ശുഭകാര്യങ്ങൾക്ക് സമയം ഗണിച്ചുനോക്കൽ ഇവിടത്തെ നാട്ടുനടപ്പാണ്. കുടുംബത്തിൽ നടക്കുന്ന വിവാഹമായാലും സർക്കാർ വിലാസം പാലം പണിയായാലും ഐ.എസ്.ആർ.ഒയുടെ റോക്കറ്റ് വിക്ഷേപണമായാലും ശുഭമുഹൂർത്തം നോക്കിയേ കർമം ചെയ്യാവൂ എന്നാണ് അലിഖിത ചട്ടം.
ഒപ്പം, ഫലപ്രാപ്തിക്കായി സവിശേഷ പൂജയും വഴിപാടുമെല്ലാം ആവാം. ഭരണകർത്താക്കളുടെ സത്യപ്രതിജ്ഞ മുതൽ പുതിയ പാർലമെന്റിലേക്കുള്ള ‘ഗൃഹപ്രവേശം’ വരെ എപ്പോൾ നടത്തണമെന്ന് തീരുമാനിക്കുന്നത് ജ്യോതിഷികളാണ്. ഇതൊക്കെ അശാസ്ത്രീയവും അന്ധവിശ്വാസവുമാണെന്ന് ആരെങ്കിലും പറഞ്ഞാൽ, അയാൾ അതോടെ ആർഷ ഭാരത സംസ്കാരത്തെ അവഹേളിക്കുന്നവനായി.
സർവ മേഖലകളിലും കണ്ടുവരുന്ന ഈ ‘നാട്ടുനടപ്പ്’ കാൽപന്തുകളിയിൽ പരീക്ഷിച്ചതാണ് ഇഗോർ സ്റ്റിമാക്കിന് പുകിലായത്. നാലു വർഷമായി ദേശീയ ഫുട്ബാൾ ടീമിന്റെ പരിശീലകനാണ്. കളി ജയിക്കാൻ കുമ്മായ വരക്കുള്ളിലെ ചടുല നീക്കങ്ങളും തന്ത്രങ്ങളും മാത്രം മതിയാകില്ലെന്ന് തിരിച്ചറിഞ്ഞാണ്, ഇന്ത്യൻ മോഡലിൽ ഭാവ-രാശി ചക്രങ്ങൾകൂടി ഗണിച്ച് സോക്കർ മൈതാനത്ത് പുതിയൊരു ജ്യോതിഷ പരീക്ഷണത്തിനൊരുങ്ങിയത്. ജ്യോതിഷത്തെക്കുറിച്ചും ഭാരതത്തിന്റെ തനതു സംസ്കാരത്തെക്കുറിച്ചും ബോധമില്ലാത്ത കുറെ മാധ്യമപ്രവർത്തകർക്ക് ആ പരീക്ഷണം ഇഷ്ടപ്പെട്ടില്ല. അതാണിപ്പോൾ സ്റ്റിമാക്കിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
2019 മുതൽ ദേശീയ ഫുട്ബാൾ ടീമിന്റെ പരിശീലകനാണ്. അന്നുതൊട്ടേ, ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു. അതിന്റെ ഭാഗമായാണ്, തന്റെ പരിശീലകനായി ഒരു വിദേശ കോച്ചിനെക്കൂടി അനുവദിക്കാൻ ദേശീയ ഫുട്ബാൾ ഫെഡറേഷനോട് ആവശ്യപ്പെട്ടത്.
