കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തയാറാക്കിയ പരിസ്ഥിതി ആഘാത പഠന (ഇ.െഎ.എ) കരട് വിജ്ഞാപനത്തിന്മേൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. രാജ്യത്ത് അവശേഷിക്കുന്ന പ്രകൃതിവിഭവങ്ങൾകൂടി ഇഷ്ടക്കാർക്കും കോർപറേറ്റുകൾക്കും തീറെഴുതിക്കൊടുക്കാൻമാത്രം ഉപകരിക്കുന്ന പുതിയ വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇൗ അവസാന മണിക്കൂറുകളിലും നവമാധ്യമങ്ങളിൽ ശക്തമായ കാമ്പയിൻ തുടരുകയാണ്.
ലക്ഷക്കണക്കിന് പ്രതിഷേധക്കത്തുകളാണ് ഇതിനകം മന്ത്രാലയത്തിന് ലഭിച്ചത്. പുതിയ കരട് വിജ്ഞാപനത്തിെൻറ ശീർഷകത്തിൽ 'പരിസ്ഥിതി ആഘാത പഠനം' എന്നുണ്ടെങ്കിലും അതിെൻറ വിശദാംശങ്ങളിലൊന്നും അങ്ങനെയൊന്ന് പ്രതിഫലിക്കുന്നില്ല. പരിസ്ഥിതി ആഘാതപഠനമില്ലാതെ തന്നെ, വൻകിട പദ്ധതികൾക്കുപോലും അനുമതി നൽകാനുള്ള പഴുതുകളാണ് അതിൽ നിറയെ; ഇത്തരം പദ്ധതിപ്രദേശങ്ങൾ ജനവാസ കേന്ദ്രങ്ങളാണെങ്കിൽ അവിടെനിന്ന് ആളുകളെ കുടിയൊഴിപ്പിക്കുന്നതിനും അധികാരികൾക്ക് മുമ്പത്തെ അത്ര പ്രയാസപ്പെടേണ്ടിവരില്ല.
മറ്റൊരു തരത്തിൽ പറഞ്ഞാൽ, പ്രകൃതിയുടെയും അതിെൻറ ഭാഗമായ മനുഷ്യെൻറയും ആരോഗ്യകരമായ നിലനിൽപിന് അത്യധികം ഭീഷണി ഉയർത്തുന്നുണ്ട് ഇൗ വിജ്ഞാപനം. ഇക്കാര്യം കേന്ദ്രസർക്കാറിനും അറിയാം. അതുെകാണ്ടാണ്, രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിെൻറ തൊട്ടുതലേന്ന് തന്നെ വിജ്ഞാപനം ഇറക്കിയത്. പൊതുജനങ്ങൾക്ക് ഇടപെടാൻ പരിമിതമായ സമയം മാത്രം നൽകി കാര്യമായ ചർച്ചകളും പഠനങ്ങളുമില്ലാതെ ചുെട്ടടുക്കുകയായിരുന്നു സർക്കാർ.
പിന്നീട് ഡൽഹി ഹൈകോടതി ഇടപെട്ടാണ് ഇത്രയും ദിവസം കൂടി അനുവദിക്കപ്പെട്ടത്. രാജ്യത്തെ പ്രധാന പ്രാേദശികഭാഷയിലെല്ലാം ലഭ്യമാകേണ്ടിയിരുന്ന കരട് രേഖ പ്രസിദ്ധീകരിച്ചത് ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായിരുന്നു. അവസാനനിമിഷം പ്രതിഷേധങ്ങൾ കനക്കുേമ്പാൾ, ഇത് കേവലം കരടു മാത്രമാണെന്ന ന്യായം ചമച്ച് രക്ഷപ്പെടാനാണ് അവർ ശ്രമിക്കുന്നത്.
പ്രകൃതിയോട് ഇണങ്ങിയുള്ള, പരിസ്ഥിതിക്ക് കാര്യമായ പരിക്കുകളില്ലാത്ത സുസ്ഥിര വികസനമാതൃകകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ തയാറാക്കപ്പെടുന്നത്. 1970കളിൽ രാജ്യത്ത് നിർമിച്ച അണക്കെട്ടുകൾ ഉയർത്തിയ പാരിസ്ഥിതിക വെല്ലുവിളികളും 84ലെ ഭോപാൽ വിഷവാതകദുരന്തവുെമാക്കെയാണ് നമ്മുടെ ഭരണകൂടത്തെ ഇൗ ദിശയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്.
90കളിൽ അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച്, പരിസ്ഥിതി നയങ്ങൾ കൂടുതൽ വിപുലമാക്കുകയും ചെയ്തു. അങ്ങനെയാണ് റിയോ ഉടമ്പടിയുടെ പിന്നാലെ, പരിസ്ഥിതി ആഘാതപഠനത്തിനുള്ള ആദ്യവിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചത്. ഒരു വികസനസംരംഭം ആരംഭിക്കുേമ്പാൾ, പ്രസ്തുതപദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾ പഠിക്കുകയും നിർദേശിക്കപ്പെടുന്ന പ്രതിവിധികൾക്ക് അനുസൃതമായിമാത്രം പ്രവൃത്തി തുടരുകയും ചെയ്യുക എന്നതായിരുന്നു ഇതിെൻറ താൽപര്യം.
