കോവിഡിനെ തുടർന്നുള്ള ലോക്ഡൗണിൽ വ്യോമഗതാഗത നിയന്ത്രണം മൂലം വിദേശരാജ്യങ്ങളിൽ കുടുങ്ങിയ നമ്മുടെ പ്രവാസിസഹോദരങ്ങൾ ഇന്നു മുതൽ നാടണയുകയാണ്. കോവിഡ് രോഗപ്രതിരോധത്തിൽ കേരളം മുന്നിൽ നടക്കുകയും ഇതരരാജ്യങ്ങളിൽ മരണവും രോഗവ്യാപനവും ഭീതിദമായ രീതിയിൽ വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഏതു വിധേനയും നാടണയാനുള്ള ആഗ്രഹം പ്രവാസികളിൽ മുളപൊട്ടിയത്. നമ്മുടെ വിദേശനാണ്യത്തിലും സാമ്പത്തികസാമൂഹികഘടനയിലും വമ്പിച്ച തോതിൽ മുതൽക്കൂട്ടി നാടുമായുള്ള ബന്ധം അറ്റുപോകാതെ സൂക്ഷിക്കുന്ന ഗൾഫ് പ്രവാസികളുടെ ആധിയും ആശങ്കയും മുറവിളിയായി മാറിയപ്പോൾ ജന്മനാട് അത് കേൾക്കുകയും വിശ്വവിഖ്യാതമായ ‘കേരള മോഡലിന്’ ഉൗടും പാവും ഉൗർജവും നൽകിയവരെ കരുതലിെൻറ കൈകൾ നീട്ടി സ്വീകരിക്കാൻ തയാറാവുകയും ചെയ്തു. കോവിഡ് ഭീതിയും ലോക്-ഡൗൺ വ്യവസ്ഥകളുടെ സാേങ്കതികത്വവും ഉയർത്തിക്കാട്ടി കേന്ദ്രഗവൺമെൻറ് ഇക്കാര്യത്തിൽ അടഞ്ഞ സമീപനമായിരുന്നു സ്വീകരിച്ചതെങ്കിലും സംസ്ഥാനത്തുനിന്നുള്ള കടുത്ത സമ്മർദത്തിെൻറ ഫലമായി അയയാൻ തയാറായി. തിരിച്ചെത്തുന്ന പ്രവാസികൾക്ക് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് വീട്ടിലേക്ക് സുരക്ഷിതപാതയൊരുക്കാൻ സാമൂഹികസംഘടനകൾ ഒന്നൊന്നായി രംഗത്തെത്തിയത് ഗവൺമെൻറിന് ഇക്കാര്യത്തിൽ വഴി സുഗമമാക്കുകയും ചെയ്തു. ഇങ്ങനെ സർക്കാറും സാമൂഹികസന്നദ്ധസംഘടനകളുമൊക്കെയായി ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് ഗൾഫ് യുദ്ധകാല ശേഷമുള്ള ഏറ്റവും വലിയ പ്രവാസിമടക്കത്തിനു നാടു തയാറെടുത്തിരിക്കുന്നത്.
അതേസമയം, ഗൾഫ് പ്രതിസന്ധി കാലത്തേക്കാൾ ഇരുണ്ട അന്തരീക്ഷത്തിലേക്കാണ് ഇത്തവണ രണ്ടു ലക്ഷത്തോളം പേർ കേരളത്തിലിറങ്ങുന്നത്. അന്നു യുദ്ധാവസ്ഥയിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവർ സംഘർഷമടങ്ങിയാൽ തിരിച്ചുപോക്കിനുള്ള ഒരുക്കത്തിലായിരുന്നു എത്തിയതെങ്കിൽ, ഇത്തവണ ജീവനും ജീവിതവും ഒരുപോലെ കരകാണാ ദുരിതക്കടലിൽ ഉഴലാൻ വിട്ടാണ് അവരെത്തുന്നത്. സ്വദേശത്ത് കാലുകുത്തിയാലും രോഗലക്ഷണമില്ലെന്ന് ഉറപ്പിച്ച് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞുവേണം വീടണയാൻ. പഴയപടി ഗൃഹാതുരത്വത്തിെൻറ കനം തൂങ്ങുന്ന പെട്ടികളുമായി അത്തറു പൂശിയ പ്രതീക്ഷകളുമായല്ല പ്രവാസികളുടെ വരവ്. രോഗത്തിെൻറയും തൊഴിൽനഷ്ടത്തിെൻറയും ഭീഷണിക്കുമുന്നിൽ ഉത്തരം മുട്ടിയാണ് മിക്കവരുടെയും മടക്കം. കുടുംബം പുലർത്താനുള്ള വഴി ഒാരോരുത്തരുടെയും മുന്നിൽ വെല്ലുവിളിയുയർത്തുേമ്പാൾ തളരുന്നത് കേരളമാണ്. സംസ്ഥാനത്തിെൻറ മൊത്ത ആഭ്യന്തരവരുമാനത്തിെൻറ 30 മുതൽ 35 വരെ ശതമാനം വരുന്ന പ്രവാസിവിഹിതം കോവിഡ് കാലത്തോടെ കുത്തനെ ഇടിയുകയാണ്. 22.5 ലക്ഷം പ്രവാസികളാണ് കേരളത്തിലുള്ളതെന്നു പറയുന്ന കണക്കുകൾ ഇൗ മടങ്ങിവരവോടെ വൻതോതിലുള്ള ഇടിവായിരിക്കും സംസ്ഥാനത്തിെൻറ വരുമാനത്തിലുണ്ടാകുകയെന്നു വ്യക്തമാക്കുന്നു. കൂനിന്മേൽ കുരുവെന്നോണം തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമാക്കുന്നതിനും ഇത് ഇടയാക്കും. ഇൗ ഗുരുതരപ്രതിസന്ധി കണ്ടറിഞ്ഞു ബഹുമുഖ ഇടപെടലാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. ഭരണകൂടവും ജനങ്ങളും ഒന്നിച്ചുനിന്നു പ്രശ്നപരിഹാരക്രിയകൾക്കു മുതിരേണ്ട സന്ദർഭമാണിത്. കോവിഡ് പ്രതിസന്ധി വന്ന ശേഷം സർക്കാറുകൾ കൂടക്കൂടെ ഇൗ െഎക്യവും ഒത്തൊരുമയും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പുറമേ പ്രകടിപ്പിക്കുന്ന ഇൗ ഒൗദ്യോഗികപരിവേഷങ്ങൾക്കപ്പുറം ഭരണകൂടങ്ങളുടെ ഇടപെടലിലും നിക്ഷിപ്ത രാഷ്ട്രീയതാൽപര്യങ്ങൾ പ്രതിഫലിക്കുന്നുണ്ടെന്നു വേണം പറയാൻ.
