ഇസ്ലാമിലെ സാമൂഹിക തിന്മകളായ മുത്തലാഖിനെയും ഹലാലയെയും വിശദീകരിക്കുക, കൗടില്യെൻറ അർഥശാസ്ത്രത്തിൽ ജി.എസ്.ടിയെക്കുറിച്ചുള്ള സൂചനകൾ വിശദീകരിക്കുക, ആഗോളീകരണത്തെക്കുറിച്ച ആദ്യ ഇന്ത്യൻ ചിന്തകൻ എന്ന കാഴ്ചപ്പാടിൽ മനുവിനെ വിലയിരുത്തുക- -കേന്ദ്ര സർവകലാശാലയായ ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി ഏതാനും ആഴ്ചകൾക്കു മുമ്പ് എം.എ ഹിസ്റ്ററി മൂന്നാം സെമസ്റ്റർ വിദ്യാർഥികൾക്കു വേണ്ടി നടത്തിയ പരീക്ഷയിൽ ചോദിച്ച ചോദ്യങ്ങളിൽ ചിലതാണിത്. ഈ ചോദ്യപ്പേപ്പർ ദേശീയതലത്തിൽതന്നെ വലിയ വിവാദമായിരുന്നു. വിദ്യാഭ്യാസത്തിെൻറ കാവിവത്കരണം എന്ന ലക്ഷ്യംവെച്ച് ഹിന്ദുത്വ ശക്തികൾ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമാണ് ചോദ്യപ്പേപ്പർ ഉപയോഗിച്ചുകൊണ്ടുള്ള ആശയങ്ങളുടെ അടിച്ചേൽപിക്കൽ. ഒരു പള്ളി പൊളിക്കാൻ 50 കർസേവകർ വേണമെങ്കിൽ 10 പള്ളി പൊളിക്കാൻ എത്ര കർസേവകർ വേണം എന്ന തരത്തിലുള്ള ചോദ്യങ്ങൾ, മധ്യപ്രേദശിലെയും ഗുജറാത്തിലെയും പ്രാഥമിക സ്കൂളുകളിലെ ഗണിത പഠനത്തിെൻറ ഭാഗമായി വരാറുണ്ടെന്ന് ആ രംഗത്ത് പ്രവർത്തിക്കുന്നവർ ആക്ഷേപമുന്നയിച്ചിട്ടുണ്ട്. പരീക്ഷകൾ, വിദ്യാർഥികൾക്ക് മറ്റൊരു തെരഞ്ഞെടുപ്പിനും അവസരം നൽകാത്ത വേദിയാണ്. പ്രത്യേക ലക്ഷ്യംവെച്ചുകൊണ്ടുള്ള ചോദ്യങ്ങളിലൂടെ ആശയങ്ങൾ അടിച്ചേൽപിക്കുകയാണ് ഇത്തരം ചോദ്യ നിർമിതികളിലൂടെ ചെയ്യുന്നത്.
മുൻവിധികളും വെറുപ്പും ഉൽപാദിപ്പിച്ചുകൊണ്ട് തലമുറകളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യുക എന്നത് ഫാഷിസ്റ്റുകളുടെയും വംശീയവാദികളുടെയും പ്രവർത്തന പദ്ധതിയാണ്. അതിനനുസരിച്ചുള്ള സിലബസും പാഠപുസ്തകങ്ങളും ചോദ്യപ്പേപ്പറുകളുമൊക്കെ അവർ തയാറാക്കും. ‘വിദ്യാഭാരതി അഖിൽ ഭാരതി ശിക്ഷാ സൻസ്ഥാൻ’ എന്നത് ഈ ലക്ഷ്യംവെച്ച് ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ആർ.എസ്.എസിെൻറ പോഷക സംഘടനയാണ്. കഴിഞ്ഞ ഒക്ടോബറിൽ, സംസ്കൃത വിജ്ഞാന പരീക്ഷയുടെ ഭാഗമായി ഈ സംഘടന കേരളത്തിലെ സ്കൂളുകളിൽ പാഠപുസ്തകങ്ങൾ വിതരണം ചെയ്തത് വൻ വിവാദം വിളിച്ചുവരുത്തിയിരുന്നു. ചരിത്രത്തെ വക്രീകരിക്കുന്നതും ഇതിഹാസകഥകളെ ചരിത്ര വസ്തുതകളായി വിശദീകരിക്കുന്നതും ഇതര മതസ്ഥർക്കെതിരെ വെറുപ്പ് ഉൽപാദിപ്പിക്കുന്നതുമായിരുന്നു പ്രസ്തുത പുസ്തകങ്ങളുടെ ഉള്ളടക്കം. ഒരു ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ് ഈ തരത്തിലുള്ള വിദ്വേഷ പുസ്തകങ്ങളെ അധികരിച്ചുള്ള പരീക്ഷകൾ സംഘടിപ്പിക്കാൻ ആർ.എസ്.എസിന് സാധിച്ചത്.
