ഉത്തർപ്രദേശിലെ ഫൂൽപുർ, ഗോരഖ്പുർ ലോക്സഭ സീറ്റുകളിലേക്ക് മാർച്ച് 11ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി(എസ്.പി)യെ പിന്തുണക്കുമെന്ന ബഹുജൻ സമാജ് പാർട്ടി(ബി.എസ്.പി)യുടെ പ്രഖ്യാപനം മതനിരപേക്ഷ രാഷ്ട്രീയത്തെ പിന്തുണക്കുന്നവരെ ആഹ്ലാദിപ്പിക്കുന്നതാണ്. 1984ൽ രൂപവത്കൃതമായ ബി.എസ്.പിയും 1992ൽ വന്ന എസ്.പിയും 1993 മുതൽ 1995 വരെയുള്ള ഹ്രസ്വകാലം ഒഴിച്ചുനിർത്തിയാൽ പരസ്പരം പോരടിച്ചുകൊണ്ടിരുന്ന പാർട്ടികളാണ്. 1993ൽ ബി.എസ്.പി പിന്തുണയിലാണ് എസ്.പി നേതാവ് മുലായം സിങ് യാദവ് യു.പി മുഖ്യമന്ത്രിയാവുന്നത്. എന്നാൽ, 1995ൽ ബി.എസ്.പി പിന്തുണ പിൻവലിച്ചു. തുടർന്നിങ്ങോട്ട് എസ്.പി തലവൻ മുലായം സിങ്ങും ബി.എസ്.പി അധ്യക്ഷ മായാവതിയും ബദ്ധവൈരികളായാണ് പെരുമാറിയത്. ഒരുവേള യു.പിയുടെ രാഷ്ട്രീയചിത്രം തന്നെ അതായി മാറി. ബി.ജെ.പി മുന്നോട്ടുവെക്കുന്ന സവർണ, വർഗീയ രാഷ്ട്രീയത്തോട് ആശയപരമായി അങ്ങേയറ്റത്തെ വിയോജിപ്പുള്ളവരാണ് ഇരുപാർട്ടികളെങ്കിലും ഇരുനേതാക്കളും തമ്മിലുള്ള വൈരവും യു.പിയിലെ സാഹചര്യങ്ങളും രണ്ട് കൂട്ടരെയും നിതാന്ത ശത്രുക്കളാക്കി മാറ്റി. എസ്.പിയും ബി.എസ്.പിയും ഒന്നിച്ചുനിന്നിരുന്നെങ്കിൽ നിഷ്പ്രയാസം ഉത്തർപ്രദേശ് തൂത്തുവാരാൻ പറ്റുന്ന കാലമുണ്ടായിരുന്നു. എന്നാൽ, അങ്ങനെയുള്ള കാലത്ത് അവർ വാശിയോടെ പോരടിച്ചു. ആ അവസരം മുതലാക്കി ഏറ്റവും നേട്ടം കൈവരിച്ചത് ബി.ജെ.പിയായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ശേഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പിലും ബി.ജെ.പി നേടിയ തകർപ്പൻ വിജയം ഇരു പാർട്ടികളെയും മാറിച്ചിന്തിക്കാൻ േപ്രരിപ്പിച്ചിരിക്കും. തങ്ങളുടെ വോട്ട് അടിത്തറതന്നെ ഇല്ലാതായിപ്പോകുന്നതിനെക്കുറിച്ച ആകുലത ഇപ്പോൾ ഇരു പാർട്ടികൾക്കുമുണ്ട്. അതായിരിക്കാം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കുന്നതിലേക്ക് ഇരു പാർട്ടികളെയും നയിച്ചത്. ഫുൽപുരിലും ഗോരഖ്പുരിലും ബി.എസ്.പി പിന്തുണ എസ്.പിക്ക് കിട്ടുമ്പോൾ രാജ്യസഭ തെരഞ്ഞെടുപ്പിൽ മായാവതിക്ക് എസ്.പിയുടെ പിന്തുണ ലഭിക്കും. ഈ ധാരണയെക്കുറിച്ച് പറയുമ്പോഴും എസ്.പിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നാണ് മായാവതി വ്യക്തമാക്കിയിരിക്കുന്നത്. ഫുൽപുരിലും ഗോരഖ്പുരിലും തങ്ങളുടെ സ്ഥാനാർഥികളെ പിൻവലിക്കുന്നതിനെക്കുറിച്ച് കോൺഗ്രസും ആലോചിക്കുന്നുെവന്നാണ് ഏറ്റവും ഒടുവിൽ വരുന്ന വാർത്ത.
അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തിൽ ബി.ജെ.പി നേടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ മേൽക്കൈകൾ രാജ്യത്തിെൻറ ജനാധിപത്യ ഭാവിയെക്കുറിച്ച് ആലോചിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. വളരെ ബൃഹത്തായ സംഘടനശേഷിയും സ്വാധീന ശക്തിയുമുള്ള ആർ.എസ്.എസിെൻറ പിന്തുണയോടെ ഭൂരിപക്ഷവാദമുയർത്തി, ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് അവർ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾക്ക് മുമ്പിൽ പകച്ചുനിൽക്കാൻ മാത്രമേ പാരമ്പര്യവും സംഘടനശേഷിയുമുള്ള പാർട്ടികൾക്ക് സാധിക്കുന്നുള്ളൂ. ഏറ്റവും ഒടുവിൽ, ദശാബ്ദങ്ങളോളം സി.പി.എം ഭരണത്തിലായിരുന്ന ത്രിപുരകൂടി പിടിച്ചെടുത്തതിലൂടെ വലിയ ആത്്മവിശ്വാസമാണ് ബി.ജെ.പി നേടിയിരിക്കുന്നത്.
