പെട്രോളിയം വിലകളുടെ കുതിപ്പ് വ്യാപകമായി ആശങ്കയുയർത്തിയിരിക്കുന്നു. കുടുംബ ബജറ്റുകൾ മുതൽ വ്യവസായങ്ങൾ വരെ പ്രതിസന്ധിയിലാണ്. വിലനിയന്ത്രണം സർക്കാർ കൈയൊഴിഞ്ഞശേഷം തികഞ്ഞ ചൂഷണമാണ് ഇൗ രംഗത്ത് നടക്കുന്നത്. എണ്ണവിതരണ കമ്പനികൾ മാത്രമല്ല, കേന്ദ്ര-സംസ്ഥാന സർക്കാറുകളും പെട്രോൾ-ഡീസൽ വിലയുടെ കാര്യത്തിൽ ജനവിരുദ്ധനയങ്ങൾ പിന്തുടരുകയാണ്. ചരക്കു-സേവന നികുതി (ജി.എസ്.ടി) സമ്പ്രദായം കൊണ്ടുവന്നത് സമഗ്രമായ ഏകനികുതി സംവിധാനമെന്നു പറഞ്ഞായിരുന്നു. എന്നാൽ, അതിെൻറ വ്യാപ്തിയും ആഴവും ജനജീവിതത്തെ ബാധിച്ചപ്പോൾ അതിൽനിന്ന് കിേട്ടണ്ട പ്രയോജനം നിഷേധിക്കപ്പെട്ടു. ഏറ്റവും വലിയ നികുതിഭാരം വഹിക്കുന്ന പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽനിന്ന് മുക്തമാക്കിക്കൊണ്ടാണ് ഇൗ ചൂഷണത്തിന് അരങ്ങൊരുക്കിയത്. മുമ്പത്തെ യു.പി.എ സർക്കാറാകെട്ട ഇപ്പോഴത്തെ എൻ.ഡി.എ സർക്കാറാകെട്ട, സംസ്ഥാനങ്ങളാകെട്ട, ജി.എസ്.ടി ഇന്ധനവിലക്ക് ബാധകമാക്കരുതെന്ന കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിയുേമ്പാഴും ഇവിടെ വിൽപനവില കുതിച്ചുപൊങ്ങുകയായിരുന്നു. ഇന്ന് ഡീസലടക്കം ലിറ്ററിന് എഴുപത് കവിയുേമ്പാൾ ജനങ്ങളുടെ ആശങ്ക ശമിപ്പിക്കാനാകണം, പല പാർട്ടികളും എണ്ണവിലകൾക്കും ജി.എസ്.ടി ഏർപ്പെടുത്തണമെന്ന് വാദിച്ചുതുടങ്ങിയിട്ടുണ്ട്. കോൺഗ്രസ് ആ പക്ഷത്താണെന്ന് പറയുന്നു. കേന്ദ്രസർക്കാർ പറയുന്നു, തങ്ങൾ അതിനനുകൂലമാണ്, സംസ്ഥാനങ്ങളാണ് സമ്മതിക്കാത്തതെന്ന്. സംസ്ഥാനങ്ങളോ, തീരുമാനം തങ്ങളല്ല എടുക്കേണ്ടതെന്ന് പറഞ്ഞൊഴിയുന്നു. ആശയക്കുഴപ്പവും ആശങ്കയും തുടരവേ സ്വതന്ത്രഇന്ത്യയിലെ ഏറ്റവും വലിയ നിയമാനുസൃത കൊള്ള അറുതിയില്ലാതെ മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കുന്നു.
എൻ.ഡി.എ ഭരണമേറ്റശേഷം ചൂഷണത്തിെൻറ തീവ്രത വർധിച്ചിരിക്കുനു. നാലുവർഷം കൊണ്ട് പെട്രോൾ, ഡീസൽ വിലകൾ റെക്കോഡിലെത്തി. 2014 മേയിൽ അന്താരാഷ്ട്ര ക്രൂഡോയിൽ വില വീപ്പക്ക് 106.85 ഡോളറായിരുന്നു. 2018 മാർച്ചിൽ അത് 63.80 ഡോളറായി ചുരുങ്ങി (ഇടക്കാലത്ത്, 2016ൽ, 28.08 ഡോളർ വരെ ഇടിഞ്ഞിരുന്നു). എന്നാൽ, പെട്രോളിെൻറയും ഡീസലിെൻറയും വില ഉയർന്നുകൊണ്ടേ ഇരിക്കുകയാണ് ചെയ്തത്. ആഗോളവിലയിൽ ഇടിവുവരുന്നമുറക്ക് ഇവിടെ കേന്ദ്രവും സംസ്ഥാനങ്ങളും നികുതി കൂട്ടിക്കൂട്ടിക്കൊണ്ടിരുന്നു. സർക്കാറിെൻറ വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞ് വിതരണക്കമ്പനികൾക്ക് നൽകുക വഴി ജനങ്ങളെയും സാമ്പത്തികരംഗത്തെയും കോർപറേറ്റുകളുടെയും വിപണിയുടെയും ദയാദാക്ഷിണ്യത്തിന് വിട്ടുകൊടുക്കുക മാത്രമല്ല ഉണ്ടായത്. സാമ്പത്തികനയത്തിലെ പാളിച്ചകളുണ്ടാക്കുന്ന നഷ്ടങ്ങൾ നികത്താൻ എത്ര വേണമെങ്കിലും കറന്നെടുക്കാവുന്ന പശുവായി ഇത് ഉപയോഗിക്കാൻ സർക്കാറുകൾക്കും സാധിച്ചു. 2014 മേയിൽ (ഡൽഹിയിലെ കണക്കനുസരിച്ച്) കേന്ദ്രത്തിെൻറയും സംസ്ഥാനങ്ങളുടെയും നികുതികൾ പെട്രോൾ വിലയുടെ 47.3 ശതമാനമായിരുന്നു.
