കോഴിക്കോട് വെള്ളിമാട്കുന്നിലെ സർക്കാർ ബാലികാമന്ദിരത്തിൽനിന്ന് ആറ് കുട്ടികൾ ഇറങ്ങിപ്പോയത് ഒരാഴ്ച മുമ്പാണ്. സംഭവം നടന്ന് മണിക്കൂറുകൾക്കുശേഷമാണ് സ്ഥാപന അധികാരികൾ ഇക്കാര്യം അറിഞ്ഞതുപോലും. അയൽസംസ്ഥാനത്ത് അപരിചിതരായ ആളുകൾക്കരികിലേക്ക് എത്തിപ്പെട്ട അവരെ കേരള പൊലീസ് സംഘം നടത്തിയ ചടുലമായ അന്വേഷണവും അനൽപമായ ഈശ്വരാധീനവും കൊണ്ട് അധികം വൈകാതെ കണ്ടെത്താനായി. സംഭവത്തിൽ അന്വേഷണം നടക്കുന്നു.
സുരക്ഷിതമായ ഇടം എന്ന് വിശ്വസിപ്പിച്ച് പാർപ്പിച്ചിരുന്ന സ്ഥാപനത്തിലെ അരക്ഷിതാവസ്ഥയാണ് അവിടം വിട്ടുപോകുവാൻ പ്രേരിപ്പിച്ചത് എന്നാണ് കുട്ടികൾ വെളിപ്പെടുത്തിയത്. വീണ്ടും അതേ സ്ഥാപനത്തിലേക്ക് കൊണ്ടുപോയതിൽ പ്രതിഷേധമറിയിക്കാൻ ഒരു പെൺകുട്ടി ജനൽചില്ല് പൊളിച്ച് കൈമുറിക്കുകയുമുണ്ടായി. സാമൂഹിക-സാമ്പത്തിക-സാംസ്കാരികകാരണങ്ങളാൽ സ്വന്തം വീടുകളിൽ താമസം അസാധ്യമായവർ, രക്ഷിതാക്കളെയോ ബന്ധുക്കളെയോ കണ്ടെത്താൻ കഴിയാത്തവിധം വീട്ടിൽനിന്ന് വഴിതെറ്റി എത്തിയവർ, കേസുകളിൽ പെട്ടവർ, പീഡനം, ഗാർഹിക അതിക്രമം തുടങ്ങിയ കേസുകളിൽ ഇരയാക്കപ്പെട്ട് പ്രത്യേകസംരക്ഷണവും പരിചരണവും ആവശ്യമായവർ ഒക്കെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി)കളുടെ നിർേദശാനുസരണം ഇത്തരം ചിൽഡ്രൻസ് ഹോമുകളിൽ എത്തുന്നത്. േകാളിളക്കം സൃഷ്ടിച്ച പല കേസുകളിലും കക്ഷികളായ ആൺ-പെൺകുട്ടികളും ഇങ്ങനെ എത്തുന്നുണ്ട്. ബാല-ബാലികാ മന്ദിരങ്ങൾ അവർക്ക് മാനസികമായും സാമൂഹികമായും പിൻബലവും നൽകുമെന്നും പോരായ്മകളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അവ തിരുത്താൻ സാഹചര്യമൊരുക്കുമെന്നുമാണ് സങ്കൽപിക്കപ്പെടുന്നത്. എന്നാൽ, ഇത്തരം കേന്ദ്രങ്ങൾ പലപ്പോഴും തടങ്കൽപാളയങ്ങളോ പീഡനകേന്ദ്രങ്ങളോ ആയാണ് അവർക്ക് അനുഭവപ്പെടുന്നത്. അത് കുട്ടികളുടെ കുഴപ്പമല്ല. അത്രയേറെ മോശമാണ് ഈ സ്ഥാപനങ്ങളിൽ പലതിലേയും സാഹചര്യം. ക്ഷേമം, സുരക്ഷ എന്നീ അവസ്ഥകൾ തീർത്തും അന്യം. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ജീവനക്കാരിൽ ചിലർ പണ്ടുമുതൽക്കേ അപായസൂചന നൽകിയിട്ടുണ്ട്. നിലവിൽ ചർച്ച ചെയ്യപ്പെടുന്ന ബാലികാ മന്ദിരത്തിൽ കനത്ത സുരക്ഷാപിഴവുകളുണ്ടെന്ന് ജില്ല ശിശുക്ഷേമ സമിതി നേരത്തേ റിപ്പോർട്ട് നൽകിയിരുന്നതാണത്രേ, ഒരു നടപടിയുമുണ്ടായില്ല. വെള്ളിമാടുകുന്നിലേതടക്കം പല ബാലസദനങ്ങളിലും ബാല്യം ചെലവിട്ട് സമൂഹത്തിെൻറ മുൻനിരയിലേക്ക് ഉയർന്നുവന്ന നിരവധി പേരുണ്ട്. രാഷ്ട്രീയ-ഉദ്യോഗസ്ഥതലങ്ങളിലും അക്കാദമിക-കല-കായിക മേഖലകളിലും കൈയൊപ്പ് ചാർത്തിയവർ. ആ സ്ഥാപനങ്ങൾ പകർന്ന കരുത്തും കരുതലുമായിരുന്നു അവരുടെ കൈമുതൽ. എന്നാൽ ഇന്ന് കുഞ്ഞുങ്ങളിവിടെ അവഗണിക്കപ്പെട്ട്, മനസ്സിന് മുറിവേറ്റ് വിഷാദരോഗികളെപ്പോലെ കഴിയുന്നു, അവിടം വിട്ടോടാൻ മുതിരുന്നു.
