മാറാവ്യാധികൾ ഒന്നിനു പിറകെ ഒന്നായി ഏറ്റുവാങ്ങേണ്ട ദുരവസ്ഥയിലാണ് നമ്മളെന്ന് ആശങ്കപ്പെടുത്തുന്നതാണ് അനുദിനം ഞെട്ടറ്റുവീഴുന്ന വാർത്തകൾ. കോവിഡ് 19െൻറ ഭീതിയിൽനിന്ന് കരകയറി, വാക്സിൻ വരുന്ന സന്തോഷത്തിലേക്ക് ലോകം കടക്കാനൊരുങ്ങവെയാണ് ജനിതകമാറ്റം സംഭവിച്ച കൂടുതൽ സംക്രമണകാരിയായ പുതിയ വൈറസിെൻറ വൃത്താന്തമെത്തുന്നത്. അതിനെ നേരിടാനുള്ള ജാഗ്രതയിലേക്കുനീങ്ങുേമ്പാൾ അതാ, മുമ്പു വിനാശം വിതച്ച പക്ഷിപ്പനി മാരകമായി തിരിച്ചുവരുന്ന മുന്നറിയിപ്പ്. കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് അതിവേഗം പടരുന്ന ഇൗ േരാഗത്തെക്കുറിച്ച ആശങ്കജനകമായ വാർത്തകളെത്തുന്നത്. ഹിമാചൽ പ്രദേശിൽ കാട്ടരയന്നങ്ങൾ, മധ്യപ്രദേശിലും രാജസ്ഥാനിലും കാക്കകൾ, കേരളത്തിൽ താറാവുകൾ എന്നിവയാണ് പക്ഷിപ്പനി വൈറസ് പരത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാറിനടക്കും പക്ഷികളാണ് വൈറസ്വാഹകരെന്നതുകൊണ്ടുതന്നെ രോഗവ്യാപനത്തിെൻറ തീവ്രതയും വർധിക്കും. ദൂരദിക്കുകളിലേക്ക് ദേശാടനം ചെയ്യുന്ന പക്ഷികൾ ഇതു വഹിച്ചുകൊണ്ടുപോകുന്നത് വളർത്തുപക്ഷികളിൽ മാത്രമല്ല, പൂച്ച, നായ, കുതിര, പന്നി തുടങ്ങി മനുഷ്യൻ വളർത്തുന്ന മൃഗങ്ങളിലേക്കും രോഗം പടരാനിടയാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. മനുഷ്യനെ ചുറ്റിപ്പറ്റിയുള്ള ആവാസവ്യവസ്ഥയെ സാരമായി ബാധിക്കുന്നതാണ് പക്ഷിപ്പനിയെന്നു ചുരുക്കം.
1997ൽ ഹോേങ്കാങ്ങിലെ ഒരു ലൈവ് പക്ഷി മാർക്കറ്റിൽ നിന്നു മനുഷ്യരിലേക്കു പകർന്ന എച്ച് ഫൈവ് എൻ വൺ എന്ന പക്ഷിപ്പനി വൈറസ് രോഗബാധിതരായ 18 പേരിൽ ആറു പേരുടെ ജീവനെടുത്തതോടെയാണ് ഇൗ രോഗം കരുതിയിരിക്കേണ്ടതാണെന്ന ജാഗ്രത ലോകത്തിനുണ്ടായത്. അന്നു പൊടുന്നനെ അടക്കിനിർത്താൻ കഴിഞ്ഞ രോഗം കുറച്ചുവർഷങ്ങൾക്കുശേഷം വീണ്ടും പ്രത്യക്ഷപ്പെടുകയും തെക്കുകിഴക്കേഷ്യൻ രാജ്യങ്ങളിൽ നൂറുകണക്കിനാളുകളുടെ മരണത്തിനിടയാക്കുകയും ചെയ്തു. ൈവറസ് ബാധയേൽക്കുന്ന മനുഷ്യരിൽ ശ്വാസകോശരോഗങ്ങൾക്കും നിയന്ത്രണം വിട്ടാൽ മരണത്തിനുവരെയും ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്. കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപക്ഷികള്‍ തുടങ്ങി എല്ലാ ഇനം പക്ഷികളെയും രോഗം ബാധിക്കാമെന്നും രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപഴകുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവരൊക്കെ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നുമാണ് അധികൃതരുടെ അറിയിപ്പ്. ചൂടു താങ്ങാൻ കഴിയാത്തതിനാൽ നന്നായി വെന്തുകഴിയുന്നതോടെ പക്ഷിമാംസത്തിൽനിന്നു വൈറസ് ഭീഷണിയില്ലാതാകുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അതേസമയം, വൈറസിന് രൂപഭേദം സംഭവിച്ച് മനുഷ്യർക്കിടയിൽ പടരാനുള്ള ശേഷിയുണ്ടെന്നും മനുഷ്യകോശങ്ങളെ പിടികൂടാനാവുമെന്നതിനാൽ അതൊരു പകർച്ചവ്യാധിയായി മാറുമെന്നുമുള്ള മുന്നറിയിപ്പുമുണ്ട്. കോവിഡ് വൈറസിനെ കരകടത്താൻ കഴിയാതിരിക്കെ, പുതിയ വൈറസിെൻറ കൂടി വരവ് സ്ഥിതി വഷളാക്കാനിടയുണ്ടെന്ന ആശങ്ക മൂലമാണ് അധികൃതർ അതി ജാഗ്രത പുലർത്തുന്നത്.
