രാഷ്​ട്രീയ കുശുമ്പിനും വേണം ‘​െഎസൊലേഷൻ’

കക്ഷിരാഷ്​ട്രീയക്കാരുടെ കണക്കുകൾ വേറെതന്നെയാണ്​. നാടിനെ മുച്ചൂടും കുത്തിയിളക്കിക്കൊണ്ടുപോകുന്ന പ്രളയമ ോ വംശീയമായി ഒരു ജനവിഭാഗത്തെ തൂത്തുകളയുന്ന പൗരത്വനിയമമോ ജനത്തെ ശാരീരികമായും സാമ്പത്തികമായും തകർത്തുകളയുന് ന മഹാമാരിയോ എന്തായാലും കാറ്റനുസരിച്ച്​ പാറ്റിക്കൊഴിച്ചുകിട്ടുന്ന സ്വന്തം ലാഭനഷ്​ടങ്ങളിലായിരിക്കും അവരു ടെ കണ്ണ്​. അതു തരപ്പെടുത്താൻ അന്തക-രക്ഷകവേഷങ്ങൾ തരംപോലെ കെട്ടിയാടാൻ അവർക്ക്​ മടിയേതുമില്ല. കാര്യങ്ങൾ അവരുടെ കൈകളിൽ എത്തിപ്പെട്ടാൽ എങ്ങനെയിരിക്കും എന്നതി​​െൻറ ആദ്യ ഉദാഹരണമായിരുന്നു കഴിഞ്ഞ രണ്ടുവർഷം കേരളത്തെ പ്രളയമെടുത്ത നാളുകൾ. അന്നു സംസ്​ഥാനം ഭരിക്കുന്നത്​ ആഭ്യന്തരഭീഷണിയായി തങ്ങളെണ്ണുന്ന കമ്യൂണിസ്​റ്റു മുന്നണിയായതിനാൽ പ്രളയകേരളത്തി​​െൻറ നിലവിളിക്കുനേരെ ചെവി കൊട്ടിയടക്കുകയായിരുന്നു കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടം ചെയ്​തതെന്നത്​ ദുരിതാശ്വാസത്തി​​െൻറ കാര്യത്തിൽ കണ്ടതാണ്​. കേന്ദ്രസഹായത്തിൽ കൈയയച്ചില്ലെന്നു മാത്രമല്ല, സഹായിക്കാൻ സന്നദ്ധരായി വന്ന പുറം ഏജൻസികളെ സാ​േങ്കതികത്വം പറഞ്ഞ്​ കൈപിടിച്ചുവെക്കുകയും ചെയ്​തു. ഇപ്പുറത്താക​െട്ട, ജനം കൈമെയ്​ മറന്നു സഹായിക്കാൻ സന്നദ്ധമായ നിമിഷം ചൂഷണംചെയ്​ത്​ പിരിവെടുത്ത്​ സമ്പന്നമാക്കിയ പ്രളയദുരിതാശ്വാസനിധിയാക​െട്ട, ഏതു വഴിക്ക്​, എങ്ങനെ വിനി​​യോഗിക്കപ്പെട്ടു എന്നത്​ ഇപ്പോഴും വിവാദമായിതന്നെ തുടരുകയും ചെയ്യുന്നു.

