ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍െറ (ബി.സി.സി.ഐ) ഭരണനിര്‍വഹണത്തില്‍ സമൂലമായ മാറ്റം നിര്‍ദേശിച്ച് ജസ്റ്റിസ് ആര്‍.എം. ലോധ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതി അംഗീകരിച്ചത് രാജ്യത്തെ കായിക സംഘാടനത്തില്‍ വിപ്ളവകരമായ മാറ്റം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. പണക്കൊഴുപ്പില്‍ മുങ്ങിയ കളിനടത്തിപ്പിനുമേല്‍ കോടതിയുടെ ശുദ്ധികലശനീക്കം രാജ്യവ്യാപകമായി സ്വാഗതം ചെയ്യപ്പെടുന്നത് ക്രിക്കറ്റ് ഭരണകര്‍ത്താക്കള്‍ അഴിമതിയില്‍ അത്രമേല്‍ ആണ്ടുപോയിട്ടുണ്ടെന്ന പൊതുബോധം കാരണമാണ്. 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് അംഗത്വം വേണ്ടെന്നും ഇരട്ടപ്പദവി പാടില്ളെന്നും ഒരു സ്റ്റേറ്റിന് ഒരു വോട്ടു മതിയെന്നതുമടക്കമുള്ള അഴിച്ചുപണികളിലേക്ക് നീതിപീഠം ചൂണ്ടുവിരലുയര്‍ത്തുമ്പോള്‍ ക്രീസ് വിട്ടകലുന്നത് കളിഭരണക്കാര്‍ കാലങ്ങളായി പടുത്തുയര്‍ത്തിയ തന്‍പ്രമാണിത്തമാണ്.
വൈഡും നോബാളും തമ്മിലെ വ്യത്യാസം പോലുമറിയാത്ത രാഷ്ട്രീയ, വ്യവസായ പ്രമുഖര്‍ അധികാരവും പണവും സ്വാധീനവും ലക്ഷ്യമിട്ട് ക്രിക്കറ്റിന്‍െറ കളത്തിലിറങ്ങി കളിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. പാര്‍ലമെന്‍റിന്‍െറ നടുത്തളത്തിലിറങ്ങി അന്യോന്യം ആക്രോശിക്കുകയും തെറിവിളിക്കുകയും ചെയ്യുന്ന വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ ക്രിക്കറ്റിന്‍െറ കളരിയില്‍ തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്ന അതിശയക്കാഴ്ചകളാണ് ബി.സി.സി.ഐ സംഘാടനത്തില്‍ എന്നും ദൃശ്യമാകാറുള്ളത്. പതിറ്റാണ്ടുകളായി ബോര്‍ഡിന്‍െറ തലപ്പത്ത് കയറിക്കൂടിയവര്‍ അള്ളിപ്പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നതല്ലാതെ പുതുമുറക്കാര്‍ക്ക് വഴിയൊരുക്കാന്‍ ഒരുകാലത്തും താല്‍പര്യം കാട്ടാറില്ളെന്നതാണ് സത്യം. വിവിധ രാഷ്ട്രീയക്കാരും വ്യവസായികളും ഒരുമനസ്സോടെ കട്ടുമുടിക്കുകയും കൈയിട്ടുവാരുകയും ചെയ്യുന്ന ഒരു ആഷ്പോഷ് ക്ളബിന്‍െറ രൂപത്തിലേക്ക് ബി.സി.സി.ഐ എന്ന ‘ധനസമാഹരണക്കമ്മിറ്റി’ പരിവര്‍ത്തിതമായ പശ്ചാത്തലത്തിലാണ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസക്തമാവുന്നത്.
