77 വർഷംമുമ്പ് നടന്ന ഒരു ഇരട്ട ഭീകരതയുടെ ഓർമവേളയാണിത്. ജപ്പാനിലെ ഹിരോഷിമയിലും പിന്നീട് നാഗസാക്കിയിലും അമേരിക്ക അണുബോംബിട്ടത് 1945 ആഗസ്റ്റ് ആറിനും ഒമ്പതിനുമായിരുന്നു. ഹിരോഷിമയിൽ മാത്രം 70,000 പേരാണ് തൽക്ഷണം വെന്തുമരിച്ചത്. രണ്ടു നഗരങ്ങളിലുമായി അഞ്ചുമാസംകൊണ്ട് രണ്ടേകാൽ ലക്ഷത്തോളം മരണം. പിന്നീട്, തലമുറകളിലൂടെ തുടരുന്ന ജനിതകരോഗങ്ങളും. ഭീകരതയുടെ എക്കാലത്തെയും വലിയ ഉദാഹരണമായിരുന്നു അത്- ആ പേരിൽ അത് അറിയപ്പെട്ടില്ലെങ്കിലും. പിൽക്കാലത്ത് അമേരിക്കൻ ഭരണകൂടം വളർത്തിയെടുത്ത ശൈലിയിൽ, രണ്ട് പ്രധാന കള്ളങ്ങൾ നിരത്തിക്കൊണ്ടായിരുന്നു മനുഷ്യചരിത്രത്തിലെ ഏറ്റവും കിരാതമായ ഈ കൂട്ടക്കുരുതി. ജപ്പാനെ തോൽപിക്കാൻ വേറെ വഴിയില്ലായിരുന്നു എന്നതാണ് ഒരു കള്ളം. പിന്നീട് വെളിപ്പെട്ടതനുസരിച്ച്, ജപ്പാൻ കീഴടങ്ങാൻ തീരുമാനിച്ചതായി അറിഞ്ഞശേഷമായിരുന്നു അണുബോംബ് പ്രയോഗം നടത്തിയത്. യു.എസ് സ്ട്രാറ്റജിക് ബോംബിങ് സർവേയിൽ ഇക്കാര്യം ഏറ്റുപറയുകയും ചെയ്തു. നാഗസാക്കിയിൽ ആഗസ്റ്റ് 11ന് ബോംബിടാമെന്ന ആദ്യതീരുമാനം പ്രസിഡന്റ് ട്രുമാൻ മാറ്റുകയും ബോംബിടൽ രണ്ടുദിവസം നേരത്തേ ആക്കുകയും ചെയ്തത്, ഇടക്കെങ്ങാനും ജപ്പാൻ കീഴടക്കം പ്രഖ്യാപിച്ച് ആ 'അവസരം' ഇല്ലാതായിപ്പോകുമോ എന്ന സന്ദേഹം മൂലമായിരുന്നത്രേ. ഈ രണ്ട് ആണവ ഭീകരതക്കുശേഷവും സോവിയറ്റ് സേനയും യു.എസ് സേനയും ജപ്പാൻ നഗരങ്ങളിൽ നിരത്തി ബോംബുകൾ വർഷിച്ചു. ഇതിനു പറഞ്ഞ കാരണമാണ്, നേരത്തേ സൂചിപ്പിച്ച കള്ളങ്ങളിൽ രണ്ടാമത്തേത്.
യുദ്ധങ്ങൾക്ക് അന്തിമ വിരാമമുണ്ടാക്കാനും ശാന്തി സ്ഥാപിക്കാനുമെന്ന് അവകാശപ്പെട്ടാണ് പല യുദ്ധങ്ങളും ന്യായീകരിക്കപ്പെട്ടുവന്നിട്ടുള്ളത്. യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള യുദ്ധം എന്ന ഒന്നാംലോക യുദ്ധകാലത്തെ മന്ത്രം രണ്ടാം ലോകയുദ്ധ കാലത്തും കേട്ടു; പിന്നീടും പലതവണയും. പക്ഷേ, അമേരിക്കൻ ഭീകരതയുടെ 77 വർഷങ്ങൾക്കിപ്പുറവും ലോകം ആണവയുദ്ധത്തിന്റെ നിഴലിലാണ് കഴിയുന്നത് എന്നതാണ് വസ്തുത.
