അനന്ത്കുമാർ ഹെഗ്ഡെയെ ‘കർണാടകയുടെ സ്വന്തം യോഗി ആദിത്യനാഥ്’ എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കാറുള്ളത്. വിഷം തുപ്പുന്ന തീവ്രഹിന്ദുത്വത്തിെൻറ പ്രചാരകനായ ഈ 49കാരനെ കഴിഞ്ഞ സെപ്റ്റംബറിലെ മന്ത്രിസഭ പുനഃസംഘടന സമയത്താണ് നരേന്ദ്ര മോദി തെൻറ ടീമിലെടുക്കുന്നത്. നൈപുണി വികസനത്തിനായുള്ള വകുപ്പിെൻറ സഹമന്ത്രിയായാണ് അദ്ദേഹം നിയമിതനായത്. യുവാക്കളുടെ നൈപുണികൾ വികസിപ്പിച്ച് രാജ്യത്തിന് മുതൽക്കൂട്ടാക്കാൻ ഹെഗ്ഡെക്ക് നല്ല ശേഷിയുണ്ടെന്ന് കണ്ടുകൊണ്ടല്ല അദ്ദേഹത്തെ ആ വകുപ്പ് ഏൽപിച്ചത്. മറിച്ച് 2018 ആദ്യത്തിൽ കർണാടകയിൽ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ടുകൊണ്ടുള്ള നീക്കമായിരുന്നു അത്. വികസന അജണ്ടകൾ പറഞ്ഞ് തങ്ങൾക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയില്ലെന്ന് ഏറ്റവും നന്നായറിയാവുന്നത് ബി.ജെ.പിക്കുതന്നെയാണ്. അതിനാൽ ഹെഗ്ഡെയെപ്പോലൊരു വിദ്വേഷ വ്യാപാരിയെ മുന്നിൽ നിർത്തിവേണം തെരഞ്ഞെടുപ്പിനെ നേരിടാനെന്ന് അവർ കണക്കുകൂട്ടുന്നു. അതിെൻറ ഭാഗമായാണ് അദ്ദേഹത്തെ മന്ത്രിസ്ഥാനം തേടിയെത്തുന്നത്. വർഗീയപ്രവർത്തനങ്ങളുടെ പേരിൽ നേരേത്തതന്നെ കേസുകൾ നിലവിലുള്ള ആളാണ് ഹെഗ്ഡെ. 1993ൽ ഭട്കലിൽ വർഗീയ കലാപത്തിന് നേതൃത്വം നൽകിയതിെൻറ പേരിൽ, കലാപം സൃഷ്ടിക്കൽ, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തിനെതിരെ കേസുകളുണ്ട്. 1994ൽ ഹുബ്ബള്ളിയിൽ നിരോധനം മറികടന്ന് ഈദ്ഗാഹ് മൈതാനിയിൽ ദേശീയപതാക ഉയർത്തിയ സംഭവത്തിലും അദ്ദേഹം പങ്കാളിയാണ്. ‘‘ലോകത്ത് ഇസ്ലാം നിലനിൽക്കുന്ന കാലത്തോളം ഭീകരതയും നിലനിൽക്കും’’ എന്ന് അദ്ദേഹം പ്രസംഗിച്ചത് 2016 മാർച്ചിലാണ്. അതിെൻറ പേരിലും അദ്ദേഹത്തിനെതിരെ കേസ് നിലവിലുണ്ട്. വർഗീയസ്വഭാവമുള്ള ഒരു ഡസനോളം കേസിലെ പ്രതിയാണ് ഈ കേന്ദ്രമന്ത്രി. തെൻറ ജന്മനഗരമായ സിർസിയിൽ ഡോക്ടറെ തല്ലി പരുവമാക്കിയതിെൻറ പേരിലും അദ്ദേഹത്തിനെതിരെ കേസുണ്ട്. ഇത്രയധികം ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾക്ക് എങ്ങനെയാണ് കേന്ദ്രമന്ത്രി പദവി നൽകുകയെന്നത് സാധാരണഗതിയിൽ ആർക്കും തോന്നാവുന്ന സംശയമാണ്. എന്നാൽ, ബി.ജെ.പി--ആർ.എസ്.എസ് കാഴ്ചപ്പാടിൽ ആലോചിക്കുമ്പോൾ പ്രസ്തുത കേസുകളൊക്കെ അദ്ദേഹത്തിെൻറ മഹത്ത്വമായി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.
