അന്ധവിശ്വാസങ്ങളിലൂന്നി ഇന്ത്യയെപ്പോലൊരു മഹാരാജ്യത്തിന് എത്ര മുന്നോട്ടുപോകാൻ കഴിയും? അതും തീക്ഷ്ണമായ പ്രതിസന്ധികൾക്കു നടുവിൽ? സമൂഹത്തിെൻറ പാർശ്വങ്ങളിൽ ഒതുങ്ങിനിന്ന മൂഢവിശ്വാസങ്ങൾ മുഖ്യധാരയിലെത്തുകയും സർക്കാർ, നിയമനിർമാണസഭകൾ, ജുഡീഷ്യറി തുടങ്ങിയവക്കു പുറമെ ശാസ്ത്ര മേഖലയിൽപോലും മേൽക്കൈ നേടുകയും ചെയ്തിരിക്കെ സമൂഹത്തിൽനിന്നുതന്നെ തിരുത്തൽശക്തികൾ ഉയർന്നുവരേണ്ടതുണ്ട്. അത്തരമൊരു ശ്രമമാണ് ഒരു കേന്ദ്രസർക്കാർ സ്ഥാപനത്തിെൻറ മേധാവിക്ക് നാനൂറിലേറെ ശാസ്ത്രജ്ഞർ എഴുതിയ തുറന്ന കത്ത്.
പശു ഉൽപന്നങ്ങളുടെ പഠനവും പ്രചാരണവും വിൽപനയും ഉദ്ദേശിച്ച് കഴിഞ്ഞ വർഷം ആരംഭിച്ച 'രാഷ്ട്രീയ കാമധേനു ആയോഗ്' എന്ന സ്ഥാപനത്തിെൻറ അധ്യക്ഷൻ വല്ലഭ്ഭായ് കത്തീരിയ തുടക്കമിടുന്ന മഹാപദ്ധതിയാണ് ദീപാവലിക്ക് രാജ്യത്തെ വീടുകളിൽ ചാണകവിളക്കുകൾ കത്തിക്കുക എന്നത്. ചാണകം പ്രചരിപ്പിക്കുന്നതല്ല, പക്ഷേ, പ്രശ്നം; മറിച്ച്, 'കാമധേനു ദീപാവലി അഭിയാൻ' എന്ന ഗംഭീര പരിപാടിയുടെ പ്രഖ്യാപനവേളയിൽ കത്തീരിയ പറഞ്ഞ കാര്യങ്ങളാണ്.
ചാണകം കൊണ്ടുണ്ടാക്കിയ ചിപ്പുകൾ മനുഷ്യർക്ക് റേഡിയേഷനിൽനിന്ന് സംരക്ഷണം നൽകുമെന്നും സെൽഫോണിൽ അത് പിടിപ്പിച്ചാൽ 'വികിരണ ഭീഷണി' ഒഴിവാകുമെന്നും കൂടി അദ്ദേഹം പറഞ്ഞു. അവിടംകൊണ്ടും നിർത്താതെ അദ്ദേഹം, ചാണകത്തിെൻറ വികിരണ രോധനശേഷി തെളിയിക്കപ്പെട്ടതാണ് എന്നുവരെ പറഞ്ഞുകളഞ്ഞു. ഇതാണ് ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതെന്ന് ഉത്തരവാദപ്പെട്ട ഒരാൾ പറയുേമ്പാൾ അത് ചെറിയകാര്യമല്ല. അതുകൊണ്ട് ഐ.ഐ.ടി-ബോംബെ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്, ഐസർ തുടങ്ങിയ ഇരുപതിൽപരം ഉന്നത ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെ നാനൂറിൽപരം ശാസ്ത്രജ്ഞർ കത്തീരിയയോട് തെളിവ് ചോദിച്ചിരിക്കുകയാണ്.