സർവനാശകാരിയായ ആണവഭീഷണിയുടെ പ്രതീകാത്മക സൂചികയാണ് എല്ലാ വർഷവും പുതുക്കുന്ന 'ലോകാവസാന ക്ലോക്ക്' (ഡൂംസ്ഡേ ക്ലോക്ക്). മൂന്നുവർഷമായി ഇത്, ഭൂമി നാശത്തിലേക്ക് ഏറ്റവും അടുത്തുനിൽക്കുന്നു എന്ന സൂചനയാണ് നൽകുന്നത്: വെറും 100 സെക്കൻഡ് മാത്രം. ശാസ്ത്രജ്ഞരുടെ സംഘം ഇക്കൊല്ലം ജനുവരിയിൽ അത് സ്ഥിരീകരിച്ച ശേഷമാണ് വേറെ രണ്ട് ഗൗരവമേറിയ സംഭവങ്ങൾ ഉണ്ടായത്- റഷ്യയുടെ യുക്രെയ്ൻ അധിനിവേശവും അമേരിക്കൻ ഹൗസ് സ്പീക്കറുടെ തായ്‍വാൻ സന്ദർശനവും. ഇത് രണ്ടും ബിനാമി സംഘർഷങ്ങളായാണ് പിൽക്കാല സംഭവങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നത്; യുക്രെയ്നിൽ ഏറ്റുമുട്ടുന്നത് അമേരിക്കയും റഷ്യയും തമ്മിലാണെങ്കിൽ, തായ്‍വാനിൽ അമേരിക്കയും ചൈനയും തമ്മിലാണ്. ഈ മൂന്നു വൻശക്തി രാഷ്ട്രങ്ങളും ആണവായുധം കൈയിലുള്ളവ കൂടിയാണ്. ആരോപണ പ്രത്യാരോപണങ്ങളിലൊന്നും, മുമ്പ് പ്രകടമാക്കിയിരുന്ന ആണവായുധ വിരുദ്ധ നിലപാട് ഇന്ന് ആരും സൂചിപ്പിക്കുന്നുപോലുമില്ല. എന്നല്ല, വേണ്ടിവന്നാൽ യുക്രെയ്നിൽ അണുബോംബ് പ്രയോഗിക്കാൻ മടിക്കില്ലെന്ന് ധ്വനിപ്പിക്കാൻ റഷ്യ ശ്രദ്ധിച്ചിട്ടുമുണ്ട്. തായ്‍വാനിൽ അമേരിക്ക സൃഷ്ടിച്ച പ്രകോപനത്തിന് പകരംവീട്ടാൻ ഏതറ്റംവരെയും പോകുമെന്ന ചൈനയുടെ ഭീഷണിയിലുമുണ്ട് ദുസ്സൂചന. ലോകത്ത് ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങളേറെയും സംഘർഷാവസ്ഥയിലാണ്. റഷ്യയുടെ പക്കൽ 6255ഉം അമേരിക്കക്ക് 5550ഉം ആണവായുധങ്ങളുണ്ടെന്നാണ് കണക്ക്. ചൈന (350), ഫ്രാൻസ് (290), ബ്രിട്ടൻ (225), ഇന്ത്യ (150), പാകിസ്താൻ (165), ഉത്തര കൊറിയ (50), ഇസ്രായേൽ (90) എന്നിങ്ങനെ മറ്റുരാജ്യങ്ങൾക്കുമുണ്ട് ഓങ്ങിനിൽക്കുന്ന അണുബോംബുകൾ. ഇവയിൽ പലതിന്റെയും തലപ്പത്തുള്ളതാകട്ടെ വിവേകപൂർവം തീരുമാനമെടുക്കാൻ കഴിയാത്ത ഭരണകർത്താക്കളും.
ഹിരോഷിമയും നാഗസാക്കിയും ആവർത്തിക്കില്ലെന്ന് ഉറപ്പുപറയാനാകാത്ത സ്ഥിതിയിലാണിന്ന് ലോകം. ആഗസ്റ്റ് ആറിന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഹിരോഷിമയിലെ ശാന്തിസ്മാരകത്തിലെത്തി ആണവഭീഷണിയെപ്പറ്റി ഓർമിപ്പിക്കുന്നതിന്റെ തലേന്നാണ് റഷ്യ യുക്രെയ്നിലെ ആണവോർജ കേന്ദ്രത്തിനുനേരെ ഷെല്ലാക്രമണം നടത്തിയത്. ആണവയുദ്ധമെന്ന പരമമായ ഭീകരത തടയാൻ ഒന്നിലേറെ അന്താരാഷ്ട്ര ധാരണകൾ നിലവിലുണ്ടെങ്കിലും ഇതുവരെ ഫലം ചെയ്തിട്ടില്ല. ആണവ നിർവ്യാപനക്കരാർ (എൻ.പി.ടി) 1968ൽ തയാറായെങ്കിലും ഇന്ത്യ, പാകിസ്താൻ, ഇസ്രായേൽ ആണവശക്തികൾ അതിൽ ഒപ്പിട്ടിട്ടില്ല. ഉത്തര കൊറിയ ഒപ്പിട്ടശേഷം പിന്മാറ്റം പ്രഖ്യാപിച്ചു. ആണവ പരീക്ഷണം വിലക്കുന്ന കരാർ (സി.ടി.ബി.ടി) 1996ൽ തയാറായി; പക്ഷേ, ഇനിയും 44 രാജ്യങ്ങൾകൂടി ഒപ്പിട്ടാലേ അത് പ്രാബല്യത്തിലാകൂ. ഒപ്പിടാൻ ബാക്കിയുള്ളവരിൽ ഇന്ത്യ, പാകിസ്താൻ, യു.എസ്, ചൈന എന്നിവയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വിനാശത്തിന്റെ വക്കിൽനിൽക്കുമ്പോഴും ദൂരക്കാഴ്ചയില്ലാതെ, സങ്കുചിത താൽപര്യങ്ങളുടെ തടവറയിലാണ് വിവിധ ദേശരാഷ്ട്രങ്ങൾ. ആണവ യുദ്ധം, മഹാമാരികൾ, കാലാവസ്ഥ പ്രതിസന്ധി തുടങ്ങിയ ആസന്ന ഭീഷണികൾക്ക് പ്രതിരോധം തീർക്കാവുന്ന വിവേകമോ പ്രത്യയശാസ്ത്രമോ നേതൃത്വമോ ലോകത്തിന് ഇന്നില്ല എന്നത് വല്ലാത്ത ദുരവസ്ഥതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.