ഫെഡറേഷനുണ്ടോ അത് കേൾക്കുന്നു! അവർക്ക് ടീം ജയിച്ചാലും തോറ്റാലും സ്വന്തം കാര്യങ്ങൾ നന്നായി നടക്കണമെന്നേയുള്ളൂ. ഒരുവശത്ത് ടീമിന്റെ ദൈന്യത, മറുവശത്ത് സംഘാടകരുടെ അനാസ്ഥ. സ്റ്റിമാക് സങ്കടം പങ്കുവെച്ചത് ആ സമയത്ത് സംഘടനയുടെ സെക്രട്ടറിയായ കുശാൽ ദാസിനോടാണ്. സഹായിയായി ഇനിയുമൊരു വിദേശിയെയൊന്നും തരാനൊക്കില്ല, വേണമെങ്കിൽ നല്ലൊരു ജ്യോത്സ്യരെവെച്ച് പ്രശ്നം പരിഹരിക്കാമെന്നായി ടിയാൻ. തന്റെ കൈയിൽ ഇതിനുപറ്റിയ ആളുണ്ടെന്നും കുശാൽ പറഞ്ഞതോടെ ഒരു കൈ നോക്കാമെന്ന് സ്റ്റിമാക്കും. അങ്ങനെയാണ് ഭൂപേഷ് ശർമയെന്ന സെലിബ്രിറ്റി ജ്യോതിഷിയെ പരിചയപ്പെടുന്നത്.
സോക്കർ മേഖലയിൽ കാര്യമായ മുൻപരിചയമില്ലെങ്കിലും ഡൽഹിയിലെയും മുംബൈയിലെയുമെല്ലാം സിനിമ-രാഷ്ട്രീയ സെലിബ്രിറ്റികളുടെ ഗ്രഹനില ഗണിച്ചിട്ടുണ്ട് ഭൂപേഷ്. കളിക്കാരുടെ പ്രതിഭയും ശാരീരിക ക്ഷമതയും കളിതന്ത്രങ്ങളും മാത്രം പോരാ, കളിക്കാരുടെയും ടീമിന്റെയും സമയം കൂടി നന്നായാലേ കളി ജയിക്കൂ- ഇതാണ് ഭൂപേഷിന്റെ വിജയമന്ത്രം.
ആലോചിച്ചപ്പോൾ സ്റ്റിമാക്കിനും ശരിയെന്ന് തോന്നി. പ്രതിഭയുണ്ടായിട്ടും എത്രയെത്ര കളിക്കാരാണ് കണ്ണീരോടെ കളം വിട്ടിട്ടുള്ളത്. 94ൽ റോബർട്ടോ ബാജിയോക്കും 2014ൽ സാക്ഷാൽ ലയണൽ മെസ്സിക്കും ലോകകപ്പ് നഷ്ടമായത് നന്നായി കളിക്കാത്തതുകൊണ്ടായിരുന്നോ? അപ്പോൾ അവരുടെ സമയം ശരിയല്ലായിരുന്നുവെന്നുവേണം ഊഹിക്കാൻ. . അപ്പോൾ സമയം ഗണിക്കാനറിയാവുന്ന ഒരാളെ കൂടെക്കൂട്ടുക എന്നതാണ് ബുദ്ധി. ആ അതിബുദ്ധിയാണ് സ്റ്റിമാക് കാണിച്ചത്.
ക്യാമ്പിലെ കളിക്കാരുടെ ഗ്രഹനില ഓരോന്നായി ഭൂപേഷിന് എത്തിക്കാനുള്ള ഉത്തരവാദിത്തം സ്റ്റിമാക് തന്നെ ഏറ്റെടുത്തു. അത് വായിച്ച് അവരെ എപ്പോൾ എവിടെ കളിപ്പിക്കണമെന്ന് ഭൂപേഷ് ഉപദേശം നൽകി. സംഗതി ക്ലിക്കായതോടെ ഭൂപേഷിന് ശമ്പളം നിശ്ചയിച്ച് ടീമിന്റെ ‘ഒഫീഷ്യൽ ജ്യോതിഷി’യാക്കി. ഒരു ടീമിൽ ഫിറ്റ്നസ് ട്രെയിനറെയും ഡോക്ടറെയുമൊക്കെ ഉൾപ്പെടുത്താമെങ്കിൽ എന്തുകൊണ്ട് ജ്യോതിഷിയായിക്കൂടാ, വിശേഷിച്ചും നമ്മുടെ രാജ്യം ഇന്ത്യയിൽനിന്ന് ഭാരതത്തിലേക്ക് ചുരുങ്ങുമ്പോൾ.
