കോളനിവത്കരണം, സാമ്രാജ്യത്വം, വംശീയത, വർണവിവേചനം എന്നിവയെ ചെറുക്കാനും ആഗോളസുരക്ഷ, സമാധാനം, നിരായുധീകരണം എന്നിവ പ്രോത്സാഹിപ്പിക്കാനും തുടക്കമിട്ട ചേരിചേരാ പ്രസ്ഥാനത്തിെൻറ മുന്നണിപ്പോരാളിയായിരുന്നു ഒരുകാലത്ത് ജനാധിപത്യ ഇന്ത്യ.
പ്രസ്ഥാനത്തിെൻറ ആദ്യ ഉച്ചകോടി നടന്ന് 60 വർഷം പൂർത്തിയാകവെ പ്രഖ്യാപിത ലക്ഷ്യങ്ങൾ പാെട വിസ്മരിച്ച രാഷ്ട്രങ്ങളിലൊന്നായി നാം മാറിയിരിക്കുന്നു. അന്തർദേശീയ വിഷയങ്ങളിലും വേദികളിലും ഇന്ത്യ കൈക്കൊള്ളുന്ന തീരുമാനങ്ങൾ ആ നിലപാടുമാറ്റത്തിെൻറ പ്രതീകങ്ങളാണ്.
അയൽരാജ്യമായ മ്യാന്മറിൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചുപറിച്ച സൈന്യം ചെയ്തുകൂട്ടുന്ന നടുക്കുന്ന കൂട്ടക്കൊ
ലകൾക്കും ക്രൂരതകൾക്കുമെതിരായ പ്രമേയം കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭ സുരക്ഷസമിതിയിൽ ചർച്ച ചെയ്യപ്പെട്ടപ്പോൾ ഇന്ത്യയെടുത്ത നിലപാടിൽ ജനാധിപത്യം, സ്വേച്ഛാധിപത്യം എന്നിവ സംബന്ധിച്ച് ഭരണകൂടത്തിെൻറ മനഃസ്ഥിതി മാറ്റം വ്യക്തമാണ്.
പട്ടാള അട്ടിമറിയെ അപലപിച്ച് ശക്തമായ മുന്നറിയിപ്പ് നൽകണമെന്ന ബ്രിട്ടൻ അവതരിപ്പിച്ച പ്രമേയത്തിലെ പ്രയോഗങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത് നിർവീര്യമാക്കാൻ മുന്നിലുണ്ടായിരുന്നു ഇന്ത്യ.
ഇന്ത്യൻമണ്ണിൽ അതിരുവിട്ട കൈയേറ്റവും സ്വന്തം നാട്ടിൽ നാണംകെട്ട ജനാധിപത്യധ്വംസനവും നടത്തുന്ന ചൈനയായിരുന്നു പ്രമേയത്തെ ദുർബലപ്പെടുത്തുന്നതിൽ ഇന്ത്യക്ക് കൂട്ട്. ഒപ്പം പ്രതിപക്ഷനേതാവിനെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിക്കുന്നതുപോലും രാജ്യതന്ത്രമാണെന്ന് വിശ്വസിക്കുന്ന റഷ്യയും.
മ്യാന്മറിൽ പട്ടാള അട്ടിമറി നടന്ന ഫെബ്രുവരി ഒന്നു മുതൽ ഇന്നുവരെ കുറഞ്ഞത് 67 പ്രതിഷേധക്കാരെയെങ്കിലും സൈന്യം വെറുംനെഞ്ചിൽ നിറയൊഴിച്ച് കൊന്നുകളഞ്ഞിട്ടുണ്ട്.
നിരായുധരായ മനുഷ്യരെ കൊല്ലരുതെന്ന് മുട്ടുകുത്തിനിന്ന് കരഞ്ഞുപറഞ്ഞ സന്യാസിനിയുടെ വാക്കുകൾ പോലും തള്ളി കുട്ടികളെ ഉൾപ്പെടെ സൈന്യം കൊന്നൊടുക്കിയത് ലോകം നോക്കിനിൽക്കെയാണ്. ആധുനിക ലോകചരിത്രത്തിൽ മുൻപരിചയമില്ലാത്തവിധം കൊ
ലപാതകത്തെ ആഘോഷമാക്കുന്നുവെന്ന് രാജ്യാന്തര മനുഷ്യാവകാശ പ്രസ്ഥാനമായ ആംനസ്റ്റി ഇൻറർനാഷനൽ ആരോപിച്ച മ്യാന്മർ സൈന്യത്തിെൻറ ചെയ്തികൾക്ക് കടുത്ത വാക്കുകളാൽ താക്കീത് നൽകുന്നതും അതിക്രമങ്ങൾക്ക് തടയിടാൻ യു.എൻ സുരക്ഷസമിതി മുന്നോട്ടുവരുന്നതും ഇന്ത്യയെ അലോസരപ്പെടുത്തുന്നത് എന്തുകൊണ്ടാണ്? ഉത്തരം വേദനാജനകമെങ്കിലും ലളിതമാണ്.