അനന്ത്കുമാർ ഹെഗ്ഡെ ഇപ്പോൾ വാർത്തകളിൽ നിറയാൻ കാരണം ഡിസംബർ 24ന് കർണാടകയിലെ കുക്കണൂരിൽ ബ്രാഹ്മണ യുവ പരിഷത്തിെൻറ സമ്മേളനത്തിൽ അദ്ദേഹം നടത്തിയ പ്രഭാഷണമാണ്. മതേതരവാദികളെ പരിഹസിക്കുന്നതും രക്തശുദ്ധിവാദത്തെ മഹത്ത്വവത്കരിക്കുന്നതുമായിരുന്നു ആ പ്രഭാഷണം. ഭരണഘടന മാറ്റിയെഴുതണമെന്ന ആവശ്യവും അദ്ദേഹം ഉയർത്തി. ‘‘വരാനിരിക്കുന്ന നാളുകളിൽ ഭരണഘടന മാറ്റപ്പെടാനുള്ളതാണ്. നമ്മൾ ഇവിടെ വന്നിരിക്കുന്നത് അതിനുവേണ്ടിയാണ്’’ --അദ്ദേഹം പറഞ്ഞു. മതേതരവാദത്തെ പരിഹസിച്ച് അദ്ദേഹം പറഞ്ഞതാണ് കൂടുതൽ അപകടകരമായിട്ടുള്ളതും ആർ.എസ്.എസിെൻറ വംശശുദ്ധി വാദത്തോട് കൂടുതൽ ചേർന്നുനിൽക്കുന്നതും. ‘‘അവരവരുടെ രക്തത്തോട് ചേർത്ത് അറിയപ്പെടുന്ന ആളുകളെയാണ് എനിക്കിഷ്ടം. സെക്കുലർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളുകളെ എന്തു വിളിക്കണമെന്ന് എനിക്കറിയില്ല. സ്വന്തം പിതൃരക്തത്തെക്കുറിച്ച് അറിയാത്തവരാണ് സ്വയം സെക്കുലർ എന്നവകാശപ്പെടുന്നത്. അവർക്ക് അവരുടേതായ സ്വത്വമില്ല. അവർക്ക് അവരുടെ പിതൃത്വത്തെക്കുറിച്ച് അറിയില്ല. പക്ഷേ, അവർ ബുദ്ധിജീവികളാണ്-...’’ ഇങ്ങനെ പോകുന്നു ഹെഗ്ഡെയുടെ വാദങ്ങൾ. രക്തശുദ്ധി വാദത്തിെൻറ ഏറ്റവും വലിയ പ്രചാരകരായ ജാതി സംഘടനയായ ബ്രാഹ്മണ യുവ പരിഷത്തിെൻറ വേദിയിലാണ് ഹെഗ്ഡെ ഈ പ്രഭാഷണം നടത്തിയതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഹെഗ്ഡെയുടെ പ്രഭാഷണം സ്വാഭാവികമായും വലിയ പ്രതിഷേധങ്ങൾ വിളിച്ചുവരുത്തി. രാജ്യസഭയിൽ വിഷയം ചർച്ചക്കു വരുകയും സഭ സ്തംഭിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. രാജ്യത്തെ പുരോഗമന, ജനാധിപത്യ വാദികൾ ഹെഗ്ഡെയുടെ വാദങ്ങൾക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഭരണഘടനയെ തൊട്ട് സത്യംചെയ്ത് മന്ത്രിയായ ഒരാൾ ഭരണഘടനയെയും അതിെൻറ മൂല്യമായ സെക്കുലറിസത്തെയും തള്ളിപ്പറയുമ്പോൾ ആ പദവിയിലിരിക്കാൻ യോഗ്യനല്ല എന്നതാണ് അവരുടെ വാദം. എന്നാൽ, വിഷയത്തിൽ പ്രതികരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ഹെഗ്ഡെയോ ഇതുവരെ സന്നദ്ധമായിട്ടില്ല. ഇനി, മോദിയും ബി.ജെ.പി നേതൃത്വവും പുറമേ തള്ളിപ്പറഞ്ഞാലും അവർ അകമേ കൊണ്ടുനടക്കുന്ന ആശയം മാത്രമാണ് ഹെഗ്ഡെ പങ്കുവെച്ചത് എന്നത് സത്യം മാത്രമാണ്.
പ്രകോപനപരവും ഭരണഘടനാമൂല്യങ്ങളെ പരിഹസിക്കുന്നതും സാമൂഹിക സംഘർഷം സൃഷ്ടിക്കുന്നതുമായ പ്രസംഗങ്ങളും പ്രയോഗങ്ങളും ഇതാദ്യമായല്ല കേന്ദ്രമന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഇതേക്കാൾ മോശപ്പെട്ട പ്രയോഗങ്ങൾ പലരും മുമ്പും നടത്തിയിട്ടുണ്ട്. അന്നും ഇതേപോലെ ബഹളങ്ങളും വിവാദങ്ങളുമുണ്ടായിട്ടുണ്ട്. ചില പരാമർശങ്ങളുടെ പേരിൽ, ചില്ലറ ഖേദപ്രകടനങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ, പിന്നെയും അത്തരം അഭിപ്രായ പ്രകടനങ്ങൾ തുടരുകയാണ്. അതായത്, സംഘ്പരിവാർ ആശയം ഉള്ളിൽ കൊണ്ടുനടക്കുന്ന ആൾക്ക് അത് എപ്പോഴും അടിച്ചമർത്തിവെക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. പലപ്പോഴും അത് തികട്ടി പുറത്തുവരുന്നു. അതാണ് ഹെഗ്ഡെയുടെ കാര്യത്തിൽ സംഭവിച്ചത്. അതായത്, പുതിയ പ്രസ്താവനയുടെ പേരിൽ മാപ്പുപറഞ്ഞാലും ഇല്ലെങ്കിലും ഇത്തരം പ്രസ്താവനകൾ ഇനിയും വന്നുകൊണ്ടിരിക്കും. കാരണം അത് അവർ ഉള്ളിൽ കൊണ്ടുനടക്കുന്ന ആശയമാണ്. ആ ആശയത്തിനെതിരായ ജനകീയ പ്രചാരണം മാത്രമാണ് ജനാധിപത്യവാദികൾക്കു മുന്നിലെ വഴി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.