വന്നുവന്ന് ആദ്യ ഇലവനിൽ ആര് കളിക്കണമെന്നുവരെ സമയം നോക്കി ഭൂപേഷ് പറയുന്ന സ്ഥിതിയായി. ഫിറ്റ്നസില്ലാത്ത കളിക്കാരൻ കളിക്കളത്തിലും മികച്ച ഫോമിലുള്ള താരങ്ങൾ ബെഞ്ചിലുമിരിക്കുന്ന അവസ്ഥവരെയുണ്ടായി. സംഗതി മാധ്യമങ്ങൾ അറിയുന്നതുവരെയും ഈ ‘കളി’ തുടർന്നു. സംഭവം പുറത്തുവന്നിട്ടും ആർക്കും പ്രത്യേകിച്ച് കുലുക്കമൊന്നുമില്ല. ഇതൊക്കെ സാധാരണമല്ലേ എന്നാണ് ഫെഡറേഷന്റെ നിലപാട്. സാക്ഷാൽ ബൂട്ടിയക്കുപോലും ഈ നിലപാടാണ്. കൊൽക്കത്തയിലൊക്കെ സമയം ഗണിച്ചുള്ള ഈ കാൽപന്തുകളി പണ്ടേയുണ്ടത്രെ. സ്റ്റിമാക് അത് ദേശീയ ടീമിൽ പരീക്ഷിച്ചുവെന്നുമാത്രം.
ക്രൊയേഷ്യയുടെ ഇതിഹാസ താരമാണ്. 91ൽ, യുഗാസ്ലോവിയയിൽനിന്ന് സ്വാതന്ത്ര്യം നേടുമ്പോൾതന്നെ സോക്കർ മൈതാനത്തുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, രണ്ട് രാജ്യങ്ങൾക്കുവേണ്ടി പന്തുതട്ടാൻ അവസരം ലഭിച്ച അപൂർവ താരങ്ങളിലൊരാളാണ്. 87ൽ, ഫിഫ വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ യുഗാസ്ലോവിയയുടെ താരമായിരുന്നു. ചിലിയിൽ നടന്ന ആ ടൂർണമെന്റിൽ ജേതാക്കളായതും യുഗാസ്ലോവിയ തന്നെ. ക്രൊയേഷ്യ പിറന്നതോടെ തുടക്കംതൊട്ട് ടീമിന്റെ ഭാഗമായി.
96ലെ യൂറോ കപ്പിൽ ക്വാർട്ടർ ഫൈനലിലെത്തിയതോടെ യൂഗാസ്ലോവിയയുടെ സോക്കർ ജീൻ ക്രൊയേഷ്യയിലാണെന്ന് ലോകം വിലയിരുത്തിയിരുന്നു. ക്വാർട്ടറിൽ ജർമനിയോടാണ് അവർ പരാജയപ്പെട്ടത്. രണ്ടു വർഷത്തിനുശേഷം ഫ്രാൻസിൽ നടന്ന ലോകകപ്പ് ക്വാർട്ടറിൽ അവരതിന് ജർമനിയോട് പകരം ചോദിച്ചു; ഏകപക്ഷീയമായ മൂന്നു ഗോളിന് ജർമൻ പടയെ തോൽപിച്ച് ആദ്യമായി ലോകകപ്പിനെത്തിയ ക്രൊയേഷ്യ സെമിയിൽ പ്രവേശിച്ചു. ആ മത്സരമൊരു ചരിത്രമായിരുന്നു.
