കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു തുറന്ന കത്ത്; ഉന്നത വിദ്യാഭ്യാസം മാതൃഭാഷയിലാക്കാൻ നിങ്ങൾ മുന്നിട്ടിറങ്ങുമോ?

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഉജ്ജ്വലമായ ഒരു സമരപാരമ്പര്യമുണ്ട്. 1881ല്‍ തിരുവിതാംകൂര്‍ ഭരണത്തിലെ അഴിമതിക്കെതിരെ ലേഖനമെഴുതിയതിന്​ തിരുവനന്തപുരം മഹാരാജാസ് കോളജില്‍ നിന്ന് പുറത്താക്കപ്പെട്ട ബാരിസ്റ്റര്‍ ജി.പി. പിള്ളയില്‍നിന്ന് തുടങ്ങുന്നു ആ സമരം. സ്വാതന്ത്ര്യസമര കാലത്തും സ്വാതന്ത്ര്യലബ്ധിക്കുശേഷവും നിരവധി സമരങ്ങള്‍ വിദ്യാര്‍ഥികള്‍ നടത്തി. കേരളത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ വിദ്യാര്‍ഥി സംഘടനകളും സമരങ്ങളും നിര്‍വഹിച്ച പങ്ക് നിസ്തുലമാണ്.

എന്നാല്‍, കേരളത്തിലെ വിദ്യാര്‍ഥി സംഘടനകളൊന്നുംതന്നെ ഉന്നത വിദ്യാഭ്യാസം മാതൃഭാഷയിലൂടെയാക്കണമെന്ന ആവശ്യം ഇതേവരെ ഉന്നയിക്കുകയോ അതിനായി പ്രക്ഷോഭം നടത്തുകയോ ചെയ്തിട്ടില്ല. സാങ്കേതിക ശാസ്ത്രവും ആരോഗ്യ ശാസ്ത്രവുമുള്‍പ്പെടെ എല്ലാ വിഷയങ്ങളും പ്രാദേശിക ഭാഷകളിലൂടെയാകണമെന്നുള്ളതാണ് കേന്ദ്ര സര്‍ക്കാറിന്റെ നയം. മലയാളമുള്‍പ്പെടെയുള്ള എട്ട് പ്രാദേശിക ഭാഷകളില്‍ 2021-22 അധ്യയനവര്‍ഷം മുതല്‍ സാങ്കേതികശാസ്ത്ര വിദ്യാഭ്യാസം വിനിമയം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിർദേശിച്ചിരുന്നു.

എന്നാല്‍, കേരള സാങ്കേതികശാസ്ത്ര സര്‍വകലാശാല അപ്രായോഗികം എന്ന് വിലയിരുത്തി ആ നിർദേശം നിരാകരിച്ചു. കേരള സര്‍ക്കാര്‍ 1957ല്‍ നിയോഗിച്ച കോമാട്ടില്‍ അച്യുതമേനോന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും 1984ല്‍ ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം അനിവാര്യമാണെന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, സര്‍വകലാശാലകള്‍ ഇക്കാര്യത്തില്‍ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.

പബ്ലിക്ക്​ സര്‍വിസ് കമീഷന്‍ നടത്തുന്ന വിവിധ മത്സരപ്പരീക്ഷകള്‍ക്കുള്ള ചോദ്യക്കടലാസ് മലയാളത്തിലുണ്ടാക്കണം എന്ന ആവശ്യമുയര്‍ന്നപ്പോള്‍ അവര്‍ പറഞ്ഞത്, അത്തരം ചോദ്യങ്ങളുണ്ടാക്കാന്‍ പ്രാപ്തിയുള്ളവര്‍ ലഭ്യമല്ലായെന്നാണ്. സര്‍വകലാശാലകള്‍ അധ്യയന മാധ്യമം മലയാളമാക്കാത്തിടത്തോളം കാലം പ്രാപ്തിയുള്ളവര്‍ എങ്ങനെയുണ്ടാകുമെന്ന വളരെ പ്രസക്തമായ ചോദ്യവും അവര്‍ ഉന്നയിച്ചു. കേരള ചരിത്രം, സംസ്‌കാരം, സാമ്പത്തിക വികസനം, ജനകീയാസൂത്രണം, അധികാര വികേന്ദ്രീകരണം, രാഷ്ട്രീയം, തെരഞ്ഞെടുപ്പുകള്‍, ആദിവാസി-ഗോത്രവര്‍ഗജീവിതം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും കേരളത്തിലെ സര്‍വകലാശാലകള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

മലയാളികളായ അധ്യാപകര്‍ മലയാളികളായ വിദ്യാര്‍ഥികളെ ഈ വിഷയങ്ങള്‍ ഇംഗ്ലീഷിലാണ് പഠിപ്പിക്കുന്നത്. മലയാളത്തിലുള്ള പാഠപുസ്തകങ്ങള്‍ വായിച്ചുപഠിച്ച് ഇംഗ്ലീഷിലാണ് പഠിപ്പിക്കുന്നത്. എങ്കില്‍ എന്തുകൊണ്ട് ഇംഗ്ലീഷിലുള്ള പുസ്തകങ്ങള്‍ വായിച്ചുപഠിച്ച് മലയാളത്തില്‍ പഠിപ്പിച്ചുകൂടാ? അതിലേക്കായി തയാറാക്കുന്ന പഠനക്കുറിപ്പുകളെ പിന്നീട് പുസ്തകമാക്കുകയും ചെയ്യാമല്ലോ. എ.ആര്‍. രാജരാജവര്‍മയും ഇളംകുളം കുഞ്ഞന്‍പിള്ളയും പഠിപ്പിക്കുന്നതിനായി തയാറാക്കിയ കുറിപ്പുകളാണ് ഈടുറ്റ ഗ്രന്ഥങ്ങളായി പിന്നീട് പ്രസിദ്ധീകരിച്ചത്.

അധ്യയനവും പരീക്ഷയും മാതൃഭാഷയിലൂടെയായിരിക്കണമെന്ന് സര്‍വകലാശാലകള്‍ തീരുമാനിച്ചാല്‍ മാത്രമേ അധ്യാപകര്‍ക്ക് പഠിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനും കഴിയുകയുള്ളൂ. തുടക്കത്തില്‍ സാമൂഹികശാസ്ത്ര വിഷയങ്ങളും തുടര്‍ന്ന് ശാസ്ത്രവിഷയങ്ങളും മാതൃഭാഷയിലൂടെ വിനിമയം ചെയ്യാന്‍ സര്‍വകലാശാലകള്‍ക്ക് തീരുമാനിക്കാവുന്നതാണ്. പത്താംക്ലാസുവരെ രണ്ടാം ഭാഷയായും ഹയര്‍സെക്കന്‍ഡറിയിലും ബിരുദതലത്തിലും ഒന്നാം ഭാഷയായും പതിനാലുകൊല്ലം ഇംഗ്ലീഷ്​ പഠിച്ചിട്ടും തെറ്റില്ലാത്ത ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ കഴിയാത്തവരാണ് ബിരുദധാരികളായി പുറത്തുവരുന്നവരില്‍ നല്ലൊരു ശതമാനം. ഇവരാണ് ബിരുദാനന്തര ബിരുദ ശേഷം ഹയര്‍സെക്കന്‍ഡറിയിലും കോളജുകളിലും അധ്യാപകരാവുന്നത്.

അവര്‍ പഠിച്ച വിഷയം ഇംഗ്ലീഷ് ഭാഷയില്‍ ക്ലാസ് മുറികളില്‍ നല്ലവണ്ണം വിനിമയം ചെയ്യാന്‍ കഴിയുന്നുണ്ട്. എന്നാല്‍, ആ വിഷയങ്ങള്‍ മലയാളത്തില്‍ വിനിമയം ചെയ്യാന്‍ കഴിയുകയില്ല. ക്ലാസ് മുറിക്കുപുറത്ത് ഒരു പൊതുവിഷയത്തെപ്പറ്റി ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ഇവര്‍ക്കു കഴിയില്ല. എന്നാല്‍, സൂര്യനു താഴെയുള്ള ഏതു വിഷയത്തെക്കുറിച്ചും ക്ലാസ് മുറികള്‍ക്കു പുറത്ത് ഇവര്‍ മലയാളത്തില്‍ സംസാരിക്കും. ഇത് മറ്റൊരു പ്രധാനപ്പെട്ട പ്രശ്‌നത്തിലേക്ക് വിരല്‍ചൂണ്ടുന്നു. അത് ഭാഷാഭ്യസനത്തിന്റെ പ്രശ്‌നമാണ്. നിരവധി വര്‍ഷങ്ങള്‍ പ്രഗത്ഭരായ അധ്യാപകര്‍ പഠിപ്പിച്ചിട്ടും ഇംഗ്ലീഷും മലയാളവും തെറ്റില്ലാത്ത രീതിയില്‍ ഒരു ബിരുദധാരിക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഭാഷാഭ്യസനത്തില്‍ തകരാറുണ്ടെന്ന് നമ്മള്‍ അനുമാനിക്കേണ്ടതായി വരും. ഇതുസംബന്ധിച്ച് ചോദ്യമുയര്‍ത്തേണ്ടത് ഗുണഭോക്താക്കളായ വിദ്യാര്‍ഥികളാണ്.

എല്ലാ വര്‍ഷവും ഫെബ്രുവരി മാസം 21ാം തീയതി ലോകമൊട്ടുക്ക്​ മാതൃഭാഷ ദിനമായി യുനെസ്‌കോ ആചരിക്കാറുണ്ട്. 1952 ഫെബ്രുവരി 21ന്​ പഴയ കിഴക്കന്‍ പാകിസ്താനിലെ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍, ഉര്‍ദുവിനൊപ്പം ബംഗാളിയും ഔദ്യോഗിക ഭാഷയാക്കണമെന്നാവശ്യപ്പെട്ട്​ നടത്തിയ സമരത്തിനുനേരെ പാക്​ പട്ടാളം വെടിവെക്കുകയും നാലുപേര്‍ രക്തസാക്ഷികളാവുകയും ചെയ്ത സംഭവത്തിന്‍റെ സ്മരണയിലാണ് ലോക മാതൃഭാഷദിനം ആചരിക്കാന്‍ തുടങ്ങിയത്. കേരളത്തിലെ വിദ്യാര്‍ഥികള്‍ ആ ദിനമാചരിക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസം മാതൃഭാഷയിലൂടെയാകണമെന്ന ആവശ്യമാണ് ഉന്നയിക്കേണ്ടത്.

നാളത്തെ ഭരണകര്‍ത്താക്കളും അധ്യാപകരും മാധ്യമ പ്രവര്‍ത്തകരുമാകേണ്ടവരാണ് ഇന്നത്തെ വിദ്യാര്‍ഥികള്‍. അതിനാല്‍ അവരുടെ തീരുമാനത്തിന് ദീര്‍ഘകാല പ്രസക്തിയും പ്രതിധ്വനിയുമുണ്ടാകും. കേരളം വൈജ്ഞാനിക സമൂഹമാകുന്നതിന്റെ മുന്നുപാധിയാണ് സര്‍വകലാശാല വിദ്യാഭ്യാസം മാതൃഭാഷയിലൂടെയാവുകയെന്നത്. ഏതു ഭാഷയിലാണോ വിജ്ഞാനം ഉല്പാദിപ്പിക്കപ്പെടുന്നത് ആ ഭാഷ വൈജ്ഞാനിക ഭാഷയാകും. ആ ഭാഷ സംസാരിക്കുന്ന സമൂഹം വൈജ്ഞാനിക സമൂഹമാകും. കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിനുള്ള നേതൃത്വം കൊടുക്കേണ്ടത് വിദ്യാര്‍ഥികളാണ്. സര്‍വകലാശാലകള്‍ അവരുടെ ആവശ്യം നിറവേറ്റിക്കൊടുക്കാനുള്ള ഉപകരണങ്ങള്‍ മാത്രം.

(കേരള ഭാഷ ഇൻസ്​റ്റിറ്റ്യൂട്ട്​ ഡയറക്​ടറാണ്​ ലേഖകൻ)

Tags:    
News Summary - Will you take the initiative to make higher education in your mother tongue?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.