ഇരുരാജ്യങ്ങളിലെയും പൊതുതെരഞ്ഞെടുപ്പുകളിൽ വൻഭൂരിപക്ഷത്തോടെ വീണ്ടും അധികാരമുറപ്പിച്ച ഇന്ത്യൻ പ്രധാനമന്ത ്രി നരേന്ദ്ര മോദിയും ബംഗ്ലാേദശ് പ്രധാനമന്ത്രി ഹസീന വാജിദും ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച ഉഭയകക്ഷിബന്ധങ്ങൾ പൂർവാധികം ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനും സഹായകമായെന്നാണ് സാമാന്യ വിലയിരുത്തൽ. ഒക്ടോബർ മൂന്നിന് ന്യൂഡൽഹിയിലെത്തിയ ഹസീന നാലു ദിവസം നീണ്ട സന്ദർശനത്തിനിടെ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി ചർച്ചകൾ നടത്തിയതിനു പുറമെ ഇന്ധനം, വെള്ളം, സമുദ്രതീര മേൽനോട്ടം, വിദ്യാഭ്യാസം, സംസ്കാരം, യുവജനങ്ങൾ എന്നീ വിഷയങ്ങളിൽ പരസ്പര സഹകരണകരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പിടുകയുമുണ്ടായി. 2008ൽ ഹസീന വാജിദ് ബംഗ്ലാ പ്രധാനമന്ത്രിയായി ചുമതലയേറ്റതിൽ പിന്നെ ഇന്ത്യയുമായുള്ള അയൽരാജ്യത്തിെൻറ ബന്ധം പൂർവാധികം ഊഷ്മളവും പരസ്പരസഹകരണം ശക്തവുമായി തുടരുകയാണ്. ഏറ്റവുമൊടുവിൽ ബംഗ്ലാദേശിെൻറ വളർച്ചനിരക്ക് സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യയുടേതിനേക്കാൾ ഉയർന്നതായാണ് കണക്കുകൾ കാണിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ മുഴുവൻ അടിച്ചമർത്തി അധികാരത്തിന് സുസ്ഥിരത ഉറപ്പുവരുത്തുന്നതിൽ അവാമി ലീഗ് മേധാവി വിജയിച്ചതാവാം ഇതിനൊരു കാരണം. ഇന്ത്യയെയും ആ ദിശയിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ട് കൊണ്ടുപോവാൻ ഉദ്ദേശിക്കുന്നതെന്ന് നടപടികളിൽനിന്ന് വ്യക്തമാണ്.
പക്ഷേ, രണ്ടു സർക്കാറുകളും തമ്മിലെ വ്യത്യാസം ബംഗ്ലാദേശ് തീർത്തും മതേതര പാതയിലൂടെയാണ് മുന്നോട്ടുപോവുന്നതെങ്കിൽ തികച്ചും വിപരീത ദിശയിലേക്കാണ് ഇന്ത്യയുടെ പ്രയാണം എന്നുള്ളതാണ്. തന്മൂലം പ്രതീക്ഷിക്കാവുന്ന പ്രത്യാഘാതങ്ങളിൽ ഏറ്റവും ഗുരുതരമാണ് എൻ.ആർ.സി അഥവാ പൗരത്വ രജിസ്ട്രേഷൻ പ്രശ്നം. തെൻറ ന്യൂഡൽഹി സന്ദർശനത്തിനിടയിലും തൊട്ടുമുമ്പ് ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ലി സമ്മേളനം നടക്കുേമ്പാഴും ബംഗ്ലാ പ്രധാനമന്ത്രി ഹസീന വാജിദ്, അസമിൽ ദേശീയ പൗരത്വ രജിസ്റ്ററിൽ പേരില്ലാതെ പോയ 19 ലക്ഷം പേരുടെ കാര്യം മോദിയുമായി ചർച്ച ചെയ്യുകയുണ്ടായി. ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ഒക്ടോബർ ഒന്നിന് കൊൽക്കത്തയിൽ ചെയ്ത പ്രഖ്യാപനത്തിൽ എൻ.ആർ.സിയിൽ പൗരത്വം തെളിയിക്കപ്പെടാത്ത മുഴുവൻ പേരും പുറംതള്ളപ്പെടുമെന്നും എൻ.ആർ.സി ഒരു നയമായി അംഗീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, തൽക്കാലം ഈ പ്രശ്നം ബംഗ്ലാദേശിനെ ഉത്കണ്ഠപ്പെടുത്തേണ്ടതല്ലെന്നും സുപ്രീംകോടതി വിധിപ്രകാരം വേണ്ടി വന്ന ദീർഘകാലമെടുക്കുന്ന ഒരു ബഹുമുഖ പ്രക്രിയയാണെന്നുമാണ് പ്രധാനമന്ത്രി മോദി, ഹസീനക്ക് വ്യക്തമാക്കിക്കൊടുത്തത്. ബംഗ്ലാദേശിനെ തൽക്കാലം മിണ്ടാതാക്കാൻ പ്രധാനമന്ത്രിയുടെ സാന്ത്വനവാക്കുകൾ ഉതകിയിരിക്കാമെങ്കിലും ഇപ്പോൾ രാജ്യമില്ലാത്തവരായി കണ്ടെത്തിയ 19 ലക്ഷം പേരുകൾ ഒട്ടുമുക്കാലും ബംഗാളി സംസാരിക്കുന്നവരാണെന്ന യാഥാർഥ്യം അയൽരാജ്യത്തെ ഉത്കണ്ഠപ്പെടുത്തുക സ്വാഭാവികമാണ്.
