കേരളത്തോടൊപ്പം പശ്ചിമബംഗാളിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഭൂതപൂർവമായ രാഷ്ട്രീയ സംഭവവികാസങ്ങളും മാറ്റങ്ങളുമാണ് സംസ്ഥാനത്ത് കാണാനാവുന്നത്. 294 അംഗ നിയമസഭയിൽ 211 സീറ്റുകളും കൈയടക്കിയ തൃണമൂൽ കോൺഗ്രസ് മൂന്നാമൂഴത്തിനു കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം സഫലമാവാനും വിഫലമാവാനുമുള്ള തുല്യസാധ്യതകളാണ് നിരീക്ഷകർ പ്രവചിക്കുന്നത്. ബംഗാളിൽ പ്രസ്താവ്യമായ ഒരു രാഷ്ട്രീയശക്തിയേ അല്ലാതിരുന്ന ബി.ജെ.പി 2020ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടി അപ്രതീക്ഷിത മുന്നേറ്റത്തിെൻറ ബലത്തിൽ എന്തു വിലകൊടുത്തും ബംഗാൾ പിടിയിലൊതുക്കാനുള്ള സകല തന്ത്രങ്ങളും പുറത്തെടുത്തിരിക്കുകയാണ്. തദ്ഫലമായി മമത ബാനർജിയുടെ ഏറ്റവും അടുത്ത സഹായികളും തൃണമൂലിെൻറ ഒന്നാംകിട നേതാക്കളും കാവിക്യാമ്പിലേക്ക് ചേക്കേറുന്ന വാർത്തകളാണ് നിത്യേന വന്നുകൊണ്ടിരിക്കുന്നത്. മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ നേതാവുമായ ദിനേശ് ദ്വിവേദി ഇൗയാഴ്ചയാണ് രാജ്യസഭാംഗത്വം രാജിവെച്ച് ബി.ജെ.പി പാളയത്തിൽ അഭയംപ്രാപിക്കുന്നത്. മുകുൾ റോയിയിൽ നിന്നു തുടങ്ങി മുൻ മന്ത്രി റജീബ് ബാനർജി വരെ നീണ്ട നിര ഇതിനകം മമതയെ കൈയൊഴിഞ്ഞു കാവിക്കൊടി പറപ്പിച്ചുകഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷൻ ജെ.പി. നഡ്ഡയും ബംഗാളിൽ തമ്പടിച്ച് തീവ്ര ദേശീയവികാരം പരമാവധി ആളിക്കത്തിച്ച് ഹൈന്ദവ ഏകീകരണത്തിലൂടെ ഭരണം പിടിച്ചെടുക്കാൻ നടത്തുന്ന ശ്രമം ലക്ഷ്യംകാണാതെ പോവില്ലെന്നാണ് വലതുപക്ഷത്തിെൻറ കണക്കുകൂട്ടൽ. സമ്മതിദായകരിൽ 27 ശതമാനം വരുന്ന മുസ്ലിംകൾ 130 മണ്ഡലങ്ങളിൽ നിർണായകമായതിനാൽ അവരുടെ പിന്തുണയിലായിരുന്നു തൃണമൂൽ ഇതുവരെ പിടിച്ചുനിന്നത്. ഈ വോട്ടുബാങ്ക് ശിഥിലമാക്കുകവഴി മമത ബാനർജിയെ അധികാര ഭ്രഷ്ടയാക്കാൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് സംഘ്പരിവാർ. അതേ തന്ത്രമാണല്ലോ വൻ ഭൂരിപക്ഷത്തോടെ യു.പി പിടിച്ചെടുക്കാനും ലോക്സഭയിൽ വൻ ഭൂരിപക്ഷം നേടിയെടുക്കാനും അവരെ സഹായിച്ചത്. മൂന്നു പതിറ്റാണ്ടു കാലത്തെ മാർക്സിസ്റ്റ് ഭരണത്തിൽ സച്ചാർ കമ്മിറ്റി വസ്തുതാപരമായി അനാവരണം ചെയ്ത കടുത്ത വിവേചനവും അവഗണനയും സഹിച്ച മുസ്ലിംകൾ മാറി ചിന്തിച്ചു മമതയോടൊപ്പം നിലകൊണ്ടതായിരുന്നു കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും സംഭവിച്ചത്. എന്നാൽ, മതേതരഭൂമികയിലാണ് മമതയും നിലയുറപ്പിച്ചതെങ്കിലും സവർണ ജാതികളുടെ സമ്മർദങ്ങൾക്കു മുന്നിൽ നിസ്സഹായയാവുന്ന മുഖ്യമന്ത്രിെയയാണ് അവർക്ക് കാണാനായത്. തന്മൂലം ആസന്നമായ തെരഞ്ഞെടുപ്പിൽ എന്തു നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കാനാവാതെ തികഞ്ഞ അനിശ്ചിതത്വത്തിലാണ് അവരിൽ ഒരു വിഭാഗം. മറ്റൊരു വിഭാഗമാവട്ടെ, എന്തെന്ത് വീഴ്ചകളുണ്ടെങ്കിലും പൗരത്വ ഭേദഗതി നിയമത്തിെൻറ മറവിൽ ഗണ്യമായ തോതിൽ മുസ്ലിംകളെ നാടുകടത്തുകയോ തടങ്കൽക്യാമ്പുകളിലേക്ക് ആട്ടിത്തെളിയിക്കുകയോ ചെയ്യുമെന്ന് തറപ്പിച്ചുപറയുന്ന ബി.ജെ.പിക്ക് അവസരം നൽകാതിരിക്കാൻ തൃണമൂലിെൻറ പിന്നിൽ തന്നെ നിലയുറപ്പിക്കുന്നതാണ് വിവേകത്തിെൻറ വഴിയെന്ന് വിശ്വസിക്കുന്നു.
