ഒക്ടോബർ രണ്ടിന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റി മണിക്കൂറുകൾക്കകം വിവാദങ്ങൾക്ക് തിരികൊളുത്തിയത് ആരെയും അത്ഭുതപ്പെടുത്തിയിരിക്കാനിടയില്ല. കാരണം, ഇതു കേരളമാണ് എന്നതുതന്നെ. വിവാദങ്ങൾക്ക് ഇടവരുത്താതെ ചെറുതോ വലുതോ ആയ ഒരു സംരംഭവും ഇവിടെ പൊതുമേഖലയിൽ ഇന്നേവരെ തുടങ്ങാനായിട്ടില്ല എന്നതാണല്ലോ അനുഭവം.
ഔപചാരിക വിദ്യാഭ്യാസം അപ്രാപ്യമായ ജനവിഭാഗങ്ങളെക്കൂടി പൊതുധാരയിലേക്കെത്തിക്കുന്നതിനും അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്കും വിവിധ ജോലികളിലേർപ്പെട്ടിരിക്കുന്നവർക്കും തുടർ വിദ്യാഭ്യാസത്തിനും നൈപുണി വികസനത്തിനും വിവിധ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഔപചാരിക വിദ്യാഭ്യാസത്തിന് സമാനമായ ഘടനയിൽ പുനഃസംഘടിപ്പിക്കാനുള്ള ആലോചനകളാണ് ഓപൺ സർവകലാശാലയുടെ പിറവയിലേക്ക് നയിച്ചത് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ യഥാസമയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തീർച്ചയായും നിലനിൽക്കുന്ന സുപ്രധാനമായ ഒരാവശ്യം നിറവേറ്റാനുള്ള സർക്കാറിെൻറ തീരുമാനവും തുടക്കവും പൊതുവേ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കാലാവധി അവസാനിക്കാൻ പോവുന്ന ഇടതുസർക്കാർ ധിറുതിപ്പെട്ട് ഓപൺ യൂനിവേഴ്സിറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചതും അതിലേക്ക് വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പ്രഖ്യാപിച്ചതും സ്വാഭാവികമാണെന്നുതന്നെ കരുതണം. ശ്രീനാരായണ ഗുരുവിെൻറ നാമധേയം സർവകലാശാലക്ക് നൽകിയതിെൻറ പിന്നിലും രാഷ്ട്രീയമുണ്ടാവാം.
എന്നാലും ആ പേര് അനുചിതമാെയന്ന് കേരളീയരായ ഒരാളും പറയില്ല. ജാതിരഹിതമായ ഒരു സമൂഹത്തിെൻറ നിർമിതിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നവോത്ഥാന നായകനായിരുന്നല്ലോ ഗുരു. പക്ഷേ, അദ്ദേഹം സ്ഥാപിച്ച ധർമപരിപാലന യോഗത്തിെൻറയും ശ്രീനാരായണെൻറ പേരിലുള്ള ട്രസ്റ്റിെൻറയും സുപ്രീമോ ആയി ദീർഘകാലമായി വാഴുന്ന വെള്ളാപ്പള്ളി നടേശന് ഓപൺ സർവകലാശാലയുടെ വൈസ് ചാൻസലറായി മലബാറുകാരനായ ഒരു നാലാം വേദക്കാരനെ നിയമിച്ചത് ദഹിച്ചിട്ടില്ല.
അക്കാര്യം അദ്ദേഹം തുറന്നുതന്നെ പറഞ്ഞിരിക്കുന്നു. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നുദ്ഘോഷിച്ച മഹാെൻറ പേരിൽ സ്ഥാപിതമായ ഉന്നത വിദ്യാഗേഹത്തിെൻറ മേധാവികളെ നിയമിക്കുേമ്പാൾ യോഗ്യതയും അർഹതയുമല്ലാതെ ജാതിയോ മതമോ പരിഗണിക്കാൻ സാധ്യമല്ല എന്നാണ് മുഖ്യമന്ത്രി പിണറായിയുടെ നിലപാട്. മൗലികമായി അതാണ് ശരിയും. പക്ഷേ, മഹാന്മാർ പറഞ്ഞതോ പഠിപ്പിച്ചതോ ഒന്നുമല്ല പ്രയോഗത്തിൽ ഇവിടെ നടക്കുന്നത് എന്നതാവും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയുടെ ന്യായം.
