പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാളായിരുന്നു സെപ്റ്റംബർ 17 വ്യാഴാഴ്ച. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് രണ്ടാമൂഴത്തിൽ അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിക്ക് വിവിധ ലോകനേതാക്കൾ ഹൃദയംഗമമായ ആശംസാസന്ദേശങ്ങൾ അയച്ചു.
രാജ്യത്തെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാ പ്രമുഖരും പ്രധാനമന്ത്രിക്ക് ആയുരാരോഗ്യ സൗഖ്യം നേർന്നു. കേന്ദ്രത്തിലെ ഭരണകക്ഷിയായ ബി.ജെ.പിയാകെട്ട, തങ്ങളുടെ സർവസ്വമായ നേതാവിെൻറ പിറന്നാളാഘോഷം കെേങ്കമമാക്കുന്നതിനു വിവിധ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. സെപ്റ്റംബർ 14 മുതൽ 20 വരെ നീണ്ടുനിൽക്കുന്ന സേവനവാരം തന്നെ പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡ പ്രഖ്യാപിച്ചിരിക്കുന്നു.
മുമ്പ് ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാർഥികൾക്ക് സേവനപ്രവർത്തനങ്ങളിൽ ആഭിമുഖ്യം വളർത്താൻ സേവനവാരം കൊണ്ടാടുന്ന പതിവുണ്ടായിരുന്നു. അതേ മാതൃകയിൽ പ്രധാനമന്ത്രി മോദിയുടെ സേവനസമ്പന്നമായ ജീവിതയാത്രയിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് പാർട്ടി സേവനസപ്താഹ യജ്ഞവുമായി ഇറങ്ങിത്തിരിക്കുന്നതെന്നാണ് പാർട്ടി അധ്യക്ഷെൻറ വിശദീകരണം.
അങ്ങനെ എഴുപതിൽ പൊതിഞ്ഞ ഒരു കൂട്ടം പരിപാടികളും പാർട്ടി രാജ്യവ്യാപകമായി അവതരിപ്പിക്കുന്നുണ്ട്. 70 ഭിന്നശേഷിക്കാർക്ക് കൃത്രിമാവയവങ്ങൾ, ദൃഷ്ടിഭംഗമുള്ള 70 പേർക്ക് കണ്ണടകൾ, ഭാരതീയ ജനത യുവമോർച്ചയുടെ 70 രക്തദാന ക്യാമ്പുകൾ, ഒാരോ ബൂത്തിലും 70 തൈ നടീൽ, എല്ലാ ജില്ലകളിലും 70 ഗ്രാമങ്ങളിൽ ശുചീകരണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് പിറന്നാളാഘോഷത്തിനൊരുക്കിയിരിക്കുന്നത്.
ഇതിനു പുറമെ നരേന്ദ്ര മോദിയുടെ 'ജീവിതവും ദൗത്യവും' വ്യക്തമാക്കുന്ന 70 വെർച്വൽ കോൺഫറൻസുകൾ നടത്താനും സമൂഹ മാധ്യമങ്ങളിൽ പിറന്നാൾ ദിനം എഴുപത് സ്ലൈഡുകൾ വിതരണം നടത്താനും പദ്ധതിയിട്ടു. വിവിധ സംസ്ഥാന ഘടകങ്ങൾ നേതാവിെൻറ പിറന്നാൾ ഉത്സവമാക്കാൻ അഹമഹമികയാ മത്സരത്തിലാണ്. അതുവഴി രാഷ്ട്രശിൽപികളായും പ്രധാനമന്ത്രിപദങ്ങളിൽ ജനകീയരായും വിരാജിച്ച മുൻനേതാക്കളുടെ വ്യക്തിപ്രഭാവങ്ങൾക്ക് അതീതമായി മോദിയെ ചിരപ്രതിഷ്ഠനാക്കാനുള്ള ശ്രമമാണ് പാർട്ടി അധികാര മെഷിനറിയും ആൾക്കരുത്തും ഉപയോഗിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നത്
രാജ്യത്തെ ഏതാണ്ടെല്ലാ മുഖ്യധാരാ മാധ്യമങ്ങളും പതിവിൽ കവിഞ്ഞ പ്രാധാന്യം പ്രധാനമന്ത്രിയുടെ ജന്മദിനത്തിന് നൽകി. അപദാനങ്ങൾ പാടിപ്പറഞ്ഞ് അദ്ദേഹത്തെ ഇതിഹാസമാക്കി മാറ്റാൻ ശ്രമിച്ചവരും ഭരണനേട്ടങ്ങൾ എടുത്തുകാട്ടി അദ്വിതീയനും അതുല്യനുമായ ഇന്ത്യൻ ഭരണാധികാരിയായി അദ്ദേഹത്തെ ചിത്രീകരിച്ചവരും ഉണ്ട്. മറ്റു താളുകളിൽ കേന്ദ്രഭരണത്തിെൻറ പരാജയത്തിൽനിന്ന് ഉടലെടുക്കുന്ന രാജ്യത്തിെൻറ ഗുരുതര പ്രശ്നങ്ങൾ അടയാളപ്പെടുത്തിത്തന്നെയാണ് പല മാധ്യമങ്ങളും മോദിസ്തുതിയിൽ അത്യുക്തി ചമച്ചത്.
ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിങ് വരെയുള്ളവർ ഭരിച്ച സ്വാതന്ത്ര്യാനന്തരമുള്ള 67 കൊല്ലങ്ങൾകൊണ്ട് നേടിയെടുക്കാനാകാത്ത നേട്ടമാണ് ആദ്യ ഉൗഴത്തിൽ മോദി നേടിയെടുത്തതെന്നും നിലവിൽ കോവിഡ് പ്രതിരോധത്തിലും ചൈനയെ ചെറുത്തുതോൽപിക്കുന്നതിലും അദ്ദേഹം വിജിഗീഷുവായി വിരാജിക്കുകയാണെന്നും വിസ്തരിക്കാൻ മാധ്യമങ്ങൾ നിർലോഭം സമയവും സ്ഥലവും വിനിയോഗിച്ചു.
അമിത് ഷാ മുതൽ സംസ്ഥാനനേതാക്കൾവരെയുള്ള ബി.ജെ.പി പാർട്ടിവൃത്തങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന രീതിയിലാണ് പത്രകോളങ്ങളും ചാനൽപരിപാടികളും മോദി പിറന്നാൾ ആഘോഷിച്ചത്. സ്വാഭാവികമായ സ്നേഹാശിസ്സുകൾക്കും ആദരപ്രകടനങ്ങൾക്കുമപ്പുറം ഇല്ലാത്ത ഭരണനേട്ടങ്ങളുടെ വല്ലാത്ത കൊട്ടിഘോഷമാക്കി പിറന്നാളിനെ മാറ്റുകയായിരുന്നു ഭരണത്തിനു സേവപിടിക്കുന്ന മാധ്യമങ്ങൾ ചെയ്തത്.
83,000ലേറെ പേർ കോവിഡ് ബാധയിൽ മരണപ്പെട്ട, ജി.ഡി.പി മൈനസ് 23.9 ശതമാനത്തിലേക്ക് മുതലക്കൂപ്പ് നടത്തിയ, എട്ടു കോടിയിലേറെ കുടിയേറ്റ തൊഴിലാളികൾ ഭവനരഹിതരായ, ദശലക്ഷക്കണക്കിനുേപർ തൊഴിൽരഹിതരായ പ്രശ്നകലുഷമായ ആറുമാസക്കാലത്തും അൽപസ്വൽപം ക്ഷതമേറ്റിട്ടും കുലുങ്ങാതെ അക്ഷോഭ്യനായി നിൽക്കുന്ന പ്രധാനമന്ത്രിയുടെ 'നമോ'സ്തുതിയിൽ മതിമറന്ന 'ഇന്ത്യ ടുഡേ' തന്നെ അതിെൻറ ഒന്നാന്തരം ഉദാഹരണം. ഇന്ത്യ എന്തായാലെന്ത്, മോദി തന്നെ രാജാവ് എന്നായിരുന്നു ഇത്തരം വിദൂഷകമാധ്യമങ്ങളുടെയെല്ലാം പിറന്നാൾ കീർത്തനം.
എന്നാൽ, നേതാക്കളുടെ പുറംതലോടലോ മാധ്യമങ്ങളുടെ പാദസേവയോ കാര്യമാക്കാതെ, അതിനെതിരായ പ്രതികരണമെന്നോണം സമൂഹ മാധ്യമങ്ങളിൽ മോദിഭരണം നിശിതമായി വിലയിരുത്തപ്പെട്ടതും ശ്രദ്ധേയമായി. 'സമൂഹമാധ്യമങ്ങളിലെ പൗരന്മാർ' (നെറ്റിസൺസ്) ദേശീയ തൊഴിലില്ലായ്മ ദിനമായാണ് സെപ്റ്റംബർ 17 ആചരിച്ചത്. 12.2 കോടി പേർക്ക് തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യയിൽ ഇൗ ആഗസ്റ്റിൽ കഴിഞ്ഞ മൂന്നുവർഷത്തെ ഏറ്റവും വലിയ തൊഴിൽനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നു അവർ ചൂണ്ടിക്കാണിച്ചത് മോദിവാഴ്ത്തിൽ കേമത്തമുള്ള മാധ്യമങ്ങളുടെ കണക്കുതന്നെ എടുത്തുദ്ധരിച്ചാണ്.
തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതും കോവിഡ് ഫലമായി ജൂലൈയിൽമാത്രം അഞ്ചു ദശലക്ഷം ശമ്പളക്കാർക്ക് ജോലി നഷ്ടപ്പെട്ടതും ചൂണ്ടിക്കാട്ടി അവർ നടത്തിയ ദിനാചരണാഹ്വാനത്തിന് വമ്പിച്ച പ്രതികരണമാണുണ്ടായത്.
കണ്ണടയും കൃത്രിമാവയവവും വിതരണം ചെയ്തല്ല, കെടുകാര്യസ്ഥതയിൽ മുടന്തിനീങ്ങുകയും അധികാരത്തിെൻറ ആന്ധ്യം ബാധിക്കുകയും ചെയ്ത കേന്ദ്രഭരണം ശരിപ്പെടുത്തിയാണ് പിറന്നാളാഘോഷം കേമമാക്കാൻ എന്നാണ് അവരുടെ പക്ഷം. അതല്ലാതെയുള്ള കൊണ്ടാട്ടങ്ങൾ ബി.ജെ.പിക്ക് പെരുന്നാളാകാമെങ്കിലും രാജ്യത്തിെൻറ ആയുരാരോഗ്യത്തിന് ഹാനികരമായിത്തീരുമെന്ന അവരുടെ മുന്നറിയിപ്പിൽ എല്ലാമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.