ഇന്ത്യയിൽ ഇതുവരെയായി മനുഷ്യർക്ക് ജീവാപായം സൃഷ്ടിക്കുന്ന തരത്തിലേക്ക് പക്ഷിപ്പനി എത്തിയിട്ടില്ല. 2006 മുതൽ 2015 വരെ 15 സംസ്ഥാനങ്ങളിലായി 25 പക്ഷിപ്പനി ൈവറസ് എപ്പിസോഡുകളുണ്ടായി എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ കണക്ക്. എച്ച് 5 എൻ വൺ, എച്ച് 5 എൻ 2, എച്ച് 5 എൻ 8 ഇനങ്ങളിലുള്ള വൈറസുകളാണ് കൂട്ട പക്ഷിവിനാശത്തിന് കാരണമായിത്തീരുന്നത്. നാലു ലക്ഷം പക്ഷികളാണ് ഹരിയാനയിലെ പഞ്ച്കുള ജില്ലയിൽ മാത്രം കഴിഞ്ഞ 10 നാളുകളിലായി ചത്തൊടുങ്ങിയത്. 12,000ത്തിലേറെ താറാവുകൾ കേരളത്തിൽ ചത്തൊടുങ്ങി. നാലു സംസ്ഥാനങ്ങളിലായി പന്ത്രണ്ട് രോഗപ്രഭവ കേന്ദ്രങ്ങൾ കണ്ടെത്തുകയും ഭീഷണി നേരിടാൻ കേന്ദ്ര ഗവൺമെൻറ് മാർഗരേഖ നൽകുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചത്. ഇൗ പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ പക്ഷികളെയും കൊന്നൊടുക്കുകയാണ്. ചൊവ്വാഴ്ച 24,000ത്തോളം പക്ഷികളെ കൊന്നുകഴിഞ്ഞു. അര ലക്ഷത്തോളം പക്ഷികളെ ഇരുജില്ലകളിലും മാത്രമായി കൊന്നുതീർക്കേണ്ടിവരുമെന്നാണ് കണക്ക്.
രോഗത്തെക്കുറിച്ച ആശങ്കയിലേറെയാണ് ഇത് കർഷക-വ്യാപാര മേഖലയിലുണ്ടാക്കുന്ന പ്രതിസന്ധി. ഇടത്തരവും അതിൽ താഴെയും വരുമാനമുള്ള സാധാരണകർഷകരാണ് പക്ഷിവളർത്തും കച്ചവടവുമായി കഴിയുന്നതിലേറെയും. പക്ഷികളുടെ കൂട്ടനശീകരണം ഇൗ വിഭാഗത്തിെൻറ ജീവിതംതന്നെ അവതാളത്തിലാക്കുകയാണ്. രണ്ടു മാസത്തിൽ താഴെ പ്രായമുള്ള കോഴി, താറാവ് തുടങ്ങിയ വളർത്തുപക്ഷികളെ കൊന്നൊടുക്കുേമ്പാൾ ഒന്നിന് നൂറു രൂപ വീതവും രണ്ടുമാസത്തിൽ കൂടുതൽ പ്രായമുള്ളതിന് 200 രൂപ വീതവും നശിപ്പിക്കുന്ന മുട്ട ഒന്നിന് അഞ്ചു രൂപ വീതവും സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് തികച്ചും അപര്യാപ്തമാണെന്ന് കർഷകർ പറയുന്നു. ഇതിനുപുറമെ താറാവ് കർഷകർക്ക് ഇൻഷുറൻസ് എന്ന മുൻ പ്രഖ്യാപനം ഇതുവരെ നടപ്പാക്കാത്തതിനാൽ സർക്കാർ വാക്കു മുഖവിലയ്ക്കെടുക്കാൻ കർഷകർക്ക് മടിയുണ്ട്.
2014ൽ പക്ഷിപ്പനി മൂലം ലക്ഷക്കണക്കിനു പക്ഷികളെ കൊന്നൊടുക്കേണ്ടി വന്നപ്പോൾ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് താറാവുകൾക്ക് ഇൻഷുറൻസ് നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തിയെങ്കിലും ഇൗ വിഷയത്തിൽ തീരുമാനമൊന്നുമുണ്ടായില്ല. രോഗം വന്നുപോകുന്നതോടെ കർഷകരുടെ പരിദേവനങ്ങൾ പിന്നെയും പാഴായിപ്പോകുകയാണ് പതിവ്. അതാവർത്തിക്കാതിരിക്കാൻ രോഗത്തെക്കുറിച്ച കരുതലിനും പ്രതിരോധത്തിനും കർഷകരെ ഉദ്ബോധിപ്പിക്കുന്ന സർക്കാർ പക്ഷിപ്പനി മൂലം ജീവിതമാർഗം മുട്ടിപ്പോകാത്തവിധം കരുതലും കാവലും കർഷകർക്കും പ്രയാസപ്പെടുന്ന വിവിധ വിഭാഗങ്ങൾക്കും നൽകാൻ ശുഷ്കാന്തി പുലർത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.