ഭരണത്തിലാവ​​െട്ട ഭേദഗതി, ഭരണഘടനയിലല്ല

ഇന്ത്യയുടെ ഭരണഘടനയും നിയമസംഹിതയും ഭാരതീയ ധർമചി​ന്തയുടെ അടിസ്​ഥാനത്തിൽ ഭേദഗതി ചെയ്യണമെന്ന്​ ആർ.എസ്​.എസ്​ സർസംഘ്​ ചാലക്​ മോഹൻ ഭാഗവത്​ നടത്തിയ പ്രസ്​താവന സംഘ്​പരിവാർ ഇന്ത്യയെ എങ്ങോട്ടു പോകുമെന്നതു സംബന്ധിച്ച്​ ഉയർന്ന ആശങ്കയെ ​ശരിവെക്കുന്നതാണ്​. രാജ്യഭരണവും രാഷ്​ട്രപതി, ഉപരാഷ്​ട്രപതി സ്​ഥാനവും കൈയി​െലാതുക്കുകയും ജുഡീഷ്യറിയും എക്​സിക്യൂട്ടീവും മാറ്റിപ്പണിയുന്ന പ്രവർത്തനങ്ങൾ തകൃതിയായി നടത്തിവരികയും ചെയ്യുന്ന സംഘ്​പരിവാറിന്​ ഇനി ‘ശരിയാക്കാനുള്ളത്​’ ഭരണഘടനയാണെന്നത്​ നേരത്തേ വ്യക്​തമായതാണ്​. അതിനു അടിവരയിടുകയായിരുന്നു കഴിഞ്ഞ ഞായറാഴ്​ച ഹൈദരാബാദിൽ സംഘി അഭിഭാഷകസംഘടനയായ അഖില ഭാരതീയ അധിവക്​ത പരിഷതി​​െൻറ രജതജൂബിലി സമ്മേളനത്തി​​െൻറ സമാപനത്തിൽ മോഹൻ ഭാഗവത്​ ചെയ്​ത പ്രസംഗം. ‘നമ്മുടെ ഭരണഘടന പൂർവീകരുടെ ഭാരതീയ ധർമചിന്തയെ സംബന്ധിച്ച ധാരണയോടെയാണ്​. എന്നാൽ ഇന്നും നമ്മൾ ഉപയോഗിക്കുന്ന നിയമങ്ങളധികവും വിദേശസ്രോതസ്സുകളെ ആസ്​പദിച്ചും അവരുടെ ചിന്തക്കനുസരിച്ചുമുള്ളതാണ്​. സ്വാത​ന്ത്ര്യം നേടി ഏഴു പതിറ്റാണ്ട്​ പിന്നിട്ടിട്ടും തുടരുന്ന സ്​ഥിതിവിശേഷത്തിനു മാറ്റം വരണമെന്നാണ്​ അദ്ദേഹത്തി​​െൻറ പക്ഷം. ഇക്കാര്യത്തിൽ സമഗ്രമായ ദേശീയസംവാദത്തിന്​ ആഹ്വാനം ചെയ്​തിരിക്കുകയാണ്​ അദ്ദേഹം. ഭരണഘടനയിൽ എന്താണ്​ വിദേശീയം എന്നോ, ഭാരതീയ ധർമചിന്ത കൊണ്ട്​ ലക്ഷ്യമിട്ടതെന്തെന്നോ ഒന്നും അദ്ദേഹം വ്യക്​തമാക്കിയിട്ടില്ല. ഭരണഘടനക്കെതിരെ നേരത്തേയും രംഗത്തുവന്നിട്ടുള്ള ഹിന്ദുത്വവംശീയവാദികൾ അത്​ മാറ്റിപ്പണിയാൻ ഉദ്ദേശിക്കുന്നത്​ ആയിരക്കണക്കിനു വർഷങ്ങൾക്കപ്പുറത്തെ ഹിന്ദുവേദങ്ങളുടെയും ഇതിഹാസങ്ങളുടെയും ചുവടുപിടിച്ചാണെന്ന്​ മു​േമ്പ വ്യക്​തമാക്കിയതാണ്​. ഇപ്പോൾ സംഘ്​ചാലക്​ മുന്നോട്ടുവെക്കുന്ന ഭാരതീയ ധർമചിന്തയുടെ അർഥവും മറ്റൊന്നല്ല. നീതിന്യായവ്യവസ്​ഥയെ നിയമത്തിനു പകരം ധർമത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ പരി​ഷ്​കരിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. 
