മുഖം നഷ്​ടപ്പെട്ട്​ സർക്കാറും പാർട്ടിയും


കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാറിനും അതിനെ നയിക്കുന്ന മാർക്​സിസ്​റ്റുപാർട്ടിക്കും ഇരട്ടപ്രഹരമാണ്​ കഴിഞ്ഞ രണ്ടുദിവസങ്ങളിലെ രണ്ട്​ അറസ്​റ്റുകൾ. സ്വർണ കള്ളക്കടത്തുകേസിൽ മാസങ്ങൾ നീണ്ട സന്ദിഗ്​ധതകൾക്കൊടുവിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി) ബുധനാഴ്​ച രാത്രി അറസ്​റ്റു ചെയ്​തു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ) അനുസരിച്ച്​ ഏഴു വർഷം വരെ തടവ്​ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പനുസരിച്ചുള്ള കേസിൽ അഞ്ചാം പ്രതിയായ​ ശിവശങ്കറിനെ വ്യാഴാഴ്​ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതി ഒരാഴ്​ച ഇ.ഡി കസ്​റ്റഡിയിൽ വിട്ടു. അതിനിടെ ലഹരിമരുന്ന്​ കടത്തുമായി ബന്ധപ്പെട്ട പണമിടപാടു കേസിൽ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണ​െൻറ മകൻ ബിനീഷ്​ കോടിയേരിയെ വ്യാഴാഴ്​ച ബംഗളൂരുവിൽ ഇ.ഡി അറസ്​റ്റു ചെയ്​തു. ബംഗളൂരു ലഹരിമാഫിയയുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ്​ ബിനീഷി​െൻറ അറസ്​റ്റ്​.

തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്രബാഗേജ്​ വഴിയുള്ള സ്വർണക്കടത്തിന് പിടിയിലായ പ്രതി സ്വപ്​ന സുരേഷി​െൻറ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചതിനാണ്​ മുഖ്യമന്ത്രി പിണറായി വിജയ​െൻറ അതിവിശ്വസ്​തനായ 'സൂപ്പർ പവർ' ഉദ്യോഗസ്​ഥൻ അറസ്​റ്റിലായത്​. വിദേശ​ത്തേക്കു ഡോളർ കടത്താൻ സ്വപ്​നയെ സഹായിച്ചെന്ന കേസിൽ കസ്​റ്റംസ്​ വകുപ്പ​ും​ ചോദ്യം ചെയ്യാനിരിക്കുകയാണ്​. ഇതിനു പുറമെ വിദേശസംഭാവന ചട്ടലംഘനക്കേസിൽ സി.ബി.​െഎയും യു.എ.പി.എ പ്രകാരം എൻ.​െഎ.എയും രജിസ്​റ്റർ ചെയ്​ത കേസുകളിൽ അന്വേഷണം വേറെയും നടക്കുന്നു​.

കള്ളക്കടത്തിനു കൂട്ട്​, കള്ളപ്പണം ഒളിപ്പിക്കാനും വെളുപ്പിക്കാനും സഹായം, കള്ളക്കടത്തുകേസ്​ പ്രതിക്ക്​ സർക്കാർ വിലാസം ലാവണമൊരുക്കൽ തുടങ്ങി അതിഗുരുതരമായ കുറ്റങ്ങളാണ്​ മുഖ്യമന്ത്രിയുടെ ഒാഫിസിലെ ഒന്നാം നമ്പർ ഉദ്യോഗസ്​ഥ​െൻറ മേൽ ചുമത്തിയിരിക്കുന്നത്​. ദുബൈയിൽനിന്ന്​ വിമാനത്തിൽ നയതന്ത്രബാഗേജ്​ വഴിയെത്തിയ കോടികൾ വിലമതിക്കുന്ന കള്ളക്കടത്ത്​ സ്വർണം പിടികൂടിയപ്പോൾ വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കസ്​റ്റംസ്​ ഉന്നതോദ്യോഗസ്​ഥനെ വിളിച്ചെന്ന്​ അദ്ദേഹം സമ്മതിച്ചതായി ​അറസ്​റ്റ്​ മെമ്മോയിൽ പറയുന്നു​. ഉത്തരവാദപ്പെട്ട അധികാരകേന്ദ്രത്തി​െൻറ ദുരുപയോഗവും ഇതര ഗവ. വകുപ്പുകളിൽ കയറിയുള്ള ഇടപെടലുമാണ്​​ ഇതെന്നാണ്​ എൻഫോഴ്​സ്​മെൻറി​െൻറ കണ്ടെത്തൽ. സ്വർണക്കടത്തി​​െൻറ അന്വേഷണം പുരോഗമിക്കെ, മുഖ്യമ​ന്ത്രിയുടെ ഒാഫിസിലെ മുഖ്യ അധികാരകേന്ദ്രമായിരുന്ന ശിവശങ്കറി​െൻറ അധികാര ദുർവിനിയോഗ ചിത്രം ഒാരോന്നായി വെളിച്ചത്തുവന്നു.

