ലോകബാങ്ക്, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി, അമേരിക്കയിലെ ഡാർട്മൗത്ത് കോളജ് എന്നീ സ്ഥാപനങ്ങളിലെ ഗവേഷകർ ചേർന്ന് ഇന്ത്യയിലെ 5,000 ഗ്രാമങ്ങളും 2,300 നഗരങ്ങളും ആധാരമാക്കി നടത്തിയ പഠനത്തിെൻറ ഫലങ്ങൾ പുറത്തുവന്നിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകളുടെ അവസ്ഥയെക്കുറിച്ചാണ് പഠനം. അതുപ്രകാരം അമേരിക്കയിലെ ആഫ്രോ-അമേരിക്കൻ വംശജെരക്കാൾ മോശമാണ് ഇന്ത്യൻ മുസ്ലിംകളുടെ സ്ഥിതി. ആഫ്രോ-അമേരിക്കൻ സമൂഹത്തിന് 34 ശതമാനത്തിന് വിദ്യാഭ്യാസം ലഭിക്കുേമ്പാൾ ഇന്ത്യൻ മുസ്ലിംകളിൽ അത് 28 ശതമാനം മാത്രമാണ്. പ്രധാനമായും ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ അവസ്ഥയെ കേന്ദ്രീകരിച്ചാണ് പഠനം. നഗരവാസികളിലും ദക്ഷിണേന്ത്യൻ മുസ്ലിംകളിലും സ്ഥിതി കുെറകൂടി മെച്ചമാണെന്ന് പഠനത്തിൽ വ്യക്തമായി. സാമൂഹിക സ്ഥിതി നിലവാരസൂചികയിൽ പട്ടികജാതി/വർഗങ്ങൾ മുസ്ലിംകളെ അപേക്ഷിച്ച് വളരെ മുന്നിലാണ്.
ഇൗ കണക്കുകൾ ആരെയും അമ്പരപ്പിക്കുകയോ അത്ഭുതപ്പെടുത്തുകയോ ഇല്ല. കാരണം, സ്വാതന്ത്ര്യാനന്തരമുള്ള 50 വർഷത്തെ ഇന്ത്യൻ മുസ്ലിംകളുടെ അവസ്ഥയെ സംബന്ധിച്ച് വസ്തുനിഷ്ഠമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ യു.പി.എ സർക്കാറിെൻറ ഒന്നാം ഉൗഴത്തിൽ പ്രധാനമന്ത്രി മൻമോഹൻ സിങ് 2005 ഏപ്രിലിൽ നിയോഗിച്ച ജസ്റ്റിസ് രജീന്ദർ സച്ചാർ സമിതി 2006 നവംബർ 30ന് സമർപ്പിച്ച സമഗ്ര പഠന റിപ്പോർട്ട് അനാവരണംചെയ്ത വസ്തുതകൾക്ക് അടിവരയിടുകയാണ് അമേരിക്കൻ ഗവേഷക സംഘത്തിെൻറ പഠനവും ചെയ്തിരിക്കുന്നത്. 2001ലെ െസൻസസിനെ അടിസ്ഥാനപ്പെടുത്തി സച്ചാർ സമിതി കണ്ടെത്തിയത് ഇന്ത്യയിലെ മുസ്ലിം സാക്ഷരത 59.1 ശതമാനം മാത്രമാണെന്നാണ്; ദേശീയ ശരാശരിയാകെട്ട 65.1 ശതമാനവും. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും മുസ്ലിം കുട്ടികളുടെ പഠനവർഷങ്ങൾ മറ്റെല്ലാ വിഭാഗങ്ങെളക്കാളും കുറവാണ്. ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളിൽ 25 ശതമാനം ശമ്പളക്കാരാണെങ്കിൽ മുസ്ലിംകളിൽ വെറും 13 ശതമാനമേ ശമ്പളക്കാരുള്ളൂ എന്നും സച്ചാർ സമിതി കണ്ടെത്തി. പട്ടികജാതി/വർഗങ്ങൾക്ക് സർക്കാർ ജോലികളിൽ സംവരണമുള്ളതിനാൽ ആ മേഖലയിൽ മുസ്ലിംകെളക്കാൾ ഭേദമാണവരുടെ സ്ഥിതി. കേരളം, കർണാടക തുടങ്ങിയ ഏതാനും സംസ്ഥാനങ്ങളിലേ മുസ്ലിം സംവരണമുള്ളൂ. സച്ചാർ സമിതി യഥാസമയം റിേപ്പാർട്ടും ശിപാർശകളും സമർപ്പിച്ചുവെങ്കിലും അത് പാർലമെൻറ് മുമ്പാകെ വരാൻ ഏറെ വൈകി. പിന്നീടും തുടർനടപടികളുണ്ടായില്ല. മുസ്ലിം സ്ഥിതി മെച്ചപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ബോധപൂർവം ശ്രമിച്ചുമില്ല. നേരത്തേത്തന്നെ മുസ്ലിംകൾ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിൽ കഴിയുന്ന കേരളത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നില ഭേദമാണെന്ന് യു.എസ് ഗവേഷകരും ചൂണ്ടിക്കാട്ടുന്നു. അതായിരുന്നു സച്ചാർ സമിതിയുടെയും പഠനത്തിൽ തെളിഞ്ഞത്.