'തെളിയിക്കപ്പെട്ടെ'ന്ന് പറഞ്ഞ കാര്യത്തിലെ പരീക്ഷണങ്ങൾ എവിടെ, എപ്പോഴാണ് നടത്തിയത്? ആരൊക്കെയായിരുന്നു ഗവേഷകർ? പരീക്ഷണങ്ങളിലെ കണ്ടെത്തലുകൾ ഏത് ശാസ്ത്രപ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുണ്ട്? അത് മറ്റ് സ്വതന്ത്ര ശാസ്ത്രജ്ഞർ പരിശോധിച്ചതാണോ? പരീക്ഷണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ എന്തെല്ലാമാണ്? പൊതുഖജനാവിൽനിന്ന് എത്ര പണം ചെലവിട്ടു? -ഇങ്ങനെ പോകുന്നു ചോദ്യങ്ങൾ. 'ഗോ സത്വ കവച്' എന്നു പേരിട്ട ചാണകചിപ്പിെൻറ യോഗ്യതതെളിയിക്കാൻ ശാസ്ത്രലോകം നൽകിയ ഈ അവസരം കത്തീരിയ ഉപയോഗപ്പെടുത്തട്ടെ. അദ്ദേഹത്തിനത് സാധിക്കില്ല.
പരീക്ഷണങ്ങൾ വഴി തെളിഞ്ഞതെന്ന് കത്തീരിയ പറയുന്നുണ്ടെങ്കിലും പശുചാണകത്തിെൻറ ഈ ഗുണം ഒരു സർക്കാർ ലബോറട്ടറിയും സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹംതന്നെ സമ്മതിച്ചിട്ടുമുണ്ട്. ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയ പോലെ, ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ഒന്ന് തെളിയിക്കപ്പെട്ടതായി തെറ്റിദ്ധരിപ്പിക്കുകയാണ് കത്തീരിയ ചെയ്തതെങ്കിൽ, രണ്ട് ഗുരുതരമായ തെറ്റുകൾക്ക് അദ്ദേഹം ഉത്തരവാദിയാണ്. ശാസ്ത്രാവബോധം വളർത്തണമെന്ന ഭരണഘടനയുടെ അനുശാസനം അദ്ദേഹം തിരസ്കരിച്ചു; ഒപ്പം, പൊതുപണം വ്യാജവാർത്ത പരത്താൻ ഉപയോഗിക്കുകയും ചെയ്തു.
ശാസ്ത്രത്തെയും ശാസ്ത്രീയതയെയും യുക്തിബോധത്തെയും വെല്ലുവിളിക്കുന്ന അജ്ഞാനത്തിെൻറ ശക്തികൾ ഭരണകൂടത്തിെൻറ സകലരംഗത്തും സ്വാധീനമുറപ്പിച്ചുകഴിഞ്ഞു എന്നത് രാജ്യസ്നേഹികളെ ഭയപ്പെടുത്തണം. മോദി സർക്കാർ അധികാരമേറ്റ 2014 മുതൽ ഇത് പ്രത്യേകമായും പ്രകടമാണ്. സഹസ്രാബ്ദങ്ങൾക്കുമുമ്പ് ഇന്ത്യയിൽ കോസ്മറ്റിക് സർജറി ഉണ്ടായിരുന്നു എന്ന് ആ കൊല്ലം തന്നെ പ്രസ്താവിച്ച് മോദി ഈ പിന്നോട്ടുനടത്തത്തിന് നേതൃത്വം നൽകി. തുടർന്ന്, ജ്യോതിഷം ശാസ്ത്രത്തെക്കാൾ ഉന്നതമാണെന്നും ഒരു ലക്ഷം വർഷം മുമ്പ് ഇന്ത്യ ആണവപരീക്ഷണം നടത്തിയതാണെന്നും രമേഷ് പൊഖ്റിയാൽ നിഷാങ്ക് എന്ന ഭരണപക്ഷ നേതാവ് അവകാശപ്പെട്ടു.