2006ൽ, ഒന്നാം യു.പി.എ സർക്കാർ ഭേദഗതികളോടെ പുതിയ വിജ്ഞാപനം കൊണ്ടുവന്നു. ഒേട്ടറെ പഴുതുകൾ അതിലുണ്ടായിരുന്നെങ്കിലും, അനിയന്ത്രിതമായ പ്രകൃതിചൂഷണത്തിന് അറുതിവരുത്താൻ അതിലൂടെ സാധിച്ചിരുന്നു. ഇൗ നിയമത്തിൽ ഭേദഗതി വരുത്താനാണ് മോദി സർക്കാറിപ്പോൾ പുതിയ വിജ്ഞാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. ആഗോളതാപനത്തിെൻറയും കാലാവസ്ഥ വ്യതിയാനത്തിെൻറയും പ്രത്യക്ഷസൂചനകൾ പ്രകടമായ സാഹചര്യത്തിൽ നിയമഭേദഗതി അനിവാര്യമാണെന്നതിൽ തർക്കമില്ല. അത്തരത്തിൽ തയാറാക്കപ്പെടുന്ന നിയമങ്ങൾ പുതിയ കാലത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരമാകണമെന്നുമാത്രം. എന്നാൽ, ഇവിടെ സംഭവിച്ചത് മറിച്ചാണ്. പഴയ നിയമത്തിൽ പൂർണമായും വെള്ളം ചേർത്ത് പരിസ്ഥിതി ആഘാതപഠനത്തിെൻറ അന്തസ്സത്ത തന്നെ ചോർത്തിക്കളഞ്ഞിരിക്കുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറും സംഘവും.
പല പദ്ധതികൾക്കും പരിസ്ഥിതി ആഘാതപഠനം തന്നെ വേണ്ട എന്നാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. പദ്ധതിയെ ഭരണകൂടം 'തന്ത്രപ്രധാനം' എന്നു വിശേഷിപ്പിച്ചാൽ പിന്നെ ഒട്ടും വേണ്ട. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിർമാണപ്രവൃത്തികൾക്കും ഇനിമുതൽ പരിസ്ഥിതി പഠനം ആവശ്യമില്ല. വ്യവസായ മേഖലയിൽമാത്രം 70ൽപരം സംരംഭങ്ങൾക്ക് ഇനിയങ്ങോട്ട് പരിസ്ഥിതി പഠനം വേണ്ടെന്നു കരടിലുണ്ട്.
ഇതിൽ മരുന്ന് നിർമാണശാലകളും ഉൾപ്പെടും. ഖനനമേഖലയിലും കാര്യമായ ഇളവുകളാണ് കോർപറേറ്റുകൾക്ക് ലഭിക്കാൻ പോകുന്നത്. പഴയ വിജ്ഞാപന പ്രകാരം അഞ്ച് ഹെക്ടറിൽ കൂടുതലുള്ള ഖനനങ്ങൾക്കൊക്കെ ഇ.െഎ.എ നിർബന്ധമായിരുന്നു. അത് നൂറ് ഹെക്ടർ എന്നാക്കി മാറ്റിയിരിക്കുന്നു. അതിൽ താഴെയുള്ള ഖനനങ്ങൾക്ക് സംസ്ഥാന അതോറിറ്റിയുടെ അനുമതിമാത്രം മതി. നിർമാണ മേഖലയിലും സ്ഥിതി ഇതുതന്നെ.
നേരത്തെ 20,000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾക്കെല്ലാം ഇ.െഎ.എ നിർബന്ധമായിരുന്നുവെങ്കിൽ പുതിയ വിജ്ഞാപനമനുസരിച്ച്, ഒന്നര ലക്ഷം ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് അതാവശ്യമില്ല. ഒരു വിമാനത്താവളത്തിനോ മറ്റോ മാത്രമേ ഇത്രയും വലിയ കെട്ടിടം ആവശ്യമുണ്ടാകൂ. അഥവാ, നിലവിലെ സാഹചര്യത്തിൽ കേരളത്തിെല ഒരൊറ്റ കെട്ടിടത്തിനുപോലും ഇ.െഎ.എ ആവശ്യമില്ല.
സിമൻറ് നിർമാണം, ആസിഡ് വ്യവസായം, സിന്തറ്റിക് റബർ നിർമാണം, ഉൾനാടൻ ഗതാഗതം തുടങ്ങിയ പദ്ധതികളുടെ കാര്യവും ഇങ്ങനെയൊക്കെതന്നെ. ഇൗ പദ്ധതികളിലൊക്കെയും പൊതുജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള സാധ്യതയും അടച്ചിരിക്കുന്നു സർക്കാർ. ഇനിയങ്ങോട്ട് ഹിയറിങ് കാലയളവ് 20 ദിവസമാക്കി നിജപ്പെടുത്തിയിരിക്കുകയാണ്. പലപദ്ധതികളും െപാതുജനങ്ങളെ അറിയിക്കുകപോലും വേണ്ട.
സ്ഥലമേറ്റെടുപ്പിെൻറ സമയത്തോ അല്ലെങ്കിൽ ഭോപാലിലും വിശാഖപട്ടണത്തുമെല്ലാം സംഭവിച്ചതുപോലെ ദുരന്തങ്ങൾക്ക് ഇരയാക്കപ്പെടുകയോ ചെയ്യുേമ്പാൾ മാത്രമായിരിക്കും അവർക്ക് 'അറിയിപ്പ്' ലഭിക്കുക. ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ ഇൗ 'കോർപറേറ്റ് സേവ'ക്കെതിരെയാണിപ്പോൾ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്നത്. പ്രകൃതിയുടെയും മനുഷ്യെൻറയും അതിജീവനത്തിനായുള്ള ഇൗ പോരാട്ടത്തോട് െഎക്യപ്പെടുക എന്നത് സർവരുടെയും ബാധ്യതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.