പൗരത്വസമരവുമായി ബന്ധപ്പെട്ടായിരുന്നു കക്ഷിരാഷ്​ട്രീയക്കാരുടെ മറ്റൊരു പൊറാട്ട്​. വംശീയമായ വൈരനിര്യാതനം ആധാരമാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രഭരണകൂടം തങ്ങൾക്കു പിടിക്കാത്തവരെ പുറന്തള്ളാൻ കിട്ടിയ ഒന്നാന്തരം അവസരമായാണ്​ പൗരത്വ ഭേദഗതി നിയമം കൈയിലെടുത്തത്​. വംശീയവാദികളുടെ ഉന്നം തിരിച്ചറിഞ്ഞ ഇരപക്ഷം ഇത്തവണ പതിവിനു വിപരീതമായി ഉറക്കംവിട്ടുണർന്ന്​ ചെറുത്തുനിൽപിനും അതിജീവനത്തിനും സ്വന്തംനിലയിൽ മുന്നോട്ടുവന്നപ്പോൾ അവിടെയും വന്നു അധികാരരാഷ്​ട്രീയക്കാരുടെ ഇടപെടൽ. രാഷ്​ട്രീയപാർട്ടികളുടെ വീൺവാക്കുകൾക്ക്​ വ​ഴങ്ങിയതാണ്​ രാജ്യത്തെ സാമൂഹിക, രാഷ്​ട്രീയ മണ്ഡലങ്ങളിൽനിന്ന്​ തങ്ങൾ അദൃശ്യവത്​കരിക്കപ്പെടാനുള്ള കാരണമെന്ന്​ തിരിച്ചറിഞ്ഞ മുസ്​ലിംകൾ ഇത്തവണ നിൽക്കക്കള്ളി തേടി സ്വന്തം നിലയിൽ മുന്നിട്ടിറങ്ങുകയായിരുന്നു. അതി​​െൻറ പ്രതിഫലനമാണ്​ രാജ്യതലസ്​ഥാനത്ത്​ ഉയർന്ന ശാഹീൻബാഗും രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലെ സമാന സമരചത്വരങ്ങളും. രക്ഷകവേഷം കെട്ടിവരുന്ന സ്​പോൺസർമാരെ ആശ്രയിക്കുകയല്ല, നേരിലും ന്യായത്തിലും പിന്തുണക്കുന്ന സുമനസ്സുകളുടെ പങ്കാളിത്തം അങ്ങോട്ട്​ ആവശ്യപ്പെടുകയാണ്​ പ്രക്ഷോഭക്കാർ ചെയ്​തത്​. ഹിന്ദുത്വവംശീയതയുടെ തീവ്ര-മൃദുഭേദങ്ങൾക്കിടയിൽ ആരെ തള്ളും, ആരെ കൊള്ളും എന്ന ആശയക്കുഴപ്പത്തിലായ വലത്തും ഇടത്തും മധ്യത്തിലുമുള്ള രാഷ്​ട്രീയപാർട്ടികളാക​െട്ട, ഒരു ജനതയെ രാഷ്​ട്രഭൂപടത്തി​​െൻറ ഒാരത്തേക്കൊതുക്കാനുള്ള നീക്കത്തെ ഗൗരവപൂർവം കണ്ട്​ എതിർക്കുന്നതിനു പകരം സ്വന്തം ലാഭചേതങ്ങൾ നോക്കിയുള്ള നിലപാടാണ്​ ദേശീയതലത്തിലും സംസ്​ഥാനത്തുമൊക്കെ സ്വീകരിച്ചത്​. ഡൽഹിയിൽ അരവിന്ദ്​ കെജ്​രിവാൾ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും കൈക്കൊണ്ടതും കേരളത്തിൽ കഴിഞ്ഞതും വരാനിരിക്കുന്നതുമായ തെരഞ്ഞെടുപ്പ്​ മുന്നിൽകണ്ട്​ ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നതുമായ നിലപാടുകൾ ഇമ്മട്ടിലാണ്​.

പൗരത്വസമരത്തിൽനിന്ന്​ ഫാഷിസ്​റ്റുകൾ ഡൽഹിയിൽ കലാപത്തിന്​ കോപ്പുകൂട്ടുകവരെ ചെയ്​തിട്ടും അനങ്ങാതിരിക്കുകയോ വിലകുറഞ്ഞ രാഷ്​ട്രീയ ലാഭമോ നഷ്​ടമോ നോക്കി അവരുടെ നുണപ്രചാരണങ്ങൾക്കു തലയാട്ടുകയോ അതേറ്റുപിടിക്കുകയോ ചെയ്യുന്ന വിതണ്ഡനിലപാടാണ്​ ഇടത്തും വലത്തുമുള്ള പലകക്ഷികളും സ്വീകരിച്ചിരിക്കുന്നത്​. ഫാഷിസത്തെ നേരിടേണ്ട ഉൗക്കും ഉൗർജവും താൽക്കാലിക രാഷ്​ട്രീയലാഭത്തിനായി പ്രാദേശികപ്രതിയോഗികളെ നേരിടാൻ വിനിയോഗിക്കുന്നതിലെ അസാംഗത്യവും അപായവും തിരിച്ചറിയായ്​കയല്ല, ​മകൻ മരിച്ചായാലും മരുമകളുടെ കണ്ണീർ കാണാനുള്ള കുനിഷ്​ടിൽ അവർ അതൊന്നും കാര്യമാക്കുന്നില്ലെന്നു മാത്രം.

