കൂട്ടിലടച്ച കിളികളാവരുത് അന്വേഷണ ഏജന്‍സികള്‍

കേരളത്തിലെ പൊലീസ് സന്നാഹവും വിജിലന്‍സുമെല്ലാം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ പൊലീസ് സ്റ്റേഷനിലെ അനുഭവത്തെക്കാള്‍ മികച്ചതാണ് രാഷ്ട്രീയക്കാരുടെ പ്രസ്താവനകള്‍. അത്തരത്തില്‍ ഏറെ പ്രസിദ്ധമായ രാഷ്ട്രീയ പ്രസ്താവനയാണ് വിജിലന്‍സ് കൂട്ടിലടച്ച തത്തയെന്നത്. എന്നാല്‍, വിജിലന്‍സ് അങ്ങനെ കൂട്ടിലടച്ച തത്തയല്ല, അതിലുമപ്പുറം അധികാരികളുടെ ഹിതാനുസാരം  ഉപജാപം  നടത്തി രാഷ്ട്രീയ യജമാനന്മാരെ രക്ഷിച്ചെടുക്കുന്ന ഏജന്‍സി കൂടിയാണെന്ന് ബാര്‍ കോഴക്കേസ് തുടരന്വേഷണം ആവശ്യപ്പെട്ട് കേരളത്തിലെ ഒരു സമുന്നതനായ, ഉത്തരവാദിത്തമുള്ള പൊലീസ് ഓഫിസര്‍ കോടതിയുടെ മുമ്പാകെ സമര്‍പ്പിച്ച ഹരജിയിലൂടെ വ്യക്തമാക്കിയിരിക്കുന്നു. വിവാദ നായകന്‍ മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണമെന്ന ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള വിധിന്യായത്തില്‍ മൂടിവെച്ച സത്യങ്ങളും നശിപ്പിക്കപ്പെട്ട തെളിവുകളും പുറത്തുവരണം. എങ്കിലേ നീതി ലഭ്യമാകൂ എന്ന പ്രസ്താവനയിലൂടെ എസ്.പി സുകേശന്‍െറ ഹരജിയിലെ വാദഗതികളെ കോടതി പ്രാഥമികമായി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. വിധിയില്‍ സന്തോഷം രേഖപ്പെടുത്തിയ  വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്‍െറ, വിജിലന്‍സ് ഇപ്പോള്‍ കൂട്ടിലടച്ച തത്തയല്ളെന്ന പ്രസ്താവന വിജിലന്‍സിലെ കഴിഞ്ഞകാല അവിശുദ്ധ ബാന്ധവത്തെക്കുറിച്ച തുറന്ന സമ്മതമാണ്. നിയമം നിയമത്തിന്‍െറ വഴിക്ക് പോകട്ടെ, സുതാര്യമായ അന്വേഷണം നടക്കട്ടെ തുടങ്ങിയ രാഷ്ട്രീയക്കാരുടെ സാമ്പ്രദായിക വാദങ്ങളില്‍ പരിമിതപ്പെടുന്നതല്ല വിജിലന്‍സ് എസ്.പി സുകേശന്‍െറ ഹരജിയും വിജിലന്‍സ് ജഡ്ജിയുടെ വിധിയും.
രാഷ്ട്രീയ-അന്വേഷണ ഉദ്യോഗസ്ഥ അവിശുദ്ധ ബന്ധങ്ങള്‍ വിജിലന്‍സ് അന്വേഷണങ്ങളില്‍ ചെലുത്തുന്ന നിയമവിരുദ്ധ സമര്‍ദങ്ങള്‍ കേസുകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതിന്‍െറ വ്യവഹാരപത്രം കൂടിയാകുകയാണ് ബാര്‍ കോഴയും അതിന്‍െറ തുടര്‍നടപടികളും. കെ.എം. മാണിയെ കുറ്റമുക്തനാക്കാന്‍ നടത്തിയ വഴിവിട്ട സമ്മര്‍ദങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട് ആഗസ്റ്റ് 23ന് വിജിലന്‍സിന്‍െറ പ്രത്യേക കോടതിയില്‍ ജസ്റ്റിസ് ബദറുദ്ദീന്‍െറ മുന്നില്‍ സമര്‍പ്പിച്ച ഹരജി. അധികാരമുപയോഗിച്ച് നിര്‍ണായക തിരുത്തലുകള്‍ വരുത്താന്‍ ആവശ്യപ്പെട്ടു, കേസ് ഡയറിയില്‍ മാറ്റംവരുത്താന്‍ നിര്‍ദേശിച്ചു, പ്രധാന തെളിവുകള്‍ തള്ളിക്കളയാന്‍ കല്‍പിച്ചു, ശാസ്്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ സമയം അനുവദിച്ചില്ല തുടങ്ങി ഒരു കേസ് ഇല്ലാതാക്കാനാവശ്യമായ ഗൗരവതരമായ കൃത്യവിലോപങ്ങളാണ് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയെ കുറിച്ച് ഹരജിയില്‍ എസ്.പി സുകേശന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡയറക്ടറുടെ സമ്മര്‍ദഫലമായി കേസ് ഡയറിയില്‍ കൃത്രിമം നടത്തേണ്ടിവന്നുവെന്ന കുമ്പസാരവും നടത്തുന്നുണ്ട് അദ്ദേഹം. ആ അര്‍ഥത്തില്‍ നോക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിജിലന്‍സിനെ അധികാര ദുര്‍വിനിയോഗത്തിന് ഉപയോഗിച്ചുവെന്നതിന്‍െറ കുറ്റപത്രം കൂടിയായിത്തീരുന്നുണ്ട് എസ്.പി സുകേശന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം.
