ലഹരിമുക്ത കാമ്പസ് വെറും ദിവാസ്വപ്നമാവരുത്


വിദ്യാഭ്യാസമന്ത്രി ​പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനും മുൻ വിദ്യാഭ്യാസമന്ത്രിമാരും എം. സ്വരാജ്, ഷാഫി പറമ്പിൽ, ടി.വി. രാജേഷ് തുടങ്ങിയ യുവ എം.എൽ.എമാർ ഭൂരിപക്ഷവുമുള്ള സബ്ജക്റ്റ് കമ്മിറ്റി സ്കൂൾ കുട്ടികൾക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് സവിസ്തരമായ റിപ്പോർട്ട് 2018 ഏപ്രിൽ നാലിന് നിയമസഭക്കു മുന്നിൽ സമർപ്പിച്ചിരുന്നു. ''നമ്മുടെ സംസ്ഥാനം സാക്ഷരതയിലും ആരോഗ്യപരിപാലനത്തിലും ഇന്ത്യയിൽതന്നെ പ്രഥമസ്ഥാനം അലങ്കരിക്കുന്നു എന്ന് അഭിമാനിക്കുമ്പോൾ മദ്യം/ലഹരി എന്നിവയുടെ ഉപയോഗത്തിൽ സംസ്ഥാനത്തിെൻറ സ്ഥാനം ഒന്നാമതാണ്​ എന്നത് ലജ്ജാവഹമാണ്'' എന്ന് റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ലഹരി ഉപയോഗം വർധിക്കുന്നുവെന്ന ആശങ്ക സ്​ഥിരീകരിച്ചാണ് റിപ്പോർട്ട് ആരംഭിക്കുന്നത് തന്നെ. ഇപ്പോഴിതാ കേരള ഹൈകോടതി ഡിവിഷൻ​െബഞ്ചും കലാലയങ്ങളെ ലഹരിമുക്തമാക്കാൻ പ്രത്യേകം പരിപാടികൾക്കും പദ്ധതികൾക്കും രൂപം നൽകണമെന്ന് പൊലീസ് മേധാവിയോട്​ ഉത്തരവിട്ടിരിക്കുന്നു.

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നത് ശ്രദ്ധയിൽപെടുത്തി റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥൻ എൻ. രാമചന്ദ്രൻ എഴുതിയ കത്തിെൻറ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് ചീഫ് ജസ്​റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ബെഞ്ച് വിധിപ്രസ്താവം നടത്തിയിരിക്കുന്നത്.

ലഹരി ഉപയോഗം ചെറുക്കാൻ കാമ്പസ് പൊലീസ്​ യൂനിറ്റ് ആരംഭിക്കണമെന്ന ഗൗരവതരമായ ആവശ്യം മുതൽ സിലബസ് പുനഃക്രമീകരണവും രഹസ്യസർവേയും വഴിയോര കച്ചവട നിയന്ത്രണങ്ങളും വരെ ഉൾപ്പെടുന്ന ബൃഹത്തായ നിർദേശങ്ങളാണ് ഹൈകോടതി ഉത്തരവിലുള്ളത്.

സാമൂഹികസുരക്ഷയുമായി ബന്ധപ്പെട്ട പഴയ വിധികളുടെ ഗതികേട് ഓർത്തിട്ടാകാം, ആവശ്യമായ നടപടി സ്വീകരിക്കാൻ ഉത്തരവ് ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുക്കാനും നിർദേശങ്ങൾ നടപ്പാക്കിയതിനെക്കുറിച്ച് അറിയിക്കാൻ ഹരജി മൂന്നുമാസത്തിനുശേഷം വീണ്ടും ലിസ്​റ്റ്​ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. മൂന്നു മാസം കൂടുമ്പോൾ ചീഫ് സെക്രട്ടറിയോട്​ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

കൗമാര ലഹരി ഉപയോഗത്തിൽ പഞ്ചാബിന് തൊട്ടുപിറകിലാണ് കേരളം. യുവജനങ്ങളിൽ 31.8 ശതമാനവും ഏതെങ്കിലും തരം ലഹരി ഉപയോഗിക്കുന്നുവെന്നാണ് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആരോഗ്യ, കുടുംബക്ഷേമവുമായി ബന്ധപ്പെട്ട ദേശീയ സർവേ കുട്ടികളിൽ 28.6 ശതമാനം പേരിൽ പുകവലിയും 11 ശതമാനം പേരിൽ മദ്യ ഉപയോഗവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡി.ജി.പിക്കുവേണ്ടി ഐ.ജി പി. വിജയൻ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