ജനാധിപത്യത്തിെൻറ നിലനിൽപിനായി വാദിക്കുന്ന, അവകാശങ്ങൾക്കായി ഉറച്ചുപറയുന്ന ജനങ്ങൾക്കായി ഇന്ത്യയിപ്പോൾ കരുതിവെച്ചിരിക്കുന്നതും ഇതൊക്കെത്തന്നെയാണ് എന്ന മഹാഭാരത സത്യം. വിദ്യാർഥി മുന്നേറ്റങ്ങളെയും പൗരത്വപ്രക്ഷോഭത്തെയും കർഷകസമരത്തെയും എതിരിട്ടതെങ്ങനെ എന്നതിൽനിന്നുതന്നെ ഭരണനിർവഹണത്തിെൻറ ഈ ഭാഷമാറ്റം ആർക്കും വായിച്ചെടുക്കാവുന്നതേയുള്ളൂ.
അടുത്തിടെയായി പുറത്തിറങ്ങിയ അമേരിക്കൻ മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസിെൻറയും സ്വീഡനിലെ വി-ഡെം ഇൻസ്റ്റിറ്റ്യൂട്ടിെൻറയും റിപ്പോർട്ടുകൾ ലോകത്തോട് ഇക്കാര്യം തുറന്നുപറയുന്നുമുണ്ട്. ഇന്ത്യ ഒരു ഭാഗിക സ്വതന്ത്ര രാജ്യമായി മാറിയിരിക്കുന്നുവെന്നാണ് ഫ്രീഡം ഹൗസ് പറയുന്നത്.
ജനാധിപത്യരാജ്യമായിരുന്ന ഇന്ത്യയിന്ന് പാകിസ്താനെപ്പോലെ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യ രാജ്യമായി മാറിയെന്നാണ് വി-ഡെം ചൂണ്ടിക്കാട്ടുന്നത്. മാധ്യമങ്ങളെയും പൊതുസമൂഹത്തെയും കടന്നാക്രമിച്ച് എതിർക്കുന്നവർക്കെതിരെ വ്യാജപ്രചാരണം അഴിച്ചുവിട്ട് സമൂഹത്തിൽ ഛിദ്രത സൃഷ്ടിക്കുകയാണ് പ്രവർത്തനരീതിയെന്നും ഇവർ ആരോ
പിക്കുന്നു. സമീപകാലത്ത് നടമാടുന്ന ഭരണകൂടത്തിെൻറ പ്രവർത്തനരീതി വിലയിരുത്തുേമ്പാൾ ഇത് അസത്യമാണെന്ന് പറയാൻ തീവ്രദേശാഭിമാനികൾക്കുപോലും കഴിഞ്ഞെന്നുവരില്ല. മ്യാന്മറിലെ സംഭവവികാസങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയ ആംനസ്റ്റി ഇൻറർനാഷനലിന് പ്രവർത്തനസ്വാതന്ത്ര്യം പോലും നഷ്ടമായെന്നുകണ്ട് ഇന്ത്യയിലെ ഓഫിസ് അടച്ചുമടങ്ങേണ്ടിവന്നത് ഏതാനും മാസങ്ങൾ മുമ്പാണ്.
ഫ്രീഡം ഹൗസ് റിപ്പോർട്ട് പുറത്തുവന്നപ്പോൾ അതിരൂക്ഷമായ ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചിരുന്നത്. സ്വന്തം ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾപോലും വകവെച്ചുകൊടുക്കാത്തവർ ഗിരിപ്രഭാഷണങ്ങളുമായി ഇന്ത്യയെ ജനാധിപത്യം പഠിപ്പിക്കേണ്ടതില്ല എന്നായിരുന്നു വിദേശകാര്യ വക്താവിെൻറ മറുപടി. ശരിയാണ്, ഇന്ത്യക്ക് ജനാധിപത്യം മറ്റാരിൽ നിന്നും പഠിക്കേണ്ടതില്ല.
സംവാദത്തിെൻറയും സഹിഷ്ണുതയുടെയും മഹനീയമായ ജനാധിപത്യ മാതൃക നിലനിന്ന രാഷ്ട്രമാണിത്. ഏതു മനുഷ്യെൻറയും അവകാശങ്ങൾക്ക് കരുത്തുപകരുന്ന ദൃഢവും പ്രൗഢവുമായ ഭരണഘടനയുടെ പിൻബലമുള്ള രാജ്യം. ആ പഴയ പാഠങ്ങളൊന്നു മറിച്ചുനോക്കാൻ രാജ്യം ഭരിക്കുന്നവർ തയാറാവേണ്ടതുണ്ട്. രാജ്യം ഉയർത്തിപ്പിടിച്ചിരുന്ന മൂല്യങ്ങൾ മരവിച്ചുപോകാതിരിക്കാനും ജനം തെരുവിൽ മരിച്ചുവീഴാതിരിക്കാനും അതുമാത്രമാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.