വെള്ളിമാട്കുന്ന് സംഭവത്തിൽ സ്ഥാപനം സൂപ്രണ്ടിനെ സ്ഥലംമാറ്റിയിരിക്കുന്നു സർക്കാർ. കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങെളാരുക്കാനും ചായംപൂശുന്നതിനും തുക അനുവദിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസം അവിടെ സന്ദർശനം നടത്തിയ െപാതുമരാമത്ത് മന്ത്രി. നല്ലകാര്യം തന്നെ. പക്ഷേ, തൊലിപ്പുറ ചികിത്സകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണിതെന്ന് സർക്കാറോ പൊതുസമൂഹമോ കരുതരുത്. അരികുവത്കരിക്കപ്പെട്ട, ചെറുപ്രായത്തിൽ തന്നെ താങ്ങാവുന്നതിലേറെ വേദനകൾ പേറിയ കുഞ്ഞുങ്ങളുടെ ജീവിതത്തിെൻറ വിഷയമാണ്. വലിയ ഒരു ശുദ്ധീകരണ പ്രക്രിയയും ഉടച്ചുവാർക്കലും വേണ്ടതുണ്ട്. ഇനിയുമേതെങ്കിലും കുട്ടികൾ ഓടിപ്പോകുന്നതു വരെ കാത്തുനിൽക്കാതെ സംസ്ഥാനമൊട്ടുക്കുമുള്ള സർക്കാർ ബാല-ബാലികാമന്ദിരങ്ങളിെല അവസ്ഥ പരിശോധിക്കാനും പോരായ്മകൾ പരിഹരിക്കാനും ബന്ധപ്പെട്ട അധികാരികൾ ഉടെന തുനിഞ്ഞിറങ്ങണം.
ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം രൂപവത്കരിച്ച ശിശുക്ഷേമ സമിതികളിൽ കൂടുതൽ കാര്യബോധവും കരുണയും ഉറപ്പുവരുത്തിയാലേ ഇൗ ശുദ്ധീകരണ പ്രവർത്തനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം കൈവരിക്കാനാവൂ. സാമൂഹികപ്രതിബദ്ധതയുള്ള അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ എന്നിവരടങ്ങിയതാവണം ശിശുക്ഷേമ സമിതി എന്ന് വ്യവസ്ഥയുണ്ടെങ്കിലും കുറെയേറെക്കാലമായി രാഷ്ട്രീയ വീതംവെപ്പാണ് നടക്കുന്നത്. അത്തരത്തിൽ നിയോഗിക്കപ്പെടുന്നവരുടെ നീതിബോധവും സാമൂഹിക പ്രതിബദ്ധതയും എത്രമാത്രമുണ്ടെന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നടന്ന കുപ്രസിദ്ധമായ കുട്ടിക്കടത്ത് കേസിൽ നാം കണ്ടതാണ്. യുക്തിരഹിതമായ നടപടികളാണ് പലപ്പോഴും അവിടെ നിന്നുണ്ടാവുന്നത്. പല ജില്ല സമിതികളും അംഗങ്ങളും കുട്ടികൾക്ക് ദ്രോഹകരമായ നിലപാടെടുത്തതിന് ആരോപണം നേരിട്ടിട്ടുണ്ട്. ശിശുസൗഹൃദ സമീപനം പുലർത്താത്തവരെ ആ സ്ഥാനങ്ങളിൽനിന്ന് അടിയന്തരമായി നീക്കുകതന്നെ വേണം. ചോദിക്കാനും പറയാനും ആരുമില്ലാത്തവരാണെന്നും അവരോട് നീതികേടാവാമെന്നും ആരൂം കരുതേണ്ടതില്ല. അവിടെ വളരുന്നത് നമ്മുടെ കുഞ്ഞുങ്ങളാണ്, അവരുടെ സുരക്ഷയും വളർച്ചയും നാം ഓരോരുത്തരുടേയും ഉത്തരവാദിത്തവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.