‘‘ഇടതിങ്ങിനിറയുന്നു നിയമങ്ങൾ, നീതിക-

ളിടമില്ലവർക്കൊന്നു കാലുകുത്താൻ!

ഇടറുന്ന കഴൽവയ്പോടുഴറിക്കുതിക്കയാ-

ണിടയില്ല ലോകത്തിന്നവരെ നോക്കാൻ.

ഉമിനീരിറക്കാതപ്പാവങ്ങൾ ചാവുമ്പോ-

ളുദകക്രിയപോലും ചെയ്തിടേണ്ട’’

- ചങ്ങമ്പുഴ

അഞ്ചുകൊല്ലം മുമ്പ്, 2018 ഫെബ്രുവരി 22ന്, പാലക്കാട് അട്ടപ്പാടി മുക്കാലിക്കടുത്ത ചിണ്ടക്കി ഊരിലെ മധുവിനെ മോഷണക്കുറ്റം ചുമത്തി തല്ലിക്കൊന്ന ആൾക്കൂട്ടം കേസ് തേച്ചുമായ്ച്ച് രക്ഷപ്പെടാൻ ആവതു ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനിടെയിതാ മറ്റൊരു ആദിവാസി ജന്മം നവോത്ഥാന മലയാളികൾക്കുമുന്നിൽ ചലനമറ്റ് തൂങ്ങിക്കിടക്കുന്നു. വിശന്ന വയറിന്‍റെ കാളൽ മാറുംമുമ്പേയാണ് മധുവിനെ മലയാളിയുടെ ഉദ്ധൃതബോധം ചവിട്ടിക്കൂട്ടിയതെങ്കിൽ കടിഞ്ഞൂൽ കൺമണിയെ കണ്ടു കൊതിതീരുംമുമ്പാണ് വയനാട് ജില്ലയിലെ കൽപറ്റ വെള്ളാരംകുന്ന് അഡ് ലേഡ് പാറവയൽ വീട്ടിലെ വിശ്വനാഥനെ തല്ലിച്ചതച്ചത്. ആറ്റുനോറ്റിരുന്ന എട്ടാണ്ടിനൊടുവിൽ പിറന്ന പൈതലിനൊപ്പം ഒരൊന്നര പതിറ്റാണ്ടെങ്കിലും ആയുസ്സ് തരണേയെന്ന് കുലദൈവങ്ങളെ വിളിച്ചുപ്രാർഥിച്ചതാണ് ആ പാവം മനുഷ്യൻ. പക്ഷേ, ആൾക്കൂട്ടക്കോടതി അയാൾക്ക് ഒരൊന്നര ദിവസത്തെ ജീവിതംപോലും നൽകിയില്ല. ആശുപത്രിമുറ്റത്ത് കൂട്ടിരിപ്പുകാർക്കുള്ള സ്ഥലത്ത് കഴിച്ചുകൂട്ടിയതാണ് ആ 46കാരന്‍റെ കുറ്റം. അവിടെയുണ്ടായിരുന്ന ആരുടെയോ മൊബൈൽ ഫോണും പണവും കളവുപോയതിന് അവർ കുറ്റംകണ്ടത് ആദിവാസിയായ വിശ്വനാഥനിൽ മാത്രം.

നവോത്ഥാനത്തിൽ കുളിച്ചുകയറിയെന്ന് അഹങ്കരിക്കുന്ന കേരളം ഇപ്പോഴും മോഷണത്തിനും മോശം കാര്യങ്ങൾക്കും പഴിചാരാൻ മനസ്സിൽ പാകപ്പെടുത്തിയ ചില വർണ, വംശ, ജാതിക്കൂട്ടുകളുണ്ടല്ലോ, ആ ലക്ഷണങ്ങൾ ഒത്തുവന്നത് കൂട്ടത്തിലെ ആദിവാസിയിൽ. അമ്മയുടെ കൈയിൽനിന്ന് വാങ്ങിയ 4000 അടക്കം ആയിരങ്ങളുടെ തുക വിശ്വനാഥൻ എന്ന ‘കാട്ടുവാസി’ കൈവശം വെച്ചെന്നത് നാട്ടുമാന്യന്മാർക്ക് വിശ്വസിക്കാനായില്ല. കുറ്റം വിധിച്ച അവർ ശിക്ഷയും നടപ്പാക്കി. പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യക്ക് കൂട്ടിരിക്കാൻ അമ്മയോടൊപ്പമെത്തിയതാണെന്ന് ആണയിട്ടു പറഞ്ഞിട്ടും അടിയും തൊഴിയും നിർത്തിയില്ല. നൊന്തുപെറ്റ മാതാവ് കരഞ്ഞുകെഞ്ചിയിട്ടും അധമരുടെ മനമുരുകിയില്ല. പൊലീസ് സ്റ്റേഷൻ വിളിപ്പാടകലെയുണ്ടായിട്ടും ആരും അവരെ വിളിച്ചില്ല. വിളിച്ചിട്ടെന്ത് എന്നതിന് പിറ്റേന്ന് സ്റ്റേഷനിൽ സങ്കടഹരജിയുമായി ചെന്ന ജ്യേഷ്ഠനു കൃത്യം മറുപടി കിട്ടി; പരാതിക്കാരനെ പ്രബുദ്ധമലയാളിയുടെ പൊതുബോധത്തിൽ തേച്ചൊട്ടിച്ചു, നമ്മുടെ ജനമൈത്രി പൊലീസ്. ‘‘വയനാട്ടിൽനിന്ന് കുറേപ്പേർ എത്തും, എന്നിട്ടു കാണാനില്ലെന്നും മറ്റും പറഞ്ഞു കയറിവരും’’ എന്നായിരുന്നു പ്രഥമ വിരട്ട്. ഏമാന്മാർ കനിഞ്ഞ് അന്വേഷണത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോഴേക്കും മലയാളി നാട്ടുനടപ്പിന്‍റെ വിശ്വരൂപംകണ്ട വിശ്വനാഥൻ അന്ത്യശ്വാസം വലിച്ചിരുന്നു.

മർദനം സഹിക്കവയ്യാഞ്ഞ് പേടിച്ചോടിയ വിശ്വനാഥനുവേണ്ടി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാൽ, തിരച്ചിൽ നടന്ന സ്ഥലത്തുതന്നെ ശനിയാഴ്ച മൃതദേഹം കണ്ടെത്തി. തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ കുഞ്ഞിക്കാലുകണ്ട സന്തോഷത്തിൽ പ്രാർഥനാപൂർവം മടങ്ങിയ തന്‍റെ കുട്ടേട്ടൻ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ഭാര്യ ബിന്ദു പറയുന്നു. സംസ്ഥാന മനുഷ്യാവകാശ കമീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. എന്നാൽ, ആദിവാസി കരഞ്ഞാൽ കാടോളം എന്നതാണ് ഇന്നോളമുള്ള അനുഭവം.

അട്ടപ്പാടി മധു വധം പുറത്തറിഞ്ഞപ്പോൾ പരിഷ്കൃതസമൂഹത്തിനു ചേർന്നതല്ല നടന്നതെന്നും കുറ്റവാളികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കുമെന്നും മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും പ്രസ്താവനയിറക്കി. അഞ്ചുവർഷത്തിനിപ്പുറം ആ കേസ് എവിടെയെത്തിയെന്നന്വേഷിച്ചാൽ ആദിവാസിജീവന് ഭരണകൂടം എന്തുവിലയിട്ടെന്ന് പിടികിട്ടും. കേസ് വാദിക്കാൻ സംസ്ഥാന സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറെ തുടക്കത്തിൽ നിയമിച്ചില്ല. നൂറുകണക്കിന് കേസുള്ള മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയിലെ പ്രോസിക്യൂട്ടർ മതിയെന്നായി. പ്രതിഷേധമുയർന്നപ്പോൾ ഒരാളെ നിയമിച്ചു. മതിയായ സൗകര്യം നൽകാത്തതിനാൽ അദ്ദേഹം ഒഴിവായി. പിന്നീട് ആളെ നിയമിച്ചത് ഒന്നരവർഷം കഴിഞ്ഞാണ്. രണ്ടു വർഷത്തിനുശേഷം അദ്ദേഹം ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഒഴിവായ ശേഷവും തസ്തിക ഒഴിഞ്ഞുകിടന്നു. ഒടുവിൽ കേസ് പരിഗണനക്കെടുത്തപ്പോൾ കോടതി പ്രോസിക്യൂട്ടർ എവിടെയെന്ന് ചോദിക്കുമ്പോഴാണ് സർക്കാർ കണ്ണുതിരുമ്മിയെഴുന്നേൽക്കുന്നത്. പുതിയ നിയമനം പിന്നെയും വൈകി.

മൂവായിരത്തിലധികം പേജുള്ള കുറ്റപത്രം വായിച്ചുപഠിക്കാൻ മാറിമാറിവരുന്നവർക്ക് എത്ര സമയമെടുക്കും എന്നു ഊഹിക്കാവുന്നതേയുള്ളൂ. അതിനും പുറമേയാണ് രേഖകൾ കൈമാറാൻ പൊലീസിൽനിന്ന് നേരിടുന്ന താമസം. ഇതും കേസ് നീട്ടിക്കൊണ്ടു പോകാൻ ഇടയാക്കുന്നു. എല്ലാം കഴിഞ്ഞ് വ്യാപക കൂറുമാറ്റക്കളിയാണ് ഇപ്പോൾ മധു കേസിൽ അരങ്ങേറുന്നത്. നീതിന്യായ സംവിധാനത്തെ മാത്രമല്ല, സാമാന്യബോധത്തെതന്നെ അപഹസിക്കുന്ന മട്ടിലാണ് സാക്ഷികൾ ഒന്നൊന്നായി കൂറുമാറുന്നത്. വാഗ്ദത്തഭൂമിക്കുവേണ്ടി പൊരുതാനിറങ്ങിയ വയനാട് മുത്തങ്ങയിലെ ആദിവാസികൾ പൊലീസ് നായാട്ടിനിരയായതിന്‍റെ ഇരുപതാം വാർഷികവും ഈ ഫെബ്രുവരിയിൽതന്നെ. രണ്ടുപതിറ്റാണ്ടിനു ശേഷവും ആദിവാസികൾക്ക് സർക്കാർ നൽകാമെന്നേറ്റ ഭൂമിയുടെ കാര്യമെന്തായി എന്നു പരിശോധിച്ചാലും ഫലം നാസ്തി. അതേ, നടേപറഞ്ഞ നാട്ടുവാസികളുടെ മേധാബോധം ആദിവാസിയെ തോൽപിക്കുകയാണ്.

നവോത്ഥാനത്തിന്‍റെ നേരവകാശവും കർതൃത്വവും പതിച്ചുകിട്ടാനും ലിംഗ നിഷ്പക്ഷതക്കുവേണ്ടി കേരളമാകെ ഇളക്കിമറിക്കാനും മത്സരിക്കുന്ന മലയാളിക്ക് ആദിവാസിയെ പച്ചക്കരളുള്ള മനുഷ്യരായി മനസ്സിൽ പതിപ്പിക്കാനും വംശ-ജാതി-മതഭേദമില്ലാത്ത മാനവ നിഷ്പക്ഷത ഉള്ളിലുറപ്പിച്ചുനിർത്താനും കഴിയുമോ? ഇല്ലെങ്കിൽ പിന്നെ, ആ എല്ലുന്തിയ ആദിവാസി മൃതദേഹങ്ങൾക്കും പല്ലുന്തിയ ആദിവാസിജീവിതങ്ങൾക്കുംമുന്നിൽ പ്രബുദ്ധതയും നവോത്ഥാനവും കേരള മാതൃകയും പറഞ്ഞ് നമ്മളെങ്ങനെ നടുനിവർന്നുനിൽക്കും?

Tags:    
News Summary - How can a Malayali stay upright?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.