രണ്ടു വർഷവും 11 മാസവും 18 ദിവസവുമെടുത്ത്​ ഇന്ത്യയുടെ ഭരണഘടന തയാറാക്കാൻ മഹാന്മാരായ പൂർവികർ എടുത്ത അധ്വാനം ഭാരിച്ചതാണ്​. 22 ഭാഗങ്ങളായി 444 അനുഛേദങ്ങളും 12 ഷെഡ്യൂളുകളും 118 ഭേദഗതികളും 1,46,385 വാക്കുകളുമായി ലോകത്തെ ഏറ്റവും കിടയറ്റ നിയമസംഹിതകളിലൊന്നായി ഇതു തയാറാക്കുന്നതി​ന്​ അക്ഷരംപ്രതി കൂലങ്കശമായ കൂടിയാലോചനകൾ നടന്നതായി ഭരണഘടനയുടെ ചരിത്രം വെളിപ്പെടുത്തുന്നു.

ലോകത്തെ പുരോഗമനാത്​മക ഭരണഘടന എന്നു പറയു​േമ്പാൾ തന്നെ കാലാനുക്രമമായ പരിഷ്​കരണം അതിൽ പാടില്ലെന്നു പറയുന്നതിൽ കഴമ്പില്ല. എന്നല്ല, ഭരണഘടന തന്നെ, പൗരാവകാശങ്ങൾക്ക്​ സുരക്ഷയൊരുക്കി, അത്​ ഭേദഗതി ചെയ്യാനുള്ള അവകാശം 368ാം അനുഛേദത്തിൽ നൽകുന്നുണ്ട്​. ആർട്ടിക്ക്​ൾ 32, 136, 226, 227 എന്നിവയനുസരിച്ച്​ കോടതിക്കും നിയമസംഹിതയുടെ പുനരവലോകത്തിനുള്ള അവസരമൊരുക്കി. അടിയന്തരാവസ്​ഥയിൽ ഇന്ദിരഗാന്ധി അധികാരം അരക്കിട്ടുറപ്പിക്കാൻ ഭരണഘടന ഭേദഗതിക്കു മുതിർന്നു. പ്രതിപക്ഷനിരയിലെ മിക്കവരും ജയിലിലായിരിക്കെ കൈവന്ന പാർലമ​െൻറിലെ ഭൂരിപക്ഷത്തിലൂടെ രാജ്യത്തി​​െൻറ തലക്കെട്ടിൽ അവർ ‘സോഷ്യലിസം, മതേതരത്വം’ എഴുതിച്ചേർത്തു. എന്നാൽ ഭരണഘടനയുടെ ‘മൗലികഘടന’യെ പൊളിക്കുന്ന ഭേദഗതി നടത്തരുതെന്ന്​ സുപ്രീംകോടതി കർശനമായി ഇടപെട്ടു. ​ജനാധിപത്യ റിപ്പബ്ലിക്​ ആയ ഇന്ത്യ ആ അടിസ്​ഥാനഭാവത്തിന്​ ഉൗനം തട്ടുന്നതൊന്നും ചെയ്യരുതെന്ന്​ കോടതി വിലക്കി. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനാണ്​ സ്​ഥാനം. ഭൂരിപക്ഷാധിപത്യത്തിനു മുന്നിൽ ന്യൂനപക്ഷാവകാശങ്ങൾ  ഹനിക്കപ്പെടാനുമിടയുണ്ട്​. എന്നാൽ അവിടെ പ്രതിരോധം തീർക്കുന്നത്​ ഇന്ത്യയുടെ റിപ്പബ്ലിക്​ ഗുണമാണ്​. നിയമത്തിന്​ ആരും അതീതരല്ലെന്നതാണ്​ റിപ്പബ്ലിക്കി​​െൻറ മുഖമുദ്ര. ഒാരോ പൗര​​െൻറയും താൽപര്യങ്ങളെ ജാതി, മത, വംശ, ലിംഗഭേദങ്ങൾക്കതീതമായി തുല്യനിലയിൽ മാനിക്കുവാൻ അത്​​ ബാധ്യസ്​ഥമാണ്​.

