മനുഷ്യർ വിചാരിക്കുന്നു, പ്രകൃതി നമ്മുടെയാണെന്ന്. മനുഷ്യർക്കുവേണ്ടി മാത്രമുള്ളതാണെന്ന്. പ്രകൃതിയിൽനിന്ന് എന്തും യഥേഷ്ടം എടുക്കാമെന്ന്. ഇതല്ല പ്രകൃതിയെന്ന് എത്ര ദുരന്തങ്ങൾ കാണിച്ചുതന്നിട്ടും മനുഷ്യർ പഠിക്കുന്നില്ല. അനുഭവങ്ങളിൽനിന്ന് പാഠം പഠിക്കുന്നവരും തിരിച്ചറിവുള്ളവരാകുന്നതും ഓരോ തലമുറയിലും വളരെ കുറച്ചു പേർ മാത്രമാണെന്ന് തോന്നുന്നു. അവരാണ് യഥാർഥത്തിൽ ലോകത്തിന് വഴികാട്ടുന്നവരും വെളിച്ചം കാണിക്കുന്നവരും. അവരുടെ എണ്ണം കുറഞ്ഞുവരുംതോറും മനുഷ്യരെ ഇരുട്ട് വിഴുങ്ങും. ഈ കോവിഡ്കാലം ഒരേസമയം അത്തരം ഇരുട്ടിെൻറയും അതേസമയം കുറച്ചെങ്കിലും മനുഷ്യർക്ക് വലിയ തിരിച്ചറിവുകളുടെയും ഘട്ടമാണ്.
കോവിഡ്മുക്തലോകം ഇന്നോ നാളെയോ സംഭവിക്കില്ല എന്ന യാഥാർഥ്യം അംഗീകരിച്ചേ തീരൂ. പ്രകൃതി, പലവിധ സൂക്ഷ്മാണുക്കളുടേതുകൂടിയാണ് എന്നാണ് കോവിഡ്കാലവും മനുഷ്യരെ ഓർമപ്പെടുത്തുന്നത്. സഹവാസത്തിനായി ഒരുങ്ങാനും മെരുങ്ങാനും മനുഷ്യർ നിർബന്ധിതരാണ്.
നോക്കൂ, ഇപ്പോൾ ലോകമെങ്ങും മനുഷ്യജീവികളെ തന്നിൽനിന്ന് ആട്ടിയകറ്റിയിരിക്കുകയാണ് പ്രകൃതി-അവസാന മുന്നറിയിപ്പെന്നോണം. മനുഷ്യർ നൽകിയ കത്തുന്ന ജ്വരം സ്വന്തം ശ്വാസക്കുഴലുകളെ തീർത്തും ഞെരിച്ചുകളയുന്നതിനു മുമ്പുള്ള സ്വയംപ്രതിരോധമെന്നപോലെ. മനുഷ്യകുലമേൽപിച്ച ആഘാതങ്ങളുടെ മുറിവുകളാറ്റാൻ മനുഷ്യരെ മാത്രം നിശ്ചിത സ്ഥലങ്ങളിൽ അടച്ചിട്ടിരിക്കുകയാണ്. അടങ്ങിയിരിക്കൂ എന്നാണ് മുന്നറിയിപ്പ്, ഇല്ലെങ്കിൽ മരണമെന്നും.
ലോകമാകെയും മനുഷ്യരുടെ അർമാദങ്ങൾ നിർബന്ധപൂർവം രണ്ടു മാസത്തോളമായി തടയപ്പെട്ടതിെൻറ ഫലമെന്നോണം പ്രകൃതിയിൽ ആവാസവ്യവസ്ഥകളുടെ അതിജീവനസാധ്യതകൾ വളരെവേഗം ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു. മലിനമായ ജലാശയങ്ങൾ തെളിഞ്ഞുതുടങ്ങി. വായുവിൽ കാർബണിെൻറ അളവ് കുറയുകയും ശ്വാസയോഗ്യമാവുകയും ചെയ്തു. ഡൽഹിയിലെ അന്തരീക്ഷം തെളിഞ്ഞു. കടലും പുഴയും കാടും മൃഗങ്ങളും പക്ഷികളും മരങ്ങളും പൂക്കളും സന്തോഷത്തിലാണ്. പ്രകൃതിയിലെ മനുഷ്യർ വിഷമിച്ച് കരയുമ്പോൾ മനുഷ്യരല്ലാത്ത മറ്റെല്ലാ ജീവജാലങ്ങളും അവരുടെ ആവാസവ്യവസ്ഥകളിൽ മൃതപ്രായമായ ജീവൻ തിരിച്ചുകിട്ടുന്നതിൽ അതീവ സന്തുഷ്ടരാണ്.
