അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് മാസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യാത്ര, ചരക്കു കൂലി വര്‍ധിപ്പിക്കാതെ മന്ത്രി സുരേഷ് പ്രഭു വ്യാഴാഴ്ച അവതരിപ്പിച്ച മോദി സര്‍ക്കാറിന്‍െറ രണ്ടാമത്തെ റെയില്‍വേ ബജറ്റ് ജനപ്രിയമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ പൊടിക്കൈകള്‍ നന്നായി പ്രയോഗിച്ചിട്ടുണ്ട്. ഡീസല്‍ വില മുന്‍വര്‍ഷത്തെ അപേക്ഷിച്ച് താഴോട്ടു വന്ന സ്ഥിതിക്ക് യാത്രക്കൂലി വര്‍ധനക്ക് ഒരു ന്യായീകരണവുമില്ളെന്നതാണ് സത്യം. ജനങ്ങളുടെ പ്രതീക്ഷ പ്രതിഫലിപ്പിക്കുന്ന ബജറ്റ് എന്ന ആമുഖത്തോടെ മന്ത്രി പ്രഭു മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണെങ്കിലും റെയില്‍വേ മേഖലയുടെ അടിസ്ഥാന വികസനത്തെ ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാന്‍ വക നല്‍കുന്നില്ല. 2000 കി.മീറ്റര്‍ പാതയുടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കുമെന്നും 2800 കി.മീറ്റര്‍ പുതിയ പാത പണിയുമെന്നും പറയുന്നുണ്ടെങ്കിലും ഈയാവശ്യത്തിലേക്കുള്ള പണം എവിടെനിന്ന് കണ്ടത്തെുമെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. 1.21 ലക്ഷം കോടിയുടെ മൂലധനനിക്ഷേപത്തെക്കുറിച്ചാണ് വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം നിര്‍ദേശിക്കപ്പെട്ട എട്ടരലക്ഷം കോടിയുടെ ആധുനീകരണം ഇത്തവണയും ആവര്‍ത്തിക്കുന്നുണ്ടുതാനും. പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതികളായ ‘മേക് ഇന്‍ ഇന്ത്യ’യുമായി റെയില്‍വേയെ ബന്ധിപ്പിച്ച് 40,000 കോടിയുടെ ഉല്‍പാദനം നടത്തുമെന്നാണ് മറ്റൊരു പ്രഖ്യാപനം. നിലവിലെ ഫാക്ടറികളെ പുതിയ പദ്ധതിയുടെ കീഴിലേക്ക് കൊണ്ടുവരുന്ന ചെപ്പടിവിദ്യയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുന്‍ വകുപ്പ് മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ ഇതിനകം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 17,000 ബയോടോയ്ലറ്റുകള്‍, എ വണ്‍ സ്റ്റേഷനുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ശുചിമുറികള്‍, യാത്രക്കാര്‍ക്ക് ഏതു ഘട്ടത്തിലും ബോഗികളിലെ ശുചീകരണത്തിനായി എസ്.എം.എസ് സൗകര്യങ്ങള്‍ തുടങ്ങിയവ പ്രധാനമന്ത്രിയുടെ ശുചിത്വമിഷന്‍െറ സന്ദേശം വ്യാപിപ്പിക്കാനുള്ള തന്ത്രങ്ങളില്‍പ്പെടുന്നു.
യാത്രക്കാരുടെയും ചരക്കുകടത്തുകാരുടെയുംമേല്‍ പുതിയ ഭാരം കയറ്റിവെക്കുന്നില്ല എന്നത് ആശ്വാസകരം തന്നെ. റെയില്‍വേ മേഖലയില്‍ സാങ്കേതികമേന്മയും നവീകരണവും ലക്ഷ്യമിടുന്ന ബജറ്റില്‍ മുന്നോട്ടുവെക്കുന്ന ജനാഭിമുഖ പരിഷ്കാരങ്ങള്‍ വലിയ സാമ്പത്തിക ബാധ്യത ക്ഷണിച്ചുവരുത്തുന്നതല്ല എന്ന് പ്രഥമദൃഷ്ട്യാതന്നെ മനസ്സിലാക്കാം. തത്സമയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ 2000 സ്റ്റേഷനുകളില്‍ 20,000 ഡിസ്പ്ളേ സ്ക്രീനുകള്‍, 2500 കുടിവെള്ള മെഷീനുകള്‍, 1000 സ്റ്റേഷനുകളില്‍ കൂടി വൈഫൈ സൗകര്യം, യാത്രക്കാരുടെ വിനോദം ഉദ്ദേശിച്ചുള്ള എഫ്.