പതിറ്റാണ്ടുകാലം നീണ്ടുനിന്ന ഹമാസ്-ഫത്ഹ് ഭിന്നത അവസാനിപ്പിക്കാനുള്ള കൈറോ തീരുമാനത്തിെൻറ തുടർച്ചയായി നടന്ന ഫലസ്തീൻ പ്രധാനമന്ത്രി റാമി ഹംദല്ലയുടെ ഗസ്സ സന്ദർശനവും പ്രത്യേകമായി ചേർന്ന മന്ത്രിസഭാ യോഗവും ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതും പശ്ചിമേഷ്യൻ രാഷ്ട്രീയത്തിെൻറ ഗതിമാറ്റുവാൻ പ്രാപ്തമായതുമാണ്. ഗസ്സയിൽ പ്രത്യേകമായി ചേർന്ന സുപ്രധാനമായ മന്ത്രിസഭ യോഗത്തിൽ പ്രധാനമന്ത്രി റാമി ഹംദല്ല പ്രഖ്യാപിച്ചത് ഭിന്നതകളെല്ലാം മറന്ന് ഒന്നാകുന്ന ചരിത്ര നിമിഷമാണിതെന്നാണ്. ഫലസ്തീനിെൻറ പുനരൈക്യത്തിനുവേണ്ടി അധികാര കൈമാറ്റത്തിന് തയാറാണെന്ന നിലപാടെടുക്കുകയും സ്വന്തം സർക്കാറിനെ കഴിഞ്ഞ മാസം ഐക്യത്തിനുവേണ്ടി ഹമാസ് പിരിച്ചുവിടുകയും ചെയ്തിരുന്നു. അതിനുശേഷം നടന്ന ഏറ്റവും പ്രധാന രാഷ്ട്രീയ ചുവടുവെപ്പായിരുന്നു ഫലസ്തീൻ പ്രധാനമന്ത്രിയുടെ രണ്ടുവർഷത്തിനുശേഷമുള്ള ഗസ്സ സന്ദർശനവും പ്രത്യേക മന്ത്രിസഭ യോഗവും. പുനരാരംഭിച്ച ഐക്യശ്രമങ്ങളും സംഘടനാ നേതൃത്വങ്ങൾക്കിടയിൽ നടക്കുന്ന അനുരഞ്ജന ചർച്ചകളും സങ്കുചിതമായ പാർട്ടി താൽപര്യങ്ങൾക്കപ്പുറം മുന്നോട്ടുപോകുമെന്നും വെസ്റ്റു ബാങ്കിനും ഗസ്സക്കുമിടയിൽ ഉണ്ടായ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായുള്ള വേർതിരിവ് അവസാനിപ്പിക്കുന്നതിെൻറ തുടക്കമാകുമെന്നുമാണ് അദ്ദേഹം പ്രത്യാശിക്കുന്നത്. അതിനെ അന്വർഥമാക്കുന്നതാണ് ഹമാസിന് സ്വാധീനമുള്ള ഗസ്സയിൽ അദ്ദേഹത്തിന് ലഭിച്ച വർണശബളമായ വരവേൽപ്.
2006ലെ തെരഞ്ഞെടുപ്പിൽ ഹമാസിനോട് പരാജയപ്പെട്ടതോടെ ഗസ്സയുടെമേൽ ഫത്ഹിെൻറ സ്വാധീനം നഷ്ടപ്പെടുകയും അവർ വെസ്റ്റ് ബാങ്കിലേക്ക് ചുരുങ്ങുകയും ചെയ്തത് ഹമാസിനും ഫത്ഹിനുമിടയിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ അടിസ്ഥാന കാരണങ്ങളിലൊന്നായിരുന്നു. ഫലസ്തീൻ അതോറിറ്റിയും പ്രസിഡൻറ് മഹ്മൂദ് അബ്ബാസും തെരഞ്ഞെടുക്കപ്പെട്ട ഗസ്സ സർക്കാറിനോട് പുലർത്തിയ വിവേചനപരമായ സമീപനങ്ങളും ഏകപക്ഷീയവും ഫലസ്തീൻ താൽപര്യങ്ങളെ റദ്ദുചെയ്യുകയും ചെയ്യുന്ന കരാറുകൾ ഇസ്രായേലുമായും ഈജിപ്തുമായും നിരന്തരം ഏർപ്പെടുന്നതും അവർ തമ്മിലുള്ള സംഘർഷത്തെ പരമോന്നതിയിലേക്ക് എത്തിക്കുന്നതിന് നിദാനമായി. കഴിഞ്ഞ പത്തുവർഷമായി ഇസ്രായേലിെൻറയും അൽസീസി അധികാരമേറ്റ ശേഷം ഈജിപ്തിെൻറയും ഉപരോധങ്ങൾക്ക് പുറമെ ഫലസ്തീൻ അതോറിറ്റി സമീപകാലത്ത് സ്വീകരിച്ച കടുത്ത നിഷേധാത്മക വിഭവ നിയന്ത്രണവും മൂലം ഏറെ ദുസ്സഹമായിത്തീർന്നിരുന്നു ഗസ്സ മുനമ്പിലെ ജനജീവിതം. കഴിഞ്ഞ ജൂൺ മുതൽ മഹ്മൂദ് അബ്ബാസിെൻറ നിർദേശപ്രകാരം ഗസ്സ മുനമ്പിലേക്കുള്ള വൈദ്യുതിവിതരണം