ജനങ്ങളിൽ മഹാഭൂരിപക്ഷവും ബി.ജെ.പിയെയും അവർ പിന്തുടരുന്ന രാഷ്ട്രീയത്തെയും പിന്തുണക്കുന്നതുകൊണ്ടാണ് അവർ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്ന് തെറ്റിദ്ധരിക്കരുത്. തങ്ങളെ കേന്ദ്രാധികാരത്തിൽ എത്തിച്ച 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 31 ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. മൊത്തം എൻ.ഡി.എയുടെ വോട്ട് വിഹിതം എടുക്കുമ്പോൾ അത് 36 ശതമാനമേ വരുന്നുള്ളൂ. അതായത്, ജനങ്ങളിൽ മഹാഭൂരിപക്ഷവും ബി.ജെ.പി വിരുദ്ധ പാർട്ടികൾക്ക് വോട്ട് ചെയ്തവരാണ്. പക്ഷേ, അവരുടെ വോട്ടുകൾ പല കക്ഷികൾക്കിടയിൽ ചിതറിയതാണ് കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരം പിടിക്കാൻ ബി.ജെ.പിയെ സഹായിച്ചത്. പ്രതിപക്ഷ കക്ഷികളുടെ ഭിന്നിപ്പ് മുതലെടുത്ത് ബി.ജെ.പി നിരന്തരം നേടിക്കൊണ്ടിരിക്കുന്ന വിജയം രാജ്യസഭയിലും അടുത്ത ഭാവിയിൽതന്നെ അവർ ഭൂരിപക്ഷമാവുന്ന അവസ്ഥ സൃഷ്ടിക്കും. ലോക്സഭയിലെ മൃഗീയ ഭൂരിപക്ഷവും രാജ്യസഭയിൽ ഉണ്ടാകാൻ പോവുന്ന ഭൂരിപക്ഷവും ഉപയോഗിച്ച് തന്ത്രപരമായ നിയമങ്ങൾ ചുട്ടെടുത്ത് തങ്ങളുടെ ആഗ്രഹത്തിനനുസരിച്ചുള്ള രാജ്യവും ഭരണഘടനയുമൊക്കെ രൂപപ്പെടുത്താനാണ് ബി.ജെ.പി പദ്ധതി. ആ പദ്ധതി യാഥാർഥ്യമായാൽ പ്രതിപക്ഷംതന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോവും എന്ന് ഇപ്പോൾ പലരും മനസ്സിലാക്കുന്നു. അതിനാൽതന്നെ ‘ഐക്യപ്പെടുക അല്ലെങ്കിൽ നശിക്കുക’ എന്നതല്ലാതെ വഴിയില്ലെന്ന് അവർ ഇപ്പോൾ തിരിച്ചറിയുന്നു. ഈ തിരിച്ചറിവിെൻറ തെളിവാണ് ഉത്തർപ്രദേശിൽനിന്നുള്ള വാർത്തകൾ.
ഫുൽപുരിലും ഗോരഖ്പുരിലും എസ്.പിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും ഒരു രാഷ്ട്രീയസഖ്യത്തിെൻറ സാധ്യതയെ തള്ളിക്കളയുകയാണ് മായാവതി ചെയ്തത്. അവർ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിെൻറ കാരണം ദുരൂഹമാണ്. ഒരു പക്ഷേ സംഘടനാപരമായ നിർബന്ധങ്ങളായിരിക്കും അങ്ങനെ പറയാൻ അവരെ േപ്രരിപ്പിക്കുന്നത്. പക്ഷേ, സംഘടനതന്നെ ഇല്ലാതാകാൻ പോകുന്ന കാലത്തെ മുൻകൂട്ടി കാണാൻ അവർക്ക് സാധിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു സമീപനം അവർ സ്വീകരിക്കില്ലായിരുന്നു. പക്ഷേ, എല്ലാവർക്കും എപ്പോഴും അത് സാധിക്കുന്നില്ല എന്നത് വലിയ ദുര്യോഗമാണ്. തെരെഞ്ഞടുപ്പുകളിൽ തുടർച്ചയായി തിരിച്ചടികൾ നേരിട്ടുകൊണ്ടേയിരിക്കുമ്പോഴും ഫാഷിസത്തെ തങ്ങൾ ഒറ്റക്ക് നേരിടുമെന്ന മട്ടിലാണല്ലോ ബുദ്ധിജീവികളുടെ പാർട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സി.പി.എമ്മിൽ ഇപ്പോൾ ചർച്ചകൾ മുന്നോട്ടു പോവുന്നത്. കോൺഗ്രസുമായി സഖ്യമാകാമോ എന്ന കാര്യത്തിൽ പാർട്ടിയിൽ ചേരിതിരിഞ്ഞ് തർക്കം നടക്കുന്നത് കൗതുകത്തോടെ മാത്രമേ പുറത്തുള്ളവർക്ക് കണ്ടുനിൽക്കാനാവുകയുള്ളൂ. എല്ലാം കൈവിട്ടുപോയ ശേഷം വിലപിച്ചിട്ട് കാര്യമുണ്ടാവില്ല എന്ന് മാത്രമേ അത്തരക്കാരോട് പറയാനുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.