കഴിഞ്ഞ യു.ഡി.എഫ്​ ഭരണത്തി​െൻറ അവസാനകാലത്ത്​ സോളാർ കേസുമായി ബന്ധപ്പെട്ട്​ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേഴ്​സനൽ സ്​റ്റാഫ്​ അറസ്​റ്റിലായതോടെ അദ്ദേഹത്തി​െൻറ രാജിയാവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്കുനേരെ വഴിതടയൽ, കല്ലേറ്​, സെക്ര​േട്ടറിയറ്റ്​ വളഞ്ഞ്​ അനിശ്ചിതകാല ഉപരോധസമരം തുടങ്ങി ശക്​തമായ പ്രതി​േഷധപ്രക്ഷോഭങ്ങളാണ്​ ഇന്നത്തെ മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്​ഥാനസെക്രട്ടറിയുടെയും നേതൃത്വത്തിൽ എൽ.ഡി.എഫ്​ അഴിച്ചുവിട്ടത്​​. അങ്ങനെ പ്രതിച്ഛായയും ജനസമ്മിതിയും നഷ്​ടപ്പെട്ട്​ യു.ഡി.എഫിനെ പുറന്തള്ളി എല്ലാം ശരിയാകും എന്ന വാഗ്​ദാനവുമായി അധികാരത്തിലേറിയതാണ്​ ഇടതുമുന്നണി​. സത്യപ്രതിജ്ഞക്കു മുന്നോടിയായി വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ പിണറായി വിജയൻ പ്രഖ്യാപിച്ചു: ''ഞാൻ നാ​െള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തുകഴിഞ്ഞാൽ എ​െൻറ അടുത്തയാളെന്നും പറഞ്ഞ്​ ചിലർ രംഗപ്രവേശം ചെയ്​താൽ അതും ഒരു അഴിമതിയുടെ രീതിയാണ്​. ഇമ്മാതിരി കുറേ അവതാരങ്ങളുണ്ടാകും. അത്തരം അവതാരങ്ങളെ നമ്മൾ എപ്പോഴും സൂക്ഷിച്ചു നിൽക്കണം​. അത്​ എനിക്കും എല്ലാവർക്കും ബാധകമാണ്​. അ​ത്തരം കാര്യങ്ങളടക്കം ശ്രദ്ധിക്കുന്ന മന്ത്രിസഭയായിരിക്കും ഇത്​.'' എന്നാൽ, മുൻ യു.ഡി.എഫ്​ മന്ത്രിസഭയുടേതിനേക്കാൾ കളങ്കിതമായ ​പ്രകടനവുമായി പടിയിറങ്ങേണ്ട ഗതികേടിലാണിപ്പോൾ​ പിണറായി സർക്കാർ. 'അവതാരങ്ങളെ'ക്കുറിച്ച ജാഗ്രതനിർദേശം നൽകിയ മുഖ്യമന്ത്രിയുടെ തന്നെ ഒാഫിസിൽ കരുത്തനും കർക്കശക്കാരനുമായ അ​ദ്ദേഹത്തി​െൻറ പ്രതിപുരുഷനായി മാറിയ ശിവശങ്കർ ഭരണത്തിൽ അപ്രതിരോധ്യനായി മാറി, മന്ത്രിസഭയുടെ പോലും തലക്കു മീതെ സ്​​പ്രിൻക്ലർ, ബവ്​ക്യൂ ആപ്​, കെ ​ഫോൺ, ഇ മൊബിലിറ്റി തുടങ്ങി പദ്ധതികളൊന്നൊന്നായി നേരിട്ടു വികസിപ്പിച്ചെടുത്തു. ഇൗ നേർഭരണത്തിൽ നേർത്തതൊന്നു മാത്രമായിരുന്നു സ്വർണക്കടത്തിലെ ​ഒത്താശ. അധികാരത്തിൽ വാണരുളിയ കാലത്തെ ദുർനടപടികളുടെ കുറ്റാരോപണം പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേരെ വന്നപ്പോൾ അസംബന്ധം പറയരുതെന്ന ഭീഷണിയുമായി, എല്ലാ കുറ്റവും 'സ്വപ്​നസൗഹൃദ'ത്തിലൊതുക്കി ആരോപകരുടെ നാവടക്കാനാണ്​ മുഖ്യമന്ത്രി ശ്രമിച്ചത്​. ഇപ്പോൾ പിടിയിലായപ്പോഴാക​െട്ട എല്ലാം ശിവശങ്കറിൽ കെട്ടിവെച്ച്​ കൈകഴുകാനുള്ള ശ്രമമാണ്​ മുഖ്യമന്ത്രിയും പാർട്ടിയും നടത്തുന്നത്​. സ്വന്തം ഒാഫിസിൽ ഉന്നതപദവിയിൽ ഇരുത്തിയയാൾ അതുപയോഗിച്ച്​ വഴിവിട്ട ഇടപാടുകളിൽ പങ്കാളിയായതിൽ മുഖ്യമന്ത്രിക്ക്​ ഉത്തരവാദിത്തമില്ല എന്നു വിശ്വസിക്കാൻ പാർട്ടിക്കുപുറത്ത്​ ആരെയും കിട്ടില്ല. സ്വർണക്കടത്തിൽ പിടിയിലായ റമീസ്​ എന്നയാൾക്ക്​ യു.ഡി.എഫ്​ കക്ഷിയുടെ നേതാവുമായി ഏതോ അകന്ന ബന്ധമുണ്ടെന്നും പറഞ്ഞ്​ പുകിലുണ്ടാക്കിയ സി.പി.എമ്മിന്​ ഇപ്പോൾ ലഹരികേസിൽ പാർട്ടി സെക്രട്ടറിയുടെ മകൻ പിടിയിലായത്​ കനത്ത തിരിച്ചടിയായി.

