സമ്പന്ന മുഖ്യന്‍

ഒരു മുഖ്യനാവാന്‍ എന്താണ് അടിസ്ഥാന യോഗ്യത? ബിരുദവും സര്‍ട്ടിഫിക്കറ്റുകളുമല്ളെന്ന് ഉറപ്പ്. രാജ്യത്തെ ഭരണസംവിധാനത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ പേരിനെങ്കിലും അറിവു വേണ്ടേ? വേണം. അതാണ് അരുണാചല്‍ മുഖ്യന്‍ പെമ ഖണ്ഡുവിന് ഇല്ലാതെപോയത്. അച്ഛന്‍ പണ്ട് മുഖ്യനായിരുന്നു എന്നു പറഞ്ഞിട്ടെന്താ കാര്യം? മകന് ആ തഴമ്പുണ്ടാവണമെന്നില്ലല്ളോ. സംസ്ഥാനങ്ങള്‍ താണുകേണ് കാല്‍ക്കല്‍ വീണ് യാചിച്ചാല്‍ ഭിക്ഷ തരുന്ന വിശാലമനസ്കനാണ് കേന്ദ്രസര്‍ക്കാര്‍ എന്നാണ് ഖണ്ഡു ധരിച്ചുവെച്ചിരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തെക്കുറിച്ച് നല്ല പിടിയില്ല. കൂടെ കൂടിയില്ളെങ്കില്‍ കേന്ദ്രഫണ്ട് തരില്ല എന്ന് കേട്ടപ്പോള്‍ പോയി ബി.ജെ.പി സഖ്യകക്ഷിയായി. പോവുമ്പോള്‍ വിമതശല്യക്കാരായ 42 എം.എല്‍.എമാരെയും കൂട്ടി. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയാണ്. വയസ്സ് വെറും 37. രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യനും ഖണ്ഡുതന്നെ. ജയലളിതയാണ് എന്നൊക്കെയാണ് പലരും ധരിച്ചിരുന്നത്. അതുശരിയല്ല. 2014ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ആസ്തിയായി കാണിച്ചിരിക്കുന്നത് 129 കോടി. 90 കോടിയുടെ സ്ഥിരനിക്ഷേപമുണ്ട്. ഡല്‍ഹിയിലും ഹരിയാനയിലും ഭൂമിയുണ്ട്. പക്ഷേ, രാഷ്ട്രീയ വിവേകത്തിന്‍െറ കാര്യത്തില്‍ പരമദരിദ്രന്‍.

കോണ്‍ഗ്രസ് വിടാന്‍ പെമ ഖണ്ഡുവിന് ഒട്ടും മനസ്സുണ്ടായിരുന്നില്ല എന്നു പറഞ്ഞത് മുന്‍ മുഖ്യമന്ത്രി നബാം തുകിയാണ്. കേന്ദ്രസമ്മര്‍ദംതന്നെയാണ് പ്രശ്നമായത് എന്ന് തുക്കി പറയുന്നു. 25,000 കോടിയാണ് പ്രത്യേക പാക്കേജായി സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. പാര്‍ട്ടി വിടുന്നതിനു മുമ്പ് തുക്കിയോട് ഖണ്ഡു പറഞ്ഞതും അതുതന്നെ. സംസ്ഥാനത്തിന്‍െറ വികസനം. താന്‍ അതേ നോക്കിയുള്ളൂ എന്ന്. രാജ്യത്തിന്‍െറ ഫെഡറല്‍ സംവിധാനം കേന്ദ്രഭരണകൂടം തച്ചുതകര്‍ക്കുമ്പോള്‍ അതിന് കൂടവും ചുറ്റികയുമെടുത്തുകൊടുക്കുകയാണ് ഖണ്ഡു ചെയ്തത്. ആസൂത്രണ കമീഷനു പകരം നിതി ആയോഗ് വന്നതോടെ സംസ്ഥാനങ്ങള്‍ക്ക് ആവശ്യങ്ങളറിയിക്കാനുള്ള വേദി നഷ്ടമായി. അതോടെ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്‍െറ ദയ കാത്തിരിക്കുന്നവരായി മാറി. സംസ്ഥാനങ്ങളുടെ ധനലഭ്യതക്ക് കേന്ദ്രം തടയിട്ടു. ബി.ജെ.പി സഖ്യകക്ഷിയായാല്‍ മാത്രമേ കേന്ദ്രഫണ്ട് കിട്ടൂ എന്ന അവസ്ഥയില്‍ വികസനമന്ത്രത്തില്‍ വീണുപോയ ഒരു രാഷ്ട്രീയശിശുവിന് തോന്നിയ ബുദ്ധിമോശമാണ് അരുണാചലില്‍ സംഭവിച്ചിരിക്കുന്നത്. നഷ്ടം കോണ്‍ഗ്രസിനാണ്. നബാം തുകി ഒഴിച്ച് ബാക്കിയെല്ലാ പാര്‍ട്ടി എം.എല്‍.എമാരെയുംകൊണ്ടാണ് ഖണ്ഡു പീപ്ള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ (പി.പി.എ) പോയി ചേര്‍ന്നത്. തുകി മാത്രമേ ഇപ്പോള്‍ സഭയില്‍ കോണ്‍ഗ്രസിന്‍െറ പ്രതിനിധിയായി ഉള്ളൂ.

