ഓൺലൈൻ വാർത്ത പോർട്ടലുകൾക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും സെൻസർഷിപ്പിെൻറ മൂക്കുകയറിടാൻ കുറച്ചു വർഷങ്ങളായി പദ്ധതി ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു കേന്ദ്ര സർക്കാർ. 2018 ൽ വാർത്താ വിതരണ മന്ത്രാലയം നടത്തിയ ശ്രമം കടുത്ത വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവെക്കേണ്ടിവന്നു. എന്നാൽ, കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ച വിജ്ഞാപനത്തോടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ വിനോദപരിപാടികൾ വാർത്ത, വാർത്താധിഷ്ഠിത പരിപാടികൾ, സിനിമകൾ തുടങ്ങി എല്ലാം ഇനി മുതൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കീഴിലായിരിക്കുന്നു. ഡിജിറ്റൽ വാർത്തപ്രക്ഷേപണ ചാനലുകൾ ഒരു നിയന്ത്രണങ്ങളുമില്ലാതെ പരിപാടികൾ സംപ്രേഷണം ചെയ്യുന്നതുകൊണ്ടാണ് വിദ്വേഷപ്രചാരണവും രാജ്യവിരുദ്ധതയും നിർലോഭം പ്രചരിപ്പിക്കപ്പെടുന്നത് എന്നാണ് സർക്കാർ വാദം. ഈ സാഹചര്യത്തിൽ പുതിയ സെൻസർഷിപ് അനിവാര്യമാെണന്നും അതിന് സുപ്രീംകോടതിയുടെ അനുമതിയുണ്ടെന്നും അവർ ന്യായീകരിക്കുന്നു. സുദർശൻ ടി.വി സംപ്രേഷണം ചെയ്ത 'യു.പി.എസ്.സി ജിഹാദ്' എന്ന മുസ്ലിംവിദ്വേഷം വമിപ്പിക്കുന്ന പരിപാടി നിരോധിച്ച സുപ്രീംകോടതി നടപടിയെ മാധ്യമ/ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നു വാദിച്ചുകൊണ്ടുള്ള അപ്പീൽ പരിഗണിക്കെ, എന്തുകൊണ്ട് ഇത്തരം ഓൺലൈൻ പോർട്ടലുകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സംവിധാനമൊരുക്കിക്കൂടാ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഇതിനെ സമർഥമായി ഉപയോഗിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ഓൺലൈൻ പോർട്ടലുകൾക്ക് കടിഞ്ഞാണിടാനുള്ള സംവിധാനങ്ങൾക്ക് തുടക്കംകുറിച്ചിരിക്കുന്നത്. ഇന്ന് ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കാൻ സുപ്രീംകോടതി നിരീക്ഷണത്തെ മറപിടിക്കുന്ന വാർത്താ വിതരണ മന്ത്രാലയം അന്ന് ഡൽഹി ഹൈകോടതിയിൽ നൽകിയ മറുപടി സുദർശൻ ടി.വി നിയമവിരുദ്ധമായി ഒന്നും സംപ്രേഷണം ചെയ്തിട്ടില്ലെന്നും പ്രോഗ്രാം കോഡ് ലംഘിച്ചിട്ടില്ലെന്നുമായിരുന്നുവെന്നത് മറ്റൊരു വിരോധാഭാസം.
ഭരണഘടനാദത്തമായ ആവിഷ്കാര സ്വാതന്ത്ര്യത്തിനും സർക്കാറിനെ വിമർശിക്കാനുള്ള മാധ്യമങ്ങൾക്കുള്ള ജനാധിപത്യാവകാശത്തിനും കൂച്ചുവിലങ്ങിടാനുള്ള ഗൂഢോദ്ദേശ്യത്തിൽ സുപ്രീംകോടതിയെ തന്ത്രപരമായി പങ്കാളിയാക്കുകയാണ് കേന്ദ്ര സർക്കാർ എന്ന വിമർശനമുയരുന്നത് ഈ പശ്ചാത്തലത്തിലാണ്. മുൻകൂർ സെൻസർഷിപ്പിന് വിധേയമാക്കുന്ന സിനിമയെയും വാർത്താമാധ്യമങ്ങളെയും ഒരേ നുകത്തിൽ കെട്ടുകയും ഏകപക്ഷീയമായി നിയന്ത്രിക്കുകയും ചെയ്യാനുള്ള ശ്രമത്തെ ഹീനവും ലജ്ജാകരവുമെന്നാണ് മാധ്യമമേഖലകളിലുള്ളവർ വിലയിരുത്തുന്നത്. 2000ത്തിലെ ഐ.ടി ആക്ട് വിവരങ്ങളുടെ മേലുള്ള സർക്കാർ ആധിപത്യം എത്ര ഭീകരമാെണന്ന് ബോധ്യപ്പെട്ടത് ജമ്മു-കശ്മീരിലെ ജനങ്ങൾക്ക് ദീർഘകാലം ഇൻറർനെറ്റ് സർവിസ് തടഞ്ഞുവെക്കപ്പെട്ടപ്പോഴാണ്. പരമോന്നത നീതിപീഠം അവരുടെ രക്ഷക്കെത്താനുണ്ടായില്ല. ഈ നിയന്ത്രണം നവമാധ്യങ്ങളുടെ ചരമക്കുറിപ്പിന് കാരണമാകുമെന്നും ആശങ്കയുയരുന്നുണ്ട്.
