പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കാളിത്തം വഹിച്ചതിൽ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട സാമൂഹിക പ്രവർത്തകൻ അഖിൽ ഗൊഗോയി അസമിലെ തെൻറ പാർട്ടി നേതാക്കൾക്കെഴുതിയ കത്ത് ഭരണകൂടത്തിെൻറ ഹിംസാത്മക സ്വഭാവത്തെ വെളിപ്പെടുത്തുന്ന വിവരങ്ങളടങ്ങിയതാണ്. ഭരണകൂട സംവിധാനങ്ങൾ സമ്പൂർണമായി സംഘ്പരിവാർവത്കരിക്കപ്പെട്ടുകഴിഞ്ഞുവെന്ന് കൃത്യപ്പെടുത്തുന്നു ആ കത്തിലെ ഉള്ളടക്കം. ആർ.എസ്.എസിലോ ബി.ജെ.പിയിലോ ചേർന്നാൽ ജയിൽമോചിതനാക്കാം, വരുന്ന ബി.ജെ.പി സർക്കാറിൽ മന്ത്രിയുമാക്കാം, 20 കോടി രൂപ തരാം എന്നീ വാഗ്ദാനങ്ങൾ നൽകിയത് ആർ.എസ്.എസിന്റെയോ ബി.ജെ.പിയുടെയോ നേതാക്കളല്ല; രാജ്യത്തെ ഏറ്റവും പ്രധാന അന്വേഷണ ഏജൻസിയായ എൻ.ഐ.എയുടെ ഉദ്യോഗസ്ഥരാണ്.
ഭരണകൂടത്തിെൻറ കങ്കാണിമാരായിത്തീർന്ന അന്വേഷണ ഏജൻസികൾ ജനാധിപത്യധ്വംസനത്തിെൻറയും ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെയും ലംഘകരായി മാറിയെന്ന് തെളിയിക്കുന്ന ഈ സംഭവത്തോട് ദേശീയ മാധ്യമങ്ങളും പൊതുസമൂഹവും പ്രതികരിച്ചത്, 'ഇതിലെന്തിരിക്കുന്നു, ഇതൊക്കെ സ്വാഭാവികമല്ലേ; പിന്നെ എൻ.ഐ.എ അത് നിഷേധിച്ചുവല്ലോ' എന്ന നിസ്സംഗ ഭാവത്തോടെയാണ്. ഉൾപ്പേജിലെ കോളങ്ങളിൽ മൃതിയടയാനുള്ള സാധാരണ സംഭവം മാത്രമായിരുന്നു അവർക്കത്.
ഈ വാർത്ത പുറത്തുവന്ന അതേ സമയത്താണ്, ഡൽഹിയിൽനിന്ന് ഒഡിഷയിലേക്ക് ട്രെയിനിൽ സഞ്ചരിച്ചിരുന്ന നാല് ക്രൈസ്തവ സന്യാസിനികൾക്കുനേരെ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണവും പുറത്തുവരുന്നത്. ഋഷികേശിലെ സ്റ്റഡി ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എ.ബി.വി.പിക്കാരായിരുന്നു അക്രമത്തിനുപിന്നിൽ. കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന സന്യാസ പഠനാർഥികളായ രണ്ടുപേരെ നിർബന്ധിത മതപരിവർത്തനത്തിന് കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചാണ് ആർ.എസ്.എസിെൻറ വിദ്യാർഥി സംഘടന ഝാൻസി റെയിൽവേ സ്റ്റേഷനിൽ അവരെ ബലമായി പുറത്തിറക്കുകയും അഞ്ചുമണിക്കൂർ ആൾക്കൂട്ട വിചാരണക്ക് വിട്ടുകൊടുക്കുകയും ചെയ്തത്.
സംഘ്പരിവാർ മതഭ്രാന്തരുടെ കൂക്കുവിളികൾക്കും ആക്രോശങ്ങൾക്കും അഞ്ച് മണിക്കൂറിലധികം സമയം നീണ്ടുനിന്ന പൊലീസ് ചോദ്യം ചെയ്യലുകൾക്കുമൊടുവിൽ, നിരാലംബരായ ആ നാല് സന്യാസിനികൾക്ക് വിമോചിതരാകാൻ 2003ൽ മാമോദിസ മുക്കിയ രേഖകൾ പൊലീസിനു മുന്നിൽ സമർപ്പിക്കേണ്ടി വന്നു. ഇതും ദേശീയ മാധ്യമങ്ങൾക്ക് വലിയ സംഭവമായി തോന്നിയില്ല. പൊൻകുന്നത്തെ ബി.ജെ.പി പ്രചാരണ പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്രൈസ്തവ വികാരത്തെ അഭിമുഖീകരിക്കാൻ നിർബന്ധിതനാവുകയും കന്യാസ്ത്രീകളെ അധിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്തില്ലായിരുന്നുവെങ്കിൽ എവിടെയും രേഖപ്പെടുത്താതെ ഒടുങ്ങുമായിരുന്നു ആ സംഭവം. അമിത് ഷാ പ്രതികരിച്ചിട്ടും കേസ് യഥാവിധി രജിസ്റ്റർ ചെയ്യാനോ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനോ യു.പി സർക്കാർ യാതൊരു നടപടിയും എടുത്തിട്ടില്ല.