കാടും കടലും മലയും വയലും പുഴയും മരവും മണ്ണും കീഴടക്കാനുള്ളതല്ല മറിച്ച് സഹവസിച്ചു, സംരക്ഷിച്ചു, ആരാധിച്ചുകൊണ്ട് കരുതലോടെ ഉപജീവനം കണ്ടെത്താനുള്ള പ്രകൃതിയുടെ നിക്ഷേപമാണെന്ന് അറിവുള്ള മനുഷ്യസമൂഹങ്ങളുമുണ്ട് ഈ ലോകത്ത്. അവരെ ആദിവാസികളെന്നും മത്സ്യത്തൊഴിലാളികളെന്നും ദലിതരെന്നും സവിശേഷമായി തിരിച്ചറിയണം. കാടും മലയും ഭൂമിയും മണ്ണും കൃഷിയും എത്ര ക്ഷയിച്ചെന്നും കൊള്ളയടിക്കപ്പെെട്ടന്നും അറിയണമെങ്കിൽ ആദിവാസികൾ ഇപ്പോൾ ജീവിക്കുന്ന ഇടങ്ങളിലേക്കും അവരുടെ ഉണങ്ങിവരണ്ട ശരീരങ്ങളിലേക്കും കുഴിഞ്ഞുപോയ കണ്ണുകളിലേക്കും നോക്കിയാൽ മതി. പോഷകാഹാരമില്ലാത്ത അമ്മമാരുടെ കൂട്ടത്തോടെ മരിക്കുന്ന കുഞ്ഞുങ്ങൾ ഇവരുടേതാണ്. ഊഹിച്ചുപറയുന്നതല്ല. കഴിഞ്ഞ പത്തു വർഷങ്ങൾ തുടർച്ചയായി ഞാൻ ആദിവാസികളെ എന്നും നേരിട്ടുകണ്ടും അവരുടെ ഊരുകളിൽ പോയി പ്രവർത്തിച്ചും അറിഞ്ഞിട്ടുള്ളതാണ്.
പറഞ്ഞുവരുന്നത്, മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങൾക്കുമുള്ള പ്രകൃതിയുടെ നിക്ഷേപങ്ങളെ/വിഭവങ്ങളെ കൊള്ളയടിച്ച് കുറച്ചുപേരുടെ മാത്രം സമ്പത്താക്കിമാറ്റിയവർ പ്രകൃതിയെ സ്നേഹിച്ചും ആശ്രയമായി ആരാധിച്ചും പരിപാലിച്ചും ജീവസന്ധാരണം നടത്തിപ്പോന്ന മനുഷ്യരുടെ ഉന്നതമായ ജീവിത സാംസ്കാരികദർശനങ്ങളെക്കൂടിയാണ് പരിഹസിച്ചത്. മണ്ണും വിളവും കാടും പ്രകൃതിയാകെയും എല്ലാവരുടേതുമാണെന്ന പങ്കുവെക്കലിെൻറ, സമഭാവനയുടെ ആനന്ദങ്ങളും ആഘോഷങ്ങളും ഈ സമൂഹങ്ങളുടെ സവിശേഷതയായിരുന്നു. പക്ഷേ, ഇന്നവർ എല്ലാം അന്യാധീനപ്പെട്ടവരാണ്. കൃഷി ചെയ്യാൻ ഭൂമിയില്ല. ഫ്യൂഡൽ സാമൂഹികവ്യവസ്ഥയും വിപണി മുതലാളിത്തവും ഭരണകൂടത്തിെൻറ അക്രമാസക്തമായ വികസനപരിപാടികളും കൊള്ളകളുംകൊണ്ട് നട്ടംതിരിയുന്ന ഇന്ത്യയിലെ ഏറ്റവും ദരിദ്രരും ദുർബലരുമാക്കപ്പെട്ട ജനസമൂഹങ്ങളായി മാറിപ്പോയവർ. ഇവരിലേറെപ്പേർ ഇന്ന് ഇന്ത്യയിലെ അസംഘടിത കാർഷിക, വ്യവസായ നിർമാണ മേഖലകളിൽ ശാരീരികമായി ഏറ്റവും കഠിനമായി അധ്വാനിക്കുന്ന കൂലിത്തൊഴിലാളികളായി മാറിക്കഴിഞ്ഞവരാണ്. കോവിഡിെൻറ നിയന്ത്രണാതീതമായ ആക്രമണമുണ്ടായാൽ ആദ്യം മരിച്ചുവീഴുന്നവർ. ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി പൊരിഞ്ഞ വയറോടെ കാലുവെന്ത് നടന്നുപോകുന്ന ഈ മനുഷ്യരാണ് നടുക്കത്തോടെ ശബ്ദം കേട്ട് മുകളിലേക്കു നോക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മറ്റൊരു പ്രച്ഛന്നവേഷ പ്രദർശനമായ പുഷ്പവൃഷ്ടി കാണുന്നത്. വിശക്കുന്ന മനുഷ്യന് ആദ്യം വേണ്ടത് അപ്പമാണ്. ദരിദ്രർക്ക് കിട്ടുന്ന അപ്പവും ഇവരുടെ ആരോഗ്യസംരക്ഷണവുമാണ് ജനസേവകരായ ആരോഗ്യപ്രവർത്തകർക്കു കൊടുക്കാവുന്ന വലിയ ആദരം. ആരോഗ്യപ്രവർത്തകരുടെ സുരക്ഷക്കാവശ്യമായ ഉപകരണങ്ങളും പരിശോധന^ചികിത്സ ക്രമീകരണങ്ങളും ഉണ്ടാകുമ്പോഴാണ് അവർ ആദരിക്കപ്പെടുന്നത്.
കേരളം ഇപ്പോൾ സാമ്പത്തികപ്രതിസന്ധിയിലാണ്. കോവിഡ് രാജ്യത്താകെ നിയന്ത്രണാതീതമായാൽ, രണ്ടാം തരംഗം കേരളത്തിലും ആഞ്ഞടിച്ചാൽ ഇനി വരാൻ പോകുന്നത് കടുത്ത ഭക്ഷ്യപ്രതിസന്ധിയാണെന്നും നമ്മൾ ഭയക്കുന്നു. അതിനാൽ നാം ഇന്ന് ഭക്ഷ്യ സ്വയംപര്യാപ്തതയെക്കുറിച്ച് ആലോചിക്കാൻ തുടങ്ങി. കേരളത്തിെൻറ മണ്ണിൽതന്നെ സാധ്യമായതെല്ലാം കൃഷിചെയ്യാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുന്നു. നമുക്ക് ഭക്ഷിക്കാനുള്ളത് ആവുന്നത്ര നമ്മുടെ നാട്ടിൽതന്നെ ഉൽപാദിപ്പിക്കാൻ ശ്രമിക്കണം.
തരിശുഭൂമിയിൽ കൃഷി തുടങ്ങുന്നതിനൊപ്പം ഭക്ഷ്യവിളകൾ ഉൽപാദിപ്പിക്കുന്ന പുരയിടകൃഷിയെ ഈ അവസരത്തിൽ കേരളത്തിന് പൂർണമായി വീണ്ടെടുക്കാൻ സാധിക്കണം. കേരളത്തിൽ പുരയിടകൃഷിയുടെയും സ്വാശ്രയജീവിതത്തിെൻറയും വലിയ സംസ്കാരമുണ്ടായിരുന്നു. അൽപമെങ്കിലും ഭൂമിയുള്ള വീടുകളിൽ സ്ഥലം ഒഴിഞ്ഞുകിടക്കുകയില്ല. എെൻറ കുട്ടിക്കാലത്ത് അമ്മ എന്നെ വീട്ടുപറമ്പിൽ പഠിപ്പിച്ച കൃഷിയെക്കുറിച്ചുള്ള അറിവും സംസ്കാരവും ഇന്നും എന്നിലുണ്ട്. നമ്മുടെ മുഴുവൻ കുട്ടികളും കൃഷിയിൽ അറിവുള്ളവരായി വളരണമെന്ന് അതിനാലാവണം, ഞാൻ അതിയായി ആഗ്രഹിക്കുന്നു.
ഞാൻ ജനിച്ചുവളർന്നത് തൃശൂരിലെ പെരിങ്ങോട്ടുകര ഗ്രാമത്തിലാണ്. കുടുംബത്തിെൻറ ഏകവരുമാനം അച്ഛെൻറ ജോലി. മൂന്നു മാസം പ്രായമുള്ളപ്പോൾ അച്ഛൻ മരിച്ചുപോയശേഷം അമ്മ ഞങ്ങൾ ആറു മക്കളെ വളർത്തിയത് വീട്ടുവളപ്പിൽ നിരന്തരമായി കൃഷിചെയ്തുകൊണ്ടായിരുന്നു. തെങ്ങുകൾക്കിടയിലടക്കം നാടൻ പച്ചക്കറികളും മാവ്, പ്ലാവ്, ആത്ത, സീതപ്പഴം, പപ്പായ, പേര, പുളി തുടങ്ങിയ ഫലവർഗവിളകളും ഔഷധസസ്യങ്ങളും കുളത്തിലുള്ള നാടൻമീനുകളും നാടൻകോഴികളുടെ മാംസവും മുട്ടയും എല്ലാം വീട്ടിലുണ്ടാക്കി. വീട്ടുപറമ്പിൽ കരനെൽ കൃഷി വരെ അമ്മ പരീക്ഷിക്കുമായിരുന്നു. ഈ ലോക്ഡൗൺ കാലത്ത് തിരുവനന്തപുരത്തെ വാടക വീട്ടിലിരുന്ന് ഇപ്പോൾ ഇതെല്ലാം എഴുതുമ്പോൾ എെൻറ മുന്നിൽ തെളിഞ്ഞുവരുന്നത് പക്ഷേ കൃഷി ചെയ്യാൻ വലിയ അറിവുണ്ടായിട്ടും ആഗ്രഹമുണ്ടായിട്ടും കൃഷി ചെയ്യാൻ ഭൂമിയില്ലാതായിപ്പോയ കുറേയധികം മനുഷ്യരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.