കുട്ടികളിൽ ലഹരി ഉപയോഗം വർധിക്കുന്നുവെന്നത് ഭാവി തലമുറയെക്കുറിച്ച് നമ്മെ ഭയപ്പെടുത്തേണ്ട വസ്തുതയാ​ണെന്നു ചുരുക്കം. നമ്മുടെ കുഞ്ഞുങ്ങളെ എന്തു വിലകൊടുത്തും ഈ വിപത്തിൽനിന്നും രക്ഷിക്കേണ്ടത് ഏതൊരു സർക്കാരിെൻറയും കടമയും ബാധ്യതയുമാണെന്ന്​ നിയമസഭ സമിതി ഒാർമപ്പെടുത്തുന്നു. ലഹരിയുടെ വിഷയത്തിൽ സംസ്ഥാനം അകപ്പെട്ട കെടുതിയുടെ ആഴം തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിലും താൽക്കാലികമായ സാമ്പത്തിക, രാഷ്​ട്രീയ താൽപര്യങ്ങൾക്കു മുന്നിൽ അധികാരികളുടെ ഇച്ഛാശക്തി ചോർന്നുപോകുന്നുവെന്നതാണ് നമ്മുടെ ദൗർഭാഗ്യം.

ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ് പോലെ ക്രിയാത്മകമായ ധാരാളം നിർദേശങ്ങൾ അടങ്ങിയതായിരുന്നു നിയമസഭ സബ്ജക്​ട്​ സമിതി റിപ്പോർട്ടും. നിയമമന്ത്രിയടക്കം ഉത്തരവാദപ്പെട്ടവർ അംഗങ്ങളായിരുന്നിട്ടും സ്ഥലകാല ബോധമില്ലാതെ തെരുവിൽ വീണുപോയ ലഹരിബാധിതനെപ്പോലെ, എണ്ണമറ്റ നിയമസഭ റിപ്പോർട്ടുകളിലൊന്നു മാത്രമായി പൊടിപിടിച്ച് കിടക്കാനായിരുന്നു ആ റിപ്പോർട്ടിെൻറയും വിധി.

മയക്കുമരുന്നുകൾക്ക് അടിമപ്പെടുന്ന 70 ശതമാനവും ശിഥിലമായ കുടുംബാന്തരീക്ഷത്തിൽ വളരുന്ന അരക്ഷിതാവസ്ഥയിലുള്ള കുട്ടികളാ​െണന്നാണ്​ സമിതിയുടെ ശ്രദ്ധേയമായ കണ്ടെത്തലുകളിലൊന്ന്. കാരണമാകട്ടെ, മുതിർന്നവരുടെ ലഹരി ഉപയോഗവും. ദുഃഖകരമെന്നു പറയ​െട്ട, ഇതു കൂടുതൽ രൂക്ഷമാക്കുന്ന തരത്തിൽ ബാറുകളും ബിയർഷോപ്പുകളും വ്യാപകമാക്കുകയാണ്​ സംസ്ഥാന സർക്കാർ.

പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന ദൂരപരിധി 100 മീറ്ററിൽനിന്നും 500 മീറ്ററായി വർധിപ്പിക്കാനും ലഹരിപദാർഥങ്ങളുടെ വിൽപനക്ക് ആവർത്തിച്ച് പിടിക്കപ്പെടുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടിയും സമിതി ശിപാർശ ചെയ്തിരുന്നു. എന്നാൽ അതിന് ഏതാനും മാസങ്ങൾക്കു മു​േമ്പ ആരാധനാലയങ്ങളിൽനിന്നും കലാലയങ്ങളിൽനിന്നുമുള്ള ദൂരപരിധി 200 മീറ്ററിൽനിന്ന് 50 മീറ്ററിലേക്ക് ചുരുക്കാനുള്ള തീരുമാനം സർക്കാർ എടുത്തു.

ഇത്തരം ആത്മവഞ്ചനകൾ അധികാരികൾ അവസാനിപ്പിച്ചില്ലെങ്കിൽ ലഹരിമുക്ത കാമ്പസ് ദിവാസ്വപ്നം മാത്രമായിരിക്കും. ലഹരി പദാർഥങ്ങൾക്കെതിരെയുള്ള ബോധവത്കരണം നടത്തുന്നതിനോടൊപ്പം തന്നെ അവയുടെ ലഭ്യത തടയുന്നതിന് നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ബോധവത്കരണ പരിപാടികൾ വെറും ജലരേഖകളായി മാറുമെന്ന നിയമസഭ സമിതിയുടെ മുന്നറിയിപ്പ് പുതിയ കോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ ഞങ്ങൾ ആവർത്തിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളെ എന്തു വിലകൊടുത്തും ഈ മഹാവിപത്തിൽനിന്നു രക്ഷിക്കേണ്ടത് സർക്കാരിെൻറയും പൊതുസമൂഹത്തിെൻറയും കടമയും ബാധ്യതയുമാ​െണന്ന് ഉണർത്തുകയും ചെയ്യുന്നു.

Tags:    
News Summary - Drug-free campus should not be just a daydream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.