വിദേശീയമായതിനെ മാറ്റി സ്വദേശിവത്​കരിക്കണം ഭരണഘടനയെന്നും അത്​ ഭാരതീയ ധർമചിന്തയെ സമ്പൂർണമായി പ്രതിനിധാനം ചെയ്യണമെന്നും പറയു​േമ്പാൾ ആർ.എസ്​.എസ്​ ആചാര്യൻ ഉദ്ദേശിക്കുന്നത്​ ഹിന്ദുത്വവാദികളുടെ സവർണ വംശീയഭരണക്രമത്തിനുതകുന്ന തരത്തി​ൽ ഭരണഘടന പൊളിച്ചെഴുതണമെന്നാണ്​. നിയമത്തിനു പകരം ധർമമായിരിക്കണം ഭരണഘടനക്ക്​ ആധാരം എന്ന പ്രസ്​താവനയിൽ ഏതു ധർമം എന്ന്​ അദ്ദേഹം വ്യക്​തമാക്കിയിട്ടില്ലെങ്കിലും ആർ.എസ്​.എസ്​ മുന്നോട്ടുവെക്കുന്ന ജനതയെ വിവിധ തരത്തിലേക്ക്​ വിഭജിക്കുന്ന പൗരാണികനിയമങ്ങളിലേക്കാണ്​ അദ്ദേഹം വിരൽ ചൂണ്ടുന്നത്​. ബ്രിട്ടീഷ്​ കാല​ നിയമങ്ങൾ പഴഞ്ചനായതിനാലാണ്​ അത്​ മാറ്റാനുള്ള തിടുക്കം. പകരം വെക്കുന്നതോ,​ അതിലും ആയിരക്കണക്കിനു വർഷങ്ങൾ പിറകിലുള്ള കാൽപനിക തത്ത്വങ്ങളും! പറച്ചിലിനപ്പ​ുറം ഭരണഘടന​ക്കോ ഭരണക്രമത്തിനോ പകരം വെക്കാൻ സംഘ്​ചാലകിനു മുമ്പിൽ ഒന്നുമില്ലെന്ന്​ ഇതിനകം രാജ്യത്തെ പല പ്രമുഖ സ്​ഥാപനങ്ങളുടെയും മേധാവികളായി സംഘ്​പരിവാർ വാഴിച്ചവർ വിളമ്പുന്ന വിവ​രക്കേടുകൾ കേട്ടാലറിയാം. വിദേശീയമായതിനോടു വിരക്​തി പുലർത്തുന്ന ​ഇൗ പ്രസ്​താവനയിൽ വല്ല കഴമ്പുമുണ്ടെങ്കിൽ ഇന്ത്യയെ സാമ്പത്തികമായി വിദേശികൾക്കും അവരുടെ താൽപര്യസംരക്ഷണത്തിനും പണയപ്പെടുത്തിക്കൊടുക്കുന്ന മോദി ഭരണത്തെ സ്വദേശി ധർമചിന്തയുടെ നേർവഴിക്ക്​ നയിക്കാൻ ശ്രമിക്കുമോ? വൻഭൂരിപക്ഷത്തി​​െൻറ ബലമൊത്തിട്ടും പടിഞ്ഞാറൻ മുതലാളിത്തക്രമത്തെ ചാണിനു ചാണായി പിന്തുടരാൻ മാത്രമേ ന​രേന്ദ്രമോദിയുടെ ബി.ജെ.പി സർക്കാറിനു കഴിയുന്നുള്ളൂ. മൻമോഹൻസിങ്​ നടപ്പാക്കിയ മുതലാളിത്തപരിഷ്​കരണങ്ങളുടെ പിന്തുടർച്ചക്കാരനായി അതിലുമെത്രയോ അതിവേഗത്തിൽ രാജ്യത്തെ കുത്തുപാളയെടുപ്പിക്കുന്നതിലേക്കാണ്​ മോദിയുടെ പോക്ക്​. ഭരണഘടനയുടെ കുഴപ്പമല്ല; ഭരണമറിയാ​ത്തതി​​െൻറ പിഴയാണ്​ മോദി സർക്കാർ ഒടുക്കിക്കൊണ്ടിരിക്കുന്നതെന്നിരിക്കെ, അതു ശരിപ്പെടുത്താനാവ​െട്ട സർസംഘ്​ ചാലകി​​െൻറ ആദ്യശ്രമം. കുട്ടിച്ചോറാക്കിയ ഭരണത്തെ കാര്യഗൗരവത്തിൽ മാറ്റിപ്പണിതാകാം ഭരണഘടനയിൽ തൊട്ടുകളിക്കുന്നത്​.

Tags:    
News Summary - Amenment Should Implement in Administration, not in Constitution - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT