ബാബരി ധ്വംസനത്തിന്റെ 30 വർഷങ്ങൾ


മതേതര ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിൽ അഗാധമാറ്റങ്ങൾക്ക് ഹേതുഭൂതമായ ബാബരി മസ്ജിദ് ധ്വംസനത്തിന് ഇന്നേക്ക് മൂന്നു പതിറ്റാണ്ടുകൾ പൂർത്തിയാവുമ്പോൾ ഒരു തിരിഞ്ഞുനോട്ടം പ്രസക്തമായിത്തീരുന്നു. ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹികനീതിയും മുഖമു​ദ്രകളായ ഒരു ഭരണഘടനയും ഭരണവ്യവസ്ഥയും നിലവിലിരിക്കെ 135 കോടി ജനങ്ങൾ അധിവസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം എവ്വിധം ഫാഷിസത്തിലേക്ക് നടന്നുനീങ്ങുന്നു എന്നറിയാൻ ആ തിരിഞ്ഞുനോട്ടം സഹായിക്കും.

മുഗൾ സാമ്രാജ്യസ്ഥാപകനായ സഹീറുദ്ദീൻ ബാബർ പാനിപ്പത്ത് യുദ്ധത്തിൽ ഇ​ബ്രാഹീം ലോധിയെ തോൽപിച്ചശേഷം ഉത്തർപ്രദേശിലെ ഫൈസാബാദിൽ തന്റെ ഗവർണറായി നിയമിച്ച മീർബാഖി വെറും തരിശുഭൂമിയിൽ നിർമിച്ച മുസ്‍ലിംപള്ളിയാണ് ചരിത്രത്തിൽ ബാബരി മസ്ജിദ് എന്ന പേരിൽ അറിയപ്പെട്ടത്. മുഗൾ ഭരണം അവസാനിപ്പിച്ച് ഇന്ത്യയുടെ അധികാരം പിടിച്ചെടുത്ത ബ്രിട്ടീഷ് സാമ്രാജ്യം വാണകാലത്തും പ്രസ്തുത ആരാധനാലയം മുസ്‍ലിം ഉടമസ്ഥതയിൽ തുടർന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഫൈസാബാദ് ജില്ല ഭരണാധികാരി കെ.കെ. നായരാണ് 1949 ഡിസംബർ 22ന് ഹിന്ദുക്കളിൽ ചിലരുടെ അവകാശവാദത്തെയും കൈയേറ്റത്തെയും തുടർന്ന് മസ്ജിദ് അടച്ചുപൂട്ടിയതെന്നതും അനിഷേധ്യ ചരിത്രസത്യമാണ്.

ഇരുവിഭാഗങ്ങളും കൊടുത്ത ഹരജികളെ തുടർന്ന് മസ്ജിദ് കേസ് അലഹബാദ് ഹൈകോടതിയുടെ ഫയലുകളിൽ ദീർഘനിദ്രയിലായിരിക്കെ 1986ലാണ് ജില്ല മജിസ്ട്രേറ്റ് ഏകപക്ഷീയമായി പള്ളി ശ്രീരാമഭക്തരെന്ന് അവകാശപ്പെട്ടവർക്ക് പൂജാകർമങ്ങൾക്കായി തുറന്നുകൊടുത്തത്. അതിൽപിന്നെയാണ് അയോധ്യയിലെ രാമക്ഷേത്ര നിർമാണം ദേശീയാവശ്യമായി സംഘ്പരിവാർ ഉയർത്തിക്കൊണ്ടുവരുന്നതും ബി.ജെ.പി നേതാവ് ലാൽകൃഷ്ണ അദ്വാനി രാജ്യവ്യാപകമായി രഥയാത്ര നടത്തുന്നതും വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കി അതിലൂടെ ബി.ജെ.പിയെ അധികാരത്തിലേറ്റുന്നതും.

മതേതരത്വം അവകാശപ്പെടുന്ന കോൺഗ്രസ് അധികാരത്തിൽ തുടരുന്ന കാലത്താണ് ഈ സംഭവങ്ങളൊക്കെ നടക്കുന്നതെന്നതാണ് വിരോധാഭാസം. 1992 ഡിസംബർ ആറിന് പള്ളി തകർക്കുമ്പോൾ യു.പി ഭരിച്ചത് ബി.ജെ.പിയായിരുന്നെങ്കിലും ഇന്ത്യയുടെ ഭരണം കോൺഗ്രസുകാരനായ പി.വി. നരസിംഹറാവുവിന്റെ കരങ്ങളിലായിരുന്നു. മസ്ജിദ് തകർക്കപ്പെടുമെന്ന് എല്ലാ സൂചനകളും മുൻകൂട്ടി ലഭിച്ചിട്ടും സംസ്ഥാന മുഖ്യമന്ത്രിമാർ ഏതാണ്ട് മുഴുവൻപേരും മസ്ജിദ് ധ്വംസനം തടയാൻ പൂർണപിന്തുണ പ്രധാനമന്ത്രിക്ക് നൽകിയിട്ടും മനഃപൂർവമായ നിഷ്ക്രിയത്വത്തിലൂടെ കർസേവകരെന്ന പേരിൽ ആയുധമേന്തിവന്ന കാപാലികർക്ക് തങ്ങളുടെ ഘോരകൃത്യം പൂർത്തിയാക്കാൻ വേണ്ടത്ര സമയം അനുവദിക്കുകയായിരുന്നു നരസിംഹറാവു.

