കോവിഡ് മഹാമാരിയും ലോക്ഡൗണും നൽകുന്ന അനുകൂല സാഹചര്യം ഉപയോഗിച്ച് സർക്കാറുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അമിതാധികാര പ്രവണതകളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽതന്നെ പഠനങ്ങളും വിശകലനങ്ങളും ധാരാളം വരുന്നുണ്ട്. ലോകത്തെങ്ങും സ്വേച്ഛാധിപത്യ പ്രവണത കാണിക്കുന്ന ഭരണകൂടങ്ങൾ കോവിഡിനെ തോൽപിക്കുന്നതിനെക്കാൾ സ്വന്തം ജനതയെ അടിച്ചമർത്താനും വിമത ശബ്ദങ്ങളെ ഇല്ലാതാക്കാനുമുള്ള അവസരമായാണ് കോവിഡ് കാലത്തെ കാണുന്നത്. ഇന്ത്യയിലെ സംഘ്പരിവാർ ഭരണകൂടവും കോവിഡ് കാലത്തെ ഒരു സുവർണാവസരമായാണ് എടുത്തിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിെൻറ മറപിടിച്ച് കേന്ദ്ര ഭരണകൂടം നടത്തുന്ന സ്വേച്ഛാധിപത്യ അടിച്ചമർത്തൽ നീക്കങ്ങളെക്കുറിച്ച് ഈ കോളത്തിൽ പലതവണ സൂചിപ്പിച്ചതാണ്. ജനാധിപത്യവാദികളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുണ്ടായെങ്കിലും അത്തരം നടപടികളിൽനിന്ന് പിന്നോട്ടുപോവാൻ ബി.ജെ.പി സർക്കാർ സന്നദ്ധമായിട്ടില്ല എന്നാണ് ഏറ്റവും പുതിയ വാർത്തകൾ കാണിക്കുന്നത്. കഴിഞ്ഞ വർഷം ഒടുവിൽ പൊട്ടിപ്പുറപ്പെട്ട പൗരത്വ പ്രക്ഷോഭമായിരുന്നു നരേന്ദ്ര മോദി സർക്കാർ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി.
പ്രത്യേകിച്ച് ഏതെങ്കിലും സംഘടനയുടെ ഏകോപനമോ നേതൃത്വമോ ഇല്ലാതെത്തന്നെ ഇന്ത്യയിലങ്ങോളമിങ്ങോളം വിദ്യാർഥികൾ തെരുവിലിറങ്ങിയ സമയമായിരുന്നു അത്. അന്താരാഷ്ട്ര തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട സമരം, നേരന്ദ്ര മോദി രാജ്യാന്തര തലത്തിൽ പണിപ്പെട്ട് ഉണ്ടാക്കിയെടുത്ത പ്രതിച്ഛായക്കും മങ്ങലേൽപിക്കുന്നതായിരുന്നു. പൗരത്വ സമരം, കൂടുതൽ തീക്ഷ്ണമായും സർഗാത്മകമായും മുന്നേറുന്നതിനിടെയാണ് കോവിഡ് പകർച്ചവ്യാധി നാടിനെ സ്തംഭിപ്പിക്കുന്നത്. മോദി -അമിത് ഷാ കൂട്ടുകെട്ടിെൻറ ബഹുവിധമുള്ള അടിച്ചമർത്തൽ അടവുകൾക്ക് മുന്നിൽ തളരാതിരുന്ന സമരം പക്ഷേ, കോവിഡിെൻറ പശ്ചാത്തലത്തിൽ പിന്നോട്ട് പോയി. അങ്ങനെയൊരു സമരം മുന്നോട്ടു കൊണ്ടുപോവാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല. കോവിഡ് രാജ്യത്തെ മൊത്തമായും രാജ്യ തലസ്ഥാനത്തെ സവിശേഷമായും പിടിച്ചുകുലുക്കുമ്പോഴും കേന്ദ്ര സർക്കാർ പൗരത്വ സമരത്തിൽ പങ്കാളികളാവുകയോ മുൻനിരയിൽ നിൽക്കുകയോ ചെയ്ത വിദ്യാർഥികളെ വേട്ടയാടുകയായിരുന്നു. ഡൽഹി ജാമിഅയിലെ വിദ്യാർഥികളിൽ പലരും അറസ്റ്റ് ചെയ്യപ്പെട്ടു. ഗർഭിണിയായ സഫൂറ സർഗാറിെൻറ അറസ്റ്റ് അന്താരാഷ്ട്ര തലത്തിൽതന്നെ ചർച്ചയായി. അതിെൻറ തുടർച്ചയായിട്ടാണ് ജൂലൈ എട്ടാം തീയതി ഉത്തർപ്രദേശിലെ അഅ്സംഗഢിൽ വെച്ച്, പൗരത്വ സമരത്തിെൻറ മുൻനിര സംഘാടകനും ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ സെക്രട്ടറിയും അലീഗഢ് യൂനിവേഴ്സിറ്റി വിദ്യാർഥിയുമായ ഷർജീൽ ഉസ്മാനിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ജൂലൈ എട്ടിന് ബുധനാഴ്ച വൈകീട്ട് അഅ്സംഗഢിലെ വീട്ടിലെത്തിയ അഞ്ചംഗ സംഘമാണ് ഷർജീലിനെ പിടിച്ചുകൊണ്ടുപോകുന്നത്. മഫ്തി വേഷത്തിലെത്തിയ സംഘം തങ്ങളുടെ ഐഡൻറിറ്റി കാർഡ് കാണിക്കാനോ എന്തിനാണ്/ എങ്ങോട്ടാണ് പിടിച്ചുകൊണ്ടുപോകുന്നത് എന്ന് വ്യക്തമാക്കാനോ സന്നദ്ധമായില്ല. ഷർജീലിെൻറ പുസ്തകങ്ങളും ലാപ്ടോപുമടക്കമുള്ള സാധനങ്ങളും അവർ കൊണ്ടുപോയി. വീട്ടുകാരോട് ഇതെക്കുറിച്ച് ഒന്നും പറയാൻ പൊലീസ് സന്നദ്ധമായില്ല. ഇതിെൻറ പിറകെ നടന്ന മാധ്യമപ്രവർത്തകരോട് വളരെ വൈകിയാണ്, സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അലീഗഢിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിലാണ് ഷർജീലിനെ പിടികൂടിയത് എന്ന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
ഷർജീലിനെതിരെ പൊലീസ് ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകരോട് പങ്കുവെച്ച ആരോപണം ഒരർഥത്തിൽ ശരിയാണ്. ജാമിഅ പോലെത്തന്നെ പൗരത്വ പ്രക്ഷോഭത്തിെൻറ പ്രഭവകേന്ദ്രങ്ങളിലൊന്നാണ് അലീഗഢ് യൂനിവേഴ്സിറ്റിയും. ആ കാമ്പസിൽ വിദ്യാർഥികളെ സംഘടിപ്പിക്കുന്നതിൽ ശർജീൽ മുൻനിരയിലുണ്ടായിരുന്നു. പൗരത്വ പ്രക്ഷോഭം ആളിക്കത്തുന്ന നാളുകളിൽ കേരളത്തിലടക്കം അദ്ദേഹം വരുകയും റാലികളിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യമാകെ ഈ സമരത്തെ ചലിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഒരു വിദ്യാർഥിയോട് ഉത്തർപ്രദേശിലെ ബി.ജെ.പി ഭരണകൂടത്തിന് വിരോധമുണ്ടാവുക സ്വാഭാവികം. ജനകീയ സമരങ്ങളെ ക്രിമിനൽ കുറ്റങ്ങളായി കണ്ട് നടപടിയെടുക്കുന്നത് അവരുടെ രീതിയുമാണ്. അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളും മര്യാദകളും അവർ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതിലും അർഥമില്ല. കോവിഡ് തലസ്ഥാനനഗരിയെ സ്തംഭിപ്പിക്കുകയും സർക്കാർ സംവിധാനങ്ങൾ പോലും മരവിച്ചുനിൽക്കുകയും ചെയ്ത സന്ദർഭത്തിൽ പോലും ഒരു ഗർഭിണിയെ പിടിച്ചുകൊണ്ടുപോയി അകത്തിട്ടവരാണവർ.
പൗരത്വ പ്രക്ഷോഭത്തെ വീണ്ടും സജീവ ശ്രദ്ധയിൽ കൊണ്ടുവരാൻ ഷർജീലിെൻറ അറസ്റ്റ് ഉപകരിച്ചിട്ടുണ്ട്. സ്വയം പ്രചോദിതരായി രംഗത്തുവന്ന ജനാധിപത്യ വാദികളായ വിദ്യാർഥികളാണ് സ്വതന്ത്ര ഇന്ത്യ കണ്ട ആ ഐതിഹാസിക സമരത്തിെൻറ ചാലകശക്തി. അവരിൽ പെട്ട മുൻനിരക്കാരെ ഊഴംവെച്ച് അറസ്റ്റ് ചെയ്യുന്നതാണ് ഇപ്പോൾ ബി.ജെ.പി സർക്കാറുകളുടെ പരിപാടി. അതുപക്ഷേ, സമരത്തെ തളർത്തുമെന്ന് വിചാരിക്കുക വയ്യ. കോവിഡ് അടങ്ങുമ്പോൾ പൗരത്വ സമരം തിരിച്ചുവരുമെന്നത് ഉറപ്പാണ്. അത് തിരിച്ചുവരേണ്ടതുണ്ട് എന്ന് സമരക്കാരെയും ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നതാണ് ഇത്തരം അറസ്റ്റുകൾ. ആ നിലക്ക് ഷർജീലിെൻറ അറസ്റ്റ് പൗരത്വ പ്രക്ഷോഭത്തെ തളർത്തുകയല്ല, കൂടുതൽ തീവ്രമായി വളർത്തുകയാണ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.