ലോകം നാളെ മഹാത്മഗാന്ധിയുടെ 150ാം ജന്മവാർഷികമാഘോഷിക്കുേമ്പാൾ സ് വന്തം നാട് അദ്ദേഹത്തിെൻറ ദർശനത്തോടും സ്വപ്നങ്ങളോടും എത്രത്തേ ാളം നീതിപുലർത്തി എന്ന ചോദ്യം ഉയരുകയാണ്. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ സംഘടിപ്പിച്ച പ്രത്യേകപരിപാടിയിൽ ‘സമകാലിക ലോകത്ത് മഹാത്മ ഗാന്ധിയുടെ പ്രസക്തി’ എന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുകയുണ്ടായി. ഇന്ത്യയിൽ മാത്രമല്ല, പുറത്തും ജനാധിപത്യനേതാക്കളുടെ ആദർശങ്ങളെ ഗാന്ധിജി പ്രചോദിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മാർട്ടിൻ ലൂഥർ കിങ്ങും നെൽസൺ മേണ്ടലയും അത്തരം നേതാക്കളിൽ പെടും. ഗാന്ധിജയന്തിക്ക് പ്രത്യേക അനുസ്മരണ സ്റ്റാമ്പിറക്കാൻ ഐക്യരാഷ്ട്രസഭയോട് പ്രധാനമന്ത്രി അഭ്യർഥിക്കുകയും ചെയ്തുവത്രേ. ഗാന്ധിജിയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഇന്ത്യ സ്റ്റാമ്പുകളിറക്കുക മാത്രമല്ല, ‘സ്വച്ഛ് ഭാരത് അഭിയാൻ’ നടപ്പാക്കി; അന്താരാഷ്ട്ര ശുചിത്വ സമ്മേളനമാണ് മറ്റൊന്ന്. രാജ്കോട്ടിൽ ‘മഹാത്മ ഗാന്ധി മ്യൂസിയം’ തുടങ്ങി. ഗാന്ധിസ്മരണക്ക് മാത്രമായി വെബ്സൈറ്റും തുടങ്ങിയിരിക്കുന്നു. അതേസമയം, ഈ ആഘോഷവേളയിൽ ഗാന്ധിജിയുടെ സ്വന്തം നാടിെൻറ അവസ്ഥയെന്ത് എന്ന ചോദ്യം അനേകകോടി മനസ്സുകളിൽ ഉയരുന്നുണ്ട്. കാരണം ‘മഹാത്മ’യുടെ ആദർശങ്ങൾ പിന്തുടർന്നുകൊണ്ടല്ല, അവ തിരസ്കരിച്ചുകൊണ്ടാണ് നാടും രാഷ്ട്രീയ നേതൃത്വങ്ങളും ഇന്ന് ചരിക്കുന്നത്. അദ്ദേഹത്തിെൻറ നായകത്വത്തിൽ നേടിയ സ്വാതന്ത്ര്യം സാധാരണ ജനതക്ക് നിഷേധിക്കപ്പെടുന്നു. സത്യവും ധർമവും അഹിംസയും പരസ്യമായി പരിഹസിക്കപ്പെടുന്നു. ഐക്യം പഴഞ്ചനാകുന്നു. ജനാധിപത്യം എണ്ണംകൊണ്ടുള്ള കളിയും മാരണ നിയമങ്ങളുടെ പെരുക്കവുമാകുന്നു. രാഷ്ട്രീയ പ്രവർത്തനംതെന്ന അവിശുദ്ധമായ അധികാരവേട്ടയായിരിക്കുന്നു.