ബി.ജെ.പി ഭരണത്തിലൂടെ രാജ്യത്ത് 'സ്വാഭാവികത' പ്രാപിക്കുന്ന ഭരണകൂട വേട്ടയുടെയും ആൾക്കൂട്ട വിചാരണകളുടെയും സ്വഭാവം വെളിപ്പെടുത്തുന്നുണ്ട് ഈ രണ്ട് സംഭവങ്ങളും. ഗൊഗോയിയുടെ കത്ത് പറയുന്നത്, രാജ്യത്തെ ദേശീയ അന്വേഷണ ഏജൻസി ഭരണകൂട പാർട്ടിയുടെ പോഷക വിഭാഗമായിത്തീർന്നുവെന്നാണ്. ഝാൻസി സംഭവം വ്യക്തമാക്കുന്നത്, പാർട്ടി പോഷക സംഘടന നിയമനിർവഹണം ഏെറ്റടുത്ത് നടപ്പാക്കുന്ന പൊലീസായെന്നും. 'സാധാരണ' വസ്ത്രം ധരിച്ച സന്യാസാർഥികളെ സന്യാസപട്ടം ധരിച്ചവരോടൊപ്പം കണ്ടപ്പോഴുള്ള എ.ബി.വി.പിക്കാരുടെ സംശയം മാത്രമായിരുന്നു, നിർബന്ധിത മതപരിവർത്തനത്തിന് കൊണ്ടുപോകുന്നുവെന്ന ആക്രോശത്തിനും വിചാരണക്കും നിമിത്തമായത്.
യു.പിയിൽ നിർബന്ധിത മതപരിവർത്തനം നിയമംമൂലം നിരോധിച്ചിട്ടുണ്ട് എന്നതാണ് ഝാൻസിയിൽ അവരെ ഇറക്കാനും ആൾക്കൂട്ട വിചാരണക്ക് വിധേയമാക്കാനും ഹിന്ദുത്വ തീവ്രവാദികളെ പ്രചോദിപ്പിച്ചത്. ഇന്ത്യയിൽ സ്വതന്ത്രമായ സഞ്ചാരത്തിനും ഇഷ്ടമുള്ള മതത്തെ സ്വീകരിക്കാനും അവകാശമില്ലെന്ന അവരുടെ പ്രഖ്യാപനത്തോട് പൊലീസും ഉദ്യോഗസ്ഥരും സന്ധിയാവുകയായിരുന്നു. മാമോദിസ മുക്കിയ രേഖകൾ സമർപ്പിച്ച്, ജന്മനാ ക്രൈസ്തവരാണെന്ന് തെളിയിക്കാനായത് അവരുടെ ഭാഗ്യം. അല്ലായിരുന്നുവെങ്കിൽ, നിർബന്ധിത മതപരിവർത്തന നിയമലംഘനത്തിൽ കൽത്തുറുങ്കിലേക്കായിരിക്കും അവരാനയിക്കപ്പെടുക.
ട്രെയിനിലെ സഹയാത്രികയുടെ മതത്തെക്കുറിച്ച് അന്വേഷിക്കാനും ചോദ്യം ചെയ്യാനും ആർക്കും ഒരവകാശവുമില്ല. മത പ്രചാരണത്തിനും ആശ്ലേഷണത്തിനുമുള്ള ഭരണഘടനാദത്തമായ മൗലികാവകാശമാണ് സംഘ് 'ആൾക്കൂട്ട' നിയമപാലകർ റദ്ദ് ചെയ്യാൻ ശ്രമിക്കുന്നത്. അങ്ങനെ ഒരാൾക്കൂട്ടം അസഹിഷ്ണുക്കളും മതഭ്രാന്തരുമായാൽ അവരെ തുറുങ്കിലടക്കേണ്ട അധികാരികൾ, കന്യാസ്ത്രീകളോട് മാമോദിസ മുക്കിയ രേഖകൾ അന്വേഷിക്കുന്ന പരിഹാസ്യതയുടെ പേരാണ് നിയമപാലനമെന്ന് വരുന്നത്് എത്രമാത്രം ഭീതിജനകമാണ്.
മതപരിവർത്തനം, ലവ് ജിഹാദ്, ഗോ സംരക്ഷണം തുടങ്ങിയ നിയമനിർമാണങ്ങളിലൂടെ ബി.ജെ.പി സർക്കാർ വിദ്വേഷംകൊണ്ട് ഉന്മാദരായ ആൾക്കൂട്ടങ്ങളെ നിയമപാലക പദവികളിലേക്ക് ഉയർത്തിയിരിക്കുകയാണ്. ഭരണകൂട സംവിധാനങ്ങളെ പാർട്ടി മെഷിനറിയാക്കുന്ന, പാർട്ടി വിഭാഗങ്ങളെ നിയമ നടത്തിപ്പുകാരാക്കുന്ന ഫാഷിസ്റ്റ്് കാലത്തേക്കാണ് സംഘ്പരിവാർ നമ്മെ നയിച്ചുകൊണ്ടിരിക്കുന്നതെന്നാണ് അസം ജയിലിലെ ഗൊഗോയിയും ഝാൻസിയിലെ കന്യാസ്ത്രീകളും ഈ തെരഞ്ഞെടുപ്പുകാലത്ത് നമ്മോട് ഉച്ചത്തിൽ വിളിച്ചുപറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.