നിർത്തിവെച്ചിരിക്കുകയാണ് ഇസ്രായേൽ. കൂടാതെ ഗസ്സയിലെ സർക്കാർ ജീവനക്കാർക്കുള്ള വേതനവും ഫലസ്തീൻ അതോറിറ്റി തടഞ്ഞുവെച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ ഗൾഫ് മേഖലയിലെയും രാഷ്ട്രീയ മാറ്റങ്ങൾ ഗസ്സയിലെ ജനജീവിതം കൂടുതൽ ദുരന്തപൂർണമാക്കാൻ ഇടവന്നേക്കുമെന്ന വിചാരമാണ് ഒരു കാലത്ത് ഹമാസിെൻറ ബദ്ധശത്രുവായിരുന്ന മുൻ ഫത്ഹ് നേതാവ് ദഹ്ലാനുമായി കൈറോവിൽ ചർച്ചചെയ്യാനും പുതിയ കരാറിൽ ഏർപ്പെടാനും ഹമാസിെന നിർബന്ധിതമാക്കിയത്. അതുകൊണ്ടുതന്നെ കൈറോ തീരുമാനത്തിെൻറ തുടർച്ചയെന്ന നിലക്ക് ഉപരോധങ്ങൾ നീങ്ങി ജനജീവിതം സുഗമമാകുമെന്ന സമാശ്വാസമാണ് റാമി ഹംദല്ലയുടെ സന്ദർശനത്തിലൂടെ ഗസ്സ മുനമ്പിന് കൈവന്നിരിക്കുന്നത്.
ഫലസ്തീനിലെ രണ്ടു പ്രബല സംഘടനകളുടെ പുനരൈക്യവും പുതിയ സർക്കാറിെൻറ ആവിർഭാവവും സീനായ് മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ഈജിപ്ത് കരുതുന്നു. ഹമാസുമായുള്ള ഉഭയകക്ഷിബന്ധം സീസി സർക്കാറിെൻറ ആയുസ്സ് വർധിപ്പിക്കാനും ഈജിപ്തിലെ ബ്രദർഹുഡിെൻറ ജനകീയ സ്വാധീനത്തെ കുറക്കാനുപകരിക്കുമെന്നുകൂടി അവർ കണക്കുകൂട്ടുന്നുണ്ട്. ഫത്ഹിന് സ്വാധീനമുള്ള ഐക്യ സർക്കാർ ഗസ്സയിൽകൂടി അധികാരത്തിൽവരുന്നത് ഇസ്രായേലിെൻറ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുഗുണമാകുമെന്ന് അവരും പ്രത്യാശിക്കുന്നു. അതിർത്തിയിലെ കാവൽ സൈന്യത്തിെൻറ മാറ്റവും ഹമാസിനെ നിരായുധീകരിക്കലും മഹ്മൂദ് അബ്ബാസിലൂടെയും ഈജിപ്തിലൂടെയും പ്രാവർത്തികമാക്കി ഇസ്രായേലിനു നേരയുള്ള ഭീഷണി ആസന്നഭാവിയിൽ നിർവീര്യമാകുമെന്നും കരുതുന്നു. ഐക്യ സർക്കാർ രൂപവത്കരണത്തിലൂടെ ഗസ്സയുടെ മേൽ അടിച്ചേൽപിക്കപ്പെട്ട കനത്ത ഉപരോധങ്ങൾ ഇല്ലാതാകുമെന്ന് ഹമാസ് പ്രത്യാശിക്കുന്നു. അടിസ്ഥാന വിഭവങ്ങളുടെ ലഭ്യതയും സഞ്ചാര സ്വാതന്ത്യവും സുഗമമാക്കാനാകുമെന്നും അവർ കരുതുന്നു. അതിലൂടെ ഫലസ്തീനികളിലുള്ള സ്വാധീനം വർധിപ്പിക്കാമെന്നും ഹമാസ് വിശ്വസിക്കുന്നു. ഇസ്രായേലുമായുള്ള നയതന്ത്ര ചർച്ചകളിലൂടെ ജയിലിലടക്കപ്പെട്ടവരെ വിമോചിപ്പിക്കാനാകുമെന്ന കണക്കുകൂട്ടലും അവർക്കുണ്ട്. ഫലസ്തീൻ ജനതയിൽ നഷ്ടപ്പെട്ട വിശ്വാസ്യതയും അധികാരവും തിരിച്ചുപിടിക്കാനാകുമെന്ന് ഫത്ഹും മോഹിക്കുന്നു. അതുകൊണ്ടാണ് റാമി ഹംദല്ലയുടെ ഗസ്സ സന്ദർശനത്തിൽ ഈജിപ്ത് നയതന്ത്ര ഉദ്യോഗസ്ഥരും ഇസ്രായേലിെൻറയും ഈജിപ്തിെൻറയും രഹസ്യാന്വേഷണ മേധാവികളും അണിചേർന്നത്. ഓരോരുത്തരുടെയും വ്യത്യസ്ത ആഗ്രഹ സഫലീകരണ ശ്രമങ്ങൾക്കിടയിൽ ഫലസ്തീൻ ജനതയുടെ നീതി സാക്ഷാത്കരിക്കപ്പെടുമോയെന്നതാണ് അറിയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.