‘എെൻറ ജീവിതമാണ് എെൻറ സന്ദേശ’മെന്ന് പറഞ്ഞ ഗാന്ധിജിയുടെ ജീവിതദർശനം സത്യം, അഹിംസ എന്ന രണ്ട് തത്ത്വങ്ങളിൽ അധിഷ്ഠിതമായിരുന്നു. പക്ഷേ ‘സത്യാനന്തര’ കാലത്തിെൻറ ജീർണത ഗാന്ധിജിയുടെ ഇന്ത്യയിൽ ഉയർന്ന ഭരണതലങ്ങളെ വരെ ആവേശിച്ചിരിക്കുന്നു. സത്യസന്ധത ഇല്ലാത്ത, കാപട്യം നിറഞ്ഞ വാക്കുകളാണെങ്ങും. ചൊല്ലും ചെയ്തിയും തമ്മിൽ പൊരുത്തമില്ലാത്തവർ ഭരണം നടത്തുന്നു. ഭരണത്തിെൻറ തലപ്പത്തുള്ളവർ വരെ, ഇഷ്ടമില്ലാത്ത വിഭാഗങ്ങളെപ്പറ്റി വ്യാജവാർത്ത പ്രചരിപ്പിക്കാൻ മുന്നിട്ടിറങ്ങുന്നു. ചരിത്രം മാറ്റിക്കൊണ്ടിരിക്കുന്നു. പാർലമെൻറ് മുതൽ പൊതുവേദികളും സമൂഹമാധ്യമങ്ങളും വരെ മായംചേർത്ത വാർത്തകൾ വ്യാപകമായിരിക്കുന്നു. അഹിംസയാണ് ഏറ്റവും കരുത്തുറ്റ രാഷ്ട്രീയായുധമെന്ന് തെളിയിച്ച ഗാന്ധിജിയുടെ നാട്ടിൽ ആൾക്കൂട്ട അക്രമങ്ങൾക്ക് ഭരണകൂടങ്ങളുടെ മൗനാനുവാദം യഥേഷ്ടം ലഭിക്കുന്നു. ഇരകൾ കൂടുതൽ പീഡിപ്പിക്കപ്പെടുേമ്പാൾ കുറ്റവാളികൾക്ക് ഭരണത്തിെൻറ സംരക്ഷണം ലഭിക്കുന്നു. ഗാന്ധിജിയുടെ അഹിംസാശീലത്തെയും ശാന്തിദൗത്യങ്ങളെയും നേർക്കുനേരെ എതിർത്തവർ ഭരണത്തിലാണിന്ന്. ഗാന്ധിജിയുടെ ഘാതകനെ ന്യായീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നവർ ജനപ്രതിനിധികളിലും മന്ത്രിമാരിലും ധാരാളമുണ്ട്. നാഥുറാം ഗോദ്സെയെ സൃഷ്ടിച്ച വെറുപ്പിെൻറ തത്ത്വശാസ്ത്രം ജർമനിയിലെ നാസികളുടെയും ഇറ്റലിയിലെ ഫാഷിസ്റ്റുകളുടെയും നിലപാടിനെ അനുസ്മരിപ്പിക്കുക മാത്രമല്ല പകർത്തുകയും ചെയ്തിരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ‘അപ്പാർത്തൈറ്റി’െൻറയും ഇസ്രായേലി സയണിസത്തിെൻറയും മേൽക്കോയ്മാ വാദങ്ങളോടാണ്, ഗാന്ധിജിയുടെ സമത്വവാദത്തോടല്ല ഗോൾവാൾക്കർ അടക്കമുള്ള ഗാന്ധിവിരുദ്ധരുടെ കൂറ്. അക്രമോത്സുകവും വിദ്വേഷത്തിൽ അധിഷ്ഠിതവുമായ ഇത്തരം പ്രത്യയശാസ്ത്രമാണ് ഗോദ്സെയെ മാത്രമല്ല തീവ്രദേശീയതയെയും സൃഷ്ടിച്ചത്. അതേ ആദർശം പിന്തുടർന്നാണ് ഇന്ന് ഭരണം നിയന്ത്രിക്കുന്നവർ അധികാരം പിടിച്ചത്. ഗാന്ധിജയന്തിയുടെ 150ാം വാർഷികത്തിന് നേതൃത്വം നൽകുന്നവർ മഹാത്മയെ ശാരീരികമായി ഇല്ലാതാക്കിയ ദർശനത്തെ ഇപ്പോഴെങ്കിലും തള്ളിപ്പറഞ്ഞുകൊണ്ടാവണം അത് ചെയ്യുന്നത് -സത്യസന്ധതയുടെ താൽപര്യം അതാണ്.
