ജനപ്രിയ സഖാവിന് വിട

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ജനപ്രിയമുഖങ്ങളിലൊന്നായിരുന്നു ശനിയാഴ്ച വൈകീട്ട് അപ്പോളോ ആശുപത്രിയിൽ അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ. പരിണതപ്രജ്ഞനായ രാഷ്ട്രീയനേതാവ്, കർമകുശലനായ സംഘാടകൻ, മികച്ച നിയമസഭ സാമാജികൻ, പരിഷ്കരണങ്ങൾക്കു മുൻകൈയെടുത്ത ഭരണകർത്താവ് എന്നീ നിലകളിൽ ശ്രദ്ധേയ സംഭാവനകൾ ബാക്കിവെച്ചാണ് കോടിയേരി വിടവാങ്ങുന്നത്. പാർട്ടിയിൽ അണികൾക്കൊപ്പംനിന്ന് സമരം നയിച്ചും പാർട്ടിക്കൂറിൽ കടുകിട വിട്ടുവീഴ്ചയില്ലാതെ കാർക്കശ്യം പുലർത്തിയും അധികാരത്തിൽ ശക്തമായ ഭരണം കാഴ്ചവെച്ചും കോടിയേരി കേരളത്തിലെ കമ്യൂണിസ്റ്റുമനസ്സുകളിൽ കുടിയേറി.

കേരള വിദ്യാർഥി ഫെഡറേഷന്‍റെ കോടിയേരി ഓണിയൻ സ്കൂളിലെ യൂനിറ്റ് സെക്രട്ടറിയായി തുടങ്ങി, സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം എന്നീ നിലകളിലേക്കുള്ള കൊടിയേറ്റം ഒടുവിൽ രോഗബാധ കലശലായി അരങ്ങൊഴിയുന്നതുവരെ തുടർന്നു. അന്നു മുതൽ ഇന്നോളം കേരളരാഷ്ട്രീയത്തിലെ മുൻനിരനായകരിൽ ഒരാളായി കോടിയേരിയുണ്ട്. പാർട്ടിയിൽ സ്വന്തം നാട്ടുകാരൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൂടെ വിദ്യാർഥികാലത്ത് സ്ഥാപിച്ചെടുത്ത സഹവാസം മരണം വരെ വിടാതെ തുടർന്ന അദ്ദേഹം കേരളത്തിലെ സി.പി.എമ്മിൽ വിഭാഗീയത കൊടികുത്തിവാണപ്പോഴും അചഞ്ചലമായി തന്‍റെ നിലപാടിൽ അടിയുറച്ചുനിന്നു. പാർട്ടി അണികൾക്ക് അദ്ദേഹം ഉശിരുള്ള നായകനായി. രാഷ്ട്രീയപ്രതിസന്ധികളിൽ പ്രയോഗമതിയായ നേതാവായി. സമരങ്ങളിൽ പൊലീസിനോട് പോരടിച്ചുനിന്ന രാഷ്ട്രീയക്കാരനിൽനിന്ന് പൊലീസ് മന്ത്രിയായി പക്വമതിയായ ഭരണാധികാരി എന്ന പേര് നേടി. വ്യക്തിജീവിതത്തെയും രാഷ്ട്രീയമുന്നേറ്റത്തെയും പിടിച്ചുലച്ച വെല്ലുവിളികൾക്കുശേഷവും ശക്തമായ തിരിച്ചുവരവുനടത്തി അണികൾക്ക് അതിശയനായി.

19ാം വയസ്സിൽ പാർട്ടി അംഗത്വം നേടിയ അദ്ദേഹം 20ാം വയസ്സിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി. കോളജ് വിദ്യാർഥിയായിരിക്കെ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയുമായി. 36ാം വയസ്സിൽ ജില്ല സെക്രട്ടറിയായി. അങ്ങനെ സാമൂഹികജീവിതത്തിന്‍റെ അടിത്തട്ടിൽനിന്ന് അടിവെച്ചുകയറിവന്ന കോടിയേരിക്ക് കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്‍റെ സഹജമായ കാർക്കശ്യത്തെക്കാൾ ജനകീയരാഷ്ട്രീയത്തിന്‍റെ സൗമ്യമുഖമായിരുന്നു എന്നും. പാർട്ടി വിഭാഗീയതയിൽ കൃത്യമായ പക്ഷംപിടിക്കുമ്പോഴും എതിരാളികൾക്കെതിരെ നിർദാക്ഷിണ്യം ആക്ഷേപ, ആരോപണശരങ്ങൾ തൊടുക്കുമ്പോഴും അതിനപ്പുറമുള്ള മാനുഷികബന്ധം കാത്തുസൂക്ഷിക്കാനായി എന്നതാണ് കോടിയേരിയുടെ സവിശേഷത. അതിൽ കേരളത്തിലെ പാർട്ടിയിലെ സമകാലികരിൽനിന്ന് അദ്ദേഹം എപ്പോഴും വേറിട്ടുനിന്നു. കമ്യൂണിസ്റ്റ് ശാഠ്യങ്ങളിൽ ഉറച്ചുനിന്നുതന്നെ സമൂഹത്തിലെ നാനാതുറകളിലുള്ളവരുമായി ഇഴയടുപ്പമുള്ള ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിനായി. നിയമസഭയിലും പുറത്തും എതിരാളികൾക്കുനേരെ വിമർശനത്തിന്‍റെ ചാട്ടുളിയുതിർക്കുമ്പോഴും പ്രതിയോഗികളുടെ പ്രതികരണങ്ങളെ കൂസാതെ ആക്ഷേപങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും എല്ലാം താൻ മുഖ്യമായി കാണുന്ന പാർട്ടിക്കുവേണ്ടി എന്ന അചഞ്ചല വിശ്വാസമായിരുന്നു അദ്ദേഹത്തിന്. ആ വിശ്വാസം അവസാനം വരെയും പാർട്ടിയും അദ്ദേഹത്തിനു തിരിച്ചുനൽകി. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളിലുലഞ്ഞപ്പോഴും പാർട്ടി അദ്ദേഹത്തെ കൈവിടാതെ കാത്തുപോന്നു.

ആഭ്യന്തരമന്ത്രിയായിരിക്കെ, പൊലീസ് സേനയുടെ പരിഷ്കരണത്തിനും അതിനു ജനകീയമുഖം നൽകുന്നതിനും കോടിയേരി ബാലകൃഷ്ണൻ ശ്രമിച്ചു. സ്റ്റുഡന്‍റ് പൊലീസ് കാഡറ്റും ജനമൈത്രി പൊലീസും അതിൽ പ്രധാനമായിരുന്നു. പൊലീസുകാർക്ക് എട്ട് മണിക്കൂർ ഡ്യൂട്ടി നിജപ്പെടുത്തിയും വർഷങ്ങളായി മുടങ്ങിക്കിടന്ന സ്ഥാനക്കയറ്റം നടപ്പാക്കിയും അവരിൽ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ജയിലിൽ 'ഗോതമ്പുണ്ട'യെന്ന് പരിഹസിക്കപ്പെട്ട ഭക്ഷണത്തിൽ കാര്യമായ മാറ്റംവരുത്തിയും തടവുപുള്ളികളെ പാചകത്തിനുപയോഗിച്ച് പൊതുജനങ്ങൾക്കായി ജയിൽ ഭക്ഷണ കൗണ്ടറുകൾ തുറന്നും ജയിലിനു പുതുമുഖം നൽകാൻ ശ്രമിച്ചു. ടൂറിസത്തിന്‍റെ കൂടി ചുമതലവഹിച്ചിരുന്ന അദ്ദേഹമാണ് ഉത്തരവാദിത്ത ടൂറിസം, ഹെറിറ്റേജ് ടൂറിസം, ഹോം സ്റ്റേ മുതലായ പരിഷ്കരണങ്ങൾക്ക് തുടക്കമിട്ടത്.

അങ്ങനെ രാഷ്ട്രീയത്തിലും ഭരണത്തിലും ബഹുമുഖവും സംഭവബഹുലവുമായ പ്രവർത്തനങ്ങളിലൂടെ വ്യക്തിമുദ്രപതിപ്പിച്ച് കോടിയേരി ബാലകൃഷ്ണൻ വിടപറയുമ്പോൾ കേരളത്തിലെ ജനകീയ രാഷ്ട്രീയമുഖങ്ങളിൽ ഒന്നുകൂടി മായുകയാണ്. അദ്ദേഹത്തിന്‍റെ വിയോഗം കുടുംബത്തിനും ബന്ധുമിത്രാദികൾക്കും പാർട്ടി പ്രവർത്തകർക്കും തീർത്ത അഗാധദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.

Tags:    
News Summary - Goodbye popular comrade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.