പ്രവാസികളുടെ തിരിച്ചുവരവിനു വഴിയൊരുക്കുന്നതിൽ തുടങ്ങിയ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ‘ശീതസമരം’ ഇപ്പോഴും അവസാനിച്ചിട്ടില്ല. മടങ്ങുന്നവരുടെ രോഗപരിശോധന, തിരിച്ചുവരവിന് അവസരം ലഭിച്ചവരുടെ എണ്ണം, വിമാനത്താവളങ്ങളുടെ വിവരം തുടങ്ങി എത്തുന്നവരുടെ ക്വാറൻറീൻ വാസക്കാലത്തിൽ വരെ കേന്ദ്രവും സംസ്ഥാനവും നൽകുന്ന വിവരങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. വിമാനങ്ങളുടെ ഷെഡ്യൂളുകൾ മുൻകൂട്ടി പ്രഖ്യാപിച്ചത് തിരുത്തുന്ന പ്രവണത തുടക്കത്തിലേ ദൃശ്യമായി. വരാൻ ആഗ്രഹിക്കുന്നവരെയെല്ലാം തിരിച്ചുകൊണ്ടുവരുമെന്ന് പറയുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി പക്ഷേ, മുഖ്യമന്ത്രി പറയുന്ന മലയാളികളുടെ കണക്ക് അംഗീകരിക്കുന്നില്ല. ഒരു മഹാമാരിയുടെ പരിഹാരം തേടിയുള്ള ശ്രമകരമായ ദൗത്യം രാഷ്ട്രീയമായ വാദവിവാദങ്ങൾക്കു ഉപാധിയാക്കുന്നത് ചിതമല്ല. ആശയക്കുഴപ്പങ്ങൾ അവസാനിപ്പിച്ച് എത്തുന്നവർക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും ആശങ്ക സൃഷ്ടിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം. ലോക്ഡൗണിൽ സംസ്ഥാനം ഇളവുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് പ്രവാസികളുടെ വരവ് എന്നതുകൊണ്ട് ഇത്രകാലം സൂക്ഷിച്ച ഉയർന്ന പൗരബോധം തുടർന്നും കൈമോശം വരാതിരിക്കാൻ ജനങ്ങളും ജാഗ്രത പുലർത്തേണ്ടതാണ്. സർക്കാറും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ കർക്കശമായി പാലിക്കുന്നതിനായിരിക്കണം മടങ്ങിയെത്തുന്നവരും അവരുടെ കരുതലോടെ കൈയേൽക്കുന്നവരും മുന്തിയ പരിഗണന നൽകേണ്ടത്.
കോവിഡ് പരിചരണം പോലെ പ്രധാനമാണ് മടങ്ങിയെത്തുന്നവരുടെ ക്ഷേമത്തിനായുള്ള ദീർഘകാല പ്രവർത്തനപരിപാടികളും. നോർക്ക, സർക്കാർ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമൊക്കെ ഭരണകക്ഷികൾക്കും അനുയായികൾക്കും വീമ്പിനുള്ള വകയാകുന്നതൊഴിച്ചാൽ പ്രവാസി പുനരധിവാസത്തിന് അതിലൊരു ചുക്കുമില്ല എന്നത് ഗൾഫിലെ സ്വദേശിവത്കരണകാല പ്രതിസന്ധി വരെ തെളിയിച്ചതാണ്. അതിനെയൊക്കെ കവച്ചുവെക്കുന്ന മഹാമാരിക്കാലത്തെ പ്രവാസികളുടെ കൂട്ടമടക്കത്തെ വരവേൽക്കുന്നതിനുള്ള ആഘോഷത്തിൽ എല്ലാം അവസാനിക്കുന്നില്ലെന്നും അവരെ ജീവിതത്തിൽ കുടിയിരുത്താനുള്ള തുടർപ്രവർത്തനങ്ങളുമായി ഒപ്പമുണ്ടെന്നും സംസ്ഥാനസർക്കാർ ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.