കോവിഡ്-19 കേരളത്തിൽ ആഭ്യന്തരമായിത്തന്നെ പടരുന്നതിെൻറ അടയാളങ്ങൾ കണ്ടു എന്നത് അധികൃതരുടെയും സമൂഹത്തി െൻറയും മാത്രമല്ല, വ്യക്തികളുടെയും ജാഗ്രത ഒന്നുകൂടി ശക്തിപ്പെടുത്തണമെന്നാണ് ഒാർമിപ്പിക്കുന്നത്. കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ ചൈനയിലും അവിടെനിന്ന് പുറത്തേക്കും രോഗാണു പടർന്നത് തുടക്കത്തിൽ സംഭവിച്ച അലംഭാവം ക ൊണ്ടാണെന്ന് ലോകം മനസ്സിലാക്കുന്നു. അതിവേഗം പടരാനുള്ള കഴിവാണ് കൊറോണ വൈറസിനെ ആപത്കാരിയാക്കുന്നത്. പക ർച്ച തടയാനുള്ള ശ്രമങ്ങൾ തുടങ്ങിയ മുറക്ക് ചൈനയിൽ അത് കുറഞ്ഞു.
എന്നാൽ ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽ അത് വ്യാപിച്ചുകൊണ്ടിരിക്കുന്നു. 92 രാജ്യങ്ങളിൽ കോവിഡ്-19 എത്തിയതായിട്ടാണ് റിപ്പോർട്ട്; ഒപ്പം നിയന്ത്രണങ്ങളും. ഗൾഫ് രാജ്യങ്ങളിലടക്കം യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. രാജ്യാന്തര തീർഥാടനങ്ങൾക്ക് താൽക്കാലിക വിലക്കുമുണ്ട്. ഇന്ത്യയിൽ 34 പേർക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചു. ചില മേഖലകളിൽ വിദ്യാലയങ്ങൾ അടച്ചിരിക്കുന്നു. കേരളത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ കൊറോണ ബാധ സ്ഥിരീകരിച്ചതെങ്കിലും നിരീക്ഷണവും പരിചരണവും അധികൃതരുടെ ജാഗ്രതയും വഴി സംസ്ഥാനം അതിജയിച്ചു. എന്നാൽ, സൂക്ഷ്മതയുടെ കുറവുകൊണ്ടുകൂടിയാവാം, വീണ്ടും ഇവിടെ രോഗബാധ ഉണ്ടായിരിക്കുന്നു. കോവിഡിനുപുറമെ കോഴിക്കോട്ട് പക്ഷിപ്പനിയും തിരിച്ചെത്തിയിരിക്കുന്നു. വയനാട്ടിൽ കുരങ്ങുപനി ഭീഷണിയുമുണ്ട്. പുതിയ പകർച്ച രോഗങ്ങൾക്കെതിരെ ഫലപ്രദമായ അധികൃത ഇടപെടൽകൊണ്ട് ശ്രദ്ധനേടിയ ‘കേരള മോഡൽ’, പക്ഷേ, തളർന്നുപോകാൻ ഏതാനും ചിലരുടെ അലംഭാവം മതി. പ്രതിരോധ ചിട്ടകളെപ്പറ്റിയുള്ള അറിവില്ലായ്മ മുതൽ, നിയമമെന്നാൽ ഇഷ്ടമുണ്ടെങ്കിൽ മാത്രം പാലിക്കാനുള്ളതാണെന്ന പൊതുബോധംവരെ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
കൊറോണ വൈറസ് വാഹകരായിരിക്കാൻ സാധ്യതയുണ്ടായിരുന്ന ചിലർ അധികൃത നിർദേശം വകവെക്കാതെ വിദേശത്തേക്ക് കടന്നതായി മുമ്പ് റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോൾ, ഇറ്റലിയിലെ വൈറസ് ബാധിത മേഖലയിൽനിന്ന് കേരളത്തിലെത്തിയ ചിലർ അക്കാര്യം അറിയിക്കാതിരുന്നതിനാൽ ബന്ധുക്കളിലേക്ക് പടർന്നുവെന്ന് ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടുന്നു. രോഗം പടരാതെ നോക്കുക മാത്രമാണ് അതിനെ അതിജയിക്കാനുള്ള വഴി എന്നിരിക്കെ മുന്നറിയിപ്പുകളും ചിട്ടകളും ശ്രദ്ധിക്കാതിരിക്കുന്നത് തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണ്. ഇതിനെക്കുറിച്ച ബോധവത്കരണം വീടകങ്ങളിൽതന്നെ നടക്കേണ്ടതുണ്ട്. നൂറിൽ 99 പേരും സൂക്ഷ്മത പുലർത്തിയാലും ജാഗ്രത കൈവിട്ട ഒരാൾ മതി രോഗത്തിന് വാതിൽ തുറന്നുകൊടുക്കാൻ. ഇക്കാര്യത്തിൽ ചിട്ടകൾ പാലിക്കുന്നതിലെ അമാന്തം കടുത്ത സമൂഹദ്രോഹമാണെന്ന തിരിച്ചറിവാണ് ആളുകൾക്കുണ്ടാകേണ്ടത്. രാജ്യാന്തര സഞ്ചാരങ്ങൾ മുതൽ സാമൂഹികചടങ്ങുകൾ വരെ അണുപ്പകർച്ചക്ക് സൗകര്യമുണ്ടാക്കാം. കേരളീയരാകെട്ട, സാമൂഹികജീവിതത്തിലും പ്രവാസയാത്രകളിലും മുന്നിലാണു താനും. അതുകൊണ്ടുതന്നെ, ചെറിയ അസൗകര്യങ്ങൾ നേരിടേണ്ടിവന്നാലും ചിട്ടകൾക്കും നിയന്ത്രണങ്ങൾക്കും വഴങ്ങുക എന്നത് പൗരധർമമാകുന്നു. ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച് വിശദമായ മാർഗരേഖകൾ രണ്ടുമാസം മുമ്പ് ഇറക്കിയിട്ടുണ്ട്. ജോലിസ്ഥലത്ത്, പൊതുചടങ്ങുകളിൽ, യാത്രയിൽ എല്ലാം പാലിക്കേണ്ട അവശ്യമര്യാദകളെപ്പറ്റി ജനങ്ങൾ മുഴുവൻ അറിഞ്ഞുവെന്ന് ഉറപ്പുവരുത്തേണ്ടത് അധികൃതരാണ്. സഹചാരികളിൽ രോഗബാധ ഉണ്ടായാൽ പാലിക്കേണ്ട കാര്യങ്ങളും അറിയണം. രോഗബാധ ഉള്ളവരും ഉള്ളതായി സംശയിക്കുന്നവരും അത് അധികൃതരെ അറിയിക്കാതിരുന്നതാണ് ഇത്തരം പകർച്ച രോഗങ്ങൾ വ്യാപിക്കാനുള്ള ആദ്യകാരണമെന്ന ചരിത്രപാഠം നമുക്കു മുന്നിലുണ്ട്.
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇവിടെ പരമ പ്രധാനമാണ്. തൊടുന്നതിലൂടെയാണ് ഏറെയും രോഗപ്പകർച്ച എന്നതിനാൽ കൈകൾ അണുനാശിനി കൊണ്ട് ഇടക്കിടെ നന്നായി കഴുകണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. പ്രതിരോധത്തിലൂടെ തോൽപിക്കാൻ എളുപ്പമുള്ളതും എന്നാൽ, പ്രതിരോധത്തിെൻറ അഭാവത്തിൽ അതിവേഗം പടരുന്നതുമാണ് ഇൗ വൈറസ് എന്നതുകൊണ്ടാണ് അണുബാധക്ക് സാധ്യതയുള്ളവർ (അവർ രോഗികളായിട്ടില്ലെങ്കിലും) അധികൃതരെ അറിയിക്കണമെന്ന് പറയുന്നത്. ഇൗ ചിട്ട ലംഘിച്ചതാണ് കേരളത്തിൽ രോഗം തിരിച്ചെത്താൻ കാരണമായിരിക്കുന്നത്. വ്യക്തികളുടെ അലംഭാവം സമൂഹത്തെ അപായപ്പെടുത്തും. അതേസമയം, ദീർഘകാലാടിസ്ഥാനത്തിൽ സർക്കാറുകൾ പിന്തുടരേണ്ട പരിസ്ഥിതിപരമായ ചിട്ടകളും അപ്രധാനമല്ല. രോഗം വരുേമ്പാൾ ബോധവത്കരണവുമായി ഇറങ്ങുന്ന അതേ ജാഗ്രതയോടെ അധികാരികൾ പരിസ്ഥിതി ശുചിത്വത്തിനും ശ്രദ്ധ നൽകണം. അന്തരീക്ഷം, ജലം, മണ്ണ്, മനുഷ്യരുപയോഗിക്കുന്ന പ്രതലങ്ങൾ തുടങ്ങിയവക്ക് വൈറസ് പ്രസരണത്തിൽ വലിയ പങ്കുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കും മനുഷ്യർ തമ്മിലും വൈറസ് പടരുന്നതിനെക്കുറിച്ച് നിരന്തരം പറയാറുണ്ട് നാം. എന്നാൽ, പുതിയ രോഗാണുക്കളുടെ വരവിനും പകർച്ചക്കും പശ്ചാത്തലമൊരുക്കുന്ന പരിസ്ഥിതി നമ്മുടെ അടിയന്തര ശ്രദ്ധക്കും ജാഗ്രതക്കും പുറത്തായിപ്പോയിരിക്കുന്നു. പരിസ്ഥിതിയിലെ പലതരം ജീർണതകൾ രോഗാണുജനകമായി മാറുന്നുണ്ട്. മനുഷ്യരോ മൃഗങ്ങളോ ആയ വാഹകരില്ലാതെയും നിലനിൽക്കാൻ കഴിയുന്നവയാണ് പല വൈറസുകളും. അന്തരീക്ഷ താപനില മുതൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മിയുടെ തോതു വരെ അവക്ക് അതിജീവനം സാധ്യമാക്കാം. കൊറോണ വൈറസ് കുടുംബത്തിലെ ചില അണുക്കൾ മനുഷ്യശരീരത്തിനു പുറത്തുള്ള പ്രതലങ്ങളിൽ ഒരാഴ്ചവരെ ജീവിക്കും. ‘സാർസ്’ വൈറസ് രണ്ടാഴ്ച വായുവിൽ അതിജീവിക്കും. നിത്യജീവിതത്തിൽ ശുചിത്വത്തിന് പ്രാധാന്യം വർധിക്കുകയാണ്. തൊഴിലിടങ്ങളിലും വീടകങ്ങളിലും പുതു വൈറസുകൾക്കെതിരെ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് പഠനങ്ങൾ നടക്കുന്നു. ഇതുവരെയുള്ള പഠനങ്ങൾ കർക്കശമായി നിർദേശിക്കുന്നത് ശുചിത്വവും ജാഗ്രതയുമാണ്. അക്കാര്യത്തിൽ ഉപേക്ഷ ഇല്ലാതിരിക്കാൻ അധികൃതർ മാത്രമല്ല, ജനങ്ങളും ശ്രദ്ധിച്ചേ പറ്റൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.