ഹിന്ദു-മുസ്​ലിം വിവാഹങ്ങളെ നമ്മൾ എന്തിനാണ്​ ഇത്രമേൽ ഭയക്കുന്നത്....​?

കേവലം 24 മണിക്കൂറിനുള്ളിൽ തനിഷ്​കിന്​ ആ പരസ്യം പിൻവലിക്കേണ്ടി വന്നിരിക്കുന്നു. ചില ഇന്ത്യക്കാർ അഭിനന്ദിക്കുകയും മറ്റു ചിലർ എതിർക്കുകയും ​ചെയ്​ത ആ പരസ്യം, രാജ്യത്ത്​ ഹിന്ദു-മുസ്​ലിം വിവാഹങ്ങളെക്കുറിച്ച്​ ആഴത്തിൽ വേരോടിയ ഭീതി പുറത്തുകൊണ്ടുവരികയാണ്​ ചെയ്​തത്​. 2018ലെ സർഫ്​ എക്​സലി​െൻറ പരസ്യവും ഈ വർഷം അസമീസ്​ ടി.വി സീരിയൽ 'ബീഗം ജാനും' ഇതുതന്നെയാണ്​ വെളിപ്പെടുത്തിയത്​.

പക്ഷേ, എന്തുകൊണ്ടാണ്​ ഈ 2020ലും മിശ്ര വിവാഹങ്ങൾ നമ്മുടെ രാജ്യത്ത്​ ഭീതിതമായ ഓളങ്ങൾ സൃഷ്​ടിക്കുന്നത്​? നമ്മൾ അഭിമാനത്തോടെ എടുത്തണിയുന്ന വൈവിധ്യങ്ങളുടെ സമന്വയം ഒരലങ്കാരമായി കരുതു​േമ്പാഴും എന്തിനാണ്​ ഹിന്ദു-മുസ്​ലിം വിവാഹങ്ങളെ നമ്മൾ ഇത്രമേൽ ഭയക്കുന്നത്​?

'വിശുദ്ധി'

മിക്ക ഹിന്ദു ഭവനങ്ങളിലും തങ്ങളുടെ വേണ്ടപ്പെട്ടവർ ഒരു മുസ്​ലിമുമായി പ്രണയത്തിലാകുന്നത്​ അങ്ങേയറ്റ​ത്തെ 'പാപ'വും സഹിക്കാൻ പറ്റാത്ത 'അറപ്പ്​' തോന്നുന്ന പ്രവർത്തിയുമാണ്​. എത്ര ലിബറലായ കുടുംബമാണ്​ അതെന്നതൊന്നും അക്കാര്യത്തിൽ വിഷയമല്ല. അതി​​െൻറ പ്രാഥമിക കാരണം, 'വിശുദ്ധി'യെന്ന ആശയത്തിലുള്ള അവരുടെ നിമഗ്​നതയാണ്​. ഒരു ഹിന്ദു യുവതി മുസ്​ലിം യുവാവിനെ വിവാഹം കഴിക്കുന്ന സാഹചര്യത്തിൽ കുലീനതയെന്ന ആശയം ഒട്ടും മാറ്റമില്ലാതെ ഇൗ ചിന്താഗതിയോടൊപ്പം ചേർന്നുനിൽക്കുന്നു. ഞങ്ങളിൽ മിക്കവരോടും പറഞ്ഞിരുന്നത്​ 'ഒരു മുസ്​ലിമിനെ ഒഴിച്ച്​' ആരെ ​വേണമെങ്കിലും കല്യാണം കഴിക്കാമെന്നായിരുന്നു.


മുസ്​ലിം യുവാവിനെ കല്യാണം കഴിച്ചാൽ ഹിന്ദു യുവതി മതം മാറേണ്ടിവരുമെന്ന ധാരണ മാത്രമല്ല, ഈ ഭീതിക്കുപിന്നിൽ. ഈ ധാരണക്ക്​ നേർവിപരീതമായിരുന്നു തനിഷ്​കി​െൻറ പരസ്യമെന്നോർക്കണം. മുസ്​ലിം കുടുംബത്തിലെത്തിയ ഹിന്ദു പെൺകുട്ടിയുടെ ആചാരാനുഷ്​ഠാനങ്ങളെ ആദരവോടെ സമീപിക്കുന്നതാണ്​ ആ പരസ്യത്തി​െൻറ ഉള്ളടക്കം. മിശ്രവിവാഹത്തിൽ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ വിശ്വാസത്തെക്കുറിച്ചുപോലുമുള്ള ഭീതിയുമുണ്ട്​​ അവരുടെ മനസ്സിൽ. വംശവഴിയിലെ സന്താന പരമ്പരയിൽ വേറിട്ട ജാതി കൂടിക്കലരുന്നത്​ ഇക്കാലത്തുപോലും ഉൾക്കൊള്ളാനാകാതെ വരു​േമ്പാഴാണ്​ ദുരഭിമാനക്കൊലകളുടെ ഭീതിപ്പെടുത്തുന്ന അപകടങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നത്​.