എം റേഡിയോ സര്‍വിസ്, 1780 ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍, കുഞ്ഞുങ്ങള്‍ക്ക് മെച്ചപ്പെട്ട ഭക്ഷണം, ഇ-ബുക്കിങ് വിപുലീകരണം, പേപ്പര്‍ലെസ് ടെന്‍ഡറുകള്‍, പരമാവധി സുതാര്യത തുടങ്ങിയ നിര്‍ദേശങ്ങള്‍ വന്‍ സംഭവങ്ങളായി അവതരിപ്പിക്കേണ്ടവയാണോ? തിരക്കുപിടിച്ച റൂട്ടുകളില്‍ സാധാരണക്കാര്‍ക്ക് ദീര്‍ഘയാത്ര നടത്താന്‍ ‘അന്ത്യോദയ’ എക്സ്പ്രസ് എന്ന പുതിയ ട്രെയിനിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അത് ഏതെല്ലാം റൂട്ടിലാണ് ഓടുക എന്നറിയുമ്പോള്‍ നിരാശയായിരിക്കാം ഫലം. തിരക്കുള്ള റൂട്ടുകളില്‍ നടപ്പാക്കാന്‍ പോകുന്ന ഡബ്ള്‍ ഡെക്കര്‍ ‘ഉദയ’ വണ്ടിയും വന്‍കിട നഗരങ്ങളില്‍ പരീക്ഷിക്കാനേ സാധ്യതയുള്ളൂ. ദീര്‍ഘദൂര വണ്ടികളില്‍ റിസര്‍വ് ചെയ്യാത്തവര്‍ക്ക് ‘ദീന്‍ ദയാല്‍ കോച്ചുകള്‍’ ഘടിപ്പിക്കുമെന്നും മന്ത്രി പറയുന്നു. റിസര്‍വേഷനില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം ക്വോട്ട നിശ്ചയിച്ചതും മുതിര്‍ന്ന പൗരന്മാര്‍ക്ക് ലോവര്‍ബെര്‍ത്തിന്‍െറ 50 ശതമാനം നീക്കിവെച്ചതും പ്രായോഗികബുദ്ധിമുട്ട് സൃഷ്ടിക്കില്ളെന്ന് പ്രതീക്ഷിക്കാം. ഓരോ റെയില്‍വേ ബജറ്റിനുശേഷവും സമ്മാനിക്കുന്ന നിരാശക്കപ്പുറം കേരളത്തിനു സന്തോഷിക്കാന്‍ വകയൊന്നും കാണുന്നില്ല. തിരുവനന്തപുരത്തെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനു സബര്‍ബന്‍ ട്രെയിന്‍ നടപ്പാക്കുമെന്നതും ചെങ്ങന്നൂര്‍, വര്‍ക്കല സ്റ്റേഷനുകളെ തീര്‍ഥാടക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സ്റ്റേഷനുകളായി പരിഗണിച്ച് വികസിപ്പിക്കുന്നതും മാത്രമാണ് മന്ത്രി പ്രഭു എടുത്തുപറഞ്ഞ രണ്ടുകാര്യങ്ങള്‍.
സേവനതുറയില്‍ മികച്ച വാഗ്ദാനങ്ങള്‍ നല്‍കുന്നതോടൊപ്പം അടിസ്ഥാന വികസന കാര്യത്തില്‍ പ്രായോഗികവും ഫലപ്രദവുമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമ്പോഴാണ് ബജറ്റ് കഴമ്പുള്ളതാവുക. കൂടുതല്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാതെ നിലവിലുള്ളതിന്‍െറ പണി പൂര്‍ത്തിയാക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് നല്ലതുതന്നെ. ചെന്നൈ ആസ്ഥാനമായി പുതിയ റെയില്‍വേ ഓട്ടോ ഹബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ രാജ്യത്തെ മറ്റു നഗരങ്ങളുമായി ബന്ധിപ്പിക്കാനുള്ള പുതിയ പാതകള്‍, ഡല്‍ഹി-ചെന്നൈ ഇടനാഴിയടക്കം മൂന്ന് ഇടനാഴികള്‍, സ്റ്റേഷനുകളുടെ സൗന്ദര്യവത്കരണം, കുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ക്ക് മെച്ചപ്പെട്ട ഭക്ഷണപാനീയങ്ങള്‍ വിതരണംചെയ്യാനുള്ള സംവിധാനങ്ങള്‍ എന്നിവയൊക്കെ കേള്‍ക്കാന്‍ സുഖമുള്ളതാണെങ്കിലും കഴിഞ്ഞ ബജറ്റില്‍ മന്ത്രി സുരേഷ് പ്രഭു ചൊരിഞ്ഞ വാഗ്ദാനങ്ങള്‍ എത്രകണ്ട് പ്രയോഗവത്കരിച്ചു എന്നുകൂടി പരിശോധിക്കുമ്പോഴാണ് ആവേശം കെട്ടുപോവുക. വിഭവസമാഹരണത്തിനു പുതിയ സ്രോതസ്സുകള്‍ കണ്ടത്തൊതെ സംസ്ഥാനങ്ങളുടെ, അല്ളെങ്കില്‍ സ്വകാര്യമേഖലയുടെ സഹകരണത്തോടെ ഇന്ദ്രജാലങ്ങള്‍ സൃഷ്ടിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ മോദി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും ഇന്ത്യന്‍ റെയില്‍വേ ഘടനാപരമായി ഇന്നത്തെ അവസ്ഥയിലായിരിക്കില്ളെന്ന് ആര്‍ക്കു പ്രവചിക്കാനാവും?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.