സച്ചാർ സമിതി റിപ്പോർട്ട് അപ്പാടെ തള്ളിക്കളഞ്ഞ ബി.െജ.പിയുടെ സർക്കാറുകളാണ് ഇപ്പോൾ കേന്ദ്രവും ബഹുഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിക്കുന്നത് എന്നിരിക്കെ സ്ഥിതി മെച്ചപ്പെടാൻ ഒരു സാധ്യതയുമില്ലെന്ന് വ്യക്തം. സച്ചാർ കമ്മിറ്റി ചൂണ്ടിക്കാട്ടിയപോലെ സ്വത്വവും ദേശക്കൂറും നിരന്തരം ചോദ്യംചെയ്യപ്പെടുകയും തീവ്രവാദവും ഭീകരതയും അന്ധമായി ആരോപിക്കപ്പെടുകയും ചെയ്യുന്ന ഒരു സമുദായത്തിന് വിദ്യാഭ്യാസം നേടാനോ തുല്യതയും സാമൂഹികനീതിയും കൈവരിക്കാനോ സാധിക്കുന്നതെങ്ങനെ? വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കടുത്ത മുസ്ലിം വിരോധവും മതേതര പാർട്ടികളുടെനേരെ മുസ്ലിം പ്രീണനാരോപണവും ശക്തിപ്പെടുത്തി വർഗീയ ധ്രുവീകരണത്തിന് ആക്കംകൂട്ടി നേട്ടംകൊയ്യാനാണ് സംഘ്പരിവാറും അവരുടെ സർക്കാറുകളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 15-16 ശതമാനംവരുന്ന ഒരു ജനസഞ്ചയത്തെ തീർത്തും പ്രാന്തവത്കരിച്ചുകൊണ്ടും സ്വന്തം കാലിൽ നിൽക്കാനുള്ള അവരുടെ യത്നങ്ങളുടെ മാർഗത്തിൽപോലും തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടും അവഗണനയും അസ്പൃശ്യതയും നയമായി സ്വീകരിച്ചുകൊണ്ടും എങ്ങനെയാണ് സന്തുലിത രാഷ്ട്രപുരോഗതി സാധ്യമാവുകയെന്ന് ഇവർ ആലോചിക്കുന്നേയില്ല.
ഇപ്പോൾ പുറത്തുവന്നതുപോലുള്ള പഠന റിപ്പോർട്ടുകൾ രാഷ്ട്രാന്തരീയ തലത്തിൽ ചർച്ചാവിഷയമാവുേമ്പാൾ അത് ഇന്ത്യയുടെ പ്രതിച്ഛായയെ എങ്ങനെ ബാധിക്കും എന്നതും വർഗീയ ഫാഷിസ്റ്റുകളുടെ ചിന്താവിഷയമല്ല. ചിരകാലമായി മനസ്സുകളെ കീഴ്പ്പെടുത്തിയിരിക്കുന്ന പരമത ദ്വേഷവും പകയും അസഹിഷ്ണുതയുമാണ് പച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത് ന്യൂനപക്ഷത്തെ മാത്രം അലോസരപ്പെടുത്തുകയോ ആശങ്കാകുലരാക്കുകയോ ചെയ്യേണ്ട പ്രശ്നമല്ല; സ്വതന്ത്ര മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ ഒന്നാവുകയും നന്നാവുകയും ലോകത്തിെൻറ മുന്നിൽ തലയുയർത്തിപ്പിടിക്കുകയും വേണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മതേതര കൂട്ടായ്മകളും ദേശസ്നേഹികളും സഗൗരവം പരിഗണിക്കേണ്ട യാഥാർഥ്യമാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ, സങ്കുചിത മനസ്കരും അസഹിഷ്ണുക്കളുമായ ശക്തികളെ അധികാര ഭ്രഷ്ടരാക്കിയേ തീരൂ എന്നവർ പ്രതിജ്ഞയെടുക്കണം. നീതി നിഷേധിക്കപ്പെട്ട സമൂഹങ്ങൾ ഭരണഘടനാദത്തമായ അധികാരാവകാശങ്ങൾക്കും അവസരങ്ങൾക്കും വേണ്ടി ഒറ്റക്കെട്ടായി പൊരുതുകയും വേണം. വിഭാഗീയതാൽപര്യങ്ങളും സ്വാർഥചിന്തയും ആ മാർഗത്തിൽ തടസ്സമായിത്തീർന്നാൽ ചരിത്രത്തിെൻറ ചവറ്റുകൊട്ടയിലവർ എറിയപ്പെടുന്നകാലം വിദൂരമല്ലതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.