ലോക്ക്ഡൗൺ തുടങ്ങിയ തീരുമാനങ്ങളെല്ലാം നാടകീയമായി പ്രഖ്യാപിക്കപ്പെടുന്നു, വിദഗ്​ധരുമായോ സംസ്ഥാനങ്ങളുമായോ മന്ത്രിസഭയുമായോ പോലും കൂടിയാലോചന കൂടാതെയാണിതെല്ലാം.

പൗരത്വനിയമ ഭേദഗതിക്കെതിരായി നൂറുദിവസം നീണ്ട സമാധാനപരമായ പ്രക്ഷോഭവും, ചർച്ചകളേതും കൂടാതെ പാർലമെൻറിലൂടെ അടിച്ചേൽപിച്ച മൂന്ന്​ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ സമരവുമുൾപ്പെടെ സമാധാനപരമായ ജനകീയ പ്രതിഷേധങ്ങളെ മാവോവാദി, ജിഹാദി അല്ലെങ്കിൽ ഖലിസ്​താനി ഗൂഢാലോചനകളായി പൈശാചികവത്​കരിക്കുന്നു.

ഭരണസംവിധാനത്തി​െൻറ നയങ്ങളോടും നടപടികളോടും വിയോജിക്കുകയോ എതിർക്കുകയോ ചെയ്യുന്ന ആളുകൾക്ക് ഇന്ത്യ അപകടകരമായ സ്ഥലമായി മാറിയിരിക്കുന്നു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നതിനെതിരെ പോരാടുന്ന, കശ്മീർ പോലുള്ള സ്ഥലങ്ങളിൽ പ്രതിഷേധിക്കുന്ന, ആദിവാസികളെ വനങ്ങളിൽ നിന്നും അവരുടെ ഭൂമിയിൽ നിന്നും കുടിയിറക്കുന്നതിനെതിരെ പോരാടുന്ന അല്ലെങ്കിൽ പൗരാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആളുകൾക്കെതിരെ അസാധാരണമായ തീവ്രവാദ വിരുദ്ധ നിയമങ്ങളോ കൊളോണിയൽ കാലത്തെ രാജ്യദ്രോഹനിയമങ്ങളോ ചുമത്തുന്നത് പതിവായിരിക്കുന്നു.

വിദ്യാർഥിപ്രവർത്തകരും അക്കാദമിക് വിദഗ്ധരും അവകാശങ്ങൾക്കായി വാദിക്കുന്നവരും അഭിഭാഷകരും കവികളും പുരോഹിതരും വരെ ജാമ്യം നിഷേധിക്കപ്പെട്ട്​ അനിശ്ചിതകാലത്തേക്ക് ജയിലിലടക്കപ്പെട്ടിരിക്കുന്നു. വിചാരണ ആരംഭിക്കാത്തതിനാൽ അവർക്ക്​ അവരുടെ നിരപരാധിത്വം തെളിയിക്കാൻ പോലും അവസരം ലഭിക്കുന്നില്ല. ഇവരിലൊരാൾ, ആദിവാസി ജനതയെ കുടിയിറക്കുന്നതിനെതിരെ നിർഭയമായും സമാധാനപരമായും പോരാടുന്നതിന് ത​െൻറ പ്രചോദനാത്മകമായ ജീവിതം ഉഴിഞ്ഞു​െവച്ചതിന്​ ജയിലിലടക്കപ്പെട്ട പാർകിൻസൺസ് ബാധിച്ച ഒരു വയോധിക ജെസ്യൂട്ട് പുരോഹിതൻ ജയിലിൽ മരിക്കുകയും ചെയ്തു.

ഏറ്റവും ദരിദ്രരായ ഖനിത്തൊഴിലാളികൾക്കൊപ്പം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്​ത, സമർപ്പിത ജീവിതത്തി​െൻറ മാതൃകയായ അഭിഭാഷക സുധ ഭരദ്വാജ് മൂന്നു വർഷം ജയിലിൽ കിടക്കാൻ നിർബന്ധിതയായി. പതിറ്റാണ്ടുകളായി കശ്​മീരിൽ തുടരുന്ന സായുധവത്​കരണത്തിനിടെ പ്രിയപ്പെട്ടവരെ 'കാണാതായ' ആയിരക്കണക്കിന്​ കുടുംബങ്ങൾക്ക്​ സഹായം നൽകി വന്നിരുന്ന കശ്​മീരി പൗരാവകാശ പ്രവർത്തകൻ ഖുർറം പർവേശിനെ അടുത്തിടെ, തീവ്രവാദികളെ സഹായിക്കുന്നുവെന്നാരോപിച്ച്​ ജയിലിലടച്ചു.

മാധ്യമ പ്രവർത്തകരെപ്പോലും വെറുതെവിടുന്നില്ല: ദലിത് സ്ത്രീയെ ബലാത്സംഗക്കൊലക്കിരയാക്കിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ അറസ്​റ്റ്​ ചെയ്യപ്പെട്ട സിദ്ദീഖ് കാപ്പൻ ഒരു വർഷത്തിലേറെയായി ജയിലിലാണ്​. ജിഹാദി സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ജയിലിലടച്ചിട്ട്​ നാളിതുവരെയായി അദ്ദേഹത്തിന്​ കുറ്റപത്രത്തി​െൻറ പകർപ്പു പോലും ഇതുവരെ ലഭ്യമാക്കിയിട്ടില്ല.

കൊല്ലപ്പെടുന്നതിന് ആഴ്ചകൾക്കു മുമ്പ് താൻ സ്വപ്​നം കാണുന്ന ഇന്ത്യയെക്കുറിച്ച്​ പറഞ്ഞിരുന്നു- ഒരു മുസ്​ലിം കുട്ടിക്ക്​ ഭയലേശമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന ഇന്ത്യ എന്ന സ്വപ്​നം. ഇന്ത്യയിൽ നിന്ന്​ പല മുസ്​ലിംകൾക്കും​ ഭയം അവരുടെ ജീവിതരീതിയായി മാറിയിരിക്കുന്നു. ഒരു സ്വേച്ഛാധിപതിയെ മാത്രമെ താൻ അനുസരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പ്രഖ്യാപിച്ചു - സ്വന്തം മനസ്സാക്ഷിയെ മാത്രം. ഇന്ന് ഇന്ത്യയിൽ, ഈ ഏകാധിപതി പീഡിപ്പിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്യുന്നു. എഴുപത്തഞ്ച്​ സംവത്സരങ്ങൾ നീണ്ട പ്രയാണത്തിലെ ഏറ്റവും അപകടം പിടിച്ച വേളയിലാണ്​ ഇന്ന്​ ഇന്ത്യൻ റിപ്പബ്ലിക്​.

(സിവിൽ സർവിസിൽ നിന്ന്​ രാജിവെച്ച്​ മുഴുസമയ പൗരാവകാശ പ്രവർത്തകനായി മാറിയ ലേഖകൻ വിദ്വേഷങ്ങൾക്കെതിരെ പൊരുതുന്ന കാരവാനെ മുഹബത്ത്​ എന്ന കൂട്ടായ്​മയുടെ കൺവീനറാണ്​)

Tags:    
News Summary - When democracy suffocates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.