മുൻനിരയിൽ തകർത്താടിയ ബോബനെയും സൂപ്പർ താരം ഡേവിഡ് സൂക്കറിനെയുമാണ് അന്ന് ലോകം മുഴുവൻ വാഴ്ത്തിയത്. പേക്ഷ, യഥാർഥ താരം പ്രതിരോധത്തിൽ വൻകോട്ട സൃഷ്ടിച്ച സ്റ്റിമാക്കായിരുന്നു. മാത്തായൂസും ക്ലീൻസ്മാനും ഹസ്ലറും മുളറും ബിയറോഫുമെല്ലാമടങ്ങുന്ന ജർമൻ ആക്രമണനിരയെ അയാൾ കൃത്യമായി പ്രതിരോധിച്ചു. ആ പ്രതിരോധത്തിനാണ് പട്ടാളക്കാർക്കും മറ്റും കൊടുക്കുന്ന ഓർഡർ ഓഫ് ദി ക്രൊയേഷ്യൻ ട്രിഫോയിൽ പുരസ്കാരം നൽകി രാജ്യം ആദരിച്ചത്.
തുടർന്നും നാലു വർഷം ദേശീയ ടീമിനൊപ്പം നിന്നു. ഇതിനിടെ, വെസ്റ്റ് ഹാം യുനൈറ്റഡ് അടക്കമുള്ള വമ്പൻ ക്ലബുകൾക്കും പ്രതിരോധപ്പൂട്ട് തീർത്തു. 2005 മുതൽ പരിശീലന രംഗത്തുണ്ട്. ഒരു വർഷം ക്രൊയേഷ്യൻ ദേശീയ ടീമിനെയും പരിശീലിപ്പിച്ചു. അൽ ശഹാനിയ അടക്കമുള്ള ക്ലബുകൾക്കും കളിപറഞ്ഞുകൊടുത്തു. അതൊക്കെ കഴിഞ്ഞാണ് ഇന്ത്യയിലെത്തിയത്.
പ്രായമിപ്പോൾ 56 കഴിഞ്ഞു. ഭൂപേഷിന് അയച്ചുകൊടുത്ത ഗ്രഹനിലപ്രകാരം കന്നി രാശിക്കാരനാണ്. ഈ വർഷം കന്നിരാശിക്കാർക്ക് ആറാം ഭാവത്തിൽ സഹപ്രവർത്തകരിൽനിന്ന് മികച്ച സഹകരണമുണ്ടാകും എന്നാണ് പ്രവചനം. സ്റ്റിമാക്കിന്റെ കാര്യത്തിൽ അത് ശരിയാണ്. ഈ വർഷം മൂന്ന് ചാമ്പ്യൻ പട്ടങ്ങളാണ് ടീമിന് നേടിക്കൊടുത്തത്. സാഫ് ചാമ്പ്യൻഷിപ്, ത്രിരാഷ്ട്ര പരമ്പര, ഇന്റർ കോണ്ടിനെന്റൽ കപ്പ്. പക്ഷേ, ഈ നേട്ടങ്ങളൊന്നും നമ്മുടെ അധികാരികൾ കാണുന്നില്ല. അതുകൊണ്ടാണ്, ഏഷ്യൻ ഗെയിംസിന് ഫുട്ബാൾ ടീമിനെ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. അതിനെതിരെ ആദ്യം രംഗത്തുവന്നത് സ്റ്റിമാക്കാണ്. പ്രതിഷേധം സോഷ്യൽ മീഡിയയിലും ആവർത്തിച്ചതോടെ ചെറിയ അച്ചടക്ക നടപടികളിലേക്കും അത് വഴിമാറി. അതുകൊണ്ടൊന്നും സ്റ്റിമാക്കിനെ പിന്തിരിപ്പിക്കാനാവില്ല. ക്രൊയേഷ്യൻ മോഡലിൽ ഇന്ത്യൻ ടീമിനെയും വളർത്തുമെന്നാണ് ശപഥം ചെയ്തിരിക്കുന്നത്. അതിനുവേണ്ടി എത്ര ജ്യോതിഷികളെയും സമീപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.