സംസ്ഥാനത്തെ 15 യൂനിവേഴ്സിറ്റികളിലൊന്നിെൻറയും തലപ്പത്ത് ഒരു മുസ്ലിം ഇല്ലെന്നിരിക്കെ പതിനാറാമത്തേതിെൻറ വി.സിയായി യോഗ്യനായ ഒരു മുസ്ലിമിനെ നിയമിച്ചതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിലെ അസാംഗത്യമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഈ രോഗം പക്ഷേ, കേരളത്തിൽ ഇപ്പോൾ തുടങ്ങിയതല്ലെന്നു പലരും ഓർക്കാതെ പോവുകയാണ്. 1968ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ കേരളത്തിലെ രണ്ടാമത്തേതും മലബാറിലെ ആദ്യത്തേതുമായ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഉദ്ഘാടനം ചെയ്തപ്പോൾ പ്രഫ. മുഹമ്മദ് ഗനിയെ വി.സിയായി കൊണ്ടുവന്നപ്പോഴുമുണ്ടായി പൊട്ടിത്തെറി. മലയാളത്തിലെ പ്രമുഖ സാംസ്കാരിക നായകനിൽ നിന്നുതന്നെയായിരുന്നു ആദ്യത്തെ വെടി. ഇത്തരം വിവാദങ്ങൾ കൊഴുപ്പിക്കാതെ ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല ബാലാരിഷ്ടതകൾ അതിജീവിച്ച് അതിവേഗം ദൗത്യനിർവഹണം പൂർത്തിയാക്കുന്നതിലാവട്ടെ ബന്ധപ്പെട്ട എല്ലാവരുടെയും ശ്രദ്ധ.
എന്നാൽ, ഓപൺ യൂനിവേഴ്സിറ്റിയുടെ പിറവി ഗണനീയമായ ഒരു വിഭാഗം അധ്യാപകർക്കും വിദ്യാർഥികൾക്കും കടുത്ത ആശങ്കക്കും അനിശ്ചിതത്വത്തിനും വഴിയൊരുക്കിയിട്ടുണ്ടെന്ന വസ്തുത മുഖ്യമന്ത്രിയും സർക്കാറും കാണാതെ പോവരുത്. നിലവിലെ യൂനിവേഴ്സിറ്റികളിലെ വിദൂര വിദ്യാഭ്യാസ സംവിധാനവും പ്രൈവറ്റ് രജിസ്ട്രേഷനും നിർത്തലാക്കുന്നതുമൂലം ആ സർവകലാശാലകളുടെ ഗണ്യമായ വരുമാന നഷ്ടമാണൊരു പ്രശ്നം. അഞ്ചു വർഷത്തിനിടെ കേരള, കാലിക്കറ്റ്, കണ്ണൂർ യൂനിവേഴ്സിറ്റികളുടെ ഈയിനത്തിലെ മൊത്തം വരുമാനം 127.9 കോടി രൂപയാണ് അപ്പാടെ നഷ്ടമാവുന്നത്. ഈ കമ്മി നികത്താൻ സ്വതേ ശോഷിച്ച സർക്കാർ ഖജനാവിനാവില്ല.
പ്രതിവർഷം അരലക്ഷത്തോളം വിദ്യാർഥികളാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ മാത്രം വിദൂര പഠനത്തിന് ചേരുന്നത്. 6000 വിദ്യാർഥികളെങ്കിലും പി.ജിക്കും ചേരുന്നുണ്ട്. കേരളയിൽ 9000 വിദ്യാർഥികൾ ബിരുദത്തിന് പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തുന്നുണ്ടെന്നാണ് കണക്ക്. കണ്ണൂരിലുമുണ്ട് 32,000ത്തോളം പേർ ഡിഗ്രിക്കും 1500ലധികം പേർ പി.ജിക്കും രജിസ്റ്റർ ചെയ്യുന്നവർ. ഇവർക്കെല്ലാം ഓപൺ യൂനിവേഴ്സിറ്റിയുടെ വാതിലുകൾ തുറന്നുകൊടുക്കാൻ പെട്ടെന്ന് സാധിക്കുകയില്ലെന്നുറപ്പ്. തട്ടിമുട്ടി തുറന്നുകൊടുത്താലും അത് കോവിഡ്കാലത്തെ ഓൺൈലൻ വിദ്യാഭ്യാസത്തേക്കാൾ ഗതികേടിലാവാനാണിട.
ഓപൺ യൂനിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റുകൾ എല്ലായിടത്തും സ്വീകാര്യമാവുമോ എന്ന വിദ്യാർഥികളുടെ സംശയവും ന്യായമാണ്. ഇതോട് ചേർത്തുപറയേണ്ടതാണ് കേരളത്തിലെ 720 പാരലൽ കോളജുകളിലെ 30,000ത്തോളം അധ്യാപകരുടെ തൊഴിൽകാര്യവും. അത്രയും പേരുടെ കഞ്ഞി ഒറ്റയടിക്ക് മുട്ടിക്കുന്നത് മാനുഷികമായ പ്രശ്നമായിത്തന്നെ കാണണം. ഗൗരവതരമായ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സത്വര നടപടികളുണ്ടാവണം. ചുരുങ്ങിയപക്ഷം തൃപ്തികരമായ പ്രതിവിധി കണ്ടെത്തുന്നതുവരെയെങ്കിലും കാലിക്കറ്റ്, കണ്ണൂർ, കേരള യൂനിവേഴ്സിറ്റികളിൽ നിലവിലുള്ള സ്വകാര്യ രജിസ്ട്രേഷനും വിദൂര വിദ്യാഭ്യാസ സംവിധാനവും തുടരാൻ നടപടികൾ എടുത്തേ പറ്റൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.