കഴിഞ്ഞ ജൂലൈയില്‍ കോണ്‍ഗ്രസ് വിശ്വാസവോട്ട് തേടിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. സുപ്രീംകോടതി നബാം തുകി സര്‍ക്കാറിനെ പുന$സ്ഥാപിച്ചശേഷം പാര്‍ട്ടി വിപ്പ് നല്‍കുകയും ഖണ്ഡുവിന് ഒപ്പമുള്ളവര്‍ തുകിക്ക് എതിരെ വോട്ട് ചെയ്യുകയും ചെയ്താല്‍ അവര്‍ക്ക് അംഗത്വം നഷ്ടമാവുമായിരുന്നു. അതോടെ ഇടക്കാല തെരഞ്ഞെടുപ്പിനു വഴിയൊരുങ്ങുമായിരുന്നു. തുകി പാര്‍ട്ടി നേതൃത്വത്തോടു പറഞ്ഞപ്പോള്‍ ഭൂരിപക്ഷമില്ളെങ്കില്‍ വിശ്വാസവോട്ടിനു പോവേണ്ട എന്നായിരുന്നു മറുപടി. ഗവര്‍ണര്‍ ആവശ്യത്തിന് സമയം കൊടുത്തില്ല. കോടതിവിധി ജൂലൈ 13ന് ആയിരുന്നു. മൂന്നു ദിവസത്തിനകം വിശ്വാസവോട്ട് തേടാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇടക്കാല തെരഞ്ഞെടുപ്പ് ആഗ്രഹിക്കാത്ത എം.എല്‍.എമാരെല്ലാരും ഒരുമിച്ച് ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമത എം.എല്‍.എമാരുടെ കടുത്ത എതിര്‍പ്പുകാരണം തുകി രാജിവെച്ചു. അങ്ങനെ പെമ ഖണ്ഡു മുഖ്യനായി. ഇപ്പോള്‍ പാര്‍ട്ടി വിടുകയും ചെയ്തു.

ഹിന്ദുത്വവാദികളോടാണ് കൂട്ട് എങ്കിലും ബുദ്ധമതക്കാരനാണ്. മോന്‍പ ഗോത്രവംശജന്‍. സംസ്ഥാനത്തെ വിവിധ ഗോത്രവിഭാഗങ്ങളുമായി സൗഹാര്‍ദത്തിലും സഹകരിച്ചും കഴിയാനുള്ള പല നടപടികളുടെയും പ്രയോക്താവാണ്. 1979 ആഗസ്റ്റ് 21ന് തവാങ് ജില്ലയിലെ ഗ്യാങ്ഘര്‍ ഗ്രാമത്തില്‍ ജനനം. അഞ്ച് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമുള്ള കുടുംബത്തിലെ മൂത്ത മകന്‍. ഡല്‍ഹി ഹിന്ദു കോളജില്‍നിന്ന് ബിരുദം. 2000ത്തിലാണ് പെമ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2005ല്‍ അരുണാചല്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി. 2010ല്‍ തവാങ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി. 2007 മുതല്‍ 2011 വരെ അരുണാചല്‍ ഭരിച്ച പിതാവ് ദോര്‍ജി ഖണ്ഡു 2011 മേയില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. പിതാവ് പ്രതിനിധാനംചെയ്ത മുക്തൊ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ച്  2011ല്‍ ആദ്യം നിയമസഭയില്‍. തുടര്‍ന്ന് മന്ത്രിയുമായി. ജര്‍ബോം ഗാംലിന്‍ മന്ത്രിസഭയില്‍ വിനോദസഞ്ചാരം, ജലവിഭവം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു.

2011 നവംബര്‍ മുതല്‍ നബാം തുകി സര്‍ക്കാറില്‍ ഗ്രാമീണ മരാമത്ത്, ടൂറിസം വകുപ്പുകളില്‍ കാബിനറ്റ് മന്ത്രിയായി. പിന്നീട് ടൂറിസം, സിവില്‍ വ്യോമയാനം, കല, സാംസ്കാരിക വകുപ്പുകളുടെ ചുമതല വഹിച്ചു. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ മുക്തോ മണ്ഡലത്തില്‍നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നബാം തുകി സര്‍ക്കാറില്‍ നഗരവികസന മന്ത്രിയായി. ഒക്ടോബറില്‍ മന്ത്രിപദം രാജിവെച്ച് വിമതനായ കലികോ പുളിനൊപ്പം ചേര്‍ന്നു. ദീര്‍ഘകാലം കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ദോര്‍ജി ഖണ്ഡുവിന്‍െറ മകന്‍ അങ്ങനെ കോണ്‍ഗ്രസിനെ നിശ്ശേഷം തുടച്ചുനീക്കാനുള്ള അട്ടിമറിപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചു. കലികോ പുള്‍ പിന്നീട് സ്വയം ജീവനൊടുക്കി. ഈ വര്‍ഷം ജൂലൈയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി. 37ാം വയസ്സില്‍ ജൂലൈ 16നാണ് മുഖ്യനാവുന്നത്.

രണ്ടു ദിവസത്തിനുശേഷം സോണിയയെയും രാഹുലിനെയും കാണാന്‍ ഡല്‍ഹിയില്‍ ചെന്നെങ്കിലും കാത്തിരിക്കാനാണ് മറുപടി കിട്ടിയത്. എന്നാല്‍, മോദിയുമായി പിറ്റേന്നുള്ള കൂടിക്കാഴ്ചക്ക് 15 മിനിറ്റിനകം അനുമതി കിട്ടി. ഹൈകമാന്‍ഡിന്‍െറ നടപടി അവഹേളനപരമായിരുന്നു. സ്വന്തം മുഖ്യമന്ത്രിയെ കാണാന്‍ സമയമില്ലാത്ത പാര്‍ട്ടിയില്‍ എന്തിന് നില്‍ക്കണം എന്നു ചിന്തിച്ചു. അങ്ങനെ കഴിഞ്ഞ 16ന് കോണ്‍ഗ്രസ് വിട്ടു. ബി.ജെ.പി നയിക്കുന്ന വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യ(എന്‍.ഇ.ഡി.എ)ത്തോടൊപ്പമാണ്  ഇപ്പോള്‍. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചുവന്നെങ്കിലും കേന്ദ്രത്തിലെ മോദിക്ക് ഒപ്പം നടക്കുന്ന പ്രാദേശിക പാര്‍ട്ടിയാവണം എന്ന് തീരുമാനിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് പാര്‍ട്ടിവിട്ടത് എന്നാണ് ഖണ്ഡുവിന്‍െറ വിശദീകരണം.

മിതഭാഷിയാണ്. ലോകം ചുറ്റുന്ന സഞ്ചാര തല്‍പരന്‍. ജപ്പാന്‍, തായ്ലന്‍ഡ്, മക്കാവു, അമേരിക്ക, ശ്രീലങ്ക, കാനഡ, ദക്ഷിണാഫ്രിക്ക, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. ബോധി ലാംഗ്വേജ് ആന്‍ഡ് ലിറ്ററേചര്‍ പ്രമോഷനല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍. വലിയ കായികപ്രേമി. ഫുട്ബാള്‍, ക്രിക്കറ്റ് ആരാധകന്‍. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.