സത്യത്തിനും അഹിംസക്കുമൊപ്പം രാഷ്ട്രപിതാവ് പ്രാധാന്യം കൽപിച്ച മറ്റൊരു മൂല്യമായിരുന്നു വിശ്വസ്തത. കശ്മീരിൽ കേന്ദ്രസർക്കാർ ചെയ്യുന്നത് ഇതിെൻറ വിപരീതമാണ്. ഇന്ത്യയിൽ എല്ലാം നല്ലനിലക്ക് പോകുന്നു എന്ന് പ്രധാനമന്ത്രി ന്യൂയോർക്കിൽ പ്രസംഗിക്കുേമ്പാൾ കശ്മീരിൽ ഒരു ജനതയാകെ വലിയൊരു ജയിലിനുള്ളിൽ നരകിക്കുകയാണെന്ന് വസ്തുതാന്വേഷകർ സാക്ഷ്യപ്പെടുത്തുന്നു. ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും മറ്റു വിഭാഗക്കാരും എല്ലാം തുല്യാവകാശങ്ങളുള്ള ഇന്ത്യക്കാരാണെന്ന് പ്രഖ്യാപിച്ച ഗാന്ധിജിയുടെ നാട്ടിൽ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിക്കുന്ന ചട്ടങ്ങൾ വരെ ഇറങ്ങുന്നു. സാധാരണക്കാർക്ക് സ്വാതന്ത്ര്യവും അവകാശങ്ങളും സുരക്ഷാബോധവും നൽകാൻ കഠിനാധ്വാനം ചെയ്ത നേതാവിെൻറ നാട്ടിൽ പൗരത്വപ്പട്ടികയെന്ന പീഡനമുറയുമായി സർക്കാർ വേട്ട തുടങ്ങിയിരിക്കുന്നു. ഏത് നിയമമുണ്ടാക്കുേമ്പാഴും ഏറ്റവും ദരിദ്രനായവനെ ഓർക്കണമെന്ന് പറഞ്ഞ ഗാന്ധിജിയുടെ ഇന്ത്യയിലാണ് ഇപ്പോൾ സാധാരണക്കാർ പാപ്പരാക്കപ്പെടുകയും വൻ കോർപറേറ്റുകൾ കൊഴുക്കുകയും ചെയ്യുന്നത്. ഗാന്ധിജി ഉയർത്തിപ്പിടിച്ച സ്നേഹം, കരുണ, മതനിരപേക്ഷത, ജനഹിത പ്രതിബദ്ധത, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളിൽ ഏതാണ് ബാക്കിയായിട്ടുള്ളത് എന്ന് ചോദിക്കുന്നതാവും ഭേദം. അത്രയേറെ നാം രാഷ്ട്രപിതാവിനെ വഞ്ചിച്ചിരിക്കുന്നു. ഇനിയും അത് തുടരാനാണ് പോകുന്നതെങ്കിൽ ഗാന്ധിജയന്തി തോറും നാമദ്ദേഹത്തെ വീണ്ടും വീണ്ടും വധിച്ചുകൊണ്ടേ ഇരിക്കും എന്നതു മാത്രമാകും പ്രയോജനം. ഗാന്ധിജിയെ വധിച്ച പ്രത്യയശാസ്ത്രത്തിൽ നിലകൊണ്ട് അദ്ദേഹത്തെ പ്രകീർത്തിക്കുന്ന ഓരോ വാക്കും കാപട്യമായിരിക്കും. ഗോദ്സെക്കും ഗാന്ധിക്കുമിടയിൽ കൃത്യമായ നിലപാട് പ്രഖ്യാപിക്കാൻ നേതാക്കൾക്ക് കഴിയില്ലെങ്കിൽ ഇപ്പോഴത്തെ ആഘോഷങ്ങളെല്ലാം ഉള്ളുപൊള്ളയായ നുണകളാകും. ഗോദ്സെയുടെ ആളായിക്കൊണ്ട് ഗാന്ധിസ്നേഹം പ്രസംഗിക്കുന്നത് മറ്റൊരു പാതകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.