1992 ഡിസംബർ ആറിന് സംഘ്പരിവാർ കർസേവകർ അയോധ്യയിലെ ബാബരി മസ്ജിദ് തല്ലിത്തകർത്ത സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനക്കേസിൽ പ്രതികളായ ബി.ജെ.പിയുടെ സമുന്നതനേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, കല്യാൺസിങ് അടക്കമുള്ള 32 പേരെ ലഖ്നോവിലെ പ്രത്യേക സി.ബി.െഎ കോടതി ബുധനാഴ്ച വെറുതെ വിട്ടു. ബാബരിമസ്ജിദ് പൊളിച്ചത് മുൻകൂട്ടിയുള്ള ഗൂഢാലോചനയുടെ ഫലമായാണെന്ന് തെളിയിക്കുന്നതിൽ സി.ബി.െഎ പരാജയപ്പെട്ടതായും ധ്വംസനം പൊടുന്നനെയും ആകസ്മികവുമായിരുന്നുവെന്നും പ്രത്യേക കോടതി ജഡ്ജി എസ്.കെ. യാദവ് വിധിയെഴുതി.
1992 ഡിസംബർ ആറിെൻറ കറുത്ത ഞായറാഴ്ച പട്ടാപ്പകൽ ലോകം മുഴുവൻ വീക്ഷിച്ചുകൊണ്ടിരിക്കെ ഹിന്ദുത്വ കർസേവകർ ബാബരി മസ്ജിദിെൻറ താഴികക്കുടങ്ങൾ തല്ലിത്തകർത്ത് താഴെയിട്ട് പള്ളി നിന്ന സ്ഥലം നിരപ്പാക്കി അവിടെ താൽക്കാലിക ക്ഷേത്രം കെട്ടിപ്പൊക്കിയത് ലോകചരിത്രത്തിലെ തന്നെ കറുത്ത അധ്യായങ്ങളിലൊന്നായിരുന്നു. മസ്ജിദ് ഒരു സുപ്രഭാതത്തിൽ ഏതാനും പേർ മാരകായുധങ്ങളുമായി വന്നു തകർക്കുകയായിരുന്നില്ല.
പള്ളിയുടെ പൂട്ടുപൊളിച്ച് രാമപൂജക്കു തുറന്നുകൊടുത്തതു മുതൽ ക്ഷേത്ര ശിലാന്യാസം, രാമപാദുക പൂജ, രാജ്യവ്യാപകമായ രഥയാത്ര എന്നിവയിലൂടെ ശ്രീരാമെൻറ പേരിൽ ഹിന്ദുമതവികാരം ഇളക്കിവിട്ട് സംഘ്പരിവാർ വർഷങ്ങളെടുത്തു നടത്തിയ വർഗീയപ്രക്ഷാളനത്തിനൊടുവിലായിരുന്നു 1992 ലെ കർസേവ. രാജ്യത്തിെൻറ നാനാഭാഗത്തുനിന്നു ഹിന്ദുത്വകർസേവകരെ എത്തിച്ചു സംഘ്പരിവാർ നേതാക്കളായ എൽ.കെ. അദ്വാനി, എ.ബി. വാജ്പേയി, വി.എച്ച്.പി നേതാവ് അശോക് സിംഗാൾ, ബജ്റങ്ദൾ നേതാവ് വിനയ് കത്യാർ, ശിവസേന ചീഫ് ബാൽതാക്കറെ എന്നിവർ ഹിന്ദുത്വപരിവാറിനെ ഇളക്കിവിട്ട് തെളിച്ചുകൂട്ടുകയായിരുന്നു അയോധ്യയിൽ.
ഈ നേതാക്കളുടെ നേതൃത്വത്തിൽ നിരവധി യോഗങ്ങൾ ചേർന്ന്, തട്ടുപൊളിപ്പൻ വർഗീയപ്രഭാഷണങ്ങൾ നടത്തി പള്ളി പൊളിക്കാൻ അനുയായികളെ കയറൂരി വിടുന്നതും അവർ 'കർസേവ' നിർവഹിക്കുന്നതും പള്ളി പൊളിക്കുന്നതു കണ്ട് ഹിന്ദുത്വനേതാക്കൾ ഉന്മാദനൃത്തം ചവിട്ടുന്നതും ലോകം മുഴുവൻ കണ്ടതാണ്. ആ കാഴ്്ചകളുടെ നേർപതിപ്പുകൾ കണ്ട സാക്ഷികളുടെയും ഒാഡിയോ, വിഡിയോ ക്ലിപ്പുകളുടെയും പത്ര, ചാനൽ റിപ്പോർട്ടുകളുടെയും പടങ്ങളുടെയും രൂപത്തിൽ കോടതി മുമ്പാകെ സി.ബി.െഎ എത്തിച്ചു. 30,000ത്തിനും 40,000ത്തിനുമിടയിൽ സാക്ഷികളുണ്ടായിരുന്നു അവരുടെ കണക്കിൽ. അതിൽ പൊലീസുകാരും മാധ്യമപ്രവർത്തകരുമടക്കം 1026 പേരുടെ പട്ടിക തയാറാക്കി.