ബംഗ്ലാദേശിന് അഭയാർഥികളായെത്തുന്നവരുടെ മതമല്ല പ്രശ്നം. ഇപ്പോൾതന്നെ ഏഴുലക്ഷം റോഹിങ്ക്യൻ അഭയാർഥികളുടെ ഭാരം നടുവൊടിക്കുേമ്പാൾ അതിനൊരു പരിഹാരത്തിനായി മുട്ടാത്ത വാതിലുകെളാന്നുമില്ലെന്നിരിക്കെ പുതിയൊരു ഭാരം കൂടി പേറാനാവുകയില്ലെന്ന തിക്തസത്യമാണ് ആ രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നത്. ഹസീനക്ക് മോദി നൽകിയ ഉറപ്പുകൾ തീർത്തും ദുർബലമാണെന്ന് പറയേണ്ടതില്ല. സുപ്രീംകോടതി വിധിയാണ് പൗരത്വ രജിസ്റ്ററിനാധാരം; നിയമാനുസൃതരല്ലാത്തവരെ കണ്ടുപിടിക്കുക നീണ്ട പ്രക്രിയയാണ് എന്നൊക്കെ പറയുേമ്പാഴും അമിത് ഷായുടെ പിടിവാശിക്കുമുന്നിൽ മോദിയുടെ വാക്കുകൾക്ക് ഒരു പ്രസക്തിയുമില്ലെന്ന് രണ്ടുപേരെയും അറിയുന്നവർക്കൊക്കെ അറിയാം. ദിവസങ്ങൾക്കു മുമ്പാണ് മഹ്മൂദ് മദനിയുടെ നേതൃത്വത്തിൽ ജംഇയ്യത്തുൽ ഉലമായെ ഹിന്ദിെൻറയും അഹ്ലെ ഹദീസിെൻറയും ഒരു സംഘം അമിത് ഷായെ സന്ദർശിച്ച് മുസ്ലിം ന്യൂനപക്ഷത്തിെൻറ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്തത്. പൗരത്വ രജിസ്റ്റർ ആയിരുന്നു അജണ്ടയിലെ മുഖ്യ ഇനം. അക്കാര്യങ്ങളിലൊന്നും ഒട്ടും പരിഭ്രാന്തരാവേണ്ടതില്ലെന്ന് അമിത് ഷാ ആശ്വസിപ്പിച്ചയച്ച സംഘം പുറത്തുവന്ന് മീഡിയയെ അറിയിച്ചത് ശുഭപ്രതീക്ഷക്ക് വകനൽകുന്ന കാര്യങ്ങളായിരുന്നു. എന്നാൽ, ഒക്ടോബർ ഒന്നിലെ അമിത് ഷായുടെ പ്രഖ്യാപനം വിവേചനപരവും രാജ്യത്തോട് ശത്രുത പുലർത്തുന്ന ശക്തികൾക്ക് അവസരമൊരുക്കുന്നതുമാണ് എന്നാണ് മഹ്മൂദ് മദനി പ്രതികരിച്ചിരിക്കുന്നത്.
പൗരത്വ രജിസ്റ്റർ രാജ്യമൊട്ടാകെ നടപ്പാക്കുന്നതിൽ പ്രശ്നമില്ല; എന്നാൽ, ആഭ്യന്തരമന്ത്രിയുടെ െശെലിയും ഭാവവും അദ്ദേഹം ഉന്നംവെക്കുന്നത് മുസ്ലിംകളെയാണെന്ന് തോന്നിപ്പിക്കുന്നതാണ്. ഇത്തരമൊരു നിലപാട് വെറുപ്പ് ഉൽപാദിപ്പിക്കുകയും വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുകയും ചെയ്യും; മുസ്ലിംകളെക്കുറിച്ച് സംശയവും ജനിപ്പിക്കും എന്നാണ് ജംഇയ്യത്ത് നേതാവ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മുസ്ലിംകൾ മാത്രമാണ് അസമിലെ തടങ്കൽ ക്യാമ്പുകളിലടക്കപ്പെടുക എന്നാണ് മനസ്സിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു. മാറിയ സാഹചര്യത്തിൽ സർക്കാറുമായി സഹകരിക്കാൻ തയാറാവുന്ന മുസ്ലിം സംഘടനകളുടെ പോലും പ്രതികരണം ഇതാണെങ്കിൽ നേരത്തെത്തന്നെ സംഘ്പരിവാറിെൻറ കാര്യത്തിൽ ഒരു സംശയവുമില്ലാത്തവരുടെ നിലപാട് വ്യക്തമാണല്ലോ. ചുരുക്കത്തിൽ ഇന്ത്യയുമായി പൂർണ സൗഹൃദത്തിൽ വർത്തിക്കുകയും പാകിസ്താനെ തുറന്നെതിർക്കുകയും ചെയ്യുന്ന ബംഗ്ലാദേശ് സർക്കാറിനെപ്പോലും പിണക്കിക്കൊണ്ടാണ് എൻ.ആർ.സി നടപ്പാക്കാൻ പോവുന്നതെങ്കിൽ അതിനു നൽകേണ്ടിവരുന്ന വില കനത്തതാവും. മഹ്മൂദ് മദനി മുന്നറിയിപ്പ് നൽകിയപോലെ അത് അന്താരാഷ്ട്രതലത്തിൽ ഇന്ത്യക്ക് ദുഷ്പേര് വരുത്തിവെക്കും. രാജ്യത്തിെൻറ പ്രതിച്ഛായ കളങ്കപ്പെടുത്താൻ തുനിഞ്ഞിറങ്ങിയവരുടെ കൈകളിൽ ഒരുപകരണം ലഭ്യമാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.