വംശീയ പ്രത്യയശാസ്ത്രങ്ങളുടെ പ്രണേതാക്കളായ ലോകത്തെ തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളോളം അപകടകരമാകില്ല ഏതൊരു മാരക വൈറസും എന്ന് ഇൗ കൊറോണക്കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് വ്യാപനത്തിൽ ലോകം വിറങ്ങലിച്ചുനിൽക്കുന്ന സമയം തങ്ങളുടെ അജണ്ടകൾ നടപ്പാക്കാനുള്ള സുവർണാവസരമായിട്ടാണ് ഇക്കൂട്ടർ പ്രയോജനപ്പെടുത്തുന്നത് എന്നതിന് ഇന്ത്യയിൽനിന്നടക്കം ഉദാഹരണങ്ങളുണ്ട്. ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടം ഇക്കാര്യത്തിൽ ഒരു പടികൂടി മുന്നിലാണെന്ന് പറേയണ്ടിവരും. ഒരു കോടിയിൽ താഴെ മാത്രം ജനസംഖ്യയുള്ള ആ രാജ്യത്ത് പതിനാറായിരത്തിൽ പരം ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും മുന്നൂറോളം പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടും ഭരണകൂടത്തിെൻറ മുൻഗണന ഇൗ ആരോഗ്യ അടിയന്തരാവസ്ഥക്ക് പരിഹാരം കാണുന്നതിനല്ല; മറിച്ച്, ഫലസ്തീനിലെ അധിനിവേശ ഭൂമിയിൽ ഒൗപചാരികമായി ആധിപത്യമുറപ്പിക്കുന്നതിനാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ പിടിച്ചെടുത്ത വെസ്റ്റ് ബാങ്കിെൻറ വലിയൊരു മേഖല ഒൗദ്യോഗികമായി രാജ്യത്തിെൻറ ഭാഗമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രസ്താവിച്ചുകഴിഞ്ഞു. അധിനിവേശദൗത്യത്തിൽ എക്കാലത്തെയും സഖ്യകക്ഷിയായ അമേരിക്ക നെതന്യാഹുവിന് പൂർണപിന്തുണയും പ്രഖ്യാപിച്ചിരിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾക്ക് പുല്ലുവില കൽപിച്ച ഇൗ നീക്കത്തെ നിസ്സംഗതയോടെ നോക്കിനിൽക്കുകയാണ് ലോകരാഷ്ട്രങ്ങൾ. പതിനായിരക്കണക്കിന് ഫലസ്തീനികളുടെ ജീവനും സ്വത്തും ഉപജീവനമാർഗവും അപഹരിക്കാൻ ഇൗ ഒാപറേഷൻ പര്യാപ്തമാണെന്നിരിക്കെ, പ്രതിേഷധങ്ങളുടെ നേരിയ കണികപോലും ലോകത്തൊരിടത്തുനിന്നും കേൾക്കാനില്ല. യൂറോപ്യൻ യൂനിയനിലേതടക്കം ഏതാനും രാജ്യങ്ങൾ എതിർപ്പുമായി രംഗത്തുവന്നിട്ടുണ്ടെങ്കിലും കാര്യമായ ചലനങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പാണ്. തങ്ങൾ പൂർണമായും ഒറ്റപ്പെട്ടുവെന്ന് തോന്നിയ ഇൗ സാഹചര്യത്തിൽ ‘സ്വയം പ്രതിരോധ’ത്തിെൻറ മാർഗം സ്വീകരിച്ചിരിക്കുകയാണ് ഫലസ്തീൻ. ഇസ്രായേൽ, അമേരിക്ക എന്നീ രാജ്യങ്ങളുമായി ഒപ്പുവെച്ച സുരക്ഷകരാറുകൾ ഉൾപ്പെടെയുള്ള മുഴുവൻ ധാരണകളിൽനിന്നും പിൻവാങ്ങുന്നതായി ഫലസ്തീൻ അതോറിറ്റി പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചത് ഇതിെൻറ ഭാഗമായിട്ടാണ്.