351 പേർ സി.ബി.െഎ കോടതിയിൽ തന്നെ ഹാജരായി മൊഴി നൽകി. നേതാക്കളുടെ പ്രഭാഷണങ്ങളുടെ ടേപ്പ് സഹിതമാണ് 1990 മുതൽ ഇതിനുള്ള കൃത്യവും കണിശവുമായ ഗൂഢാലോചന നടന്നെന്നു സി.ബി.െഎ സമർഥിച്ചത്. ഇക്കണ്ട തെളിവുകളെല്ലാം തള്ളിയാണ് കേസിലുൾപ്പെട്ട മുഴുവൻ പേരെയും കോടതി വെറുതെ വിട്ടിരിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമമനുസരിച്ച് ക്രിമിനൽ ഗൂഢാലോചന, കലാപം ഇളക്കിവിടൽ, വിവിധ വിഭാഗങ്ങൾക്കിടയിൽ പകയും ശത്രുതയും ജനിപ്പിക്കൽ, നിയമവിരുദ്ധമായി സംഘംചേരൽ എന്നീ കുറ്റങ്ങളാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്ന 49 പേർക്കെതിരെ സി.ബി.െഎ ഉന്നയിച്ചിരുന്നത്.
എന്നാൽ, അതു സ്ഥാപിക്കാൻ സി.ബി.െഎ കൊണ്ടുവന്നതൊന്നും മതിയായ തെളിവല്ലെന്നാണ് കോടതിയുടെ വിധി. മാത്രമല്ല, സി.ബി.െഎയിൽ നിന്നു വ്യത്യസ്തമായി, അശോക് സിംഗാളിനെപ്പോലുള്ള നേതാക്കൾ ആൾക്കൂട്ടത്തെ അമർച്ച ചെയ്യാനാണ് ശ്രമിച്ചതെന്ന കൗതുകകരമായ നിരീക്ഷണം കൂടി കോടതിക്കുണ്ട്.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ഇതുവരെ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകൾ മുന്നിലിരിക്കെ, ഇത്തരമൊരു വിധി ആകസ്മികമെന്നു പറഞ്ഞുകൂടാ. അതേസമയം, ഒരു വിലക്ഷണവിസ്മയമായി ഇത് എന്നുപറയാം-കഴിഞ്ഞ വർഷം ബാബരി ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കത്തിന്മേലുള്ള സുപ്രീംകോടതി വിധിപോലെ തന്നെ.
1949ൽ ബാബരിമസ്ജിദിനകത്ത് ശ്രീരാമ വിഗ്രഹങ്ങൾ സ്ഥാപിച്ചത് ആരാധനാലയത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണെന്നും 1992ൽ ബാബരിപള്ളി തകർത്തത് അത്യന്തം ഹീനമായ നിയമലംഘനമാണെന്നും വ്യക്തമാക്കിത്തന്നെ മസ്ജിദ് ഭൂമി ക്ഷേത്രത്തിനു വിട്ടുകൊടുക്കാനായിരുന്നു കഴിഞ്ഞ നവംബർ എട്ടിെൻറ സുപ്രീംകോടതി തീർപ്പ്.
ഇപ്പോൾ പള്ളി പൊളിച്ചതൊക്കെ അംഗീകരിച്ചു പക്ഷേ, പൊളിപ്പിക്കാൻ നിന്നവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നതിനു തെളിവില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് കോടതി. വിധി കേട്ട് ആഹ്ലാദപൂർവം പുറത്തിറങ്ങിയ പ്രതികളിലൊരാളായ ബി.ജെ.പി നേതാവ് ജയ് ഭഗവാൻ ഗോയൽ 'പൊളിച്ചതു ഞങ്ങൾ തന്നെ, അടുത്തത് കാശി, മഥുര പള്ളികളാണ്' എന്നു വിളിച്ചുപറഞ്ഞത് കോടതിവിധിയുടെ യഥാതഥമായ ചിത്രം നൽകുന്നുണ്ട്.
ഇത് പുതിയ ഇന്ത്യയാണ് എന്ന് ആക്ടിവിസ്റ്റും നിയമജ്ഞനുമായ പ്രശാന്ത് ഭൂഷണെപോലുള്ളവർ പ്രതികരിച്ചത് വെറുതെയല്ല. ചരിത്രയാഥാർഥ്യങ്ങളും വസ്തുതകളും വിളിച്ചുപറഞ്ഞുതന്നെ അർഹരുടെ അവകാശം അപഹർത്താക്കൾക്കും ധ്വംസകർക്കും വീതം വെക്കുന്ന വിധിയെഴുത്തുകളാണ് ഇൗ പുതിയ ഇന്ത്യയുടെ തലയിലെഴുത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.