ദേശീയ രാഷ്ട്രീയം വിവിധതലങ്ങളിലൂടെ പ്രക്ഷുബ്ധമായി കടന്നുപോകുന്നതിനിടയില്‍ അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി നടക്കുന്ന ജനഹിതപരിശോധനയില്‍ 16 കോടി സമ്മതിദായകരാവും ഭാഗഭാക്കാവുക. യു.പിയില്‍ ഏഴ് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പ് ഫെബ്രുവരി 11ന് തുടങ്ങി മാര്‍ച്ച് എട്ടിനാണ് അവസാനിക്കുക. മണിപ്പൂരില്‍ രണ്ടു ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുന്നത് സുരക്ഷാപ്രശ്നം കണക്കിലെടുത്താവണം. പഞ്ചാബിലും ഗോവയിലും ഫെബ്രുവരി നാലിനും ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നും ഒറ്റ ഘട്ടമായിതന്നെ വോട്ടിങ് പൂര്‍ത്തിയാക്കാനാവുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദി അറിയിച്ചത്. മാര്‍ച്ച് 11ന് അഞ്ച് സംസ്ഥാനത്തെയും ജനവിധിയുടെ പൊരുള്‍ അറിയാന്‍ സാധിക്കും. മൊത്തം 690 മണ്ഡലങ്ങളിലേക്ക് അരങ്ങേറുന്ന തെരഞ്ഞെടുപ്പില്‍ യു.പിയിലെ സമ്മതിദായകര്‍ക്ക് 404 ജനപ്രതിനിധികളെയാണ് കണ്ടത്തൊനുള്ളത്.
സമാജ്വാദി പാര്‍ട്ടിയിലെ അന്തശ്ഛിദ്രത, നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി, കോണ്‍ഗ്രസിനെ വേട്ടയാടുന്ന നേതൃരാഹിത്യം തുടങ്ങിയ നിര്‍ണായകഘടകങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തപ്പെടുന്ന തെരഞ്ഞെടുപ്പിനെ വളരെ ആകാംക്ഷയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. സമാജ്വാദി പാര്‍ട്ടിയിലെ പുതിയ സംഭവവികാസങ്ങള്‍ യു.പി രാഷ്ട്രീയത്തിന്‍െറ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കാതിരിക്കില്ല. എസ്.പി തലവന്‍ മുലായം സിങ് യാദവും പുത്രന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവും തമ്മിലെ തുറന്ന പോരാട്ടത്തിന് അറുതികാണാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സ്ഥിതിക്ക് ശ്രമങ്ങളുണ്ടാവാമെങ്കിലും സൈക്കിള്‍ ചിഹ്നത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ആരാണ് ജയിക്കാന്‍ പോകുന്നതെന്ന ചോദ്യത്തിനേ തല്‍ക്കാലം പ്രസക്തിയുള്ളൂ. ഭരണത്തിലേക്ക് തിരിച്ചത്തൊനുള്ള പ്രതീക്ഷകള്‍ പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷികള്‍ പോലും ഇനിയും വെച്ചുപുലര്‍ത്തുന്നുണ്ടോ എന്ന് സംശയമാണ്.
