ഐക്യകേരളത്തിന് 66-ാം പിറന്നാളാണിന്ന്. ഏതു നാഗരികതയുടെയും പുരോഗതിയുടെ അളവായി എണ്ണുന്ന സാക്ഷരത, വിദ്യാഭ്യാസ വളർച്ച, ആരോഗ്യപരിരക്ഷ, സ്ത്രീ മുന്നേറ്റം തുടങ്ങിയ വിവിധ രംഗങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ സ്വന്തമാക്കാൻ ആറരപ്പതിറ്റാണ്ടിനിടെ നമുക്ക് സാധിച്ചുവെന്നത് അഭിമാനകരം തന്നെ. ലോകത്തിെൻറ വിവിധ കോണുകളിൽ ആരോഗ്യ-വൈജ്ഞാനിക-സാങ്കേതിക-വ്യവസായ- സേവന രംഗങ്ങളിൽ ഗണ്യമായ സാന്നിധ്യമറിയിച്ചിരിക്കുന്നു മലയാളി. രാഷ്ട്രീയ പ്രബുദ്ധതയുടെയും പുരോഗമന ചിന്തയുടെയും പേരിൽ ആവുന്നിടത്തെല്ലാം മലയാളി ഊറ്റം കൊള്ളാറുണ്ട്. കൂടുതൽ വലിയ ലക്ഷ്യങ്ങളുമായി ഉയരങ്ങളിലേക്ക് കുതിക്കാനൊരുങ്ങവെ നേട്ടങ്ങൾക്കൊപ്പം നമ്മുടെ വീഴ്ചകളുടെയും പോരായ്മകളുടെയും കൂടി കണക്കെടുപ്പ് നടത്തുന്നത് നന്ന്.
വിദ്യാഭ്യാസ മേഖലയിൽ നിന്നു തന്നെ തുടങ്ങാം. മികച്ച സർവകലാശാലകളും കലാലയങ്ങളും അതി വിദഗ്ധരായ അധ്യാപകരുമുണ്ട് കേരളത്തിൽ. എന്നാൽ, പ്ലസ്ടുവിന് ശേഷം കേരളത്തിൽ തുടർപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ എണ്ണം അനുദിനം കുറഞ്ഞുവരുന്നു. തീക്ഷ്ണമായ രാഷ്ട്രീയകാലാവസ്ഥയെ അവഗണിച്ച് ഇതര സംസ്ഥാനങ്ങളിലേക്കും കടമെടുത്താണെങ്കിലും വിദേശരാജ്യങ്ങളിലും ഉപരിപഠനം നടത്താൻ അവർ താൽപര്യപ്പെടുന്നു. സാമൂഹികമോ, സാമ്പത്തികമോ ആയ തടസ്സങ്ങൾ ഒന്നുകൊണ്ടു മാത്രമാണ് പഠനം ഇവിടെ തുടരാൻ പകുതിയിലേറെ കുട്ടികളും നിർബന്ധിതരാകുന്നത്. വർഷങ്ങൾ കലാലയങ്ങളിൽ ചെലവിട്ട ശേഷം മത്സരപരീക്ഷകളിലും തൊഴിൽ നൈപുണ്യത്തിലും പിന്നാക്കം പോകാൻ ആരാണ് ആഗ്രഹിക്കുക? അതിരുവിട്ട രാഷ്ട്രീയം കളിയും സ്ഥാപിതതാൽപര്യങ്ങളുമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളെ കെടുത്തിക്കളയുന്നത് എന്ന കാര്യം അവഗണിക്കാനാവില്ല.
ആരോഗ്യ പരിരക്ഷാരംഗത്ത് ഇന്ത്യയിലെന്നല്ല, ലോകമൊട്ടുക്കുമുള്ള മികച്ച ആതുരാലയങ്ങളിലെല്ലാം മലയാളക്കരയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരുടെ കൈയൊപ്പുണ്ട്. കോവിഡിനെതിരായ പോരാട്ടത്തിൽ വിദേശരാജ്യങ്ങളിലുൾപ്പെടെ അവർ വഹിച്ച പങ്ക് നിസ്തുലമാണ്. വിദ്യാർഥികളെന്ന പോലെ ആരോഗ്യപ്രവർത്തകരും കേരളം വിട്ടുപറക്കാൻ ഔത്സുക്യം കാണിക്കുന്നത് ഗൗരവബുദ്ധിയോടെ വിലയിരുത്താൻ നമ്മളിനിയും തയാറായിട്ടില്ല. ആരോഗ്യപ്രവർത്തകർ അർഹിക്കുന്ന വേതനം മാത്രമല്ല, അന്തസ്സോ സുരക്ഷയോ പോലും ഉറപ്പുവരുത്താൻ നമുക്ക് സാധിക്കുന്നില്ല. ആംബുലൻസില്ലാതെ രോഗികളെയോ മൃതദേഹങ്ങളെയോ ഏറ്റി കാൽനടയായും സൈക്കിളിലും കിലോ മീറ്ററുകൾ താണ്ടേണ്ടി വരുന്ന ഉത്തരേന്ത്യൻ സങ്കടക്കാഴ്ച ഇവിടെയില്ല എന്നത് ആശ്വാസകരം തന്നെ. അത്യാധുനിക സൗകര്യങ്ങളോടെ ഒട്ടനവധി ആതുരാലയങ്ങൾ സർക്കാർമേഖലയിൽ ഉയരുന്നു എന്നതും അഭിമാനകരം. എന്നിരിക്കിലും അട്ടപ്പാടിയിൽ ആവർത്തിക്കപ്പെടുന്ന ശിശുമരണങ്ങളിലും മറ്റും ചികിത്സ ഉറപ്പാക്കുന്നതിൽ വരുത്തുന്ന ഉപേക്ഷയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കുമാവില്ല. കാസർകോടുള്ള കാൻസർ രോഗിയെ ഏതാനും മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് ചികിത്സക്കെത്തിക്കാനെന്ന പേരിൽ സഹസ്രകോടികൾ കടമെടുത്ത് വേഗറെയിൽ പണിയാൻ തിടുക്കപ്പെടുന്നതല്ല, ഏതാനും കോടികൾ മുടക്കി കാസർകോട് ചികിത്സാലയമുയർത്തുന്നതാണ് സുസ്ഥിര ആരോഗ്യ വികസനമാതൃക എന്ന് മനസ്സിലാക്കാൻ സർക്കാറോ നയരൂപകർത്താക്കളോ തയാറാവുന്നില്ല എന്നതും പരാജയം തന്നെ.
ആണധികാര കേന്ദ്രങ്ങൾ പണിതുവെച്ചിരുന്ന സകല തടസ്സങ്ങളും മറികടന്ന് സ്ത്രീസമൂഹം പഠനരംഗത്തും തൊഴിൽമേഖലയിലും വെന്നിക്കൊടി നാട്ടുന്നതും രാഷ്ട്രീയരംഗത്ത് പോരാട്ടം തുടരുന്നതും കേരളത്തിെൻറ തിളക്കമാർന്ന ചിത്രമാണ്. എന്നാൽ സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ മുഖം പൊത്തി നിൽക്കേണ്ട നാണക്കേടിലാണ് നാം ഓരോരുത്തരും. മറ്റേതെങ്കിലും സംസ്ഥാനത്തേക്കാൾ കുറവാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നതുപോലും നേട്ടമല്ല. കഴിഞ്ഞ ഒരു കലണ്ടർ വർഷം മാത്രം എത്രയോ പെൺകുട്ടികളാണ് സ്ത്രീധനം എന്ന സാമൂഹിക വിപത്തിെൻറ ഇരകളായി കൊല്ലപ്പെട്ടത്. ഓരോ ജീവൻ പൊലിയുേമ്പാഴും നമ്മൾ നടുക്കം ആവർത്തിക്കുന്നു. ഈ ദുരന്തത്തിന് പൂർണവിരാമമിടാൻ സാധിക്കാത്തിടത്തോളം സ്ത്രീശക്തിയെക്കുറിച്ച് മഹാകാവ്യമെഴുതിയിട്ടും കാര്യമില്ല തന്നെ.
മലയാളി അഭിമാനപുരസ്സരം എടുത്തണിഞ്ഞ് നടന്നിരുന്ന നവോത്ഥാനത്തിെൻറയും പുരോഗമനചിന്തയുടെയും മുഖംമൂടികളും മേലങ്കികളും എത്ര അപഹാസ്യമെന്ന് വെളിപ്പെടുത്തുന്നു നരബലിയുടെയും ദുരഭിമാനക്കൊലയുടെയും ചിത്രങ്ങൾ.
വർഗീയശക്തികളെ പരാജയപ്പെടുത്താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുലർത്തുന്ന ജാഗ്രത സാമൂഹികജീവിതത്തിൽ പാലിക്കാൻ കഴിയുന്നുണ്ടോ എന്ന കാര്യവും ആ ലോചനക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. നമുക്ക് ജാതിയില്ല എന്നൊക്കെ മുദ്രാവാക്യം മുഴക്കുകയും സമൂഹ മാധ്യമ പോസ്റ്റുകളെഴുതുകയും ചെയ്യുന്ന മലയാളി അധികാര രംഗത്തുനിന്നും വൈജ്ഞാനിക മേഖലയിൽ നിന്നും ദലിതുകളെയും പിന്നാക്കസമൂഹങ്ങളെയും അദൃശ്യവത്കരിക്കാനും അന്യവത്കരിക്കാനും പുലർത്തുന്ന ശുഷ്കാന്തിയും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
മുദ്രാവാക്യങ്ങളും കെട്ടുകാഴ്ചകളും കൊണ്ട് സാധ്യമാക്കാൻ കഴിയുന്നതല്ല നവകേരളം. അഹംബോധമില്ലാത്ത ആത്മവിമർശനത്തോടെ വേണം അതിനു തുടക്കമിടാൻ. ഈ കേരളപ്പിറവി ദിനം അതിനു നമ്മെ പ്രാപ്തമാക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.