ഒന്നരവർഷത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ, കഴിഞ്ഞ ഞായറാഴ്ചയാണ് നെതന്യാഹു അഞ്ചാം തവണയും ഇസ്രായേൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്ന് പൊതുതെരഞ്ഞെടുപ്പുകൾ നടത്തിയിട്ടും ഏതെങ്കിലുമൊരു പാർട്ടിക്കോ മുന്നണിക്കോ കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, അതുവരെയും എതിർപാളയത്തിലുണ്ടായിരുന്ന ബ്ലൂ ആൻഡ് വൈറ്റ് പ്രസ്ഥാനവുമായി സഖ്യംചേർന്നാണ് നെതന്യാഹുവിെൻറ അധികാരാരോഹണം. ധാരണപ്രകാരം, ഒന്നര വർഷം കഴിഞ്ഞാൽ ബ്ലൂ ആൻഡ് വൈറ്റ് നേതാവ് ബെന്നി ഗാൻഡ്സിന് നെതന്യാഹു പ്രധാനമന്ത്രിക്കസേര ഒഴിഞ്ഞുകൊടുക്കണം. ഇൗ ധാരണയും സർക്കാർ രൂപവത്കരണമൊക്കെയും കോവിഡ് പ്രതിരോധംേപാലുള്ള അടിയന്തരാവശ്യങ്ങളെ മുൻനിർത്തിയുള്ളതായിരുന്നുവെന്നും ഒാർക്കണം. എന്നിട്ടും, സത്യപ്രതിജ്ഞക്കുശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽതന്നെ നെതന്യാഹു ‘ഫലസ്തീൻ വിഷയം’ ഉയർത്തിക്കാട്ടിയെങ്കിൽ മിഡിലീസ്റ്റിലെ സയണിസ്റ്റ് അജണ്ട എത്രമേൽ അപകടകരമെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. കൃത്യമായ ആസൂത്രണത്തോടെ വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന അധിനിവേശത്തിെൻറ മറ്റൊരു ഘട്ടമായിത്തന്നെ ഇതിനെ വിലയിരുത്തേണ്ടിവരും. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നിർലോഭ പിന്തുണയും ഇതിനുണ്ട്. പ്രസിഡൻറ് പദത്തിലേറി ഏറെ നാൾ കഴിയുംമുമ്പുതന്നെ, ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയതോടെ ഇസ്രായേലിെൻറ വെസ്റ്റ് ബാങ്ക് ദൗത്യത്തിന് വേഗംവന്നതായി കാണാം. പിന്നീട്, ഫലസ്തീൻ മണ്ണ് ഇസ്രായേലിന് പൂർണമായും തീറെഴുതിനൽകുന്നതിനുള്ള പ്രത്യേക പദ്ധതിയും ട്രംപ് തയാറാക്കി. ‘മിഡിൽ ഇൗസ്റ്റ് പദ്ധതി’ എന്ന് വ്യവഹരിക്കപ്പെട്ട ഇൗ നിർദേശങ്ങൾപ്രകാരം, വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റകേന്ദ്രങ്ങളും ജോർഡൻ താഴ്വരയുമെല്ലാം ഫലസ്തീന് നഷ്ടമാകും. ‘നൂറ്റാണ്ടിെൻറ കരാർ’ എന്ന് ട്രംപ് വിശേഷിപ്പിച്ച ഇൗ പദ്ധതി അന്നേ ഫലസ്തീൻ തള്ളിയതാണ്. ഇപ്പോൾ, അതേ പദ്ധതി ഏകപക്ഷീയമായി നടപ്പാക്കാനൊരുങ്ങുകയാണ് ഇസ്രായേൽ.