അഖിലേഷിന് മുന്നില്‍ എണ്ണിപ്പറയാന്‍ നേട്ടങ്ങളോ കരുത്തുപകരാന്‍ പ്രത്യേക അനുകൂല ഘടകങ്ങളോ ഇല്ല എന്ന പരിമിതി മറികടക്കുക ദുഷ്കരമാണ്. ബി.ജെ.പി, ബി.എസ്.പി, കോണ്‍ഗ്രസ് എന്നീ കക്ഷികളോട് മത്സരിച്ച് പിടിച്ചുനില്‍ക്കാന്‍ എന്തെല്ലാം തന്ത്രങ്ങളാവും മുലായവും മകനും പയറ്റാന്‍ പോകുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഒരുവേള പ്രത്യാശയും സുരക്ഷിതത്വബോധവും നല്‍കിയ പാര്‍ട്ടിയുടെ ഭാവി. ഏറ്റവും വലിയ പരീക്ഷണം അഭിമുഖീകരിക്കാന്‍ പോകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടി തന്നെയായിരിക്കും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 80ല്‍ 71 സീറ്റും നേടി ഡല്‍ഹി സിംഹാസനത്തിലേക്കുള്ള കുതിപ്പ് ക്ഷിപ്രസാധ്യമാക്കിയ ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍, നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്ന് തങ്ങളെ ജീവിതപ്പെരുവഴിയിലേക്ക് തള്ളിവിട്ട പാര്‍ട്ടിയോട് ഏതുതരത്തിലുള്ള നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നതെന്ന വലിയ ചോദ്യത്തിനുള്ള ഉത്തരമാണ് തെരഞ്ഞെടുപ്പിലൂടെ ലഭിക്കാന്‍ പോകുന്നത്. മഹാരാഷ്ട്രയിലും പഞ്ചാബിലും മറ്റും നടന്ന നഗരസഭ തെരഞ്ഞെടുപ്പുകളില്‍ പുതിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും കാവിപ്പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചത് പാര്‍ട്ടി നേതൃത്വത്തിന് പ്രതീക്ഷ നല്‍കുന്നുണ്ടാവാമെങ്കിലും അടിത്തട്ടില്‍ കുമിഞ്ഞുകൂടിയ കടുത്ത രോഷം വോട്ടാക്കി മാറ്റിയെടുക്കാന്‍ രാഷ്ട്രീയപ്രതിയോഗികള്‍ക്ക് സാധിക്കുകയാണെങ്കില്‍ ഭരണം തിരിച്ചുപിടിക്കാനുള്ള കാവിപ്പടയുടെ ശ്രമം വിഫലമാകാനാണ് സാധ്യത.
പഞ്ചാബിലും മണിപ്പൂരിലും ശക്തമായ പോരാട്ടമായിരിക്കും ഇക്കുറി അരങ്ങേറാന്‍ പോകുന്നത്. അകാലിദളുമായി കൈകോര്‍ത്ത് ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളെ തുരങ്കംവെക്കാന്‍ അരവിന്ദ് കെജ്രിവാളിന്‍െറ ആം ആദ്മി പാര്‍ട്ടിക്ക് സാധിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നഗരസഭകളിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയം ബി.ജെ.പിക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ടാവാം. അതേസമയം, അരുണാചലില്‍ ‘വിജയപ്രദ’മായി പരീക്ഷിച്ച പിടിച്ചെടുക്കല്‍ തന്ത്രം പരാജയപ്പെട്ട കുണ്ഠിതവുമായി നടക്കുന്ന ആര്‍.എസ്.എസ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനും പ്രസിഡന്‍റ് ഭരണം അടിച്ചേല്‍പിക്കാനും അണിയറയില്‍ നടത്തിയ നീക്കങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ തടയിട്ടുവെന്നുവേണം അനുമാനിക്കാന്‍. കോണ്‍ഗ്രസിന് മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് അല്‍പം ആശ്വസിക്കാന്‍ വകയുണ്ടാവും.
നിയമസഭാ തെരഞ്ഞെടുപ്പിനാണ് യവനിക ഉയരാന്‍ പോകുന്നതെങ്കിലും ഇത് മോദിയുടെ സാമ്പത്തിക നയങ്ങള്‍ക്കുള്ള ഹിതപരിശോധനയായി വിശേഷിപ്പിക്കേണ്ടിവരും. സാധാരണക്കാരന്‍െറ ദൈനംദിന ജീവിതത്തെ ആമൂലാഗ്രം പിടികൂടിയ നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്‍െറ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ അളന്ന് തിട്ടപ്പെടുത്താനുള്ള സന്ദര്‍ഭമാണിത്. വസ്തുതകളോ അനിഷേധ്യസത്യങ്ങളോ അല്ല, പ്രചാരണങ്ങള്‍ രൂപപ്പെടുത്തുന്ന വ്യക്തിയധിഷ്ഠിത വൈകാരിക പ്രവണതകളും മീഡിയ ദുര്‍വിനിയോഗവുമാണ്് സത്യാനന്തര കാലഘട്ടത്തില്‍ എല്ലാം തീരുമാനിക്കുന്നത് എന്നതിനാല്‍, പ്രവചനാതീതമാകും ആഗതമായ തെരഞ്ഞെടുപ്പുകളുടെയും ഫലശ്രുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.