രാജ്യത്ത്​ ഇതുവരെ ഒരു സർക്കാറിനും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിച്ഛായ നഷ്​ടത്തിലാണ്​ പിണറായി സർക്കാർ. ഭരണകൂടത്തെ രക്ഷപ്പെടുത്തേണ്ട പാർട്ടി നേതൃത്വമാക​െട്ട, അതിലും വലിയ പൊല്ലാപ്പിലും. കളങ്കിത പ്രതിച്ഛായയിൽ പെട്ടുപോയ മുഖ്യമന്ത്രിക്കും പാർട്ടിനേതൃത്വത്തിനും സംശയശുദ്ധി വരുത്തി മാത്രമേ രാഷ്​ട്രീയകേരളത്തി​െൻറ വിശ്വാസ്യത തിരിച്ചുപിടിക്കാനാവൂ. ഇൗ ഇരട്ട പ്രതിച്ഛായനഷ്​ടത്തിൽ നിന്നു പാർട്ടിയെയും ഭരണത്തെയും രക്ഷപ്പെടുത്താൻ അതിനുള്ള വിവേകവും വിനയവും സി.പി.എം നേതൃത്വം പ്രകടിപ്പിക്കുമോ, അതിന്​ അവരെ പ്രേരിപ്പിക്കാൻ അണികൾക്ക്​ കഴിയുമോ എന്നതാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT