റഷ്യ അയൽരാജ്യമായ യുക്രെയ്നിലേക്ക് ഒന്നര ലക്ഷത്തോളം സൈനികരെ അയച്ചു 2022 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം ലക്ഷ്യം കൈവരിക്കുന്നതിന്റെ അടുത്തൊന്നുമെത്താത്ത സാഹചര്യത്തിൽ പിടിച്ചുനിൽക്കാനും അനിശ്ചിതമായി തുടരാനും സഖ്യരാഷ്ട്രമായ ബെലറൂസിനെ സജീവ പങ്കാളിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആ രാജ്യത്തെത്തിയിരിക്കുകയാണ് വ്ലാദിമിർ പുടിൻ. ഏതാനും ദിവസങ്ങൾക്കകം ശല്യം അവസാനിപ്പിച്ച് യുക്രെയിനെ പഴയ റഷ്യയുടെ ഭാഗമാക്കുകയോ ചൊൽപ്പടിയിൽ കൊണ്ടുവരുകയോ ചെയ്യാമെന്ന പുടിന്റെ വ്യാമോഹമാണ് ഒമ്പതു മാസങ്ങൾ പിന്നിട്ടിട്ടും നടക്കാതെപോയിരിക്കുന്നത്.
യുക്രെയ്ൻ നാറ്റോവിൽ അംഗമാവുമെന്ന ഭീതിയാണ് ആക്രമണത്തിന് റഷ്യ പറഞ്ഞ ന്യായമെങ്കിലും ഫലത്തിൽ യുക്രെയ്ൻ അമേരിക്ക നേതൃത്വം നൽകുന്ന നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാവുന്നതിലാണിപ്പോൾ സംഭവഗതികൾ കലാശിച്ചിരിക്കുന്നത്. ഒരു നീതീകരണവുമില്ലാത്ത ഈ സംഹാരതാണ്ഡവത്തിലൂടെ ഇതിനകം ഇരു ഭാഗത്തുമായി പൊലിഞ്ഞത് രണ്ടു ലക്ഷത്തിൽപരം സൈനികരാണെന്ന് അമേരിക്കൻ ജനറൽ മാർക്ക് മില്ലി പറയുന്നു. ഐക്യരാഷ്ട്ര ഏജൻസിയുടെ കണക്കുപ്രകാരം യുക്രെയ്നിൽ കൊല്ലപ്പെട്ട സിവിലിയന്മാരുടെ സംഖ്യ 2022 ഡിസംബർ 18 വരെ 6826 ആണെങ്കിലും യഥാർഥ സംഖ്യ കൂടുതലായിരിക്കാനാണ് സാധ്യതയെന്നും ചൂണ്ടിക്കാട്ടുന്നു. 10,769 പേർക്ക് പരിക്കേറ്റതായും യു.എൻ ൈഹകമീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ് വെളിപ്പെടുത്തുന്നു.
ഒന്നര കോടി മുതൽ മൂന്നു കോടിവരെ യുക്രെയ്ൻകാർ അയൽരാജ്യങ്ങളിൽ അഭയാർഥികളായി എത്തിയിട്ടുണ്ടെന്നാണ് മില്ലിയുടെ കണക്ക്. അവരിലധികവും പോളണ്ടിലാണെന്നും വിവരമുണ്ട്. ഈ കണക്കുകൾപോലും ഫെബ്രുവരി 24ന് ആരംഭിച്ച ഔപചാരിക യുദ്ധത്തിന് ശേഷമുള്ളതാണ്. റഷ്യയും യുക്രെയ്നും തമ്മിലെ അസ്വാരസ്യങ്ങളും സംഘട്ടനങ്ങളും 2014 ഏപ്രിൽ മുതൽ തുടങ്ങിയിട്ടുണ്ട്. 2021 ഡിസംബർ വരെ പട്ടാളക്കാരും സിവിലിയന്മാരുമായി 14,400 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. മുക്കാൽ നൂറ്റാണ്ടോളം സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന റഷ്യയും യുക്രെയ്നും തമ്മിലെ യുദ്ധം ഭയാനകമായ ജീവഹാനിക്ക് ഹേതുഭൂതമാവുന്നതു മാത്രമല്ല പ്രശ്നം.
അഭയാർഥി പ്രവാഹം സൃഷ്ടിക്കുന്ന മാനുഷിക ദുരന്തത്തിലും അതൊതുങ്ങുന്നില്ല. യുക്രെയ്നിൽ വൈദ്യ വിദ്യാഭ്യാസം തുടരുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരും അല്ലാത്തവരുമായ വിദ്യാർഥികൾ എവ്വിധമോ പുറത്തേക്ക് രക്ഷപ്പെട്ടെങ്കിലും അവരുടെ പഠനം നിശ്ശേഷം വഴിമുട്ടിയിരിക്കുകയാണ്; തുടർപഠനത്തിന് ഒരുവഴിയും ഇതുവരെ തുറന്നിട്ടില്ല. അതോടൊപ്പം റഷ്യയിൽനിന്നും യുക്രെയ്നിൽനിന്നുമുള്ള അവശ്യസാധന കയറ്റുമതിയും പാടെ സ്തംഭിച്ചിരിക്കുന്നു. പശ്ചിമ യൂറോപ്പിലെയും ഇന്ത്യയിലെയും അയൽനാടുകളിലെയും വിലകൾ കുത്തനെ ഉയർത്തുന്നതിന് യുക്രെയ്ൻ യുദ്ധം വഴിവെച്ചിട്ടുണ്ട്.
കൊടിയ നാശം മാത്രം വിതച്ച് അനിശ്ചിതമായി തുടരുന്ന ഈ രക്തച്ചൊരിച്ചിൽ എത്രയും പെട്ടെന്ന് അവസാനിപ്പിക്കാൻ പ്രതീക്ഷ നൽകുന്ന ഒരു നയതന്ത്രനീക്കവും ലോകതലത്തിൽ നടക്കുന്നില്ലെന്നതാണ് ലോകത്തിന്റെ പൊതുവായ പരാജയം. കാരണം, കത്തുന്ന പുരയിടത്തിൽനിന്ന് ഊരുന്ന കഴുക്കോൽ ലാഭം എന്ന മട്ടിൽ സങ്കുചിതമായി മാത്രം ചിന്തിക്കുന്ന സ്വാർഥികളായ വൻശക്തികളും മറ്റു യു.എൻ അംഗ രാജ്യങ്ങളുമാണ് നമുക്കുള്ളത് എന്നതുതന്നെ. യുക്രെയ്ന് ആയുധങ്ങളും സൈനിക സന്നാഹങ്ങളും നൽകി റഷ്യയെ ഇഞ്ചിഞ്ചായി തകർക്കാനാണ് നാറ്റോവിന്റെ നീക്കം എന്നു കരുതാനാണ് ന്യായം. മറുഭാഗത്ത് യുക്രെയ്നെ നശിപ്പിക്കാനുള്ള പുടിന്റെ ദുരാഗ്രഹത്തിന് കൂട്ടുനിൽക്കുകയാണ് ചൈനയെപ്പോലുള്ള മുതലെടുപ്പുകാർ.
രണ്ടിനും മധ്യേ നിൽക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഗൗരവപ്പെട്ട സമാധാന പുനഃസ്ഥാപന ശ്രമങ്ങൾ നടക്കുന്നതിന് തെളിവുകളില്ല. വില കുറച്ച് എണ്ണ വിൽക്കാൻ നിർബന്ധിതമായ റഷ്യയുടെ നിസ്സഹായതയിൽനിന്ന് മുതലെടുക്കാനാണ് ചില രാജ്യങ്ങൾ അവസരമുപയോഗിക്കുന്നത്. അമേരിക്കയുടെയും ഐക്യരാഷ്ട്രസഭയുടെയും ഉപരോധത്തിൽ പൊറുതിമുട്ടിക്കഴിയുന്ന ഇറാൻ റഷ്യയുടെ ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നതും ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയാണെന്ന് അവകാശപ്പെടാം.
അതിനിടെ സൈനികമായ ഏറ്റുമുട്ടലുകൾ കുറച്ച് യുക്രെയിനിന്റെ ജീവിതോപാധികൾ നശിപ്പിക്കുന്നതിലാണ് നിരന്തരമായ ഡ്രോൺ ആക്രമണങ്ങളിലൂടെ റഷ്യ ഏറ്റവുമൊടുവിൽ ശ്രമിക്കുന്നത്. വൈദ്യുതോൽപാദന സ്രോതസ്സുകൾ ബോംബിട്ട് തകർത്ത് ഈ കൊടുംതണുപ്പിൽ കുട്ടികളെയടക്കം മരണവക്ത്രത്തിലേക്ക് തള്ളിവിടുന്ന ക്രൂരതയെക്കുറിച്ച് എത്ര കുറച്ചുപറയുന്നുവോ അത്രയും നല്ലത്. മനുഷ്യത്വം ഒരുകാലത്തും സാമ്രാജ്യത്വത്തിന്റെ ദൗർബല്യമായിരുന്നില്ലല്ലോ. എല്ലാം മറന്ന് കാൽപന്ത് കളിയിൽ അഭിരമിക്കുന്നതു തന്നെ പുത്തൻ നാഗരികതയുടെ മുന്നിലെ രക്ഷാമാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.