രാജ്യത്തെ മുന്‍നിര രാഷ്ട്രീയക്കാര്‍ക്കും വ്യവസായികള്‍ക്കും ക്രിക്കറ്റിനോടുള്ള ഈ അതിരുകടന്ന താല്‍പര്യത്തിന്‍െറ കാരണം പൊതുജനത്തിനറിയാം. മുംബൈയില്‍ ശരദ് പവാറും ബിഹാറില്‍ ലാലുപ്രസാദ് യാദവും ഗുജറാത്തില്‍ നരേന്ദ്ര മോദിയും ഡല്‍ഹിയില്‍ അരുണ്‍ ജെയ്റ്റ്ലിയും കശ്മീരില്‍ ഫാറൂഖ് അബ്ദുല്ലയും അടക്കമുള്ളവര്‍ അതതു പ്രദേശങ്ങളിലെ ക്രിക്കറ്റിന്‍െറയും അമരക്കാരാകുന്നത് കളിക്കമ്പം കൊണ്ടു മാത്രമല്ളെന്നുറപ്പ്. എന്‍. ശ്രീനിവാസനെയും ജഗ്മോഹന്‍ ഡാല്‍മിയയെയും പോലുള്ള വമ്പന്‍ വ്യവസായികളുടെ സാന്നിധ്യത്തിന് കാരണവും ക്രീസിലെ പണമൊഴുക്കുതന്നെ. കളിയിലൂന്നിയ ദേശസ്നേഹമാണ് പ്രധാനമെങ്കില്‍ ദേശീയ വിനോദമായ ഹോക്കിയുടെ സംഘാടനത്തിനായി ഈവിധം കടിപിടി കൂടാന്‍ ഇവര്‍ക്കൊന്നും താല്‍പര്യമില്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരേണ്ടതുണ്ട്. രാഷ്ട്രീയ, വ്യവസായ പുംഗവന്മാര്‍ക്ക് അഭിരമിക്കാനുള്ള ഈ ഇടങ്ങളില്‍ രാജ്യത്തിന്‍െറ അഭിമാനമായ മുന്‍താരങ്ങള്‍ക്ക് വിരളമായേ പ്രവേശം അനുവദിക്കുന്നുള്ളൂ. രാഷ്ട്രീയക്കാരനായ ഒരു ക്രിക്കറ്റ് ബോര്‍ഡ് ഭാരവാഹിയെ സന്ദര്‍ശിക്കാന്‍ രണ്ടു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍ മുംബൈയിലെ ക്രിക്കറ്റ് ക്ളബ് ഓഫ് ഇന്ത്യയുടെ പടിക്കുപുറത്ത് മണിക്കൂറുകളോളം കാത്തിരുന്ന കഥപറഞ്ഞത് മുന്‍ ക്യാപ്റ്റന്‍ കപില്‍ദേവാണ്. 2013 ഒക്ടോബറില്‍ അനില്‍ കുംബ്ളെയും ജവഗല്‍ ശ്രീനാഥും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍നിന്ന് പുറത്തായ സമയത്താണ് ശരദ് പവാര്‍ മുംബൈ ക്രിക്കറ്റിന്‍െറ അമരത്ത് വീണ്ടും സ്ഥാനമുറപ്പിച്ചതെന്നോര്‍ക്കുക.
ഗവണ്‍മെന്‍റിനുള്ളില്‍ മറ്റൊരു ഗവണ്‍മെന്‍റ് എന്ന പോലെയാണ് ബി.സി.സി.ഐ പ്രവര്‍ത്തിക്കുന്നതെന്ന പതിറ്റാണ്ടുകളായുള്ള ആരോപണത്തില്‍ കഴമ്പില്ലാതില്ല. വിവരാവകാശ നിയമത്തിന്‍െറ ബൗണ്ടറിക്ക് പുറത്താണ് തങ്ങളെന്ന് ബോര്‍ഡ് സ്വയം തീരുമാനിക്കുകയാണ്. മറ്റെല്ലാ കായികസംഘടനകളും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനു കീഴില്‍ വരുമ്പോള്‍ ബി.സി.സി.ഐ മാത്രം സ്വയം സൃഷ്ടിച്ച ഒൗന്നത്യത്തിലാണ്. ആഗോള ഉത്തേജക വിരുദ്ധ സമിതിക്ക് ലോകത്തെ ഏതു കൊലകൊമ്പന്‍ താരങ്ങളുടെയും സാമ്പിളെടുത്ത് പരിശോധിക്കാം. എന്നാല്‍, ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങളുടെ സാമ്പ്ള്‍ കുപ്പിയിലാക്കണമെങ്കില്‍ ബോര്‍ഡ് കനിഞ്ഞേ തീരൂ എന്നു വരുന്നത് ആശാസ്യമല്ല. ഈ സാഹചര്യത്തില്‍ ബോര്‍ഡിനെ വിവരാവകാശ നിയമത്തിനു കീഴില്‍ കൊണ്ടുവരാന്‍ പാര്‍ലമെന്‍റ് നടപടിയെടുക്കണമെന്ന ആവശ്യത്തിന് കരുത്തേറെയാണ്.
ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ഇന്‍ഫോ.കോം വായനക്കാരില്‍നിന്ന് അഭിപ്രായം തേടിയപ്പോള്‍ 90 ശതമാനം ആളുകളും സുപ്രീംകോടതി വിധിയെ അനുകൂലിക്കുകയാണ്. ബി.സി.സി.ഐയുടെ അഴിമതി ഭരണത്തെ കളിക്കമ്പക്കാര്‍ എത്രത്തോളം വെറുക്കുന്നുവെന്നതിന്‍െറ കൃത്യമായ സൂചനയാണിത്. വാതുവെപ്പും ഒത്തുകളിയുമൊക്കെ ക്രിക്കറ്റിനെ തന്നെ സംശയനിഴലില്‍ നിര്‍ത്തുന്ന കാലത്താണ് കളിനടത്തിപ്പ് സുതാര്യമാക്കാന്‍ സുപ്രീംകോടതിയുടെ മൂര്‍ച്ചയേറിയ യോര്‍ക്കര്‍. ക്രിക്കറ്റിനെ ശുദ്ധീകരിച്ചെടുക്കാനുള്ള നീക്കം ശക്തമാക്കുന്നതോടൊപ്പം മറ്റു പല സ്പോര്‍ട്സ് അസോസിയേഷനുകളുടെ വഴിവിട്ട ചുവടുകള്‍ക്കുനേരെയും നീതിപീഠത്തിന്‍െറ മഞ്ഞക്കാര്‍ഡുകളുയരുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ രാജ്യത്തെ കായികപ്രേമികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.