1967െൻറ തുടക്കത്തിൽ വെസ്റ്റ് ബാങ്കിൽ ഒരൊറ്റ ഇസ്രായേൽ പൗരനും ഉണ്ടായിരുന്നില്ല. അമ്പത് വർഷത്തിനിപ്പുറം, അവിടത്തെ ജൂത ജനസംഖ്യ നാലര ലക്ഷത്തിനു മുകളിലാണ്. ഇവർക്കായി 150ലധികം കുടിയേറ്റകേന്ദ്രങ്ങളും ഇസ്രായേൽ ഭരണകൂടം നിർമിച്ചുനൽകി. ഇൗ കുടിയേറ്റ കേന്ദ്രങ്ങളത്രയും അന്താരാഷ്ട്ര നിയമങ്ങൾക്കെതിരായിട്ടും, ഒാരോ ബജറ്റിലും സയണിസ്റ്റ് സർക്കാർ പുതിയ ‘സെറ്റിൽമെൻറു’കൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഫലസ്തീനികളെ അവിടെനിന്ന് ആട്ടിയോടിച്ചാണ് ഇൗ കുടിയേറ്റകേന്ദ്രങ്ങൾ നിർമിക്കുന്നതെന്നോർക്കണം. അഞ്ചു പതിറ്റാണ്ടിനിടെ, ഇൗ വിഷയം യു.എൻ രക്ഷാസമിതിയിൽ ഉന്നയിക്കപ്പെട്ടപ്പോഴെല്ലാം (43 തവണ)അേമരിക്കയുടെ വീറ്റോ ബലത്തിൽ ഇസ്രായേൽ രക്ഷപ്പെട്ടു. താരതമ്യേന ഫലസ്തീനോട് അനുഭാവപൂർണമായ സമീപനം പുലർത്തിയിരുന്ന ബറാക് ഒബാമ പോലും ഇത്തരമൊരു സന്ദർഭത്തിൽ വോട്ടിങ്ങിൽനിന്ന് മാറിനിന്ന് ഇസ്രായേൽപക്ഷം ചേരുകയായിരുന്നു. പടിയിറങ്ങും തൊട്ടുമുമ്പ് ഇസ്രായേലിന് സൈനിക സഹായം അദ്ദേഹം വർധിപ്പിക്കുകയും ചെയ്തു. തുടർന്നുവന്ന ട്രംപാകെട്ട, വംശീയതയുടെ പച്ചയായ രാഷ്ട്രീയത്തിൽ നെതന്യാഹുവിനൊപ്പം കൂടുകയും ചെയ്തു. അധിനിവേശഭൂമിയിലെ മുപ്പത് ലക്ഷത്തോളം വരുന്ന ഫലസ്തീനികളെ പുറംതള്ളി ആ മേഖലയത്രയും സ്വന്തംപേരിലാക്കാനുള്ള നടപടികളാണിപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. വെസ്റ്റ് ബാങ്ക് ഉൾപ്പെട്ട ഫലസ്തീൻ ഭൂമിക്ക് അതിെൻറ ചരിത്രപരമായ വിലാസം നഷ്ടപ്പെടുകയാണെന്നർഥം. ഇൗ സാഹചര്യത്തിൽ സ്വയം പ്രതിരോധമെന്നനിലയിൽ ‘കൈവിട്ട കളി’ മാത്രമാണ് ഫലസ്തീെൻറ മുന്നിലുള്ള വഴിയെന്ന തിരിച്ചറിവായിരിക്കാം മഹ്മൂദ് അബ്ബാസിെനയും കൂട്ടരെയും നയിച്ചിട്ടുണ്ടാവുക. അബ്ബാസിെൻറ പ്രഖ്യാപനത്തിൽ അനിശ്ചിതത്വങ്ങൾ ഏറെയുണ്ടെങ്കിലും ചുരുങ്ങിയപക്ഷം ഇസ്രായേലിെൻറയും അമേരിക്കയുടെയും ഏകപക്ഷീയ നടപടിക്കെതിരായ പ്രതിഷേധം എന്ന നിലയിലെങ്കിലും അത് തിരിച്ചറിയപ്പെടും. അതിനാൽ, ഫലസ്തീെൻറ ഇൗ പോരാട്ടത്തോട് െഎക്യപ്പെടാനേ ഇൗ സന്ദർഭത്തിൽ ജനാധിപത്യ വിശ്വാസികൾക്ക് സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.