കോവിഡ്-19 മഹാമാരി വന്നു നാടിനുനേരെ വാപിളർത്തിനിൽക്കു​േമ്പാഴും ഇൗ കുശുമ്പും കുന്നായ്​മയും മാറ്റിവെക്കാൻ രാഷ്​ട്രീയക്കാർക്കാവുന്നില്ലെന്നാണ്​ പുതിയ ദുര്യോഗം. ജനങ്ങളെ ഒറ്റക്കെട്ടായി നിർത്തി മഹാമാരിയെ നേരിടാൻ മുന്നിൽ നടക്കേണ്ട ജനപ്രതിനിധികളും നായകന്മാരു​ം ഭരണപക്ഷവും പ്രതിപക്ഷവുമായി ചേരിതിരിഞ്ഞ്​ പുര കത്തു​േമ്പാൾ വാഴ വെട്ടാൻ മത്സരിക്കുന്നതാണിപ്പോൾ കാണുന്നത്​. വന്നുപെട്ട വിപത്തിനെ മറികടക്കുന്നതിനേക്കാൾ അതിൽനിന്ന്​ എന്തു രാഷ്​ട്രീയനേട്ടം എന്നു ചികയാൻ മാത്രം ചെറുതായിപ്പോകുന്നോ രാഷ്​ട്രീയനേതൃത്വം എന്ന്​ മൂക്കത്ത്​ വിരൽവെപ്പിക്കുന്നതാണ്​ രണ്ടുനാളായി കോവിഡ്​ ആയുധമാക്കി ഉയരുന്ന ആരോപണപ്രത്യാരോപണങ്ങളും സമൂഹമാധ്യമങ്ങളിലെ ചാവേറുകളുടെ അങ്കംവെട്ടും. ​കോവിഡിനെയും തോൽപിക്കുന്ന വേഗത്തിലാണ് ഇൗ വൈരനിര്യാതന വൈറസുകൾ പടർന്നുപിടിക്കുന്നത്​. ​ആരോഗ്യമന്ത്രി പറഞ്ഞതുപോലെ, മുൻമാതൃകക​ളോ മാർഗനിർദേശങ്ങളോ ലോകത്തിനു മുന്നിൽതന്നെയില്ലാത്ത ഒരു മാരകവിഷയത്തിൽ സ്വീകരിക്കുന്ന നടപടികൾ സാഹസികമെന്നു മനസ്സിലാക്കി അത്​ ജയിപ്പിച്ചെടുക്കാനും ദുരന്തത്തിൽനിന്നു കരകയറാനുമുള്ള ഒത്തുപിടിച്ച നീക്കമാണ്​ രാഷ്​ട്രീയപാർട്ടികളിൽനിന്നു പ്രതീക്ഷിക്കുന്നത്​​. ​പ്രാണഭയത്തിൽ ജനത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന കൊറോണ വൈറസിനെപ്പോലെ മാരകമാണ്​ ആപത്തുകാലത്ത്​ അന്യോന്യം കലഹമുയർത്തുന്ന വൈരനിര്യാതന വൈറസുകളും. ബാധയേറ്റവരെ ഒറ്റപ്പെടുത്തി, ​​െഎസൊലേഷനിൽ നിർത്തിയേ രണ്ടി​​െൻറയും വ്യാധിയിൽനിന്നു രക്ഷനേടി നാടിനും നാട്ടാർക്കും ആരോഗ്യം വീണ്ടെടുക്കാനാവൂ.

Tags:    
News Summary - Corona virus opposition-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.