അദ്ദേഹമാണ് ഇപ്പോൾ വിദ്യാഭ്യാസ മന്ത്രി!. ഇന്നത്തേതിനേക്കാൾ എത്രയോ മികച്ച റഡാർ സംവിധാനം ആയിരക്കണക്കിനു വർഷം മുമ്പ് ഇന്ത്യ വികസിപ്പിച്ചിരുന്നെന്നും ഗോളാന്തര വിമാനങ്ങൾ നമുക്കുണ്ടായിരുന്നെന്നുമുള്ള വിജ്ഞാനശകലങ്ങൾ പിന്നാലെ വന്നു. ഇന്ത്യൻ ശാസ്ത്രകോൺഗ്രസിെൻറ വാർഷിക സമ്മേളനത്തിൽ ചിലർ ദേശസ്നേഹം തെളിയിച്ചത് ന്യൂട്ടെൻറയും ഐൻസ്റ്റൈെൻറയും കണ്ടെത്തലുകൾ തെറ്റാണെന്നും ഗുരുത്വതരംഗങ്ങളെ 'മോദി തരംഗ'മെന്ന് വിളിക്കണമെന്നും പ്രഖ്യാപിച്ചാണ്. വിത്തുകോശങ്ങൾ വഴി പ്രജനനം സഹസ്രാബ്ദങ്ങൾക്കുമുമ്പ് ഇന്ത്യയിൽ പ്രാവർത്തികമായിരുന്നു, ലോകോത്തര എൻജിനീയറിങ്ങുകൊണ്ട് ലങ്കയിലേക്ക് പാലം പണിതു, ദിനോസറുകളെപ്പറ്റി പണ്ടേ അറിവുണ്ടായിരുന്നു എന്നൊക്കെ ആർക്കും വിശ്വസിക്കാം, അവകാശപ്പെടാം.
പക്ഷേ, ശാസ്ത്രവസ്തുതയെന്ന് വിളിക്കരുത്. കാൻസറിനും കോവിഡിനും വരെ പശുചാണകം പ്രതിവിധിയാണെന്ന് പറയുന്ന മന്ത്രിമാർ; സ്തനാർബുദത്തിന് മൂന്നുതവണ ശസ്ത്രക്രിയ നടത്തി അത് മാറിയപ്പോൾ പഞ്ചഗവ്യമാണ് അത് ഭേദമാക്കിയതെന്ന് പറഞ്ഞ പ്രജ്ഞ സിങ്; പശുമൂത്രത്തിൽ സ്വർണമുണ്ടെന്ന് അറിയിച്ച ജൂനഗഢ് സർവകലാശാല ഗവേഷകൻ; ഓക്സിജൻ ശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുന്ന ജീവിയാണ് പശു എന്ന് വെളിപ്പെടുത്തിയ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി- ഇവരൊക്കെയും ചെയ്യേണ്ടത് അവകാശവാദങ്ങൾക്ക് തെളിവു നൽകുകയാണ്. മറിച്ച്, ഉന്നത പദവികളിലിരുന്ന് വിവരക്കേട് പറയുന്നത് സമൂഹത്തെ ചതിക്കലാകും.
ഇന്ത്യ- ലോകവും- നേരിടുന്ന ഇപ്പോഴത്തെ ഗുരുതരമായ വെല്ലുവിളി, വിവരമില്ലാത്തവർ നേതൃസ്ഥാനങ്ങളിലെത്തുന്നു എന്നതാകും. വിവരമില്ലെന്ന വിവരംപോലുമില്ലെങ്കിൽ അതു മതി സർവനാശത്തിന്. ഈ തകർച്ചയെ ചെറുക്കാൻ അറിവും ശാസ്ത്രജ്ഞാനവുമുള്ളവർ രംഗത്തുവരണം. അറിവുനേടാനും ഗവേഷണങ്ങൾക്കും കൂടുതൽ പ്രാമുഖ്യം നൽകണം. ആ നിലക്ക് ഇപ്പോൾ ശാസ്ത്രലോകത്തെ മുൻനിരക്കാർ നടത്തിയ ഇടപെടൽ സ്വാഗതാർഹമാണ്. അജ്ഞാനം എല്ലാം നശിപ്പിക്കുംമുമ്പ് അറിവിെൻറ ജ്വാലകൾ ഉയരട്ടെ; അന്ധകാരമകലട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.