പാരമ്പര്യ മാധ്യമങ്ങളേക്കാൾ സാധാരണക്കാർക്ക് പ്രാപ്യമായ സമൂഹമാധ്യമങ്ങൾ ജനജീവിതത്തെ വലിയതോതിൽ സ്വാധീനിക്കുന്നുണ്ട്. വാട്സ്ആപ്പും ഫേസ്ബുക്കും ട്വിറ്ററും വ്യാജവാർത്തകളുടെയും വിദ്വേഷ പോസ്റ്റുകളുടേയും വിഹാരരംഗമാണ്. വർഗീയതക്കും വംശീയതക്കും ഭീകരതക്കും ആഗോള പ്രചാരം നൽകുന്നതിൽ ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് ചെറുതുമല്ല. കുട്ടികളെവരെ അശ്ലീല വാണിഭത്തിലെ ഇരകളാക്കാൻ മടിക്കാത്തവർ സമൂഹമാധ്യമങ്ങളുടെ മുഖമില്ലാത്ത ഉപയോക്താക്കളുടെ കൂട്ടത്തിലുണ്ട്. എന്നാൽ, എല്ലാ ദോഷങ്ങളുമിരിക്കെത്തന്നെ സമൂഹമാധ്യമങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിെൻറയും ആത്മാവിഷ്കാരത്തിെൻറയും തുല്യതയില്ലാത്ത വേദികൂടിയാണ്. ചില രാജ്യങ്ങളിൽ വിപ്ലവാത്മകമായ സാമൂഹികപരിവർത്തനത്തിനുവരെ ഈ നിയന്ത്രണമില്ലാത്ത അഭിപ്രായസ്വാതന്ത്ര്യം നിമിത്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെയാവണം പല ഭരണകൂടങ്ങളും അതിനെ ഭയക്കുന്നത്. യഥാർഥത്തിൽ മാർഗദർശനം വേണ്ടത് സാേങ്കതിക വിദ്യകൾക്കോ മാധ്യമങ്ങൾക്കോ അല്ല, അവ ഉപയോഗിക്കുന്നവർക്കാണ്; അവരുടെ തലച്ചോറിനും മനസ്സിനും സമീപനങ്ങൾക്കുമാണ്. ദൗർഭാഗ്യവശാൽ ഭരണകൂട അനുകൂലപരിവാറാണ് ഏറ്റവും വലിയ നുണനിർമാണ കേന്ദ്രങ്ങൾ. അതിനു തടയിടാൻ നിലവിലെ നിയമങ്ങൾ തന്നെ ധാരാളം മതി. ഡൽഹിയിലെ ദേശീയ നിയമ യൂനിവേഴ്സിറ്റി 2018 ൽ പുറത്തിറക്കിയ പഠനത്തിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന ഓൺലൈൻ പോർട്ടലുകളെ നിയന്ത്രിക്കാൻ ആവശ്യമായ നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ടെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര സർക്കാർ നിയമ നിർമാണവുമായി മുന്നോട്ടുപോകുന്നുവെന്ന് മനസ്സിലാക്കിയ ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ (െഎ.എ.എം.എ) 2020 സെപ്റ്റംബർ ആദ്യവാരത്തിൽ പുതിയ ചട്ടവും നിർദേശങ്ങളും സർക്കാറിനു മുന്നിൽ സമർപ്പിച്ചിരുന്നു. എന്നാൽ, അവ അപ്പാടെ അവഗണിക്കുകയായിരുന്നു വാർത്താവിതരണ മന്ത്രാലയം. പ്രസാർഭാരതിക്കും ദൂരദർശനും തത്തുല്യമായി ഭരണകൂടത്തിെൻറ മെഗാഫോണുകളായി മാറുന്ന മാധ്യമങ്ങളെയും സംവിധാനങ്ങളെയുമാണ് മോദി സർക്കാറിനു വേണ്ടത്. വിയോജിപ്പുകൾക്ക് സ്ഥാനമില്ലാത്ത ഇന്ത്യ അതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും അവർ സ്വപ്നം കാണുന്നു. നിയന്ത്രണങ്ങൾ കൊണ്ടുവന്ന് നവമാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും കൂട്ടിലടക്കാനാണ് സർക്കാർ പദ്ധതി. മാധ്യമ സ്വാതന്ത്ര്യത്തെയും അഭിപ്രായങ്ങൾ നിർഭയമായി പ്രകാശിപ്പിക്കാനുള്ള അവകാശത്തെയും അവസാനിപ്പിക്കാനുള്ള ശ്രമത്തെ ചെറുത്തുതോൽപിക്കാനായില്ലെങ്കിൽ ആക്രോശങ്ങളും ആർത്തനാദങ്ങളും മാത്രം കേൾക്കാൻ വിധിക്കപ്പെട്ടവരാകും രാജ്യനിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.