ഒരു മുസ്ലിം നേതാവിെൻറ ഭാഷയിൽ, കടുവക്കും മുതലക്കുമിടയിൽ അകപ്പെട്ട മുസ്ലിംകളെ ഇനി സെക്കുലർ പാർട്ടികളിൽ വിശ്വാസമർപ്പിച്ചിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെടുത്തി സ്വന്തം കൊടിക്കീഴിൽ കൊണ്ടുവരാനാണ് ഹൈദരാബാദുകാരനായ എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസിയുടെ നീക്കം. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗാൾ അതിർത്തിയിലെ സീമാപൂരിൽ അഞ്ചു സീറ്റുകൾ നേടിയ ആത്മവിശ്വാസം ഉവൈസിക്ക് തുണയാണ്. എന്നാൽ, ഒറിജിനൽ ബംഗാളി മുസ്ലിംകളിൽ വേരുകളില്ലാത്ത ഉവൈസിക്ക് ഉർദു സംസാരിക്കുന്ന 10 ശതമാനത്തോളം വരുന്ന കുടിയേറ്റക്കാരിലാണ് എന്തെങ്കിലും ചെയ്യാനാവുന്നത്. ബംഗാളി സംസാരിക്കുന്ന മഹാഭൂരിപക്ഷം മുസ്ലിംകളുടെ ആത്മീയരക്ഷകനായി മുേമ്പ അവതരിച്ച അബ്ബാസ് സിദ്ദീഖി പുതുതായി രൂപവത്കരിച്ച ഇന്ത്യൻ സെക്കുലർ ഫ്രണ്ട് ആഴ്ചകൾക്കകം നിർണായക സ്വാധീനശക്തിയായി മാറുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. ദലിത്-പിന്നാക്ക-മുസ്ലിം സംയുക്ത പ്ലാറ്റ്ഫോം അവഗണിക്കാനാവാത്ത ശക്തിയായി തീരുമെന്നാണ് സിദ്ദീഖിയുടെ വാഗ്ദാനം. അസദുദ്ദീൻ ഉവൈസി മാത്രമല്ല, കോൺഗ്രസ്-സി.പി.എം സഖ്യവും അദ്ദേഹവുമായി സഖ്യത്തിലേർപ്പെടാനുള്ള നീക്കത്തിലാണ്. ന്യൂനപക്ഷങ്ങൾ സ്വന്തമായി സംഘടിക്കുന്നത് വിനാശകരമാണെന്നും അത് ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്തുമെന്നും കേരളത്തിലടക്കം ഉദ്ഘോഷിക്കുന്ന സി.പി.എം ഒരുകാലത്ത് തങ്ങളുെട െചാൽപ്പടിയിലായിരുന്ന ബംഗാളിൽ ന്യൂനപക്ഷത്തിെൻറ അചഞ്ചല പിന്തുണ പതിറ്റാണ്ടുകളോളം ലഭിച്ചിട്ടും ഇപ്പോൾ നിയമസഭയിൽ പ്രാതിനിധ്യത്തിനു മതനേതാവ് അബ്ബാസ് സിദ്ദീഖിനെ കൂട്ടുപിടിക്കേണ്ട ഗതികേടിലെത്തിയെങ്കിൽ അതിേൻറതായ സന്ദേശം അത് നൽകുന്നുണ്ട്. അതേസമയം, മുസ്ലിം വോട്ടുകൾ ശിഥിലമാവുന്നതിൽ ബി.ജെ.പി സന്തുഷ്ടരാണെന്ന സത്യവും കാണാതിരുന്നുകൂടാ. മമത ഭരണത്തിലെ അഴിമതിയും തൃണമൂൽ പാർട്ടിക്കാരുടെ ഗുണ്ടായിസവും അതിക്രമങ്ങളുമാണ് ബി.ജെ.പി, കോൺഗ്രസ്, ഇടതുപാർട്ടികൾ തുടങ്ങി എല്ലാവരുടെയും പ്രചാരണായുധങ്ങളെന്നതും ശ്രദ്ധേയമാണ്. മമത ബാനർജി പരമാവധി ലളിതജീവിതം നയിക്കുന്ന, അഴിമതിയുടെ കറപുരളാത്ത ധീരവനിതയാണെന്നത് ശരിയാവാം. പക്ഷേ, അവരുടെ അനന്തരാവകാശി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഭിഷേക് ബാനർജിയെക്കുറിച്ച് സമൂഹത്തിെൻറ അഭിപ്രായം വ്യത്യസ്തമാണ്. നേരത്തേ ഇടതുമുന്നണി ഭരണത്തിൽ ജനങ്ങളെ അടക്കിഭരിച്ചവരും അഴിമതി നടത്തിയവരുമൊക്കെ തൃണമൂലിലേക്ക് കാലുമാറിയപ്പോഴാണ് മമതക്ക് വാഴാൻ അവസരം ലഭിച്ചത്. മാറിയ സാഹചര്യത്തിൽ പണവും സ്ഥാനമാനങ്ങളും കൊതിച്ചും ജാതീയത ഉയർത്തിപ്പിടിച്ചും ന്യൂനപക്ഷവിരോധം കൈമുതലാക്കിയും അതേയാളുകൾ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ്. സങ്കീർണമായ ഈ രാഷ്ട്രീയസാഹചര്യം തൂക്കുസഭയിലെത്തിക്കാനുള്ള സാധ്യതയും നിരാകരിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.