പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭം രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. പാർലമെൻറിൽ പൗരത്വ ബില്ലിനെ അനുകൂലിച്ച പലരുമിപ്പോൾ മുൻ നിലപാട് തിരുത്തുന്നിടംവരെ കാര്യങ്ങൾ എത്തിയിട്ടുണ്ട് എന്നതാണ് ഇത്രയും ദിവസത്തിനിടെയുണ്ടായ പ്രധാന മാറ്റങ്ങളിലൊന്ന്. അത്തരമൊരു സാഹചര്യത്തിലേക്ക് അവരെ നയിച്ചത്, രാഷ്ട്രതലസ്ഥാനത്തെ വിദ്യാർഥികൾ തുടങ്ങിവെച്ച് പിന്നീട് ജനകീയ പ്രക്ഷോഭമായി വളർന്നുപന്തലിച്ച സമരമുഖങ്ങളിൽനിന്ന് ഉയർന്നുകേട്ട മൂർച്ചയേറിയ മുദ്രാവാക്യങ്ങളുടെ കരുത്തൊന്നു മാത്രമാണ്. ‘ഉന്മാദികളും ആക്രമണകാരികളുമായ’ പ്രതിഷേധക്കാരല്ല പൗരത്വ നിയമത്തിനെതിരായ സമരമുന്നണിയിലുള്ളതെന്ന് ഈ ദിവസങ്ങളിൽ നാം കണ്ടു; വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള പൗരെൻറ മൗലികാവകാശം സമാധാനത്തിെൻറ മാർഗത്തിൽ ഉപയോഗിക്കപ്പെടുന്ന വ്യവസ്ഥാപിതമായ ജനാധിപത്യ മുന്നേറ്റങ്ങളാണ് രാജ്യത്തെ തെരുവുകളിലെങ്ങും ദൃശ്യമായത്. അത്രയേറെ വൈവിധ്യങ്ങളെ ഉൾക്കൊണ്ടാണ് ആ മുന്നണി മുന്നോട്ടുപോകുന്നത്.
ആ അർഥത്തിൽ ലോകത്തെ നവ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് വലിയ മാതൃകയുള്ള ഈ പ്രക്ഷോഭെത്ത ക്രൂരമായി അടിച്ചമർത്തുകയാണ് ഭരണകൂടം. പൊലീസ് രാജിലൂടെയും ഇൻറർനെറ്റ് കണക്ഷൻ വിച്ഛേദിച്ചും സമരത്തെ ഒതുക്കാൻ നോക്കിയിട്ടും രക്ഷയില്ലെന്നു കണ്ടപ്പോൾ, അധികാരികൾക്ക് യഥേഷ്ടം തോക്കുപയോഗിക്കാൻ അനുമതി നൽകി രാജ്യത്ത് കുരുതിക്കളങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് സർക്കാർ. യോഗി ആദിത്യനാഥിെൻറ യു.പിയിൽനിന്ന് പുറത്തുവന്ന രണ്ട് വസ്തുതാന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതും ഇതാണ്. ആസൂത്രിതമായ ഈ ‘വംശഹത്യ’ നടന്നുകൊണ്ടിരിക്കെയാണ് കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് മോദി സർക്കാറിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ‘നാമിന്ന് ധാരാളം കോളജുകളിലും സർവകലാശാലകളിലും കാണുന്ന വിദ്യാർഥികളെപ്പോെല ഉചിതമല്ലാത്ത മാർഗത്തിൽ ജനത്തെ നയിക്കുന്നവരല്ല നേതാക്കൾ’ എന്നു തുടങ്ങിയ രാഷ്ട്രീയ പ്രസ്താവത്തിലൂടെ ഈ രാജ്യത്തെ സൈനിക സംവിധാനം ഇക്കാലമത്രയും പാലിച്ച കീഴ്വഴക്കം അദ്ദേഹം തകർത്തുകളഞ്ഞിരിക്കുന്നു.
കരസേന നിയമത്തിെല 21ാം വകുപ്പ് പ്രകാരം, രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാനോ രാഷ്ട്രീയ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കാനോ സൈനിക ഉദ്യോഗസ്ഥർക്ക് അനുവാദമില്ല. സ്വാതന്ത്ര്യാനന്തരം അപൂർവം ചില അവസരങ്ങളിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ചില പ്രസ്താവനകൾ നടത്തിയിട്ടുണ്ടെങ്കിലും പിന്നീട് അത്തരം സംഭവങ്ങളുണ്ടായിട്ടില്ല. സകല രാഷ്ട്രീയ വ്യവഹാരങ്ങളിൽനിന്നും മാറി തികച്ചും നിഷ്പക്ഷമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംവിധാനം എന്നനിലയിൽ തന്നെയാണ് കഴിഞ്ഞ അഞ്ചു പതിറ്റാണ്ടെങ്കിലും നമ്മുടെ സൈന്യം പ്രവർത്തിച്ചത്. എന്തുകൊണ്ട് ഈ രാജ്യത്തൊരു പട്ടാള അട്ടിമറി ഉണ്ടായില്ല എന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരം കൂടിയാണത്. ചൈനയിലെ പീപ്ൾസ് ലിബറേഷൻ ആർമി പോലെ സർക്കാർ വക്താവിെൻറ റോളുമായിരുന്നില്ല ഇന്ത്യൻ സേനക്കുണ്ടായിരുന്നത്. ഈ അച്ചടക്കത്തിന് പോറലേൽപിക്കുന്നതാണ് ബിപിൻ റാവത്തിെൻറ പ്രസ്താവന. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് ഓരോ ജില്ല ആസ്ഥാനങ്ങളിലും ബി.ജെ.പി നേതൃത്വം സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന വിശദീകരണ യോഗത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു അദ്ദേഹത്തിെൻറ പ്രസംഗം.
ആ സംസാരംപോലും വിഷയത്തിെൻറ ഒരുവശം മാത്രമാണ് കണ്ടത്. ഭരണഘടനയുടെ അടിസ്ഥാനമൂല്യത്തെ അട്ടിമറിച്ച് തയാറാക്കിയ നിയമത്തിെൻറ ന്യൂനതകളോ അതിനെതിരെ സമരത്തിനിറങ്ങിയവരുടെ ചോരയോ കണ്ണീരോ ഒന്നും കരസേന മേധാവിക്ക് വിഷയമായില്ല. പ്രതിരോധത്തിലായ കേന്ദ്രസർക്കാറിനുള്ള രാഷ്ട്രീയ സേവ മാത്രമായിരുന്നു ആ പ്രസംഗം. ഇപ്പോൾ രാഷ്ട്രീയ വിഷയങ്ങൾ സംസാരിക്കാൻ സേനയെ അനുവദിച്ചാൽ നാളെ കാര്യങ്ങൾ ഏറ്റെടുക്കാനും സേനക്ക് അനുവാദമുണ്ടാകുമെന്നാണ് വിഷയത്തിൽ കോൺഗ്രസ് നേതാവ് ബ്രിജേഷ് കലപ്പ പ്രതികരിച്ചത്. സൈന്യത്തെ മോദിസർക്കാർ രാഷ്ട്രീയവത്കരിക്കുന്നതിലുള്ള ആശങ്ക സി.പി.എം പോളിറ്റ് ബ്യൂറോയും പങ്കുവെച്ചു. ഇത് രണ്ടും അത്യന്തം ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. കാര്യങ്ങൾ സൈന്യം ഏറ്റെടുക്കാൻ തുടങ്ങിയാൽ സംഭവിക്കുക ജനാധിപത്യത്തിെൻറ മരണം തന്നെയാണ്. അതിനാൽ, പ്രതിപക്ഷം ആവശ്യപ്പെട്ടതുപോലെ ബിപിൻ റാവത്ത് മാപ്പുപറഞ്ഞ് പ്രസ്താവന പിൻവലിക്കുകയാണ് വേണ്ടത്. എന്നാൽ, പ്രസ്താവനയെ ന്യായീകരിച്ച് പുതിയ വാർത്തക്കുറിപ്പ് ഇറക്കുകയാണ് അദ്ദേഹത്തിെൻറ ഓഫിസ് ചെയ്തത്.
ജനാധിപത്യ ക്രമത്തിൽനിന്ന് ഫാഷിസത്തിെൻറ പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തിെൻറ സൈന്യത്തിനുണ്ടാകുന്ന പരിണാമത്തെക്കൂടി ബിപിൻ റാവത്തിെൻറ പ്രസ്താവന പ്രതിഫലിപ്പിക്കുന്നുണ്ട്. മോദിസർക്കാറിനു കീഴിൽ ആദ്യമായൊന്നുമല്ല മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഇത്തരം രാഷ്ട്രീയ ഇടപെടൽ നടത്തുന്നത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഡിസംബർ 14ന് കിഴക്കൻ കരസേന കമാൻഡർ ലെഫ്. ജനറൽ അനിൽ ചൗഹാൻ സമാനമായൊരു പ്രസ്താവന നടത്തിയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഗണിച്ചില്ലെങ്കിലും പൗരത്വനിയമം കാലങ്ങളായി രാജ്യം ആഗ്രഹിച്ചതാണെന്നും അത് നടപ്പാക്കുേമ്പാൾ തീവ്ര ഇടതുപക്ഷത്തിന് പ്രശ്നങ്ങളുണ്ടാകുമെന്നുമായിരുന്നു ആ പ്രസ്താവനയുടെ ചുരുക്കം. ഇതും പറഞ്ഞാണ് അദ്ദേഹത്തിെൻറ സൈന്യം അസം അടക്കമുള്ള സംസ്ഥാനങ്ങളിൽ സമാധാനപാലനത്തിന് പോയതെന്നോർക്കണം. അങ്ങനെയൊരു സൈന്യം ‘രാഷ്ട്രസുരക്ഷ’ എന്ന പ്രാഥമിക ബാധ്യതയിൽനിന്ന് ‘പാർട്ടി സേവ’ എന്ന കൃത്യത്തിലേക്ക് വഴുതിമാറുമെന്ന വിമർശനത്തെ ഈ സാഹചര്യത്തിൽ മുഖവിലക്കെടുക്കേണ്ടതാണ്. ബാലാകോട്ട് ഭീകരാക്രമണം അടക്കമുള്ള വിഷയങ്ങളെ ബി.ജെ.പി തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടങ്ങൾക്കുപയോഗിച്ചതെങ്ങനെ എന്ന് നമുക്കറിയാം. റഫാൽ ഇടപാടിനെ പച്ചയായി ന്യായീകരിച്ച വ്യോമസേന ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. ഈ ഭരണകൂടത്തിനു കീഴിൽ മറ്റു ഭരണഘടന സ്ഥാപനങ്ങളെപ്പോലെ സൈനിക സംവിധാനത്തിെൻറ അന്തസ്സത്തയും ചോർന്നു തുടങ്ങിയിരിക്കുന്നുവെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കേണ്ടത്. ഈ തീക്കളിക്കെതിരായ സമരംകൂടിയായി ഇപ്പോഴത്തെ പ്രക്ഷോഭം വികസിക്കാൻ കരസേന മേധാവിയുടെ പ്രസ്താവന കാരണമായിത്തീരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.