 വിജിലന്‍സിനെ ശുദ്ധീകരിക്കാനും സത്യസന്ധവും സുതാര്യവുമായിരിക്കും അന്വേഷണങ്ങളെന്ന് ഉറപ്പുവരുത്താനും ബാര്‍ കോഴയുമായി ബന്ധപ്പെട്ട  തുടരന്വേഷണംപോലെ പ്രധാനമാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ അധികാര ദുര്‍വിനിയോഗത്തെക്കുറിച്ചുള്ള സ്വതന്ത്രമായ അന്വേഷണവും. സൂക്ഷ്മവും സുതാര്യവുമായ ചുവടുവെപ്പുകള്‍ സര്‍ക്കാര്‍ തദ്വിഷയത്തില്‍ മുന്നോട്ടുവെച്ചില്ളെങ്കില്‍ വിജിലന്‍സിന്‍െറ ഈ നീക്കത്തിനു പിന്നില്‍ പുതിയ ഭരണകൂടത്തിന് രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന അധിക്ഷേപം തന്നെ ഉയരാനിടയുണ്ട്. വിജിലന്‍സില്‍ ഇപ്പോള്‍ നടക്കുന്നത് ഉദ്യോഗസ്ഥരുടെ ചേരിപ്പോരാണെന്ന വിമര്‍ശം ഉയരാനും സാധ്യതയേറെ. നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ഡോ. ജേക്കബ് തോമസിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളുമായും ശങ്കര്‍ റെഡ്ഡിയുമായുള്ള ഉരസലും സുവിദിതമാണ്. എന്തുതന്നെയായിരുന്നാലും പൊലീസ് വ്യവസ്ഥയുടെ ആഭ്യന്തര പ്രതിസന്ധിയെ ശരിയായി തുറന്നുകാണിക്കുന്നുണ്ട് സുകേശന്‍ കോടതിയില്‍ നല്‍കിയ ഹരജിയും പ്രത്യേക വിജിലന്‍സ് കോടതിയുടെ വിധിയും. ചെറുമീനുകളെ വലയിലാക്കുകയും വമ്പന്‍ സ്രാവുകളെ വിട്ടുകളയുകയും ചെയ്യുന്നുവെന്ന വിമര്‍ശത്തെ സാധൂകരിക്കുംവിധം ഭരണകൂടമോ അന്വേഷണ ഏജന്‍സികളോ പെരുമാറുന്നത് ജനാധിപത്യത്തിന് ഒരുനിലക്കും ഭൂഷണമല്ല. നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാന്‍ അത്തരം നടപടികള്‍ ഇടയാക്കും. രാജ്യത്തെ അഴിമതിയടക്കം ഭരണകൂടത്തിനു നേരെയുള്ള ആരോപണങ്ങള്‍, ക്രിമിനല്‍ കേസന്വേഷണങ്ങള്‍ തുടങ്ങിയവ നിലവിലെ രീതിയില്‍നിന്ന് ഭിന്നമായി കുറേക്കൂടി സ്വതന്ത്രമായും നിര്‍ഭയമായും നിര്‍വഹിക്കാനുതകുംവിധം പരിഷ്കരിക്കുന്ന കാര്യം ഗൗരവത്തില്‍ ആലോചിക്കേണ്ടതാണെന്ന് ഒരിക്കല്‍ക്കൂടി അടിവരയിടുകയാണ് ഹരജിയും വിധിയും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.