ഇന്നത് നൂറുശതമാനമായി. ഡീസലിനുള്ള നികുതി 24.7 ശതമാനത്തിൽനിന്ന് 70 ശതമാനമായി. ഇന്ത്യയുടെ അയൽരാജ്യങ്ങളിലെല്ലാം ഇവയുടെ വില വളരെ കുറവാണ്. നീതിയോ ന്യായമോ ഒന്നും നോക്കാതെ, പണമുണ്ടാക്കാനുള്ള എളുപ്പവഴിയായിട്ടാണ് ഇന്ത്യയിൽ എണ്ണവിലയെ അധികൃതർ കാണുന്നത്. മണ്ണെണ്ണക്കും പാചകവാതകത്തിനും നൽകുന്ന സബ്സിഡിയായ 24,660 കോടി രൂപ വരുന്നവർഷം 24,933 കോടിയായി വർധിക്കും; ഇത് നിയന്ത്രിക്കാൻ എണ്ണനികുതി ഉണ്ടായേ പറ്റൂ എന്നാണ് കേന്ദ്രവാദം. അതേസമയം, ബാങ്കിങ് മേഖലയിൽ ഒമ്പതുലക്ഷം കോടി രൂപയിലെത്തിനിൽക്കുന്ന കിട്ടാക്കടം വസൂലാക്കാനുള്ള എളുപ്പവഴിയും എണ്ണനികുതിതന്നെ. സംസ്ഥാനങ്ങൾക്കാകെട്ട നയവൈകല്യങ്ങളും ധാരാളിത്തവും നികുതിവരുമാനക്കുറവുമെല്ലാം ഉണ്ടാക്കുന്ന കമ്മി നികത്താൻ കിട്ടുന്ന ഒറ്റമൂലിയാണ് എണ്ണനികുതികൾ. മുംബൈയിൽ പെട്രോൾ ലിറ്ററിന് 81.87 രൂപയായപ്പോൾ (ഏപ്രിൽ അഞ്ച്) ഡൽഹിയിൽ 74.02 രൂപമാത്രം. വ്യത്യാസം സംസ്ഥാനങ്ങൾ ഇൗടാക്കുന്ന നികുതിയിലേത്. (രണ്ടിനുമിടക്കാണ് കേരളത്തിലെ നിരക്ക്). മഹാരാഷ്ട്രയിൽ പെട്രോളിന് ‘വരൾച്ച ചുങ്കം’ കൂടി ചുമത്തുന്നുണ്ട്- അവിടെ വരൾച്ചയൊന്നുമില്ലെങ്കിലും! കേരള സർക്കാർ ജി.എസ്.ടി യുക്തിഭദ്രമാക്കണമെന്ന് അഭിപ്രായമുള്ളവരാണ്. എന്നാൽ, അത് എണ്ണ വിലക്കുകൂടി ബാധകമാക്കണമെന്ന് പറയാൻ ധൈര്യമില്ല. തീർത്തും അന്യായമെങ്കിലും അല്ലലില്ലാതെ, നൂറുശതമാനം പിരിഞ്ഞുകിട്ടുന്ന അധികവരുമാനമാണല്ലോ അത്.
പെട്രോൾ-ഡീസൽ നികുതികൾകൂടി ജി.എസ്.ടിക്കുകീഴിലാക്കുകയെന്നത് യുക്തിസഹവും ന്യായവും മാത്രമല്ല, ജനങ്ങളുടെ അവകാശം കൂടിയാണ്. അതിനായി മുൻകൈയെടുക്കാൻ കേന്ദ്രമോ സംസ്ഥാനങ്ങളോ തയാറാകാൻ സാധ്യത ഇല്ലെന്നിരിക്കെ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. വിഷയം സങ്കീർണമാണെന്നും സാമ്പത്തികരംഗം കുഴഞ്ഞുമറിയുമെന്നുമൊക്കെ എതിർവാദമുയരുന്നുണ്ട്. എന്ത് സങ്കീർണതയുണ്ടെങ്കിലും എത്ര കുഴഞ്ഞുമറിഞ്ഞാലും ഇന്ന് ജനജീവിതത്തെ ബാധിച്ചിടത്തോളം അതൊന്നും വരില്ല. അന്യായനികുതിക്കെതിരെ ബോധവത്കരണം മുതൽ ജനകീയസമരങ്ങൾ വരെ നടക്കണം. ചൂഷകനികുതിയിൽനിന്നുള്ള മോചനം നിയമപരമായി കിേട്ടണ്ട അവകാശമാണല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.