'ഹിന്ദു​ അപകടത്തിലാണ്​'

വിശുദ്ധിയുടെ ഈ മൗലികമായ ഊന്നിപ്പറച്ചിലുകളെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ സാംസ്​കാരികമായി രാഷ്​ട്രീയവത്​കരിച്ചിരിക്കുന്നു. 'ഹിന്ദു ഖത്​രേ മേ ഹേ' -ഹിന്ദു അപകടത്തിലാണ്​- എന്ന മുദ്രാവാക്യമുയർത്തുന്നത്​ അങ്ങനെയാണ്​. വിശ്വ ഹിന്ദു പരിഷത്തി​െൻറ ദേശീയ വക്​താവ്​ വിനോദ്​ ബൻസാൽ ഒരിക്കൽ പ റഞ്ഞത്​, തങ്ങളുടെ സംഘടന മിശ്രവിവാഹങ്ങൾക്ക്​ എതിരല്ലെന്നും എന്നാൽ, ഹിന്ദു യുവതികളെ കെണിയിൽപെടുത്തുന്നതിനുള്ള ഗൂഢാലോചനകളോട്​ യോജിക്കാനാവില്ല എന്നുമായിരുന്നു. ഇക്കഴിഞ്ഞ ഒക്​ടോബർ 11ന്​ അസമിലെ ആ​േരാഗ്യ വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിശ്വ ശർമ പറഞ്ഞത് 2021ൽ പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ 'ലവ്​ ജിഹാദി'നെതിരെ പോരാടുമെന്നാണ്​.


'ലവ്​ ജിഹാദി'​െൻറ പരിധിക്കുള്ളിലായതിനാൽ, വനിതകൾക്ക്​ തങ്ങളുടേതായ തീരുമാനങ്ങളെടുക്കാൻ ഏറെ ബുദ്ധിമുട്ടു​ണ്ടെന്ന്​​ നന്നായി മനസ്സിലാകും. 'ക​ൗശലക്കാരായ' മുസ്​ലിം പുരുഷന്മാരിൽനിന്ന്​ 'പ്രതിരോധകവചമില്ലാത്ത' വനിതകളെ 'സംരക്ഷിക്കുക'യെന്ന ദൗത്യം അപ്പോൾ ഹിന്ദു പുരുഷന്മാർക്കുള്ളതാണ്​. വനിതകൾ പ്രായപൂർത്തിയായവരെങ്കിലും അതുതന്നെ അവസ്​ഥ. ഈ രീതിയിലുള്ള ചിന്താഗതിയാണ്​ നടി കങ്കണ റണാവത്തിനെ പോലുള്ളവർക്ക്​ ഉള്ളതെന്ന്​ വിവാദ പരസ്യത്തി​െൻറ കാര്യത്തിൽ അവരുടെ നിലപാട്​ പ്രതിഫലിപ്പിക്കുന്നു. പരസ്യത്തിൽ മരുമകൾ 'ത​െൻറ സ്വന്തം വീട്ടിൽ ഭയപ്പാടോടെയും വിനയ​ത്തോടെയും ഇരിക്കുന്നതുപോലെ കാണപ്പെടുന്നുവെന്നാണ്​ അവരുടെ പരാതി. ഞാൻ കണ്ടതിൽനിന്ന്​ വ്യത്യസ്​തമായ പരസ്യമാണോ അവർ കണ്ടതെന്ന്​ എനിക്കറിയില്ല.

'പെരുകുന്ന എണ്ണം'

മുസ്​ലിം പുരുഷന്മാരെ കാമവെറിയന്മാരും അതികൗശലക്കാരുമായും അവതരിപ്പിക്കുന്നതാണ്​ ലൗജിഹാദ്​ വിവരണങ്ങൾ. അവരുടെ ലൈംഗിക ശൗര്യം, സംശയത്തിനിട നൽകാത്തതും എളുപ്പത്തിൽ വഴിതെറ്റിക്കാവുന്നതുമായ ഹിന്ദു യുവതിക​ളെ വശീകരിക്കുന്നതിന് ഉപയോഗിക്കുകയും അവരെ മതംമാറ്റുകയും ​ചെയ്യുന്നുവെന്നാണ്​ ആ വിവരണങ്ങളുടെ ഉള്ളടക്കം. ലവ്​ ജിഹാദെന്ന ആലങ്കാരിക പദപ്രയോഗം മറ്റൊരു ഭീതിയിലേക്ക്​ കൂടി വെളിച്ചം വീശുന്നുണ്ട് -രാജ്യത്തെ ജനസംഖ്യയിൽ ഹിന്ദുക്കളെ 'മറികടക്കാൻ' മുസ്​ലിംകൾ പെറ്റുപെരുകു​ന്നുവെന്ന പ്രചാരണമാണത്​.

ആദ്യമായി അമ്മയാകുന്നതിന്​ മുന്നോടിയായി സുഖപ്രസവത്തിനും സന്തോഷ ജീവിതത്തിനും വേണ്ടി പ്രാർഥിക്കുന്ന ചടങ്ങാണ്​ തനിഷ്​കി​െൻറ പരസ്യത്തിൽ ദൃശ്യവത്​കരിച്ചത്​. അതോടെ സ്​ക്രീനിൽ 'ഫോബിയ' കത്തിപ്പടർന്നു. പിറക്കാനിരിക്കുന്ന കുഞ്ഞി​െൻറ 'ഉടമസ്​ഥാവകാശം' സംബന്ധിച്ച ചോദ്യം തന്നെയാണ്​ അതിനു കാരണം. ഇന്ത്യയിൽ പിന്തുടരുന്ന വംശപാരമ്പര്യ രീതിയനുസരിച്ച്​ കുഞ്ഞിനെ എണ്ണുക പിതാവി​െൻറ കുടുംബത്തോടൊപ്പമാകും. അപ്പോൾ, പരസ്യത്തിലെ പിറക്കാനിരിക്കുന്ന കുഞ്ഞി​െൻറ പിതാവ്​ മുസ്​ലിമായ സ്​ഥിതിക്ക്​ ഇത്തരം ചിന്താഗതിക്കാരുടെ മനസ്സിൽ അതു വിവക്ഷിക്കപ്പെടുന്നത്​ ലോക​ത്തേക്ക്​ മറ്റൊരു മുസ്​ലിം കൂടി പിറന്നുവീഴുന്നു എന്ന തരത്തിലാവും. മുസ്​ലിം ജനസംഖ്യ വർധിക്കുന്നു എന്ന രീതിയിൽ തീവ്ര ഹിന്ദുത്വ ചിന്താഗതിക്കാർ നടത്തുന്ന പ്രചാരണം കാലങ്ങളായി നാം കാണുന്നതാണ്​. മുസ്​ലിംകളെക്കാൾ കൂടുതൽ കുഞ്ഞുങ്ങ​ളെ പ്രസവിക്കാൻ ഇത്തരക്കാർ ഹിന്ദു വനിതക​ളെ ആഹ്വാനം ചെയ്യുന്നതും പലതവണ നാം കേട്ടിട്ടുണ്ട്​.


'ഉൽപതിഷ്​ണുക്കളും' 'തീ​വ്രവാദികളും'

വിഭിന്ന മതവിശ്വാസികൾ തമ്മിലുള്ള വിവാഹം ഇന്ത്യയിൽ അസാധാരണമോ അസ്വാഭാവികമോ അല്ല. ബി.ജെ. പി നേതാവ്​ ഷാനവാസ്​ ഹുസൈൻ ഹിന്ദുവായ രേണുവിനെയാണ്​ വിവാഹം ചെയ്​തിരിക്കുന്നത്​. ശക്​തമായി മു​ന്നോട്ടുപോകുന്ന ഒരുപാട്​ മിശ്രവിവാഹങ്ങളിൽ ഒന്നുമാത്രമാണത്​. എന്നാൽ, 'ലവ്​ ജിഹാദ്​' എന്ന പദപ്രയോഗത്തിൽ ഒളിച്ചുവെച്ചിരിക്കുന്നതും ഉറപ്പിച്ചിരിക്കുന്നതുമായ ശക്​തമായ ആഖ്യാനം വേറെയുണ്ട്​. ഹിന്ദുക്കളെ അസ്​തിത്വത്തിൽനിന്ന്​ പുറന്തള്ളാൻ മുസ്​ലിംകൾ കണ്ടെത്തുന്ന വഴിയാണ്​ വിവാഹമെന്നതാണത്​. മുസ്​ലിംകളെ കേവലം തീവ്രവാദികളായും ഐസിസ്​ അംഗങ്ങളായും ജിഹാദിസ്​റ്റുകളായും കാണുന്നവരുടെ ആഖ്യാനമാണത്​.


അതുകൊണ്ടാണ്​ കേരളത്തിലെ മെഡിക്കൽ വിദ്യാർഥി ഹാദിയയെ 'മസ്​തിഷ്​കപ്രക്ഷാളനം' നടത്തിയുള്ള വിവാഹത്തിൽനിന്ന്​ 'മോചിപ്പിക്കണ'മെന്ന ആവശ്യമുയർന്നത്​. ഹാദിയയുടെ യുക്​തിവാദിയായ പിതാവ്​ കെ.എം. അശോകനുപോലും നിർബന്ധിത മതപരിവർത്തനത്തി​െൻറയും ഇസ്​ലാമിക തീവ്രവാദികൾ​ക്കൊപ്പം മകൾ വിന്യസിക്കപ്പെടാനുള്ള സാധ്യതയുടെയും 'ഭീതി'യിൽനിന്ന്​ ഒഴിഞ്ഞുനിൽക്കാനായില്ല. ഇസ്​ലാം ഭീകരവാദികൾക്കൊപ്പം നിൽക്കുന്നുവെന്ന മുൻവിധികളെ കുടഞ്ഞുകളയാൻ ആ റിട്ടയേർഡ്​ പട്ടാളക്കാരനും ഒരുക്കമായില്ല.


അറേഞ്ച്​ഡ്​ മാര്യേജിനെക്കുറിച്ച്​ എന്തുപറയുന്നു?

മിശ്രവിവാഹങ്ങൾ മിക്കതും പ്രണയ വിവാഹങ്ങളാകുന്നത്​ എന്തുകൊണ്ടാണെന്ന ചോദ്യമുദിക്കുന്നുണ്ട്​. ഇക്കാലത്തും, നഗരങ്ങളിലെ പുതുതലമുറ അറേഞ്ച്​ഡ്​ മാര്യേജിന്​ വഴങ്ങിക്കൊടുക്കുന്നത്​​, കുടുംബ പശ്ചാത്തലവും വർഗവും ജാതി ഘടനയുമടങ്ങുന്ന വിശാലഭൂമികയിലെ ചേർച്ചകൾ പരിഗണിച്ചാണ്​. ഒരു മതാതീത പ്രണയ വിവാഹം കുടുംബത്തി​െൻറ അടിസ്​ഥാന ഘടനയെയെയും അതിലെ മത സാമുദായികതയെയും ബാധിക്കുന്നു. ആർ.എസ്​.എസിന്​ കീഴിൽ പ്രവർത്തിക്കുന്ന 'സ്വദേശി ജാഗരൺ മഞ്ച്​' എന്ന സംഘടന മുസ്​ലികളുമായി അഭിപ്രായ ഭിന്നതകൾ സൂക്ഷിക്കുന്നതിനൊപ്പം, പടിഞ്ഞാറി​െൻറ കടിഞ്ഞാണില്ലാത്തതും അസന്തുലിതവുമായ വ്യക്​തിമാഹാത്​മ്യവാദം സാമുദായിക ജീവിതത്തെ നശിപ്പിക്കുന്നുവെന്ന നിരീക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരാണ്​. പ്രായപൂർത്തിയായ രണ്ടു പേർ മതത്തിനതീതമായി, അവരുടെ യോജിപ്പി​െൻറ അടിസ്​ഥാനത്തിൽ ഒന്നിക്കാൻ തീരുമാനിച്ചാൽ, അത്​ ഭീഷണി ഉയർത്തുന്നത്​ ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്​കാരിക ആചാരമായ അറേഞ്ച്​ഡ്​ മാര്യേജി​െൻറ നിലനിൽപിനാണെന്ന്​ സാരം.

പരസ്യത്തിനെതിരെ കാമ്പയിനുമായി ഒരു വിഭാഗം രംഗത്തെത്തിയതിനെ തുടർന്ന്​ അതു പിൻവലിച്ച തനിഷ്​കി​െൻറ തീരുമാനം ശരിയായില്ലെന്ന്​ പലരും വാദിക്കുന്നുണ്ട്​. വിവാദം കൊഴുക്കുന്നതിനിടയിൽ, മുമ്പ്​ സെയ്​ഫ്​ അലി ഖാൻ പറഞ്ഞ കാര്യമാണ്​ എനിക്ക്​ പറയാനുള്ളത്​ -'മിശ്ര വിവാഹം എന്നത്​ ജിഹാദല്ല, അത്​ ഇന്ത്യയാണ്​'.


കടപ്പാട്​: theprint.in

മൊഴിമാറ്റം: അബൂഅമൻ

Tags:    
News Summary - Why we are so scared of Hindu-Muslim marriages in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.