ചോദ്യപ്പേപ്പറിലൂടെയുള്ള വെറുപ്പ് ഉൽപാദനത്തിെൻറ മറ്റൊരു ഉദാഹരണമാണ് രണ്ടു ദിവസം മുമ്പ് എം.ജി സർവകലാശാലയിൽ നടന്ന പഞ്ചവത്സര എൽഎൽ.ബി പരീക്ഷയുടെ ചോദ്യപ്പേപ്പർ. ഇന്ത്യൻ പാർലമെൻറ് ലവ് ജിഹാദ് നിർമാർജനത്തിനായി ഒരു ബിൽ പാസാക്കിയാൽ അതുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ ഇടയുള്ള സാങ്കൽപിക കേസാണ് ചോദ്യത്തിനാധാരം. ഒരു സാങ്കൽപിക സംഭവത്തെ മുൻനിർത്തി പരീക്ഷാർഥിയുടെ നിയമ പരിജ്ഞാനം അളക്കാനുള്ളതാണ് ചോദ്യം എന്നത് ശരിതന്നെ. പക്ഷേ, ലവ് ജിഹാദ് നിർമാർജന ബിൽ എന്നത് ഒരു ഉദാഹരണമായി വരുന്നത് അത്ര നിഷ്കളങ്കമല്ല. ലവ് ജിഹാദ് ആരോപിച്ച് രാജസ്ഥാനിൽ ഒരു മുസ്ലിം കൂലിവേലക്കാരനെ വെട്ടിവീഴ്ത്തി തീവെച്ച് കൊന്ന് വിഡിയോയിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ഡിസംബർ ആറിനാണ്. ലവ് ജിഹാദുമായി ബന്ധപ്പെട്ട് സംഘ്പരിവാറും മാധ്യമങ്ങളും അഴിച്ചുവിട്ട പ്രചാരണങ്ങളിൽ പ്രചോദിതനായ മതഭ്രാന്തനാണ് ആ കൊലപാതകത്തിന് ഉത്തരവാദി. മാധ്യമങ്ങളും നിയമപാലക സംവിധാനങ്ങളും സംഘ്പരിവാർ ശക്തികളും ചേർന്ന് രാജ്യമാസകലം സൃഷ്ടിച്ചെടുത്ത ഏറ്റവും പ്രഹര ശേഷിയുള്ള വ്യാജ നിർമിതിയാണ് ലവ് ജിഹാദ് എന്നത്. അവരുടെ പ്രചാരണങ്ങൾ നിരന്തരം കേൾക്കുന്ന ഒരാൾക്ക് എന്താണോ സംഭവിക്കുന്നത് അതാണ് അഫ്റസൂൽ ഖാെൻറ ഘാതകന് സംഭവിച്ചത്. രാജസ്ഥാനിൽ ലവ് ജിഹാദിെൻറ പേരിൽ യുവാവിനെ പച്ചക്ക് കത്തിച്ചുകൊല്ലുമ്പോൾ കേരളത്തിൽ ലവ് ജിഹാദ് എൽഎൽ.ബി പരീക്ഷയുടെ ചോദ്യപ്പേപ്പറിൽ കയറിവരുകയാണ്!
തെറ്റിദ്ധരിപ്പിക്കുന്നതും മതസ്പർധ ഉണ്ടാക്കുന്നതുമായ ഈ ചോദ്യപ്പേപ്പർ തയാറാക്കിയവർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. വിചിത്ര വഴികളിലൂടെ കാവി അജണ്ടകൾ നടപ്പാക്കുന്നതിൽ കേരള വിദ്യാഭ്യാസ വകുപ്പ് അടുത്ത് നല്ല മിടുക്ക് കാണിക്കുന്നുണ്ട്. ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉത്സാഹപൂർവം കൊണ്ടാടുവാൻ സർക്കുലർ ഇറക്കിയവരാണവർ. കഴിഞ്ഞയാഴ്ച, സ്കൂൾ യുവജനോത്സവത്തിെൻറ പന്തലിെൻറ കാൽനാട്ടൽ കർമം പ്രത്യേക പൂജ നടത്തിയാണ് അവർ നിർവഹിച്ചത്. പ്രത്യക്ഷവും പരോക്ഷവുമായ ഹിന്ദുത്വ അജണ്ടകൾ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിലൂടെ നടപ്പാക്കപ്പെടുന്നുവെന്നത് യാഥാർഥ്യമാണ്. രാജ്യമാസകലം ബീഫ് രാഷ്ട്രീയം കത്തിപ്പടരുന്ന സമയത്ത്, മാംസവും മീനും മുട്ടയും മദ്യവും പുകവലിയും ഒരേപോലെയാണെന്ന മട്ടിൽ നമ്മുടെ വിദ്യാഭ്യാസ മന്ത്രി പ്രസംഗിച്ചത് വിവാദമാവുകയുണ്ടായി. അത്തരമൊരാൾ നേതൃത്വം നൽകുന്ന വകുപ്പിൽ ഇത്തരം കാര്യങ്ങളിൽ എന്തുമാത്രം സൂക്ഷ്മതയും രാഷ്ട്രീയ ജാഗ്രതയും ഉണ്ടാവും എന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. കാവിവത്കരണവും വെറുപ്പ് ഉൽപാദനവും ആർ.എസ്.എസുകാർ നോട്ടീസടിച്ച് നടപ്പാക്കുന്ന പദ്ധതി മാത്രമല്ല. പല വഴിയിൽ അത് നടപ്പാക്കപ്പെടുന്നുണ്ട്. കണിശമായ ജാഗ്രത നഷ്ടപ്പെടാതിരിക്കാനാണ് ജനാധിപത്യ സമൂഹം ശ്രദ്ധിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.