പിൽക്കാലത്ത് മതേതര രാഷ്ട്രീയപാർട്ടികളുടെ അനൈക്യവും ഛിദ്രതയുമാണ് വർഗീയ ധ്രുവീകരണത്തിലൂടെ കേന്ദ്ര ഭരണവും യു.പി ഉൾപ്പെടെയുള്ള സംസ്ഥാന ഭരണവും ഫാഷിസ്റ്റ് ശക്തികളുടെ കരങ്ങളിലെത്തിച്ചത് എന്ന സത്യം വിസ്മരിച്ചിട്ട് കാര്യമില്ല.

2002 ഫെബ്രുവരിയിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ, ഗുജറാത്തിൽ നടന്ന ആസൂത്രിത വർഗീയകലാപത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരംതന്നെ 1000ത്തിൽപരം നിരപരാധികളാണ് കൂട്ടക്കശാപ്പിനിരയായത്. അതും ബാബരിമസ്ജിദ് സൈറ്റിലെ താൽക്കാലിക രാമക്ഷേത്രം സന്ദർശിച്ച് മടങ്ങുന്നവർ യാത്രചെയ്ത ​െട്രയിൻ ബോഗി ഗോധ്രയിൽവെച്ച് തീവെപ്പിൽ കത്തിനശിച്ചതിനെ തുടർന്നായിരുന്നു. കലാപത്തിനുത്തരവാദികൾ നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ വലംകൈയായ അമിത് ഷായും ആയിരുന്നെന്ന് ഗുരുതരമായ ആരോപണം ഉയർന്നപ്പോഴൊക്കെ കോടതിക്കകത്തും പുറത്തും അത് നിഷേധിക്കുകയായിരുന്നു സംഘ്പരിവാറും അവരുടെ ഭരണകൂടങ്ങളും.

ഇരുപത് കൊല്ലങ്ങൾക്കുശേഷം, ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സത്യം തുറന്നുപറഞ്ഞു. 2002ൽ കലാപകാരികളെ ഒരു പാഠം പഠിപ്പിച്ച ബി.ജെ.പി 22 വർഷത്തോളം ഭരണത്തിലിരുന്നപ്പോൾ കലാപമുക്തമായ ഗുജറാത്ത് പൂർണമായും ശാന്തമായിരുന്നു എന്നദ്ദേഹം തുറന്നുപറയുമ്പോൾ അന്നത്തെ കലാപം ആര്​ ആസൂത്രണം ചെയ്തുവെന്ന് സാമാന്യ ബു​ദ്ധിക്ക് പിടികിട്ടാൻ ബുദ്ധിമുട്ടില്ല.

2019 നവംബർ ഒമ്പതിന് ബാബരിഭൂമി തർക്കത്തിൽ അന്തിമ വിധിപറഞ്ഞ സുപ്രീംകോടതി അതേവരെ സംഘ്പരിവാറും അവരോടാഭിമുഖ്യമുള്ള ചരിത്രകാരന്മാരും മാധ്യമങ്ങളും പടച്ചുവിട്ട നുണകൾ ഒന്നൊന്നായി നിരാകരിക്കുകയാണ് ചെയ്തതെന്ന് വിസ്മരിക്കരുത്. ബാബരി മസ്ജിദിൽ മുസ്‍ലിംകൾ പ്രാർഥിച്ചുവന്നതാണ്; പള്ളി നിലനിന്ന സ്ഥലത്ത് ക്ഷേത്രമോ മറ്റു നിർമിതികളോ ഉണ്ടായിരുന്നില്ല, ഹിന്ദുപക്ഷത്തുനിന്ന് ഭൂമിയെക്കുറിച്ച അവകാശവാദങ്ങൾക്കൊന്നും തെളിവുകളില്ല എന്ന് പരമോന്നത കോടതി വ്യക്തമാക്കിക്കൊണ്ടുതന്നെ ഹിന്ദുക്കളുടെ വികാരം മാനിച്ച് ബാബരിഭൂമി അവർക്ക് വിട്ടുകൊടുക്കുകയായിരുന്നു. പകരം, മറ്റെവിടെയെങ്കിലും മുസ്‍ലിംകൾക്ക് മതകേന്ദ്രം പണിയാൻ സ്ഥലമനുവദിക്കണമെന്ന് ഭരണകൂടത്തോട് നിർദേശിക്കുകയും ചെയ്തു.

മുസ്‍ലിംകളാവട്ടെ, വിധിയിൽ ദുഃഖം പ്രകടിപ്പിക്കുകയല്ലാതെ പ്രതിഷേധത്തിനോ പ്രകോപനത്തിനോ രംഗത്തിറങ്ങിയില്ല. ഇതിനകം വസ്തുസ്ഥിതി യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട്​ അതിജീവന തന്ത്രങ്ങൾ ആരാഞ്ഞുതുടങ്ങിയിരുന്നു അവർ. വിശ്വാസം മുറുകെപ്പിടിച്ച് സ്വന്തം കാലിൽനിന്ന് വിദ്യാഭ്യാസത്തിലൂടെയും തൊഴിൽ സംരംഭങ്ങളിലൂടെയും അതിജീവനം സാധ്യമാക്കുന്നതിലാണവരുടെ ശ്രദ്ധ. അതും പക്ഷേ, അനുവദിച്ചുകൂടെന്ന വാശിയിൽ ഫാഷിസ്റ്റ് ശക്തികൾ പറയുന്നതും ചെയ്യുന്നതുമൊക്കെ ലോകം കാണുകയും ആശങ്ക അറിയിക്കുകയും ചെയ്യുന്നതിലാണ് മോദി-അമിത് ഷാ ടീമിന്റെ സ്വൈരക്കേട്. ഒരു ഹോളോകാസ്റ്റിനും ചരിത്രത്തിന്റെ ഗതിമാറ്റാനാവില്ല എന്നതാണ് ഗുണപാഠം.

 

Tags:    
News Summary - 30 Years Of Babri Masjid Demolition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.